ATHYUTHARAM | എമ്പുരാനും ബജ്‌റംഗിയും

എമ്പുരാനുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രശ്‌നം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമാത്രമല്ല. കുറേക്കൂടി മാനങ്ങളുണ്ട്. ഭാവിയില്‍ സിനിമകള്‍ എടുക്കുന്നവര്‍ക്കുള്ള ഒരു സന്ദേശമാണത്. സെന്‍സര്‍ബോഡിനുള്ള സന്ദേശവും.

ഇന്ത്യയില്‍ ഇപ്പോള്‍ നടമാടുന്നത് പ്രത്യേകതരം ഫാസിസമാണെന്ന അഭിപ്രായങ്ങള്‍ നവമാധ്യമങ്ങളില്‍ നിറയുകയാണ്. മുസോളിനിയുടെ കാലത്തോ ഹിറ്റ്‌ലറുടെ കാലത്തോ ഉണ്ടായിരുന്ന ഫാസിസം അഥവാ നാസിസം ഇന്ന് നിലനില്‍ക്കുന്നില്ല. യൂറോപ്പിലാകെ നവ നാസികള്‍ തലപൊക്കുന്നുണ്ടെങ്കിലും അതിനെതിരായ ഭൂരിപക്ഷമാണവിടങ്ങളില്‍. ജനാധിപത്യത്തിന്റെ തൂണുകളായ പാര്‍ലമെന്റും കോടതിയും അനൗദ്യോഗിക തൂണായ മാധ്യമങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഫാസിസ്റ്റ് സ്വഭാവമാര്‍ജിക്കാമെന്നതാണ് നവ ഫാസിസത്തിന്റെ സ്റ്റൈലുകളില്‍ പ്രധാനം. വ്യവസ്ഥയോടൊട്ടിപ്പിടിച്ച് ജീവിക്കുന്നവരെയെല്ലാം പരോക്ഷമായി ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും പെരുമാറേണ്ടതെന്നും ശീലിപ്പിക്കുന്ന സമ്പ്രദായം. വടിയില്ലാതെ അടിക്കാനും ഉത്തരവില്ലാതെ അനുസരിപ്പിക്കാനും ഈ പ്രച്ഛന്ന ഫാസിസത്തിന് സാധിക്കും. എങ്ങനെയാണ് തീര്‍പ്പാക്കേണ്ടതെന്ന് വിധികര്‍ത്താക്കളുടെ ഉപബോധമനസില്‍ അങ്കുരിപ്പിക്കാന്‍ പോലും സാധിക്കും. നാലുവരിക്കവിത നവ മാധ്യമത്തില്‍ പങ്കുവെച്ച ഉറുദു കവിയും കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവുമായ ഇമ്രാന്‍ പ്രതാപ് ഗാര്‍ഹിക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുക്കുകയും അത് റദ്ദാക്കാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിക്കുകയും അപ്പീലില്‍ സുപ്രീംകോടതി ആ എഫ്.ഐ.ആര്‍. റദ്ദാക്കുകയും ചെയ്തുവല്ലോ. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഒരു കവിതക്കെതിരെ കേസെടുക്കാന്‍ എങ്ങനെ തോന്നിയെന്നാണ് സുപ്രീംകോടതി അത്ഭുതപ്പെട്ടത്. കവിതയിലൂടെയോ നാടകത്തിലൂടെയോ മറ്റേതെങ്കിലും കലാവിഷ്‌കാരത്തിലൂടെയോ അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് പരമോന്നത നീതിപീഠം പറഞ്ഞത്. പക്ഷേ, ഗുജറാത്തിലെ ഹൈക്കോടതിക്ക് തോന്നിയത് മറിച്ചാണ്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കൊമേഡിയനായ കുനാല്‍ കുമ്‌റക്കെതിരെ നാല് കേസാണെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പാട്ട് ദേശവിരുദ്ധമെന്ന്. എന്തിനെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി രാജ്യദ്രോഹകേസെടുക്കാനുള്ള അടവുകളാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. സുപ്രീം കോടതി അതിനെതിരെ നല്‍കുന്ന താക്കീതുകള്‍ ജലരേഖപോലെ അവഗണിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാന സര്‍ക്കാറുകളും. ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍ കരുതുന്നത് താന്‍ സുപ്രീംകോടതിക്കുപോലും തൊടാനാവാത്തയാളാണെന്നാണ്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് റിലീസായ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്ന ആക്രമണം നോക്കൂ- അതിലും പ്രത്യേകതയുണ്ട്. പ്രകടനമില്ല, റാലിയില്ല, പൊതുയോഗമില്ല. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ എമ്പുരാനെതിരെ ലേഖനം വരുന്നതിന് മുമ്പേയാണ് ചിത്രത്തില്‍ ആര്‍.എസ്.എസിന് എതിര്‍പ്പുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പടത്തിന്റെ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ബോഡിനെയും കേന്ദ്ര സര്‍ക്കാറിനെയും സമീപിക്കുന്നത്. സിനിമയിലെ വില്ലനായ ബജ്രംഗിയുടെ പേര് മാറ്റാം, ആ നരാധമന്റെ നേതൃത്വത്തില്‍ നരോദാഗാമിലും നരോദാപാട്യയിലും നടന്ന കൂട്ടക്കൊലകളുടെ ദൃശ്യങ്ങള്‍ വെട്ടിമാറ്റാം- എന്നിങ്ങനെ മോഹന്‍ലാലിന്റെ ഖേദപ്രകടനത്തോടൊപ്പം അങ്ങോട്ടുചെന്ന് പറയുന്നു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന നവ ഫാസിസ്റ്റ് ശൈലി. അശരീരിയായും ഫാസിസ്റ്റാക്രമണം വരാം- ഒരുപക്ഷേ അങ്ങനെയാണ് കൂടുതലും വരികയെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. എതിരാളികളെ തകര്‍ക്കാന്‍ വേണ്ടിമാത്രം ഉപയോഗിക്കുന്ന ഏജന്‍സികളായി ഇ.ഡിയെയും മറ്റും മാറ്റിയെന്ന വിമര്‍ശനം ശരിവെക്കുന്ന നിലയിലാണ് വൈരനിര്യാതനം. നിര്‍മ്മാതാക്കളുടെ ഭീതിയും ആശങ്കയും ഇ.ഡിയെ മാത്രമല്ല, ഫാസിസത്തെയാണ്.

എന്താണ് സംഘപരിവാറിന് ക്രോധമുണ്ടാക്കിയത്-ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ പുറത്തിറങ്ങുമ്പോള്‍ വലിയ ആഹ്ലാദപ്രകടനമാണ് ബി.ജെ.പിയുടെ ചാനലായ ജനവും മുഖപത്രമായ ജന്മഭൂമിയും നടത്തിയത്.

പ്രത്യക്ഷ രാഷ്ട്രീയമില്ലെന്ന് തോന്നിക്കുന്നയാളാണെങ്കിലും സ്വന്തക്കാരനെന്ന് അവര്‍ക്ക് തോന്നുന്ന മോഹന്‍ലാലിന്റെ പടം, സിനിമക്ക് തിരക്കഥയെഴുതിയത് പരിവാറിന്റെ ബന്ധുവാണെന്ന പ്രചാരണമോ ആരോപണമോ ഉള്ള ഗോപിയുടെ മകനായ മുരളീഗോപി- ഏതായാലും ഏതെങ്കിലും തരത്തില്‍ അനുകൂലിക്കാന്‍ വകയുള്ള പടമാകും എന്ന് കരുതിക്കാണണം. പടം പുറത്തിറങ്ങുമ്പോള്‍ത്തന്നെ 'ഞാന്‍ കാണു'മെന്ന് ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടിന്റെ പ്രസ്താവന. സിനിമയെ സിനിമയായി കാണണമെന്ന് ബി.ജെ.പി. നേതാവായ എം.ടി. രമേശിന്റെ പ്രസ്താവന.

ഇതെല്ലാം കഴിഞ്ഞ് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമാണ് സിനിമയുടെ കഥ ശരിക്കും അവര്‍ക്ക് മനസിലാകുന്നത്. ബജ്‌റംഗി തങ്ങളുടെ പ്രിയപ്പട്ട ബാബു ബജ്രംഗിതന്നെയാണ്. ഗുജറാത്തിലെ നരോദപാട്യയടക്കം പ്രതിപാദ്യത്തില്‍ സൂചിതം. കാരണം വില്ലന്‍ ബജ്‌റംഗി - എന്താണവിടെ 2002ല്‍ സംസ്ഥാന സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ, പിന്തുണയോടെ നടത്തിയത്- ആ ഗ്രാമത്തിലെ മുസ്ലിങ്ങളെയാകെ വകവരുത്തുകയായിരുന്നു. 36 സ്ത്രീകള്‍, 26 കുട്ടികള്‍, 35 പുരുഷന്മാര്‍ - ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരത. അവയവങ്ങള്‍ ഛേദിച്ചും തീപ്പൊള്ളിച്ചും പിന്നെ കഴുത്തുവെട്ടിയും വെടിവെച്ചും കൂട്ടക്കൊല. എന്നിട്ട് ഒരേ കുഴിയില്‍ മണ്ണിട്ടുമൂടല്‍. ഇത് ഒരിടത്തെ സംഭവം മാത്രം. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിലെ ഒരു ബോഗിയിലുണ്ടായ തീപിടിത്തത്തില്‍ 58 പേര്‍ വെന്തുമരിച്ച ദാരുണ സംഭവം മുസ്ലിം ആക്രമണമായി ചിത്രീകരിച്ച് അതിന്റെ പ്രതികരണമെന്ന നിലയിലാണ് പിറ്റേന്ന് ഗുജറാത്തിലാകെ സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അക്രമബന്ദ് നടത്തിയത്. അന്നവിടെ മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. തീവണ്ടിയില്‍ തീപിടിത്തമുണ്ടായത് പുറത്തുനിന്നല്ല എന്നാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര വസ്തുതാന്വേഷണസംഘം നിഗമനത്തലെത്തിയത്. മുസ്ലിം തീവ്രവാദികളാണെന്ന് വരുത്താന്‍ കള്ളസാക്ഷികളെയാണ് ഹാജരാക്കിയതെന്നും പിന്നീട് പുറത്തുവന്നു.

രണ്ടായിരത്തോളം പേരെയാണ് സംഘപരിവാറുകാര്‍ നിഷ്ഠൂരമായി കൊലചെയ്തത്. കൂട്ടബലാത്സംഗങ്ങള്‍, കൂട്ടക്കൊലകള്‍... ബാബു ബജ്രംഗി തന്നെ വലിയ ഹീറോവിനെപ്പോലെ പിന്നീട് പറഞ്ഞത് കുട്ടികളെ കഴുത്തുവെട്ടിക്കൊന്നുവെന്നൊക്കെയാണ്. പൊലീസ് സഹായിച്ചുവെന്നും... 1700 വീടുകളും 2000 കടകളും തകര്‍ത്തു. കൃത്യമായ വംശഹത്യ തന്നെ. ഹിമകൗസറെന്ന ഗര്‍ഭിണിയെ ബലാത്സംഗം ചെയ്തശേഷം ഗര്‍ഭസ്ഥ ശിശുവിനെ തുരന്നെടുത്ത് അവളുടെ ശരീരത്തോടൊപ്പം വെച്ച് തീകൊളുത്തിക്കൊന്ന ക്രൂരത. ബല്‍ക്കിസ് ബാനു എന്ന ഗര്‍ഭിണിയെ കുടുംബത്തിന്റെ മുമ്പില്‍ വെച്ച് കൂട്ടബാലത്സംഗത്തിനിരയാക്കിയതും കുടുംബത്തിലെ 14 പേരെയും അവളുടെ മുമ്പിലിട്ട് കൊല്ലുകയും ചെയ്ത ചരിത്രം... ഇതൊന്നും എമ്പുരാനില്‍ പറഞ്ഞില്ല. സുഭദ്രാ ബെന്‍ എന്ന പൗരപ്രമുഖയുടെ വീട്ടില്‍ അഭയം തേടിയെത്തിയ മുസ്ലിം കുടുംബങ്ങള്‍ക്ക് അവര്‍ അഭയം നല്‍കുന്നു. സുരക്ഷിത താമസം. പക്ഷേ അവരുടെ മരുമകന്‍ മുന്ന ബജ്‌റംഗിക്ക് ഒറ്റുകൊടുക്കുന്നു. ബജ്‌റംഗി ആ കൊട്ടാരസദൃശമായ വീട്ടിലെത്തി ഹിന്ദുവായ സുഭദ്രാ ബെന്നിനെ കൊല്ലുന്നു. പിന്നീട് ബജ്‌റംഗിയും മുന്നയും നേതൃത്വം നല്‍കി കൂട്ടബലാത്സംഗവും പൈശാചികമായ കൂട്ടക്കുരുതിയും. ഇതാണ് എമ്പുരാനിലെ ആദ്യഭാഗം. അവിടെ നിന്ന് രക്ഷപ്പെടുന്ന കുട്ടിയാണ് പിന്നീട് ബജ്‌റംഗിയോട് പകരം ചോദിക്കാന്‍ എത്തുന്നത്. ബജ്‌റംഗിയെ കേരള രാഷ്ട്രീയത്തില്‍ ഇടപെടാനും കേരളം പിടിക്കാനും ഇവിടത്തെ വര്‍ഗീയ മോര്‍ച്ച ക്ഷണിച്ചുകൊണ്ടുവരുന്നു. അതിനെതിരായ പ്രതിരോധവും മുഖ്യകഥയുമായി ചേര്‍ന്നുവരുന്നു -കഥ എന്തോ ആവട്ടെ...

എമ്പുരാന്റെ പ്രസക്തി ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലനത്തിന്റെ ഒരു സംഭവം മാത്രമെടുത്ത് പ്രതീകാത്മകമായി സത്യസന്ധമായി അവതരിപ്പിച്ചുവെന്നതാണ്.

ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍ എന്ന രണ്ടുഭാഗമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചപ്പോള്‍ വിലക്കിയവരാണ് കേന്ദ്രസര്‍ക്കാര്‍.

ബി.ബി.സിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനമുണ്ടായി. ബി.ബി.സിക്കെതിരെ ഇ.ഡി. കേസെടുത്തു.

അത്തരത്തില്‍ പല പല പീഡനങ്ങള്‍. ഗുജറാത്തില്‍ 2002ല്‍ നടത്തിയ വംശഹത്യയില്‍ രാഷ്ട്രീയ ഭരണനേതൃത്വത്തിനുള്ള പങ്ക് വെളിപ്പെടുത്തിയതിനാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ കേസില്‍പെടുത്തി ജയിലിലടച്ചത്. ആജീവനാന്തം ജയിലിലടക്കാന്‍ പുതിയ പുതിയ കേസുകളും ശിക്ഷകളും ഭട്ടിനെതിരെ വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ എത്രയെത്ര സംഭവങ്ങള്‍... ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ ഇത്തരമൊരു സിനിമയെടുത്തുവെന്നത് ചെറിയ കാര്യമല്ല. സിനിമയിലെ ഏതെങ്കിലും ദൃശ്യങ്ങള്‍ വെട്ടിമാറ്റിയതുകൊണ്ട് സിനിമയെ ആകെ പരാജയപ്പെടുത്താനാവില്ല.

കലാവിഷ്‌കാരത്തിലെ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്നത് ഇതാദ്യമായല്ല. എല്ലാമതങ്ങളിലെയും മൗലികവാദികളും സങ്കുചിതതാല്‍പര്യക്കാരും തങ്ങള്‍ക്കെതിരെ വിമര്‍ശനമുള്ള കലാസൃഷ്ടികള്‍ക്കെതിരെ പലതരത്തിലുള്ള വെല്ലുവിളിയുയര്‍ത്താറുണ്ട്. ഏത് കലാസൃഷ്ടിയെയും അതിലെ പ്രമേയത്തെയടക്കം ശക്തമായി വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സൃഷ്ടിയെ ദുര്‍വ്യാഖ്യാനം ചെയ്ത് കലാകാരനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആപത്കരമാണ്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുരളീഗോപിയുടെ ലഫ്റ്റ് റൈറ്റ് സിനിമയില്‍ കേരളത്തിലെ ഇപ്പോഴത്തെ ഭരണകക്ഷിയെയും മുഖ്യമന്ത്രിയെയുമാണ് നിശിതമായി കളിയാക്കാന്‍ ശ്രമിച്ചത്.

എമ്പുരാനിലും കേരളത്തിലെ ഭരണകക്ഷിയെയും കോണ്‍ഗ്രസിനെയും ആക്ഷേപിച്ചിട്ടുണ്ട്. അതേക്കുറിച്ച് അതാത് പാര്‍ട്ടിയുടെ ആളുകള്‍ വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്.

വിമര്‍ശിച്ചേകൂടാ എന്ന് പറയാനാവില്ല. എന്നാല്‍ എമ്പുരാനുമായി ബന്ധപ്പെട്ട് നടക്കുന്ന അധിക്ഷേപം രാജ്യദ്രോഹം എന്ന ബാനറുയര്‍ത്തിയാണ്. സുപ്രീംകോടതി തന്നെ പലതവണ പറഞ്ഞതാണ് സര്‍ക്കാറിനെയോ സര്‍ക്കാറിന്റെ പിന്നിലെ പ്രസ്ഥാനത്തെയോ വിമര്‍ശിക്കുന്നത് എങ്ങനെ രാജ്യദ്രോഹമാകുമെന്ന്. പൗരത്വനിയമത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തെ അപരരാക്കുന്നതിനെതിരെ പൃഥ്വിരാജ് നിലപാടെടുത്തു, ലക്ഷദ്വീപില്‍ സ്വതന്ത്ര്യനിഷേധമുണ്ടായപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു- അതെല്ലാം ദേശവിരുദ്ധമാണ്, അതിന്റെ തുടര്‍ച്ചയാണ് എമ്പുരാന്‍ എന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്. ദേശസ്‌നേഹം എന്നാല്‍ കേന്ദ്രഭരണകക്ഷിയുടെ ഇപ്പോഴത്തെയും മുമ്പത്തേയും എല്ലാ ചെയ്തികളെയും പിന്തുണക്കുകയാണെന്നും ഭരണകക്ഷിയുടെ ചെയ്തികളെയോ ചരിത്രത്തെയോ എതിര്‍ത്താല്‍ ദേശദ്രോഹമാകുമെന്നുമാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. നോട്ട് നിരോധനം രാജ്യത്ത് വലിയ പ്രയാസം സൃഷ്ടിച്ചുവെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞപ്പോള്‍ അത് ദേശവിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുകയും എം.ടിയെ പാകിസ്താനിലേക്കയക്കണമെന്ന് പ്രസ്താവന നടത്തുകയും ചെയ്തതും അധികമാരും മറന്നിട്ടില്ലല്ലോ. എമ്പുരാനുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രശ്‌നം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമാത്രമല്ല. കുറേക്കൂടി മാനങ്ങളുണ്ട്. നിര്‍മ്മാതാക്കള്‍ തന്നെ ഇനിയൊരു സെന്‍സര്‍ഷിപ്പുകൂടി വേണമെന്നാവശ്യപ്പെട്ട് നടപ്പാക്കിയതിന്റെ പ്രത്യാഘാതം കാണാതിരുന്നുകൂട. ഭാവിയില്‍ സിനിമകളെടുക്കുന്നവര്‍ക്കുള്ള ഒരു സന്ദേശമാണത്. സെന്‍സര്‍ബോഡിനുള്ള സന്ദേശവും. സ്വന്തം സര്‍ഗാത്മകതയ്ക്ക് കലാകാരന്‍ തന്നെ കത്തിവെക്കാന്‍ നിര്‍ബന്ധിതനാകും. സെന്‍സര്‍ബോഡിന്റെ കത്രികകളാകട്ടെ കൂടുതല്‍ മൂര്‍ച്ചയുള്ള വടിവാളുകളാകും.

ഗുജറാത്തിലെ രാജ്യസഭാംഗമായ ഉറുദുകവിക്കെതിരായ കേസും മഹാരാഷ്ട്രയിലെ കൊമേഡിയന്‍ കുനാല്‍ കുംമ്‌റക്കെതിരായ കേസുകളും വിരല്‍ചൂണ്ടുന്നത് സിനിമയ്ക്ക് മാത്രമാവില്ല സെന്‍സര്‍ എന്നുമാണ്.

Related Articles
Next Story
Share it