വഴിമുടക്കികളാകരുത് ഗവര്‍ണര്‍മാര്‍...

കേന്ദ്രഭരണ കക്ഷികള്‍ ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ഇപ്പോള്‍ വലിയ ക്ഷോഭത്തിലാണ്. സുപ്രിംകോടതിയുടെ രണ്ടംഗബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധി അവരുടെ താന്‍പ്രമാണിത്തത്തെ കടപുഴക്കിയെറിഞ്ഞിരിക്കുകയാണ്.
കേരളത്തിലെ പഴയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇപ്പോള്‍ ബിഹാറിലാണ് ഭരിക്കുന്നത്. ബിഹാര്‍ ഭരിക്കുന്നത് കൂറുമാറ്റത്തിന്റെ രാജാക്കന്മാരിലൊരാളായ നിതീഷ്‌കുമാറാണ്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയുള്ള ഭരണം. കേന്ദ്രസര്‍ക്കാറിന്റെ കോല്‍ക്കാരനെപ്പോലെയാണ് ഗവര്‍ണര്‍മാര്‍ എന്നതിനാല്‍ ആരിഫ് മുഹമ്മദ്ഖാന് പാടലീപുത്രത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വിശാലമായ രാജ്ഭവനില്‍ ഉണ്ടും മുറുക്കിത്തുപ്പിയുമൊക്കെ കാലക്ഷേപം നടത്തിയാല്‍ മതി. കേരളത്തിലായപ്പോഴാണല്ലോ ദിവസേന ചാനലുകാരെക്കണ്ട് ജനാധിപത്യത്തെ കൊഞ്ഞനംകുത്തിക്കൊണ്ടിരിക്കല്‍. അദ്ദേഹം ഇപ്പോള്‍ കേരളഗവര്‍ണറായിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഒന്നാലോചിച്ചുനോക്കുക. ചാനലുകാര്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാവുമോ. സുപ്രിംകോടതിക്കെതിരെ ദിവസേന നാല് വാചകം കാച്ചാതെ ഉറക്കംവരുമായിരുന്നോ...
നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് നോക്കുക. അവിടത്തെ ഗവര്‍ണറായ ആര്‍.എന്‍. രവി ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു എഞ്ചിനീയറിംഗ് കോളേജില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് പോവുകയും പ്രസംഗാവസാനം കുട്ടികളെക്കൊണ്ട് ജയ് ശ്രീറാം എന്ന് വിളിപ്പിക്കുകയും ചെയ്തുവല്ലോ. മുന്‍ പൊലീസുദ്യോഗസ്ഥനായ രവി പൊലീസുമട്ടില്‍ ആജ്ഞാപിക്കുകയായിരുന്നു. ഭരണഘടനയെ അവഹേളിക്കുന്നതരത്തിലാണ് ആര്‍.എന്‍. രവി പെരുമാറിയതെന്ന് സുപ്രിംകോടതി വിധിച്ചിട്ടും ഗവര്‍ണര്‍സ്ഥാനം രാജിവെക്കാന്‍ മര്യാദകാട്ടാത്തയാളാണ്. തമിഴ്‌നാട്ടിലെ ഭരണത്തലവനാണെന്നാണ് ഭരണഘടനാപരമായി പറയേണ്ടത്. പക്ഷേ ആ സംസ്ഥാനത്ത് ഗവര്‍ണറായി എത്തിയതുമുതല്‍ തമിഴ്‌സംസ്‌കാരത്തിനെതിരെ എന്തും വിളിച്ചുപറയുകയെന്നത് പതിവാക്കിയിരിക്കുന്നു. ദ്രാവിഡസംസ്‌കാരം എന്ന് പറയുന്നതേ കേള്‍ക്കാനിഷ്ടമല്ലാത്ത ഗവര്‍ണര്‍ അവസരം കിട്ടുമ്പോഴെല്ലാം ആര്യസംസ്‌കാരത്തെക്കുറിച്ചും ബ്രാഹ്മണതയെക്കുറിച്ചും ഘോഷിക്കും. ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ ബജ്രംഗദളുകാരും ഹനുമാന്‍സേനക്കാരുമെല്ലാമാണ് ഇതരമതസ്ഥരെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കലടക്കമുള്ള ഗുണ്ടായിസം നടത്തുക പതിവ്. അതാണിപ്പോള്‍ ആര്‍.എന്‍. രവി എന്ന ഗവര്‍ണര്‍ തമിഴ്‌നാട്ടിലെ ഒരു കോളേജില്‍ നടത്തിയത്.
കേന്ദ്രഭരണ കക്ഷികള്‍ ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ഇപ്പോള്‍ വലിയ ക്ഷോഭത്തിലാണ്. സുപ്രിംകോടതിയുടെ രണ്ടംഗബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധി അവരുടെ താന്‍പ്രമാണിത്തത്തെ കടപുഴക്കിയെറിഞ്ഞിരിക്കുകയാണ്. ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് ജനാധിപത്യം ധ്വംസിക്കലാണ് കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണറുടെ ചുമതലയെന്നാണവര്‍ ധരിച്ചുവെച്ചത്. കേന്ദ്രത്തില്‍ രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടാണ്. രാഷ്ട്രപതിയാണല്ലോ ഗവര്‍ണറെ നിയോഗിക്കുന്നത്. എന്നാല്‍ മന്ത്രിസഭ നല്‍കുന്ന പേരിന് താഴെ ഒപ്പിട്ട് അംഗീകരിക്കലല്ലാതെ രാഷ്ട്രപതിക്ക് ഇഷ്ടമുള്ള ഒരാളെ ഗവര്‍ണറായി നിയോഗിക്കാനാവില്ല. പക്ഷേ രാഷ്ട്രപതിക്ക് ഇല്ലാത്ത അവകാശവും സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ക്ക് ഉണ്ട് എന്നാണ് പലരും കരുതുന്നത്. ഉദാഹരണത്തിന് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം. സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണറാണ്. വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള കമ്മിറ്റിയില്‍ മൂന്നംഗങ്ങളാണുണ്ടാവുക. ഒന്ന് യു.ജി.സിയുടെ പ്രതിനിധി-അതായത് കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധി. രണ്ട് ചാന്‍സലറുടെ പ്രതിനിധി-ചാന്‍സലര്‍ ഗവര്‍ണറായതിനാല്‍, ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാറിന്റെ ഉദ്യോഗസ്ഥനായതിനാല്‍ ആ പ്രതിനിധി കേന്ദ്രഭരണകക്ഷിയുടെ ആളാവും- മൂന്നാമതാണ് സര്‍വകലാശാലാ സെനറ്റിന്റെ പ്രതിനിധി. ആ മൂന്നംഗ കമ്മിറ്റി കൊടുക്കുന്ന മൂന്നോ അതിലധികമോ ഉള്ള പട്ടികയില്‍നിന്ന് ഒരാളെ നിയമിക്കാനുള്ള അധികാരവും ചാന്‍സലറായ ഗവര്‍ണര്‍ക്ക്. ഇതിനര്‍ത്ഥം രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും കേന്ദ്ര ഭരണകക്ഷിക്ക് താല്‍പര്യമുള്ളവരാവും വൈസ്ചാന്‍സലര്‍ എന്നാണ്. അതിന് തൊട്ടുതാഴെയുള്ള പ്രോ. വൈസ്ചാന്‍സലറെ നിയോഗിക്കാനുള്ള അവകാശം വൈസ്ചാന്‍സലര്‍ക്കാണ്. അപ്പോള്‍ സംഭവിക്കുന്നതെന്താണ് -ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ഥാപനങ്ങള്‍ക്ക് പണം ലഭ്യമാക്കുക, ശമ്പളം നല്‍കുക എന്നീ ഉത്തരവാദിത്തങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്. അതിന്റെ ഭരണാധികാരവും അക്കാദമിക നിയന്ത്രണവുമെല്ലാം കേന്ദ്രംവക- ഗാന്ധിജിയെ കൊലചെയ്ത ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ച കോഴിക്കോട് എന്‍.ഐ.ടി.യിലെ പ്രൊഫസറെപ്പോലുള്ളവര്‍ക്കാണ് ചാന്‍സ്. അതേസമയം രാഷ്ട്രപതി ചാന്‍സലറായ സര്‍വകലാശാലകളുണ്ട്- അവിടെ ആരെ നിയമക്കണമെന്ന് കേന്ദ്രസര്‍ക്കാറാണ് രാഷ്ട്രപതിയെ ഉപദേശിക്കുക. അതായത് രാഷ്ട്രപതിക്ക് സ്വന്തംനിലയില്‍ തീരുമാനിക്കാനാവില്ല.
വാസ്തവത്തില്‍ ഗവര്‍ണറുടെ നോമിനിയെന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ നോമിനിയാണാവേണ്ടത്. അതിനുപകരം ഗവര്‍ണറുടെ വ്യക്തിപരമായ അധികാരം എന്ന വ്യാഖ്യാനമാണ് ഇപ്പോഴുള്ളത്. അതാണ് ആദ്യം പശ്ചിമബംഗാളിലും പിന്നീട് കേരളത്തിലും തമിഴ്‌നാട്ടിലും സര്‍വകലാശാലകളിലെ പ്രതിസന്ധിക്ക് കാരണം. സര്‍വകലാശാലകളിലെ ചാന്‍സലര്‍സ്ഥാനം ഭരണഘടനാടിസ്ഥാനത്തിലല്ല. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന അധികാരമല്ല. സംസ്ഥാന നിയമസഭകള്‍ പാസാക്കിയ സര്‍വകലാശാലാ നിയമപ്രകാരമുള്ളതാണ്. ആ നിയമം ഭേദഗതിവരുത്താന്‍ സംസ്ഥാന നിയമസഭകള്‍ക്കവകാശമുണ്ട്. അങ്ങനെയാണ് തമിഴ്‌നാട് നിയമസഭയും കേരളനിയമസഭയും നിയമഭേദഗതിവരുത്തിയത്. പക്ഷേ ആ ബില്ലുകള്‍ ദീര്‍ഘകാലം തടഞ്ഞുവെക്കുകയും പിന്നീട് രഷ്ട്രപതിക്ക് അയക്കുകയുമാണ് ഗവര്‍ണര്‍ ചെയ്തത്. കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ലാത്ത ബില്ലുകള്‍ സംസ്ഥാന നിയമസഭകള്‍ പാസാക്കുമ്പോള്‍ ഗവര്‍ണര്‍മാരെക്കൊണ്ട് ഈ ശൈലി സ്വീകരിപ്പിക്കല്‍ കേന്ദ്രഭരണക്കാരുടെ രീതിയാണ്. രാഷ്ട്രപതിയുടെ തീരുമാനത്തിനായി ഗവര്‍ണര്‍ ബില്‍ അയച്ചാല്‍ പിന്നെ അത് ഏത് കുഴിയിലാണകപ്പെടുകയെന്ന് ആര്‍ക്കുമറിയില്ലെന്നതാണവസ്ഥ. ഉദാഹരണത്തിന് കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവുമാക്കി പത്തുവര്‍ഷം മുമ്പ് കേരളനിയമസഭ പാസാക്കിയ ബില്‍ അന്നത്തെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. പിന്നീടത് എവിടെയും പൊങ്ങിയിട്ടില്ല.
ഈ വിഷയത്തിലാണ് സുപ്രിംകോടതി ഇപ്പോള്‍ വിധി പറഞ്ഞത്. സര്‍വകലാശാലാ ചാന്‍സലറായി മുഖ്യമന്ത്രിയെ നിയോഗിക്കുന്നതടക്കമുള്ള പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്കയച്ച് അനിശ്ചിതത്വത്തിലാക്കുകയോ ചെയ്തതിനെതിരെ തമിഴ്‌നാട് നല്‍കിയ ഹരജിയിലാണ്‌സുപ്രധാന വിധിയുണ്ടായത്. ഗവര്‍ണര്‍ക്ക് മാത്രമല്ല രാഷ്ട്രപതിക്കും ബില്ലുകളില്‍ വീറ്റോ അധികാരമില്ല എന്നും മൂന്നുമാസത്തിനകം നടപടിയുണ്ടാകണമെന്നുമാണ് സുപ്രിംകോടതി വിധിച്ചത്. നിയമസഭ പാസാക്കിയ ബില്‍ തിരിച്ചയച്ചാല്‍ വീണ്ടും സഭ അത് പാസാക്കിയയച്ചാല്‍ അതിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. രാഷ്ട്രപതിയാകട്ടെ മൂന്നുമാസത്തിനകം തീരുമാനിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ബില്‍ സ്വാഭാവികമായിത്തന്നെ നിയമമായതായി കണക്കാക്കാമെന്നാണ് വിധിയുടെ താല്‍പര്യം. അങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി തമിഴ്‌നാട്ടില്‍ പത്ത് ബില്ലുകള്‍ നിയമമായിരിക്കുന്നു. രാഷ്ട്രപതിയോ ഗവര്‍ണറോ അംഗീകരിക്കാതെ പത്ത് നിയമങ്ങള്‍. സംസ്ഥാനങ്ങളിലെ ഭരണത്തിന് തടസ്സംനില്‍ക്കുന്ന വഴിമുടക്കികളാകരുത് ഗവര്‍ണര്‍മാര്‍ എന്ന അതിശക്തമായ താക്കീതാണ് നല്‍കിയിരിക്കുന്നത്. മാത്രവുമല്ല രാഷ്ട്രപതിക്ക് സ്വന്തം നിലയ്ക്ക്, അതായത് കേന്ദ്രത്തിന്റെ ഉപദേശാനുസരണം സംസ്ഥാന ബില്ലുകള്‍ തടയാനോ തള്ളാനോ അനിയന്ത്രിതമായ അവകാശമില്ല, ഭരണഘടനാപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പ്രസ്തുത ബില്ലില്‍ സുപ്രിംകോടതിയുടെ ഉപദേശം തേടുകയാണ് ഉചിതം എന്നും ജസ്റ്റീസുമാരായ ജെ.ബി. പര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചു. കേന്ദ്രസര്‍ക്കാര്‍ തന്നെ നിയോഗിച്ച സര്‍ക്കാരിയ കമ്മീഷനും ജസ്റ്റിസ് പൂഞ്ചി കമ്മീഷനും നര്‍ദ്ദേശിച്ചത് ഗവര്‍ണര്‍മാര്‍ക്ക് സ്വന്തംനിലയ്ക്ക് അധികാരമൊന്നുമില്ലെന്നുതന്നെയാണ്. സംസ്ഥാനത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാനാണ് അധികാരം. അതല്ലാതെ തിരഞ്ഞെടുക്കപ്പട്ട സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് ഇടങ്കോലിട്ട് പ്രതിസന്ധി സൃഷ്ടിക്കാനും സ്വന്തമായി ഭരണം കയ്യിലെടുക്കാനുമുള്ള അധികാരമില്ല.
കേരളത്തില്‍ ആരിഫ് മുഹമ്മദ്ഖാന്‍ നേരത്തെ നടത്തിയതും തമിഴ്‌നാട്ടില്‍ ആര്‍.എന്‍. രവി ഇപ്പോഴും തുടരുന്നതുമായ ശൈലി ഭരണഘടനയുടെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് സുപ്രിംകോടതിയുടെ വിധിയില്‍നിന്ന് വ്യക്തമാകുന്നു. സംസ്ഥാനത്തെ പുതിയ ഗവര്‍ണര്‍ സുപ്രിംകോടതിയുടെ വിധിയെ വിമര്‍ശിക്കുകയും കൊച്ചാക്കി കാണിക്കുകയും ചെയ്തത് നിര്‍ഭാഗ്യകരമാണ്. സുപ്രിംകോടതിയുടെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കുന്നത് കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ നല്ലനിലയിലായി മുന്നോട്ടുപോകുന്നതിന് സഹായകമാവില്ല. സുപ്രിംകോടതിയുടെ വിധി അംഗീകരിച്ച് സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഫെഡറല്‍ തത്വങ്ങളെ ബഹുമാനിക്കാനുമാണ് കേന്ദ്രം തയ്യാറാകേണ്ടത്.