കേരളവിരുദ്ധ സ്റ്റോറി

സിനിമാ പുരസ്‌കാരങ്ങള്‍ വിവാദമാകുന്നത് സാധാരണ സംഭവമാണ്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നമ്മുടെ ഉര്‍വശിക്കും സഹനടി എന്ന നിലയിലെങ്കിലും അവാര്‍ഡ് ലഭിച്ചുവല്ലോ. മികച്ച സഹനടിയായി ഉര്‍വശിയും മികച്ച സഹനടനായി വിജയരാഘവനും. വാസ്തവത്തില്‍ മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരമായിരുന്നു ലഭിക്കേണ്ടിയിരുന്നത്.

കേരളത്തില്‍നിന്നും ദമ്പതിമാരടക്കം ഒരു ഡസനോളം പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ അഥവാ ഐ.എസ്.എസില്‍ ചേരാനായി നാടുവിട്ടുവെന്ന സ്‌ഫോടനാത്മകമായ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് ഈ ലേഖകന്‍. അന്ന് മാതൃഭൂമിയുടെ കാസര്‍കോട് ബ്യൂറോ ചീഫായിരുന്നു ഞാന്‍. തൃക്കരിപ്പൂര്‍ ഇളമ്പച്ചി മേഖലയിലെ ഒരു ഡോക്ടറടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഒരു ഡസനോളം പേരാണ് ആദ്യം സിറിയയിലേക്ക് പോയത്. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പ്രാകൃതഭീകരപ്രവര്‍ത്തക സംഘടന നടത്തിക്കൊണ്ടിരിക്കുന്ന ഭരണം പിടിച്ചെടുക്കല്‍ യുദ്ധത്തില്‍ പങ്കാളികളാവാന്‍, അതിനിടയില്‍ കൊല്ലപ്പെടുന്നതുപോലും അനുഗ്രഹമാണെന്ന ചിന്തയോടെയാണവര്‍ പോയത്. അതില്‍ രണ്ടോ മൂന്നോ പേര്‍ മതംമാറിയവരുമായിരുന്നു. കുറേനാള്‍ വലിയ തലക്കെട്ടുകളില്‍ വന്ന വാര്‍ത്തകള്‍. പിന്നീട് കണ്ണൂരില്‍നിന്നും മറ്റ് പലേടത്തുനിന്നുമായി കുറേപ്പേര്‍കൂടി സിറിയയിലേക്ക് കടക്കുകയുണ്ടായി. അവരില്‍ പലരും കൊല്ലപ്പെട്ടു. പോയവരില്‍ പലരും പ്രാചീനകാലത്തെ ആത്മീയജീവിതം നയിക്കലാണ് ലക്ഷ്യമിട്ടതെന്നടക്കം വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്ത ഇന്നത്തെ ഭാഷയില്‍ ബ്രെയിക്ക് ചെയ്യാന്‍ എനിക്ക് സൂചന നല്‍കിയത് ആ പ്രദേശത്തുകാരനായ ഒരു ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനാണ്. കുറേക്കൂടി വിവരങ്ങള്‍ നല്‍കിയത് ആ നാട്ടുകാരനും മുന്‍ പത്രപ്രവര്‍ത്തകനുംകൂടിയായ ഒരു രാഷ്ട്രീയ നേതാവാണ്. അവര്‍ നല്‍കിയ സൂചനകളിലൂടെ നടത്തിയ അന്വേഷണമാണ് ആ വലിയ വാര്‍ത്തക്ക് ആധാരമായത്.

ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം, കേരളാ സ്റ്റോറി വിവാദമാണ്. സംഘപരിവാറിന് വേണ്ടി പ്രചാരണം നടത്തുകയെന്ന ലക്ഷ്യത്തോടെ സുദീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ വിപുല്‍ അമൃതലാല്‍ ഷാ എന്നയാള്‍ നിര്‍മിച്ച ഹിന്ദി സിനിമയാണ് കേരളാസ്റ്റോറി. റിലീസായ ഘട്ടത്തില്‍ത്തന്നെ തനി കള്ളക്കഥ പറയുന്ന ആ സിനിമക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നതാണ്. കേരളവും തമിഴ്‌നാടും ബംഗാളും ഔദ്യോഗികമായിത്തന്നെ ശക്തമായ എതിര്‍പ്പറിയിച്ചു. എന്നാല്‍ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിനുള്ള ഉപാധികളിലൊന്നെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് അത് നിര്‍മിക്കപ്പെട്ടതെന്നതിനാല്‍ പ്രതിഷേധമൊന്നും വിജയിച്ചില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പ്രചാരണത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആ സിനിമ ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചു. എല്‍.ഡി.എഫും യു.ഡി.എഫുമെല്ലാം എതിര്‍ത്തെങ്കിലും ദൂരദര്‍ശന്‍ പിന്‍വാങ്ങിയില്ല.


കേരളത്തില്‍നിന്ന് മുപ്പത്തിരണ്ടായിരം ഹിന്ദു യുവതികളെ ഇസ്ലാമിലേക്ക് ലൗ ജിഹാദ് നടത്തി മതം മാറ്റിയെന്നും അവരെ ഐ.എസ്.എസില്‍ ചേര്‍ത്തുവെന്നുമുള്ള പെരുങ്കള്ളക്കഥയാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്തുക, ഇസ്ലാമിനെതിരെ വിദ്വേഷമുയര്‍ത്തുക എന്നീ ലക്ഷ്യത്തോടെ സിനിമാരൂപത്തിലാക്കിയത്. ചവറ്റുകൂട്ടയിലെറിയേണ്ട പൊട്ട സിനിമയെന്ന് സിനിമയെക്കുറിച്ച് അറിവുള്ളവരെല്ലാം ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ട ആ സിനിമയെ കേന്ദ്രസര്‍ക്കാര്‍ വാനോളം ബഹുമാനിച്ചിരിക്കുകയാണ് ഈയിടെ പ്രഖ്യാപിച്ച സിനിമാ അവാര്‍ഡിലൂടെ. മികച്ച സംവിധായകനായി ആ സിനിമയുടെ സംവിധായകനായ സുദീപ്‌തോ സെന്നിന് അവാര്‍ഡ്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും.

സിനിമാ പുരസ്‌കാരങ്ങള്‍ വിവാദമാകുന്നത് സാധാരണ സംഭവമാണ്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നമ്മുടെ ഉര്‍വശിക്കും സഹനടി എന്ന നിലയിലെങ്കിലും അവാര്‍ഡ് ലഭിച്ചുവല്ലോ. മികച്ച സഹനടിയായി ഉര്‍വശിയും മികച്ച സഹനടനായി വിജയരാഘവനും. വാസ്തവത്തില്‍ മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരമായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്താണ് സഹ എന്നതിന്റെ മാനദണ്ഡമെന്ന് ഉര്‍വശി ഉച്ചത്തില്‍ വിളിച്ചുചോദിക്കുകയും ചെയ്തുവല്ലോ. എന്തുകൊണ്ട് ബ്ലസ്സിയുടെയും പൃഥ്വിരാജിന്റെയും 'ആടുജീവിതം' പരിഗണിച്ചതേയില്ല എന്ന ചോദ്യവും ഉര്‍വശി ഉയര്‍ത്തുകയുണ്ടായി. 'ആടുജീവിത'ത്തെ പരിഗണിക്കുകയേ വേണ്ട എന്നത് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നവരുടെ നിലപാടായിരിക്കാം. കാരണം ആടുജീവിതമല്ല. ആടുജീവിതത്തില്‍ മികവാര്‍ന്ന അഭിനയം കാഴ്ചവെച്ച പൃഥ്വീരാജിനോടുള്ള പകയായിരിക്കാം. ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ ഭരണകാലത്ത് സംഘപരിവാര്‍ നടത്തിയ വംശഹത്യയെ, കൂട്ടക്കൊലപാതകങ്ങളെ 'എമ്പുരാന്‍' എന്ന സിനിമയിലൂടെ ലോകത്തെ കാണിച്ചതിന്റെ പ്രതികാരമാവാം... 'എമ്പുരാന്‍' ഇറങ്ങിയ സമയത്ത് ഇ.ഡി.യെ ഉപയോഗിച്ച് നടത്തിയ പണികള്‍ പരസ്യമാണല്ലോ.

കേരള സ്റ്റോറി രണ്ടുതരത്തിലാണ് ഉന്നത തലത്തിലുള്ള കുറ്റകൃത്യമാകുന്നത്. ഒരു സംസ്ഥാനത്തെ അപവല്‍ക്കരിക്കുകയാണത്. മുസ്ലിം വിഭാഗത്തെ അപരവല്‍ക്കരിച്ച് വേട്ടയാടുന്നതുപോലെ അതിനൊപ്പം കേരളത്തെയും വേട്ടയാടുക. ലൗ ജിഹാദെന്ന കള്ളക്കഥ പ്രചരിപ്പിച്ച് ഭയപ്പെടുത്തുക- തുടങ്ങിയ ലക്ഷ്യങ്ങള്‍. ചില ക്രൈസ്തവ പുരോഹിതരും പി.സി. ജോര്‍ജിനെപ്പോലെ സാമൂഹ്യവിരുദ്ധത അന്തസ്സായി കൊണ്ടുനടക്കുന്ന ചിലരും കേരളാ സ്റ്റോറിയിലേതുപോലെ പ്രചരണം നടത്തുന്നുണ്ട്. ജാതിയോ മതമോ നോക്കാതെ എത്രയോ പ്രണയ വിവാഹങ്ങള്‍ നടക്കുന്നു. അതില്‍ എല്ലാ മതസ്ഥരും ഉള്‍പ്പെടും. അത്തരത്തിലുള്ള ഒന്നോരണ്ടോ സംഭവമെടുത്ത് മതവിദ്വേഷപരമായ കള്ളപ്രചാരണം നടത്തുകയാണ്. ഇടുക്കി രൂപതയും മറ്റും കേരളാസ്‌റ്റോറി എന്ന കള്ളക്കഥാസിനിമ സ്വന്തം നിലയക്ക് പ്രദര്‍ശിപ്പിക്കുകയുണ്ടായി.

മുസ്ലിങ്ങള്‍ക്കും കേരളത്തിനുമെതിരെ ഈ പ്രചാരണമൊക്കെ നടക്കുന്ന സന്ദര്‍ഭത്തിലാണ് മതം മാറ്റത്തിന്റെ പേരുപറഞ്ഞ് രണ്ട് കന്യാസ്ത്രീകളെ ഛത്തിസ്ഗഡില്‍ കാരാഗൃഹത്തിലടച്ചത്. മനുഷ്യക്കടത്ത്, നിര്‍ബന്ധ മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ ജയിലിലടച്ചത്. തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന, എന്‍.ഐ.എയെ കേസന്വേഷണം ഏല്‍പിച്ചിരിക്കുന്നു. തെളിവില്ലാത്തതിനാല്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും കടുത്ത അന്വേഷണം നടത്തുകയാണ്. കന്യാസ്ത്രീകളെ കള്ളക്കേസില്‍പെടുത്തി ജയിലിലടച്ചുവെന്ന് വ്യക്തമാക്കി വമ്പിച്ച പ്രതിഷേധമാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഉയര്‍ത്തിയത്. ക്രൈസ്തവ സഭയും ശക്തമായി പ്രതിഷേധിച്ചു. പക്ഷേ അപ്പോഴും കേരളാ സ്‌റ്റോറിയെന്ന കേരള വിരുദ്ധചിത്രത്തെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല. കേരളത്തിന് പുറത്ത് ഛത്തിസ്ഗഡിലും ഒഡീഷയിലുമെല്ലാം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മിഷനറിമാര്‍ക്കെതിരെ വര്‍ഗീയവാദികള്‍ കടുത്ത അക്രമമാണ് അഴിച്ചുവിടുന്നത്. ഒഡീഷയില്‍ കുറേ വര്‍ഷം മുമ്പ് ഗ്രഹാംസ്റ്റീനിനെയും മക്കളെയും ചുട്ടുകൊന്ന സംഭവം ആരും മറന്നിട്ടില്ലല്ലോ. പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി സമര്‍പ്പിതസേവനം നടത്തിയ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അര്‍ബന്‍ നക്‌സലായി ചിത്രീകരിച്ച് ജയിലിലടച്ച് മരണത്തിലേക്ക് തള്ളിയിട്ടത് അടുത്തകാലത്തല്ലേ. ഹിന്ദുത്വ വര്‍ഗീയശക്തികള്‍ മറ്റ് മതങ്ങളോടും മതനിരപപേക്ഷത പ്രചരിപ്പിക്കുന്ന, മതനിരപേക്ഷ പാര്‍ട്ടികളോടും സ്വീകരിക്കുന്ന സമീപനം എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നിട്ടും കന്യാസ്ത്രീകള്‍ക്ക് കോടതിയില്‍നിന്ന് ജാമ്യം കിട്ടിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായെ അഭിനന്ദിക്കുന്നതിനും ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന് ലഡു വായില്‍വെച്ചുകൊടുക്കാനും ചിലര്‍ തയ്യാറാകുന്നുവെന്നത് ഭയങ്കരം തന്നെ.

ഈ വിവാദങ്ങള്‍ക്കൊക്കെ ഇടയിലാണ് കേരളത്തിലെ സിനിമാ കോണ്‍ക്ലേവില്‍ പ്രഖ്യാത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ പട്ടികജാതിക്കാരെയും വനിതകളെയും ഇകഴ്ത്തുന്ന തരത്തില്‍ പ്രസംഗിച്ചത്.

കൊടിയേറ്റം പോലുള്ള നല്ല സിനിമകളെടുത്ത ചലച്ചിത്രകാരനാണ് അടൂര്‍. പക്ഷേ അദ്ദേഹത്തില്‍നിന്ന് ശരിയല്ലാത്ത പ്രതികരണമുണ്ടായിരിക്കുന്നു. സഞ്ചാരം പുറകോട്ടാവുകയാണോ...

Related Articles
Next Story
Share it