വന്ദിപ്പിന്‍ ജമേദാരെ... വന്ദിപ്പിന്‍ ജമേദാരെ...
മലയാളത്തിലെ ഹാസ്യസാമ്രാട്ടായിരുന്ന സഞ്ജയന്‍ എന്ന മാണിക്കോത്ത് രാമുണ്ണിനായര്‍ 40 വയസ്സുള്ളപ്പോഴാണ് 1943 സെപ്തംബര്‍ 13ന് അന്തരിച്ചത്. മരണത്തിന് ഏതാനും മാസം മുമ്പ് അദ്ദേഹം തന്റെ പത്രാധിപത്യത്തിലുള്ള സഞ്ജയന്‍ മാസികയില്‍ എഴുതിയ കവിതയാണ് വന്ദിപ്പിന്‍ ജമേദാരേ, വന്ദിപ്പിന്‍ ജമേദാരേ എന്നത്. ഈ ജമേദാര്‍ ആരാണെന്നോ, നമ്മുടെ കാസര്‍കോട് ജില്ലക്കാരനാണ്. നീലേശ്വരം-ചെറുവത്തൂര്‍ മേഖലയിലെ മര്‍ദകവീരനായ ഒരു ജമേദാര്‍. ജമേദാര്‍ എന്നാല്‍ ഹെഡ്‌കോണ്‍സ്റ്റബിളിന് തുല്യനായ ഉദ്യോഗസ്ഥന്‍. എം.എസ്.പിയിലെ ജമേദാരായ മാധവന്‍ നായരുടെ ക്രൂരകൃത്യമാണ് സഞ്ജയന്റെ ക്രൂരമായ(!) ആക്ഷേപഹാസ്യത്തിന് കാരണമായത്.
എന്തായിരുന്നു ആ ക്രൂരത-പുതിയ തലമുറയ്‌ക്കെന്നല്ല, ഇന്നത്തെ പഴയ തലമുറയ്ക്കും അജ്ഞാതമായ ഒരു ചരിത്രമുണ്ട്. മറക്കാന്‍ പാടില്ലാത്ത ആ കഥ പക്ഷേ രാഷ്ട്രീയവും ചരിത്രവുമെല്ലാം മറന്നു. ശമ്പളമോ പദവിയോ പത്രാസോ ഒന്നുമില്ലാതിരുന്നിട്ടും സത്യം റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രപ്രവര്‍ത്തകന്‍ അനുഭവിച്ച യാതനകളുടെയും പീഡനത്തിന്റെയും കഥ. കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ വലിയ സംഭവമായിരുന്നിട്ടും അത് പത്രപ്രവര്‍ത്തന ചരിത്രത്തില്‍പോലും രേഖപ്പെടുത്തപ്പെട്ടില്ല. പത്രപ്രവര്‍ത്തക സംഘടനകളോ രാഷ്ട്രീയ സംഘടനകളോ അത് ഒരിക്കലും അനുസ്മരിക്കാറില്ല.
വെള്ളൂര്‍ പി.കെ. എന്നറിയപ്പെട്ട പി.കെ. നാരായണന്‍ നമ്പ്യാര്‍ പത്രലേഖകനാകുന്നത് ജോലി എന്ന നിലയ്ക്കല്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന നിലയിലാണ്. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് നാരായണന്‍നമ്പ്യാര്‍ ദേശീയപ്രസ്ഥാനത്തില്‍ സജീവമാകുന്നത്. അക്കാലത്ത് അദ്ദേഹം താമസിക്കുന്നത് നീലേശ്വരം പടിഞ്ഞാറ്റും കൊവ്വലിലെ പാട്ടത്തില്‍ വീട്ടിലാണ്. കരിവെള്ളൂരിലെ വങ്ങാട്ട് ശങ്കരന്‍ ഉണിത്തിരയുടെയും പയ്യന്നൂര്‍ വെള്ളൂരിലെ ചാമക്കാവിനടുത്തുള്ള പ്രസിദ്ധ തറവാടായ പെരിയാടന്‍ കടിഞ്ഞിപ്പള്ളി കല്യാണിയമ്മ എന്ന തമ്പായിയുടെയും മകനായി 1919 നവംബര്‍ അഞ്ചിനാണ് നാരായണന്‍ ജനിച്ചത്. നാരായണന്റെ ചെറുപ്രായത്തില്‍ത്തന്നെ അമ്മ ആദ്യ വിവാഹബന്ധമൊഴിഞ്ഞ് ഏച്ചിക്കാനത്ത് കോമന്‍നായരുടെ പത്‌നിയായി. കോമന്‍നായരുടെ വീടുകളിലൊന്ന് നീലേശ്വരത്ത് പടിഞ്ഞാറ്റും കൊവ്വലിലെ പാട്ടത്തില്‍ ആയിരുന്നു. ആ വീട്ടില്‍ താമസിച്ചാണ് നാരായണന്‍ നീലേശ്വരം രാജാസ് സ്‌കൂളില്‍ പോയതും പില്‍ക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും നടത്തിയതും. നാരായണനെ രാഷ്ട്രീയത്തില്‍ ആകര്‍ഷിക്കുന്നതില്‍ എ.സി. കണ്ണന്‍ നായരും കെ. മാധവനും കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാരും വിലയ പങ്കുവഹിച്ചു. അമ്മയുടെ രണ്ടാം ഭര്‍ത്താവ് ഏച്ചിക്കാനം തറവാട്ടിലെ കോമന്‍നായരാണ്. ദേശീയപ്രസ്ഥാനത്തിന്റെ സമുന്നതനേതാവും കാസര്‍കോട് മേഖലയിലെ രക്ഷാധികാരിയും. അദ്ദേഹത്തിന്റെ ബന്ധുക്കളും ഒരേ വീട്ടിലെ താമസക്കാരുമാണ് കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാരും കെ. മാധവനും. ബന്ധുത്വം കൊണ്ട് ആ കുടുംബത്തിലെ അംഗം പോലെയാണ് നാരായണന്‍. 15-ാം വയസ്സില്‍ ഉപ്പ് സത്യാഗ്രഹജാഥയില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച കെ. മാധവന്‍ നാരായണന്റെ ജ്യേഷ്ട സഹോദരനെപ്പോലെ. മാധവന്റെയും കണ്ണന്‍ നായരുടെയും കുഞ്ഞിരാമന്‍ നമ്പ്യാരുടെയും ആകര്‍ഷണവലയത്തിലായ നാരായണന്‍ ഹൈസ്‌കൂള്‍ ക്ലാസിലെത്തുന്നതിന് മുമ്പേതന്നെ രാഷ്ട്രീയക്കാരനാകുന്നതിന് പ്രചോദനം മറ്റെന്ത് വേണം.
കെ. മാധവന്റെ സഹപ്രവര്‍ത്തകനായി നീലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകളില്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും ഉശിരനായ പ്രവര്‍ത്തകനായി നാരായണന്‍. 1935ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടക്കുമ്പോള്‍ കെ. മാധവനോടൊപ്പം ഹൊസ്ദുര്‍ഗ് മേഖലയിലെ പ്രതിനിധിയായി നാരായണന്‍ പങ്കെടുത്തു. അപ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. 1936ല്‍ എ.കെ.ജിയുടെയും സര്‍ദാര്‍ ചന്ദ്രോത്തിന്റെയും കെ.പി.ആര്‍. ഗോപാലന്റെയും നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് മദിരാശിയിലേക്ക് പുറപ്പെട്ട പട്ടിണിജാഥയോടൊപ്പം നാരായണനും സഞ്ചരിച്ചു. കല്യാശ്ശേരിയില്‍നിന്ന് കെ.പി.ആര്‍ ഗോപാലന്റെ നേതൃത്വത്തില്‍ തലശേരിയിലേക്ക് പുറപ്പെട്ട പട്ടിണിജാഥയാണ്, കര്‍ഷകജാഥയാണ് പിറ്റേദിവസം എ.കെ.ജിയുടെയും ചന്ദ്രോത്തിന്റെയും നേതൃത്വത്തില്‍ മദിരാശിയിലേക്ക് പുറപ്പെട്ട പട്ടിണിജാഥയായി മാറിയത്. ചെറുപ്പത്തിലേതന്നെ കര്‍ഷകപ്രസ്ഥാനത്തില്‍ സജീവമായ പി.കെ. നാരായണന്‍ നമ്പ്യാര്‍ കെ.പി.ആറിന്റെ നേതൃത്വത്തിലുള്ള ജാഥയിലുണ്ടായിരുന്നു. പിറ്റേന്ന് മദിരാശിയിലേക്ക് പുറപ്പെട്ടപ്പോഴും നാരായണന്‍ നമ്പ്യാര്‍ പിന്മാറാന്‍ തയ്യാറായില്ല. ഔദ്യോഗികമായി അംഗമല്ലാതിരുന്നിട്ടും ജാഥയില്‍ അദ്ദേഹവും അവസാനംവരെ യാത്രചെയ്തു. അതോടെ പഠനം പൂര്‍ണമായും മുടങ്ങുകയും മുഴുവന്‍ സമയം പ്രവര്‍ത്തകനാവുകയുമായിരുന്നു. അങ്ങനെയാണ് മാതൃഭൂമിയുടെ നീലേശ്വരം ലേഖകനാവുന്നത്.
കയ്യൂര്‍ സംഭവത്തെതുടര്‍ന്നുള്ള പൊലീസ് ഭീകരവാഴ്ച മാതൃഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്തത് പി.കെ. നാരായണന്‍ നമ്പ്യാരാണ്. 1941 മാര്‍ച്ച് 28 മുതല്‍ നടന്ന സംഭവങ്ങള്‍. എം.എസ്.പി. കര്‍ഷകസംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുയും ചെയ്തതിനെതിരെ ജനങ്ങള്‍ സംഘടിച്ച് പ്രകടനം നടത്തുകയും ജനരോഷത്തിനിരയായ പൊലീസുകാരന്‍ സുബ്ബരായന്‍ പുഴയില്‍ ചാടിയതും മുങ്ങിമരിച്ചതുമടക്കമുള്ള സംഭവങ്ങള്‍. ആ സംഭവത്തെ തുടര്‍ന്ന് കയ്യൂരിലും നീലേശ്വരത്തും പരിസരപ്രദേശങ്ങളിലുമെല്ലാമുണ്ടായ പൊലീസ് നരനായാട്ട്. വീടുകള്‍ തകര്‍ത്തും സ്ത്രീകളെ അപമാനിച്ചും കണ്ണില്‍കണുന്നവരെയെല്ലാം മര്‍ദ്ദിച്ചും അറസ്റ്റ് ചെയ്ത് ജയിലിലടച്ചും പ്രതികാരബുദ്ധ്യാ പെരുമാറിയ പൊലീസ് നയം. ഇതിനെതിരെ നാരായണന്‍ നമ്പ്യാര്‍ നിരന്തരം വാര്‍ത്ത നല്‍കി. പൊലീസ് അതിക്രമത്തെക്കുറിച്ച് വിശദമായ ലേഖനമെഴുതി. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ ഗോപാലന്‍ നായര്‍, ജമേദാര്‍ മാധവന്‍ നായര്‍ എന്നിവരുടെ ക്രൂരമായ ചെയ്തികള്‍ തുറന്നുകാട്ടി.
ഇതേ തുടര്‍ന്ന് എന്താണ് സംഭവിച്ചത്. അത് ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്ന പേരിലുള്ള കെ. മാധവന്റെ ആത്മകഥയില്‍ പറഞ്ഞതിങ്ങനെ: 'മര്‍ദ്ദനം കുറയാന്‍ ഒരു കാരണമുണ്ടായി. മാതൃഭൂമിയുടെ നീലേശ്വരം ലേഖകന്‍ പി.കെ. നാരായണന്‍ നമ്പ്യാര്‍ പൊലീസിന്റെ കിരാതമര്‍ദ്ദനത്തെക്കുറിച്ച് അയച്ച് റിപ്പോര്‍ട്ട് മാതൃഭൂമി വലിയ തലക്കെട്ടില്‍ത്തന്നെ പ്രസിദ്ധീകരിച്ചു. ജമേദാര്‍ മാധവന്‍നായരുടെ ക്രൂരതകളുടെ ലഘുചിത്രമായിരുന്നു ആ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സി.കെ. രാഘവന്‍ നമ്പ്യാരെ മര്‍ദ്ദിക്കാനുള്ള നീക്കത്തെയും ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ജമേദാര്‍ മാതൃഭൂമി ലേഖകനായ നാരായണന്‍ നമ്പ്യാരെ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്ന് പിടിച്ച് നീലേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെ നടത്തിച്ച് കണ്ടമാനം മര്‍ദ്ദിച്ചു. ഈ ഭീകരവാഴ്ച കണ്ട കോണ്‍ഗ്രസുകാര്‍ക്കും ഞെട്ടലുണ്ടായി. രാഘവന്‍ നമ്പ്യാര്‍ക്കാണെങ്കില്‍ പുറത്തിറങ്ങിക്കൂടാ. ജമേദാര്‍ അദ്ദേഹത്തിനുവേണ്ടി കുറുവടി ഏന്തി നടക്കുകയാണ്. ഈ സംഭവം മാതൃഭൂമി ഒരു പ്രശ്‌നമാക്കിയെടുത്ത് പൊക്കിപ്പിടിച്ചു. ഇതോടുകൂടി കേളപ്പനെപ്പോലുള്ളവര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അതുവരെ പൊലീസിന്റെ വൈതാളികരായി നടന്ന കോണ്‍ഗ്രസുകാരും അനുചരന്മാരും മര്‍ദ്ദനത്തെ പരസ്യമായി ആക്ഷേപിക്കാന്‍ രംഗത്തിറങ്ങി. അന്വേഷണമായി. കലക്ടര്‍ കാഞ്ഞങ്ങാട്ട് ക്യമ്പ് ചെയ്തു.
പരസ്യത്തെളിവ് ശേഖരിച്ചു. സംഗതി ബോധ്യമായ കലക്ടര്‍ പൊലീസ് മര്‍ദ്ദനം പാടേ നിര്‍ത്തിച്ചു.
നീലേശ്വരം പടിഞ്ഞാറ്റും കൊവ്വല്‍ മുതല്‍ ചെറുവത്തൂര്‍ വരെ എട്ട് കിലോമീറ്ററോളം റോട്ടിലൂടെ നടത്തിച്ച് പരസ്യമായി തല്ലുകയായിരുന്നു നാരായണന്‍ നമ്പ്യാരെ. കൈ പൊട്ടി ചികിത്സയിലായ അദ്ദേഹത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ് പിന്നെയും പീഡിപ്പിച്ചു. മര്‍ദ്ദകനായ ജമേദാര്‍ മാധവന്‍ നായര്‍ തനിക്കെതിരെ ഒരക്ഷരം പത്രത്തില്‍ എഴുതിപ്പോകരുതെന്നും ക്രമസമധാനപാലനത്തിന് താന്‍ ചെയ്യുന്ന സേവനത്തെ കീര്‍ത്തിച്ച് എഴുതണമെന്നും അല്ലെങ്കില്‍ ഇനിയും അനുഭവിക്കുമെന്നും താക്കീതുചെയ്തു. ഈ സംഭവം മാതൃഭൂമി മാത്രമല്ല, ദി ഹിന്ദുവടക്കമുള്ള പത്രങ്ങളും വലിയ വാര്‍ത്തയാക്കിയ ദി ഹിന്ദു സംഭവത്തെ അപലപിക്കുകയും ചെയ്തു.
പത്രപ്രവര്‍ത്തനത്തിനൊപ്പം നാടകകൃത്തും കവിയുമായിരുന്നു നാരായണന്‍ നമ്പ്യാര്‍. സ്‌കൂള്‍ കാലത്തേതന്നെ സ്വാതന്ത്ര്യസമരത്തില്‍ സജീവമായിരുന്നിട്ടും സ്വാതന്ത്ര്യസമരപെന്‍ഷന്‍ ആദ്യം നിഷേധിക്കപ്പെട്ടു. തന്നോടൊപ്പം പട്ടിണിജാഥയില്‍ പങ്കെടുത്ത ത്യാഗിയായ പ്രവര്‍ത്തകനാണ് നാരായണന്‍നമ്പ്യാര്‍ എന്ന് എ.കെ.ജി സാക്ഷ്യപ്പെടുത്തുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരികയും ചെയ്തശേഷമാണ് സ്വാതന്ത്ര്യ സമരപെന്‍ഷന്‍ അനുവദിച്ചത്.
മാതൃഭൂമി കാസര്‍കോട് ബ്യൂറോ ചീഫും കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന, മാതൃഭൂമി കണ്ണൂര്‍ എഡിഷന്‍ ന്യൂസ് എഡിറ്ററായി വിരമിച്ച കെ. വിനോദ് ചന്ദ്രന്റെ പിതാവാണ് പി.കെ. നാരായണന്‍ നമ്പ്യാര്‍.