2050ലെ പത്രമോ, തെറ്റിദ്ധരിപ്പിക്കലോ...

ശാസ്ത്രസാങ്കേതിക മേഖലയില്‍ ലോകം അതിവിസ്മയാവഹമായ നേട്ടങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റ്യൂബില്‍ മനുഷ്യനെ വരെ സൃഷ്ടിക്കാനാവുമെന്നും റോബോട്ടുകള്‍ക്ക് മനുഷ്യര്‍ ചെയ്യുന്നതെല്ലാം അതിനേക്കാള്‍ മേന്മയോടെ ചെയ്യാനാവുമെന്നുമെല്ലാം വിസ്മയത്തോടെ ആളുകള്‍ പറയുന്നു. വിസ്മയത്തോടൊപ്പം ആശങ്കയും പടരുകയാണ്. അടുത്ത ഒരു കൊല്ലത്തിനകം എന്തൊക്കെ ലോകത്ത് സംഭവിക്കുമെന്ന് പോലും ആര്‍ക്കും പ്രവചിക്കാനാവാത്ത സാഹചര്യം വന്നു.

എന്നിട്ടും നാം ഭാവിയെ മുന്‍കൂട്ടി സങ്കല്‍പിക്കാന്‍ ശ്രമിക്കുകയാണ്. 2025ന്റെ തുടക്കത്തില്‍ 2050ലെ മലയാളത്തിലെ ഒരു ദിനപത്രത്തിന്റെ ഒന്നാം പേജ് എങ്ങനെയാവുമെന്ന് ഒരു സ്വകാര്യസര്‍വകലാശാല വിഭാവനം ചെയ്തതില്‍ ഒരു തെറ്റുമില്ല. ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ- എന്നാണ് നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി എന്ന മുഖ്യ വാര്‍ത്ത. 2025 ജനുവരി 24 വെള്ളിയാഴ്ച എന്ന് രേഖപ്പെടുത്തിയ പത്രത്തിലാണ് ഇത് വാര്‍ത്താ രൂപത്തില്‍ വരുന്നത്. കേരളത്തിലെ റോബോ മന്ത്രി, വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പ്രവചിക്കാന്‍ സാധിച്ചതിനാല്‍ മുപ്പതിനായിരം മനുഷ്യജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന വാര്‍ത്ത, ഗോളാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഭൂമിയും ചൊവ്വയും പങ്കിട്ടത്, ആഴക്കടലിനുള്ളില്‍ മനുഷ്യന് ആവാസകേന്ദ്രമായി ഓഷ്യാനസ് നഗരം എന്നിങ്ങനെയുള്ള വാര്‍ത്തയാവും 2050-ലെ ഒരു പത്രത്തിന്റെ ഒരു ദിവസത്തെ ഒന്നാം പേജിലുണ്ടാകാന്‍ സാധ്യതയെന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ വിഭാവനം. ബി.ടെകിന് വാര്‍ഷിക ഫീസ് 2.95 ലക്ഷം രൂപയും എം.ബി.എയ്ക്ക് 9.90 ലക്ഷം രൂപയും വാങ്ങുന്ന സ്വകാര്യ സര്‍വകലാശാലയാണ്. അവിടേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിന് പത്രങ്ങളില്‍ നല്‍കിയ പരസ്യമാണ് മേല്‍കൊടുത്ത 'വാര്‍ത്ത'കള്‍.

ജനുവരി 24ന് മലയാളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം (ദേശാഭിമാനി ഒഴികെ) വന്ന മുഴുപ്പേജ് പരസ്യത്തിലെ ഉള്ളടക്കമാണ് മുകളില്‍ പരാമര്‍ശിച്ചത്. ദശലക്ഷക്കണക്കിന് വായനക്കാര്‍ ആ പേജിന്റെ വായനയിലൂടെ തെറ്റിദ്ധരിക്കപ്പെട്ടു. മുകളില്‍ മാര്‍ക്കറ്റിങ്ങ് ഫീച്ചര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിശദീകരണം കൊണ്ടൊന്നും കാര്യമില്ല. നോട്ടുനിരോധനത്തിന്റെ ദുഷ്ഫലം അനുഭവിക്കുന്ന വ്യാപാരികളും സാധാരണക്കാരും അമ്പരക്കുകയും ഭയപ്പെടുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞാല്‍ കറന്‍സി അസാധുവാകുമെന്നാണ് ഭയപ്പെടുത്തിയത്. അതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പെന്ന നിലയില്‍. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേര് തെറ്റിച്ചെഴുതിയാലും റിസര്‍വ് ബാങ്കിനെ ഒരു വ്യാജ വാര്‍ത്തയില്‍ ഉദ്ധരിക്കാമോ എന്ന നിയമപ്രശ്‌നവും ധാര്‍മ്മികപ്രശ്‌നവും വരുന്നു. വായനക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ പിറ്റേന്ന് മാതൃഭൂമിയുടെ പത്രാധിപര്‍ ഖേദം പരസ്യപ്പെടുത്തി. എന്നാല്‍ മലയാളമനോരമ അത് പരസ്യമായിരുന്നു, വാര്‍ത്തയല്ല എന്ന ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ പത്രക്കുറിപ്പാണ് കൊടുത്തത്. മാതൃഭൂമി മാന്യത കാട്ടിയപ്പോള്‍ മനോരമ അത് ചെയ്തില്ലെന്ന ആക്ഷേപവുമുയര്‍ന്നു.

മലയാളത്തിലെ ഒരു പ്രമുഖ ചാനലായ റിപ്പോര്‍ട്ടറില്‍ അതിലെ പ്രധാന അവതാരകനും എഡിറ്ററുമായ ഡോ. അരുണ്‍കുമാര്‍ യഥാര്‍ത്ഥ വാര്‍ത്തയെന്നത് പോലെയാണ് ആ ദിവസം പത്രത്തിലെ വാര്‍ത്ത വായിച്ചവതരിപ്പിച്ചത്. അരുണ്‍കുമാറിനെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചുവെന്ന ആക്ഷേപമുയര്‍ന്നു. അരുണിന് ആരാണ് ഡോക്ടറേറ്റ് നല്‍കിയതെന്നുവരെ ചില നവമാധ്യമ ശിങ്കങ്ങള്‍ വലിയ വായില്‍ വിളിച്ചുചോദിച്ചു. സ്റ്റുഡിയോവിലെത്തി പത്രം കയ്യിലെടുത്ത് തത്സമയം വായിച്ച് പ്രതികരിക്കുമ്പോള്‍ എങ്ങനെ തെറ്റുപറ്റാതിരിക്കും. നേരത്തെ വായിച്ച് മനസിലാക്കിയശേഷമല്ല, തത്സമയമാണ് അവതരണമെന്നതാണ് പ്രശ്‌നം.

ജയിന്‍ സര്‍വകലാശാല നടത്തിയ ഉദ്യമം തരക്കേടടൊന്നുമില്ല. പത്രക്കാര്‍ക്കോ സാംസ്‌കാരിക സംഘടനകള്‍ക്കോ നടത്താവുന്ന ഒരു ഉഗ്രന്‍ മത്സരവുമാണ് 2050-ലെ പത്രവാര്‍ത്ത വിഭാവനം ചെയ്യല്‍. ഗോപിനാഥ് മുതുകാട് വോട്ടെണ്ണുന്നതിന് മുമ്പ് ഫലം എഴുതി പെട്ടിയില്‍ പൂട്ടിവെക്കുകയും ഫലംവന്നശേഷം ആ പെട്ടിതുറന്ന് തന്റെ പ്രവചനവും യഥാര്‍ത്ഥ ഫലവും ഒന്ന് തന്നെയല്ലേ എന്ന് നമ്മളോട് ചോദിക്കുകയും ചെയ്ത സംഭവമുണ്ടായല്ലോ. ആ മെസ്മറിസം പോലെ മെസ്മറിസം നല്ലതുതന്നെ. എന്നാല്‍ അത്തരം രീതി പരസ്യത്തിനായി ഉപയോഗപ്പെടുത്തുന്നതും അതിനായി ഭരണഘടനാ സ്ഥാപനങ്ങളെ തെറ്റായി ഉദ്ധരിക്കുന്നതും അങ്ങനെ മെനഞ്ഞെടുത്ത പരസ്യത്തെ തെറ്റിദ്ധരിപ്പിക്കുംവിധം കൊടുക്കാമോ എന്ന ധാര്‍മ്മിക പ്രശ്‌നമാണ് കഴിഞ്ഞദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്തത്.

പത്രവ്യവസായം കേരളത്തിലെന്നല്ല ലോകത്താകെ വലിയ പ്രതിസന്ധിയിലാണ്. ഏത് പത്രമായാലും അതിന്റെ ഉല്‍പാദനച്ചെലവുമായി തട്ടിക്കുമ്പോള്‍ തുലോം കുറഞ്ഞ വിലയ്ക്കാണ് വരിക്കാരന് നല്‍കുന്നത്. പരസ്യത്തില്‍ നിന്നുള്ള വരുമാനമാണ് വരവും ചെലവും കൂട്ടിമുട്ടിക്കാനുള്ള ഏകമാര്‍ഗം. കോവിഡുകാലത്തോടെ പൂട്ടിപ്പോയ പത്രങ്ങള്‍ അനവധിയാണ്. ഇന്ത്യയിലും കേരളത്തിലും അത്രത്തോളം ബാധിച്ചിട്ടില്ലെങ്കിലും അമേരിക്കയിലും യൂറോപ്പിലും പകുതിയിലേറെ പത്രങ്ങള്‍ നഷ്ടം കാരണം പൂട്ടിപ്പോയതായാണ് വിവരം. കേരളത്തില്‍ വന്‍കിട പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ വലിയ ഇടിവുണ്ടായതും പരസ്യവരുമാനത്തിലെ കുറവുകാരണം നഷ്ടത്തിലേക്ക് നീങ്ങുന്നതും രഹസ്യമല്ല. അങ്ങനെ വരുമ്പോള്‍ പരസ്യത്തിനായി ഏജന്‍സികളെ ആശ്രയിക്കുക സ്വാഭാവികം. ഏജന്‍സി നല്‍കുന്ന ഒരു പരസ്യം അതിലെ ആശയത്തോടുള്ള വിയോജിപ്പു കാരണം നിരാകരിച്ചാല്‍ ആ ഏജന്‍സി പിന്നീട് പരസ്യം നല്‍കാതിരിക്കാം. അതിനാല്‍ പത്രങ്ങള്‍ ഇക്കാര്യത്തില്‍ അസ്വാതന്ത്ര്യത്തിലാണെന്നതാണ് യാഥാര്‍ത്ഥ്യം.

ജെയിന്‍ സര്‍വകലാശാല ജൈനമത സ്ഥാപകനായ വര്‍ധമാനമഹാവീരന്റെ സ്മരണയക്കായി സ്ഥാപിച്ചതെന്നാണ് അവകാശവാദം.

ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ആ സ്വകാര്യ ഡീംഡ് സര്‍വകലാശാലയുടെ ഓഫ് കാമ്പസ്സാണ് കൊച്ചിയിലേത്. ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെയോ കോടതികളുടെയോ യാതൊരു നിയന്ത്രണവുമില്ലാത്ത ആ സ്ഥാപനം കുട്ടികളെ പിടിക്കാന്‍ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരസ്യം കൊടുക്കാമായിരുന്നോ എന്ന പ്രശ്‌നം അത്രയൊന്നും വേഗം പരിഹരിക്കപ്പെടില്ല. ഏപ്രില്‍ ഒന്നാം തിയതി ആരെയും കബളിപ്പിക്കാം, അതില്‍ ചോദ്യമില്ല, ഏപ്രില്‍ ഫൂളാണത് എന്ന് പണ്ടൊക്കെ പറയാറുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ ഫൂള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അതിന് ധാര്‍മ്മികമായോ നിയമപരമായോ യാതൊരു അടിസ്ഥാനവുമില്ല.

പരസ്യം വേണം, പരസ്യമില്ലാതെ പത്രം നടത്താനാവില്ല. പരസ്യമില്ലാതെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും മുന്നോട്ടുപോകാനാവില്ല. പത്രങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും പരസ്പരം സഹകരിച്ച്, സഹായിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്.

ബഹുജന താല്‍പര്യത്തിന് അതാണാവശ്യം. എന്നാല്‍ അതിന് കൃത്യമായ മാനദണ്ഡം വേണം. പരസ്യമല്ല, വാര്‍ത്തകളാണ് കൂടുതല്‍ സ്ഥലത്ത് നല്‍കേണ്ടത്. പരസ്യവും വാര്‍ത്തയും ഒരുപോലെയാകരുത്. പരസ്യം പരസ്യമാണെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ വേണം. ഇതെല്ലാം ഒന്നുകൂടി ഓര്‍മ്മിപ്പിക്കാന്‍ ജനുവരി 24ന്റെ കബളിപ്പിക്കല്‍ പരസ്യം സഹായകമായി. അതൊരു മത്സരരൂപത്തിലായിരുന്നെങ്കില്‍ എത്ര നന്നായേനെ.

ഇത്തരുണത്തിലാണ് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ട് സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നത്. ജയിന്‍ സര്‍വകലാശാലയുടെ പരസ്യത്തെ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും പ്രസിദ്ധീകരിച്ച തന്റേതടക്കമുള്ള പത്രങ്ങളോട് ശക്തമായി വിപ്രതിപത്തി അറിയിക്കുകയും ചെയ്തതിനെ പോസിറ്റീവായി സമീപിക്കുകയാണ് അദ്ദേഹം ചെയ്തത്. വ്യാജവാര്‍ത്തകള്‍ പത്രത്തില്‍ വരുന്നതിനെതിരെ ജനങ്ങള്‍ ജാഗരൂകരാണ്. പത്രങ്ങളില്‍നിന്ന് സത്യമേ അവര്‍ പ്രതീക്ഷിക്കുന്നുള്ളു. എന്നാല്‍ വാര്‍ത്താലോകത്ത് ഇന്ന് പത്രങ്ങളെ നവമാധ്യമങ്ങള്‍ കവച്ചുവെക്കുന്നു, യാതൊരു നിയന്ത്രണവുമില്ലാതെ എഡിറ്റിങ്ങില്ലാതെ എന്തും വാര്‍ത്തയായി അവര്‍ അവതരിപ്പിക്കുന്നു. പത്രങ്ങള്‍ ആ പാതയിലേക്ക് പോകരുതെന്ന ജനകീയമായ അഭിലാഷവും ജാഗ്രതയുമാണ് 2050ലെ പത്രമെന്ന നിലയില്‍ ജയിന്‍ സര്‍വകലാശാല പരസ്യപ്പെടുത്തിയ വഷളത്തരത്തിനെതിരായ ആക്ഷേപമെന്നാണ് ശ്രേയാംസ് ഭംഗ്യന്തരേണ സൂചിപ്പിച്ചത്.

അത് തിരിച്ചറിഞ്ഞതിനാലാണ് മാതൃഭൂമി പത്രാധിപരുടെ പേരില്‍ത്തന്നെ ഖേദം പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

പരസ്യവും വാര്‍ത്തയും വെവ്വേറെയാണെന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കേണ്ട ചുമതല പത്രാധിപരില്‍ നിക്ഷിപ്തം തന്നെയാണ്.

Related Articles
Next Story
Share it