താമരക്കുരു ബജറ്റും കേരളവും...

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യം ബീഹാറില്‍ മക്കാന കൃഷിയും താമരവിത്തുല്‍പാദനവും അതിന്റെ ഗുണവര്‍ധിതോല്‍പന്ന നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കാന്‍ ഒരു പ്രത്യേക ബോഡ് രൂപീകരിക്കുമെന്നാണ്. മക്കാന താമരക്കുരുവാണ്. ഇന്ത്യയിലെ താമരക്കുരു ഉല്‍പാദനത്തിന്റെ 90 ശതമാനവും ബീഹാറിലാണ്. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. കൂറുമാറ്റം കലയും ശാസ്ത്രവുമാക്കിയ, മറിഞ്ഞും തിരിഞ്ഞും രായ്ക്കുരാമാനം കൂറുമാറുന്നതില്‍ ലജ്ജാലേശമില്ലാത്ത നിതീഷ്‌കുമാര്‍ ബി.ജെ.പി. പിന്തുണയിലാണ് ബീഹാറില്‍ ഭരിക്കുന്നത്. നിതീഷ്‌കുമാറിന്റെ പിന്തുണ കൊണ്ടാണ് മൂന്നാംവട്ടവും നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. അതിനാല്‍ മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റില്‍ ബീഹാറിനുവേണ്ടി ഒരു മക്കാന ഉപബജറ്റുണ്ടാക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. മക്കാനയെന്നാല്‍ താമരക്കുരുവാണല്ലോ.

ബീഹാറില്‍ സ്വന്തമായി താമരവിരിയിക്കാനാവുമോ അതല്ലെങ്കില്‍ നിതീഷിന്റെ പിന്തുണയോടെ ബി.ജെ.പിയുടെ നേരിട്ടുള്ള സര്‍ക്കാറുണ്ടാക്കാനുമോ എന്ന പരിശോധനയാണ് നിര്‍മ്മലാ സീതാരാമന്റെ മക്കണോമിക്‌സ് എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ബീഹാറിന് വാരിക്കോരി കൊടുക്കുക, ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുക, പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുനേരെ മുഖം തിരിക്കുക- ഇതാണ് കേന്ദ്ര ബജറ്റിന്റെ രീതിശാസ്ത്രം. പതിവുപോലെയുമല്ല, അതിലുമധികം, ഒരുപക്ഷേ സമീപകാലത്തെ ഏറ്റവും വലിയ അവഗണനയാണ് കേരളത്തോട് ബജറ്റില്‍ കാണിച്ചിരിക്കുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരമായി വര്‍ഷത്തില്‍ ഏഴായിരം കോടിയോളം രൂപ ലഭിച്ചിരുന്നതടക്കം ഇല്ലാതായതോടെ സാമ്പത്തികമായി പൊറുതിമുട്ടിയ കേരളത്തിന് 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ മെമ്മോറാണ്ടം ധനമന്ത്രിയുടെ ഓഫീസിലെ ചവറ്റുകൊട്ടയിലാവും നിക്ഷേപിച്ചിരിക്കുക.

വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തീവ്ര ദുരന്തമായി-തീവ്ര പ്രകൃതിക്ഷോഭമായി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് മാസങ്ങളോളം കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും മുറവിളി നടത്തിയ ശേഷമാണ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമുണ്ടായി ഏതാനും ദിവസത്തിനകം പ്രത്യേക വിമാനത്തിലെത്തി സംഭവസ്ഥലവും ആസ്പത്രികളും സന്ദര്‍ശിച്ചതാണ് പ്രധാനമന്ത്രി. ആ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി ചിലരെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നത് ആര്‍ദ്രതയുടെ പ്രതീകമെന്നപോലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷേ അഞ്ചുപൈസ ദുരിതാശ്വാസമായി പ്രത്യേകമായി അനുവദിക്കാന്‍ തയ്യാറാകാത്ത കണ്ണില്‍ചോരയില്ലാത്ത ഒരു ഭരണമാണ് കേന്ദ്രത്തിലേതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ്. മക്കാന ബജറ്റ്, താമരവിത്തിന്റെ ബജറ്റാണിതെന്നര്‍ത്ഥം. എല്ലാം താമരയില്‍ കേന്ദ്രീകരിക്കാനുള്ള ശ്രമം.

ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായി തഴഞ്ഞതിനെക്കുറിച്ച് കേരളത്തില്‍നിന്നുള്ള രണ്ട് കേന്ദ്ര സഹമന്ത്രിമാരുടെ വിടുവായത്തമാണല്ലോ ഇപ്പോള്‍ സംസ്ഥാനത്ത് വിവാദവിഷയം. കേരളം പിന്നോക്കമാണെന്ന് പറഞ്ഞാല്‍ സഹായം കിട്ടും, മുന്നോക്കമാണെങ്കില്‍ പിന്നെന്തിന് സഹായം എന്നതാണ് ഒരു സഹമന്ത്രിയുടെ ഒന്നര ക്വിന്റല്‍ ചോദ്യം. അതായത് വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഗതാഗത രംഗത്തുമെല്ലാം കേരളം പിന്നോക്കമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയണം. എന്നിട്ട് പിച്ചച്ചട്ടിയുമെടുത്ത് ഈ കേന്ദ്ര തമ്പ്രാന്‍മാരുടെ അടുത്തുപോയി യാചിക്കണം -എങ്കില്‍ എന്തെങ്കിലും തരും എന്നാണ് മലയാളിയായ ഒരു കേന്ദ്ര സഹമന്ത്രി പ്രസ്താവിച്ചത്. കേരളത്തിലെ ഒരു ജനപ്രതിനിധിയല്ല അദ്ദേഹം. എങ്കിലും ഒരു കേരളീയന്‍, ഒരു മലയാളി എന്ന നിലയില്‍ അല്‍പമെങ്കിലും ലജ്ജ വേണ്ടേ ഇമ്മാതിരി പ്രസ്താവം നടത്താന്‍. കേരളം നിശ്ചയമായും മുന്നേറിയ ഒരു സംസ്ഥാനമാണ്, അത് വിദ്യാഭ്യാസംകൊണ്ടും ആരോഗ്യപരിപാലന സംവിധാനംകൊണ്ടും സാംസ്‌കാരികമായ ഔന്നത്യംകൊണ്ടുമാണ്. അത് ആരുടെയും ഓശാരമല്ല. അതിന്റെ പേരില്‍ കേരളത്തിന്റെ അര്‍ഹതപ്പെട്ട വിഹിതം തട്ടിപ്പറിക്കാമോ എന്നതാണ് ചോദ്യം. ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളുടെ അതേ നിലവാരത്തില്‍ കേരളത്തെയും താഴ്ത്തിയാല്‍ ബജറ്റില്‍ പരിഗണന നല്‍കാമെന്ന് പറയുന്നതിന് തുല്യമാണ് ആ കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവം.

കേന്ദ്രസഹമന്ത്രിയെന്ന സ്ഥാനമുണ്ടെങ്കിലും ബജറ്റില്‍ സംസ്ഥാനങ്ങളോടുള്ള സമീപനം തീരുമാനിക്കുന്നതില്‍ നാലയലത്തെ ബന്ധംപോലും അദ്ദേഹത്തിന് ഉണ്ടാവില്ല എന്നത് സുവിദിതമാണ്. പക്ഷേ ലഭ്യമായ സ്ഥാനത്തിന്റെ ഊറ്റത്തില്‍ കേരളത്തെ അപഹസിക്കുകയാണ്. ഇത് ആത്മവഞ്ചനയും പരവഞ്ചനുമല്ലാതെ മറ്റൊന്നുമല്ല.

ഇനി മറ്റേ സഹമന്ത്രിയുടെ കാര്യം. ജീര്‍ണിച്ച ജാതിബോധത്തിന്റെയും മതവര്‍ഗീയതയുടെയും പ്രതീകമായി അദ്ദേഹം മാറുന്ന ദുരന്തമാണ് കാണുന്നത്. ജീവിതം അഭിനയമാണെന്ന ഫിക്‌സേഷനിലെത്തുകയാണോ എന്ന സംശയമുയരുകയാണ്. കേരളത്തെ കേന്ദ്ര ബജറ്റില്‍ വട്ടപ്പൂജ്യമാക്കിയതിന് ആ നടന് ന്യായീകരണമുണ്ട്. അതിന് പുറമെ ആ മാന്യദേഹം പറയുകയാണ് ഗോത്രവര്‍ഗക്കാരെ കരകയറ്റാന്‍ ഉന്നതകുലജാത മന്ത്രിതന്നെ വേണം, ഉന്നതകുലജാതരാരാണെന്നും അദ്ദേഹം പറയുന്നുണ്ട്- അത് ബ്രാഹ്മണരും നായന്മാരുമാണത്രേ... താനതില്‍ പെടുമെന്നും വിനീതമായി ആ ദേഹം പറയുന്നുണ്ട്.

വലിയ തോതില്‍ എതിര്‍പ്പുയര്‍ന്നപ്പോള്‍ പതിവുപോലെ ആ രാഷ്ട്രീയ നടന്‍ വ്യാജമായി തിരുത്തല്‍ നടത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ താന്‍ പിന്‍വലിക്കുന്നുവെന്ന്.

കുതിരവട്ടം പപ്പു ഒരു സിനിമയില്‍ ചോദിക്കുന്നുണ്ടല്ലോ, എന്റെ മുഖത്ത് സൂക്ഷിച്ചുനോക്കൂ, എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്... അങ്ങനെ ചോദിക്കുന്നില്ലെങ്കിലും ചോദിക്കുന്ന ഒരു ഫീല്‍ ഉണ്ടാക്കിയാല്‍ എന്തുചെയ്യും. താനൊരു ഉന്നതകുലജാതനാണെന്നും തനിക്ക് കുറെയധികം പ്രിവിലേജുണ്ടെന്നും ധരിച്ചുവശായ ഒരാള്‍.

എന്നാല്‍ കേന്ദ്ര ബജറ്റില്‍ കേരളത്തെ തികച്ചും അവഗണിച്ചതിനെതിരെയുള്ള കൃത്യമായ പ്രതികരണത്തിനും പ്രതിഷേധത്തിനും പകരം മലയാളികളായ രണ്ട് കേന്ദ്ര സഹമന്ത്രിമാരുടെ സംസ്‌കാരവിരുദ്ധമായ വാക്കുകളെ വിമര്‍ശിച്ച് സായൂജ്യമടഞ്ഞുകൂട. അവരുടെ പ്രതികരണം അവരുടെ നിലവാരമെന്നു കണക്കാക്കി വിടുകയും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ കേന്ദ്രീകരിക്കുകയുമാണ് വേണ്ടത്.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ടൗണ്‍ഷിപ്പുണ്ടാക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി രണ്ടായിരം കോടി രൂപയാണ് കേരളം ചോദിച്ചത്. ഇതേവരെ ഒരു രൂപയും നല്‍കിയില്ലെന്നുമാത്രമല്ല ബജറ്റില്‍ മൗനം പാലിക്കുകയുമാണ്. വിഴിഞ്ഞം തുറമുഖവികസനത്തിന് അയ്യായിരം കോടി രൂപ അനുവദിക്കണമെന്ന ആവശ്യവും ചെവികൊണ്ടില്ല.

കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതമായാണ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നത്. നികുതി പിരിക്കുന്നത് ഇവിടെനിന്നുകൂടിയാണ്. ഇവിടെനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ വിഹിതം പോലും നിഷേധിക്കുന്ന ക്രൂരതയാണ് കാട്ടുന്നത്.

നെല്ലുസംഭരണമടക്കമുള്ള പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്ന് നല്‍കേണ്ട തുക കുടിശ്ശികയാണ്. സംസ്ഥാനങ്ങളുടെ സവിശേഷതകള്‍ പരിഗണിക്കാതെ ഉത്തരേന്ത്യയിലെ ഏതെങ്കിലും ബി.ജെ.പി. ഭരണ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ നോക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ തയ്യാറാക്കുകയാണ്. ആ പദ്ധതി ഈ സംസ്ഥാനത്തും അവര്‍ പറയുന്നതുപോലെ നടപ്പാക്കാന്‍ ബാധ്യത. അതിന്റെ ചെലവിന്റെ 40 ശതമാനം സംസ്ഥാനത്തിന്റെ തലയില്‍. ഇത്തരത്തില്‍ ചില സംസ്ഥാനങ്ങളെ ചേര്‍ത്തുപിടിക്കുകയും ചില സംസ്ഥാനങ്ങളെ അങ്ങേയറ്റം അവഗണിച്ച് ദ്രോഹിക്കുയും ചെയ്യുന്ന സമീപനം. അതിന്റെ മൂര്‍ദ്ധന്യമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കാസര്‍കോട് ബെദ്രഡുക്കയില്‍ പ്രവര്‍ത്തിക്കുന്ന കെല്ലിന്റെ സ്ഥിതി പരക്കേ അറിവുള്ളതാണല്ലോ. കെല്‍ അഥവാ കേരളാ ഇലക്ട്രിക്കല്‍സ് അലൈഡ് ലിമിറ്റഡ് കമ്പനി നല്ല നിലയ്ക്ക് നടന്നുവരവേ അത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഭാഗമാക്കുമെന്ന് പറഞ്ഞ് കേന്ദ്രം ഏറ്റെടുക്കുകയും വാഗ്ദാനങ്ങളൊന്നും പാലിക്കാതെ നശിപ്പിച്ച് നാറാണക്കല്ല് കാണിക്കുകയും ചെയ്തതാണല്ലോ. പിന്നീട് വന്‍ തുക ചെലവാക്കി സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത് പുനരുദ്ധരിക്കുകയാണല്ലോ.

പാലക്കാട്ട് കോച്ച് ഫാക്ടറിക്ക് വേണ്ടി ഇട്ട തറക്കല്ല് പൊടിഞ്ഞുതീര്‍ന്നു. ഇത്തരത്തില്‍ എണ്ണിയെണ്ണിപ്പറയാന്‍ എത്രയെത്ര അവഗണനകള്‍... ദേശീയ ഐക്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയും അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. പിരിവുപോലെ വിതരണവും നീതിപൂര്‍വവും സന്തുലിതവുമാകണമെന്ന തത്വം വിസ്മരിക്കപ്പെടുന്നു.

ഫെഡറല്‍ തത്വങ്ങള്‍ക്ക് ഒരു വിലയും നല്‍കാതിരിക്കുന്ന സമീപനത്തെ ന്യായീകരിക്കാന്‍ സുരേഷ്‌ഗോപിയുടെ നാട്യംകൊണ്ടോ ജോര്‍ജ് കുര്യന്റെ വ്യാഖ്യാനംകൊണ്ടോ സാധ്യമല്ല.

Related Articles
Next Story
Share it