നെയ്യാറ്റിന്‍കരയിലെ സമാധി..
കഴിഞ്ഞ ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ പ്രധാന ഹാളില്‍ മതത്തെയും ആത്മീയതയെയും കുറിച്ച് ഒരു ചര്‍ച്ച നടന്നു. കേരള നിയമസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂന്നാമത് പുസ്തകോത്സവത്തിന്റെ ഭാഗമായുള്ളതാണ് പരിപാടി. പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ ഈ ലേഖകന് ആ ചര്‍ച്ച അല്‍പസമയമെങ്കിലും കേള്‍ക്കാന്‍ അവസരം ലഭിച്ചു. അവതാരകന്‍ മാതൃഭൂമി ചാനലിന്റെ കാസര്‍കോട് ലേഖകനായിരുന്ന എം.വി. നിശാന്താണ്. നിശാന്ത് തുടക്കം കുറിച്ചത് സംഭ്രമജനകമായ ഒരു വിവരം പറഞ്ഞുകൊണ്ടാണ്. കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയില്‍നിന്ന് ഒരു ബിറ്റ് വാര്‍ത്ത വന്നു. സമാധിയാകാന്‍പോവുകയാണെന്ന് പറഞ്ഞ് പീഠത്തില്‍ കയറി ഇരുന്ന പിതാവിനെ മക്കള്‍ സ്ലാബിട്ട് മൂടിയെന്നാണ് വാര്‍ത്ത. സംവാദത്തില്‍ പങ്കെടുത്ത യാക്കോബായ സഭ മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് കൂറിലോസിനോ ഗുരുരത്‌നം ജ്ഞാനതപസ്വിക്കോ മുസ്തഫ മൗലവിക്കോ കേള്‍വിക്കാരായെത്തിയവര്‍ക്കോ ഇങ്ങനെയൊരു കാര്യം അറിയില്ലായിരുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഒരു സാമ്പിളിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് എന്താണ് മതം എന്നാണ് നിശാന്ത് മേല്‍പറഞ്ഞ മൂവരോടും ചോദിച്ചത്. മതത്തിന്റെ വര്‍ഗീയവല്‍ക്കരണത്തെയും അന്ധവിശ്വാസത്തെയുമെല്ലാം അവര്‍ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. അവതാരകനായ നിശാന്ത് ഇപ്പോള്‍ ഏഷ്യാനെറ്റിലെ എഡിറ്റോറിയല്‍ വിഭാഗത്തിലെ അംഗവും പ്രസിദ്ധമായ ഗം ആക്ഷേപഹാസ്യപരിപാടിയുടെ സ്രഷ്ടാവും അവതാരകനുമാണ്. ഈയാഴ്ചത്തെ ഗമ്മില്‍ നെയ്യാറ്റിന്‍കരയിലെ ആ സമാധിസംഭവമാണ് അവതരിപ്പിച്ചുകണ്ടത്. അതില്‍ സമാധിയായ സ്വാമിയുടെ മക്കളുടെ പ്രതികരണങ്ങള്‍ കണ്ട് ഭയന്നുപോയി. അമ്പമ്പോ എന്തൊരു പ്രഖ്യാപനങ്ങള്‍.
പിതാവ് സമാധിയാകാന്‍ പോകുന്നതായി തന്നോടാണ് പറഞ്ഞത്, വ്യാഴാഴ്ച രാവിലെ 11നും 11.30നും ഇടയിലായിരുന്നു അത്. പ്രാതല്‍ കഴിച്ച് രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനുമുള്ള ഗുളികകള്‍ കഴിച്ച് ഒറ്റപ്പോക്കായിരുന്നു. ആദ്യമേ തയ്യാറാക്കിവെച്ചിരുന്ന കല്ലറയിലെ പീഠത്തിന്മേല്‍ പത്മാസനത്തിലിരുന്ന് പിതാവ് ആത്മാവിനെ ബ്രഹ്മത്തില്‍ ലയിപ്പിക്കുകയായിരുന്നു. മറ്റാരും കാണാന്‍ പാടില്ലാത്ത കാര്യമാണ്. അതിനാല്‍ താന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തില്‍ ലയിക്കുന്ന ആ മുഹൂര്‍ത്തത്തിന് ശേഷം സ്ലാബിട്ട് അറ മൂടി. അത് മരണമല്ല, കുണ്ഡലിനീശക്തിയുണര്‍ത്തി സമാധിയാകലാണ്. ഇനി തനിക്ക് പോലും പിതാവിനെ അച്ഛനെന്ന് വിളിക്കാന്‍ പാടില്ല, യോഗീശ്വരനായിക്കഴിഞ്ഞു -ഇങ്ങനെയാണ് മകന്റെ പ്രതികരണം. അച്ഛനെ സമാധിയാക്കിക്കഴിഞ്ഞശേഷം തങ്ങള്‍ ഗോപാലസ്വാമി സമാധിയായെന്ന് പോസ്റ്ററൊട്ടിക്കുകയായിരുന്നു... നാട്ടുകാരുടെ സമ്മതം വാങ്ങി പിതാവിന് കല്ലറയില്‍ കയറിയിരുന്ന് സമാധിയാകാന്‍ പറ്റുമോ എന്നാണ് മകന്റെ ചോദ്യം. സമാധിയെന്നാല്‍ മരണമല്ല, തന്റെ അമൃതകലയില്‍ ആത്മാവിനെ ഒളിപ്പിക്കലാണെന്നും ഡോക്ടറുടെ സ്പര്‍ശമേറ്റാല്‍ വിശുദ്ധി നഷ്ടപ്പെടുമെന്നതിനാലാണ് ഡോക്ടറെ വിളിക്കാതിരുന്നതെന്നും പുത്രന്‍ ഉവാച...
സമാധിയല്ല, കൊലപാതകംതന്നെയാണെന്ന് സംശയിക്കുന്നതായി നാട്ടുകാരും ചില ബന്ധുക്കളും പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും കലക്ടറുടെ നിര്‍ദ്ദേശാനുസരണം കല്ലറയുടെ സ്ലാബ് നീക്കിനോക്കാനൊരുങ്ങുകയും ചെയ്തപ്പോള്‍ ആത്മാഹുതിഭീഷണിയുമായി ആ കുടുംബവും പിന്നെ സ്ഥലത്തെ അന്ധവിശ്വാസികളോ അന്ധവിശ്വാസത്തെ രാഷ്ട്രീയലാഭത്തിനുപയോഗിക്കുന്നവരോ ഒക്കെ രംഗത്തുവരികയും വലിയ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തുവല്ലോ. പൊലീസിനും ജില്ലാഭരണകൂടത്തിനും തല്‍ക്കാലം പുറകോട്ടുപോകേണ്ടിയും വന്നു. പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പല രഹസ്യങ്ങളും പരസ്യമാക്കുന്നുണ്ട്. സമാധിയായ കഥാനായകന്‍ മുമ്പ് മറ്റേതോ സ്ഥലത്തായിരുന്നു താമസം, അവിടെ ഏഴു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചാണ് നാടുവിട്ടത്. പിന്നീട് താമസിച്ച സ്ഥലത്ത് ഒരു തീവെപ്പ് കേസില്‍ പ്രതിയായി. അവിടെനിന്ന് രക്ഷപ്പെട്ടാണ് നിലവിലെ സ്ഥലത്ത് എത്തിപ്പെട്ടതും അവിടെ കൈലാസനാഥ കോവില്‍ സ്ഥാപിച്ച് സ്വാമിയായി സ്വയം പ്രഖ്യാപിച്ചതും. മണിയന്‍ എന്ന പേര് മാറ്റി സിദ്ധനായതും ഗോപന്‍ സ്വാമിയായതുമെന്നാണ് വാര്‍ത്ത. ആര്‍.എസ്.എസിന്റെ തൊഴിലാളിസംഘടനയായ ബി.എം.എസിന്റെ പ്രവര്‍ത്തകനുമാണ്. അപ്പോള്‍ സമാധിയായ ഗോപന്‍ സ്വാമിയാണോ നീചന്‍ സമാധിയാക്കിക്കൊടുത്ത മക്കളോ നീചര്‍ എന്ന പ്രശ്‌നം വരുന്നു... വിദൂരമായ ഒരു സാധ്യതയിലേക്കുകൂടി വിരല്‍ചൂണ്ടാം. മക്കളെ ജയിലിലാക്കാന്‍ നീചനായ പിതാവ് കണ്ടെത്തിയ സൂത്രമായിരിക്കുമോ ഇത്... പണ്ട് ഒരു കഥയുണ്ട്... പരേതനായ ടി.എന്‍. പ്രകാശിന്റെ നീചന്‍ എന്ന കഥ ഓര്‍മിക്കുക -ഒരച്ഛന്‍ മക്കളോട് പറയുന്നു, താന്‍ മരിച്ചാല്‍ നിങ്ങള്‍ എന്റെ പൃഷ്ഠത്തില്‍ ഒരു പാരയടിച്ചുകേറ്റണം. അച്ഛന്റെ അന്തിമാഭിലാഷം മക്കള്‍ നിറവേറ്റി. മൃതദേഹത്തില്‍ പാര കാണപ്പെട്ടതോടെ സംഗതി കൊലപാതകമായി. കേസായി ശിക്ഷയായി. മക്കള്‍ പിതാവിനെ കൊലചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു... അവര്‍ ജയില്‍ മുക്തരായി വന്നപ്പോള്‍ പരനീചരായി മാറിയെന്നത് കഥയുടെ രണ്ടാം ഭാഗം... ഏതായാലും നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമി എന്ന സിദ്ധന്‍ നീചനാണോ മക്കള്‍ പരനീചരാണോ എന്നതൊക്കെ പിന്നീട് നാട് അറിയുമായിരിക്കും.
അതിന്റെ തുടര്‍ ചലനങ്ങള്‍ എന്തോ ആകട്ടെ. കേരളത്തിന്റെ പോക്ക് എങ്ങോട്ടേക്കാണ് എന്ന ചോദ്യമാണ് പ്രധാനം. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മിലടിയും സംഘര്‍ഷവും പിന്നെ ജാതീയമായ ഉച്ചനീചത്വവും അന്ധവിശ്വാസവും അനാചാരവും -ഇതെല്ലാം കണ്ട് സഹികെട്ടാണ് മലബാര്‍ ഒരു ഭ്രാന്താലയമാണ് എന്ന് 1892ല്‍ സ്വാമി വിവേകാനന്ദന്‍ പ്രതികരിച്ചത്. ഒന്നോ രണ്ടോ മൂന്നോ മടങ്ങ് വലിയ ഭ്രാന്താലയങ്ങളിലൂടെ, ഭ്രാന്താലയസമാനമായ നാടുകളിലൂടെ സഞ്ചരിച്ചെത്തിയതാണ് വിവേകാനന്ദനെന്നത് വേറെ കാര്യം. പക്ഷേ കേരളത്തിലെ സ്ഥിതി വളരെ ദയനീയമാണെന്ന് അദ്ദേഹത്തിന് നേരിട്ടനുഭവപ്പെട്ടു. അന്ന് കേരളമല്ല, മലബാര്‍ എന്നാണ് മലയാളനാട്ടിനാകെ പേരെന്നതിനാലാണ് മലബാര്‍ ഭ്രാന്താലയം എന്ന് സ്വാമി പ്രതികരിച്ചുപോയത്. സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയുമെല്ലാം ശ്രമഫലമായി കേരളം ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധ പ്രവിശ്യയായി മാറി.
കേരളത്തിലെ ജീവിതനിലവാരവും ബൗദ്ധികനിലവാരവും യൂറോപ്യന്‍ നാടുകളുമായാണ് താരതമ്യെപ്പെടുത്താവുന്നത്, രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തോടല്ല എന്നും നാം ഊറ്റംകൊള്ളുക പതിവാണ്. അവിടെയാണ് സമാധിയെന്ന പേരില്‍, മരണം സംഭവിക്കുന്നതിന് മുമ്പേതന്നെ ആളെ കുഴിച്ചുമൂടുന്നതും അത് ദൈവികമാണെന്ന് അവകാശപ്പെടുന്നതും. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്നതുപോലെ വിശ്വാസത്തിന്റെ പേരില്‍ നരഹത്യനടത്തുന്നത് സംബന്ധിച്ച വാര്‍ത്തയാണല്ലോ രണ്ടുമൂന്ന് കൊല്ലം മുമ്പ് ഇലന്തൂരില്‍നിന്ന് പുറത്തുവന്നത്. എത്രയെത്ര സംഭവങ്ങളാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്. അയിത്താചരണംപോലും നിലനില്‍ക്കുന്നുവെന്നത് കാസര്‍കോട് ജില്ലയില്‍ ഒരു വാര്‍ത്തയല്ലല്ലോ..
ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടു മാത്രമല്ല പ്രശ്‌നങ്ങള്‍. എല്ലാ മതവിഭാഗങ്ങളിലും കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടാണ്, മനുഷ്യന്‍ ശൂന്യാകാശത്ത് കൃത്രിമ ഉപഗ്രഹത്തില്‍ താമസിക്കുന്നു, ശാസ്ത്ര-സാങ്കേതികപുരോഗതി സങ്കല്‍പത്തിനും അപ്പുറമാണ് എന്നൊന്നും പറഞ്ഞിട്ടുകാര്യമില്ല. മാനസികമായി അന്നന്ന് പുറകോട്ടേക്കോടുകയാണ് വലിയൊരുഭാഗമാളുകള്‍. കുര്‍ബാന നടത്തേണ്ടത് വിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടാണോ അതോ അവര്‍ക്ക് പുറംതിരിഞ്ഞുനിന്ന്, അള്‍ത്താരയെ നോക്കിക്കൊണ്ടാണോ എന്ന തര്‍ക്കപ്രശ്‌നമാണ് പ്രബല ക്രൈസ്തവ സമൂഹത്തിലെ പുരോഹിതന്മാരെയും വിശ്വാസികളെയും രണ്ട് പക്ഷത്താക്കി സംഘര്‍ഷത്തിലേക്കാക്കിയിരിക്കുന്നത്. പുരോഹിതന്മാര്‍ ധര്‍ണയും പിക്കറ്റിങ്ങും നിരാഹാരസമരവുമെല്ലാം നടത്തുന്നു, ഹിംസയുടെ മാര്‍ഗത്തിലേക്കുവരെ നീങ്ങുന്നു. അതാണ് എറണാകുളത്ത് കണ്ടുകൊണ്ടിരിക്കുന്നത്. 21 പുരോഹിതന്മാര്‍ക്കെതിരെ കേസെടുത്തിരിക്കുയാണ്. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി താല്‍ക്കാലികമായ ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. വത്തിക്കാന്റെ നിര്‍ദ്ദേശംപോലും ലംഘിക്കപ്പെടുന്നതാണവിടെ കണ്ടത്. അതില്‍ ഏതു ശരി ഏത് തെറ്റെന്നത് കാലമാണ് മറുപടി പറയുക.
ആചാരത്തിന്റെയും അഭിപ്രായത്തിന്റെയും വ്യത്യാസം ഇസ്ലാമികവിഭാഗങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല, തുടക്കംതൊട്ടേയുള്ളതാണ്. കേരളത്തിലാണെങ്കില്‍ സമസ്ത വ്യത്യസ്താഭിപ്രായം കാരണം നിരന്തരം വാര്‍ത്തയിലും വിവാദത്തിലും കടന്നുവരുന്നു. സമൂഹത്തിന്റെ പുരോഗതിക്കനുസൃതമായി ആചാരത്തില്‍ മാറ്റം വരുത്താന്‍ സന്നദ്ധമാകുന്നില്ല.
എല്ലാ സമൂഹത്തിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാകണമെന്ന അഭിപ്രായം അടുത്തകാലത്ത് ഉയര്‍ന്നുവരികയുണ്ടായി. ശിവഗിരി തീര്‍ത്ഥാടന സന്ദര്‍ഭത്തില്‍ സ്വാമി സച്ചിദാനന്ദ പറഞ്ഞത് കാലഹരണപ്പെട്ട ആചാരങ്ങള്‍ വലിച്ചെറിയണമെന്നാണ്. പുരുഷന്മാര്‍ കുപ്പായമൂരിയിട്ടുവേണം ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ എന്നത് എന്നോ കാലഹരണപ്പെട്ടതാണെന്നും അത് മാറ്റിയേ തീരൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. ശ്രീനാരായണ ഗുരുവിനെ സനാതനധര്‍മ്മത്തിന്റെ വക്താവായി അവതരിപ്പിക്കുന്നത് ശരിയല്ലെന്നും സനാതനധര്‍മ്മത്തിന്റെ തത്വങ്ങള്‍ക്കെതിരായാണ് ഗുരു നിലകൊണ്ടതെന്നും അതേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വലിയ ചര്‍ച്ചക്ക് ആ രണ്ട് പ്രസ്താവങ്ങളും വഴിമരുന്നിട്ടുവെങ്കിലും സമുദായങ്ങളുടെ പേരിലുള്ള സ്ഥാപിതതാല്‍പര്യക്കാര്‍ പുനര്‍ചിന്തനത്തിന് തയ്യാറാകുന്നില്ലെന്നതാണ് സങ്കടകരം. സങ്കടത്തോടെ വിവേകാനന്ദന്‍ പറഞ്ഞ ആ സത്യം കാലഹരണപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.