ഇന്ത്യ സ്വസ്തികയുടെ നിഴലിലോ...?
കാസര്‍കോട്ടുനിന്ന് വലിയ തുടക്കങ്ങളുണ്ടാവുകയാണ്. കഴിഞ്ഞവര്‍ഷം മലയാളത്തില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടതും ഏറ്റവുമധികം പ്രചാരം ലഭിച്ചതുമായ രണ്ട് നോവലുകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണുണ്ടായത് -പി.വി. ഷാജികുമാറിന്റെ മരണവംശവും അംബികാസുതന്‍ മാങ്ങാടിന്റെ അല്ലോഹലനും. ഇപ്പോഴിതാ രാഷ്ട്രീയമായി ഏറ്റവും പ്രസക്തമായ ഒരു ചരിത്രഗ്രന്ഥവും കാസര്‍ക്കോട്ടുനിന്ന് സംഭവിച്ചിരിക്കുന്നു. രവീന്ദ്രന്‍ രവണീശ്വരത്തിന്റെ ഇന്ത്യ-സ്വസ്തികതയുടെ നിഴലില്‍ എന്ന ബൃഹദ് ഗ്രന്ഥം കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍കയ്യെടുത്ത് തിങ്കളാഴ്ച പ്രകാശിപ്പിച്ചതിന് വലിയ പ്രാധാന്യമുണ്ട്. പുസ്തകപ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞ ഒരു വാചകം പ്രത്യേകം ശ്രദ്ധേയമായി. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയെക്കുറിച്ചാണദ്ദേഹം സൂചിപ്പിച്ചത്. വാജ്‌പേയിയുടെ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ 2003 ഫെബ്രുവരി 26ന് പാര്‍ലമെന്റില്‍ വി.ഡി. സവര്‍ക്കറുടെ ഛായാപടം അനാഛാദനം ചെയ്ത സംഭവം. അതിനെ എതിര്‍ക്കേണ്ടിയിരുന്നവര്‍ എതിര്‍ക്കാതിരുന്നത് വലിയ പ്രത്യഘാതമാണ് സൃഷ്ടിച്ചത്. ആരെതിര്‍ത്തില്ല, എന്തുകൊണ്ടെതിര്‍ത്തില്ല എന്നതൊക്കെ വിശദീകരിക്കാന്‍ തനിക്ക് കഴിയാത്തത് മുന്നണിപരമായ പരിമിതികള്‍ കാരണമാണെന്നും നെല്ലിക്കുന്ന് പറയുകയുണ്ടായി. അതോടെ എന്താണുദ്ദേശിച്ചതെന്ന് വ്യക്തമാണല്ലോ. വേണ്ട സമയത്ത് പ്രതികരിക്കാത്തതിനാല്‍ വലിയ വില കൊടുക്കേണ്ടിവന്നത് രാഷ്ട്രമാണ്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തത് നരസിംഹ റാവു സര്‍ക്കാറിന്റെ ഒത്താശയോടെയോ അതല്ലെങ്കില്‍ മൗനാനുവാദത്തോടെയോ ആണല്ലോ... സവര്‍ക്കര്‍ ചിത്രത്തിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു.
രാഷ്ട്രപിതാവായ മഹാത്മജിയുടെ ഛായാചിത്രത്തെ അഭിമുഖീകരിക്കുന്ന വിധം, ഗാന്ധിവധത്തിനുള്ള ഗൂഢാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ വാജ്‌പേയിഭരണം ഹിന്ദുത്വരാഷ്ട്രീയത്തിന് വലിയ വളര്‍ച്ചയാണുണ്ടാക്കിയത്. രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ ഇന്ത്യ സ്വസ്തികയുടെ നിഴലില്‍ എന്ന പുസ്തകം വന്നിരിക്കുന്ന കാലഘട്ടം ശ്രദ്ധേയമാണ്. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ശതാബ്ദിവര്‍ഷമാണിത്. സാധിക്കുമായിരുന്നെങ്കില്‍ ഇന്ത്യയുടെ ഭരണഘടന തിരുത്തിയെഴുതി വര്‍ഗീയവല്‍ക്കരിക്കാന്‍ തക്കം പാര്‍ത്തുനിന്നതായിരുന്നു സംഘപരിവാര്‍.
2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി നടത്തിയ ശ്രമം പരക്കെ അറിവുള്ളതാണല്ലോ. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ഇന്ത്യാസഖ്യം കെട്ടുറപ്പോടെ നില്‍ക്കുകയും ചെയ്തതിനാല്‍ പ്രതീക്ഷിച്ച നാനൂറ് സീറ്റിനടുത്തൊന്നുമെത്താനാവാതെ, തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ബി.ജെ.പിയെ എത്തിച്ചു. ഇപ്പോള്‍ ഭരണഘടനയെക്കുറിച്ച് സംഘപരിവാറും വൃഥാ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട് -അവരെ അതിന് നിര്‍ബന്ധിതമാക്കിയെന്നര്‍ത്ഥം.
കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുകയും പ്രചാരംനേടുകയും ചെയ്ത രണ്ട് പുസ്തകങ്ങളെക്കുറിച്ച് പറയാതെ ഇന്ത്യ സ്വസ്തികയുടെ നിഴലില്‍ എന്ന പുസ്തകത്തെക്കുറിച്ച് പറയാനാവില്ല. വിനോദ് കൃഷ്ണയുടെ 9 എം.എം. ബരേറ്റ, പി.എന്‍. ഗോപീകൃഷ്ണന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ എന്നീ പുസ്തകമാണത്. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്‌സേയും നാരായണ്‍ ആപ്‌തേയും അവരുടെ കൂട്ടാളികളും ചേര്‍ന്ന് കൊലചെയ്തുവെന്നു മാത്രമല്ലാതെ അതിന്റെ ഗൂഢാലോചനകളിലേക്കും ഒരുക്കങ്ങളിലേക്കും വെളിച്ചം വീശുന്ന ചരിത്രവസ്തുതകള്‍ ഏതോ കാരണവശാല്‍ അടച്ചുവെക്കുകയായിരുന്നു. സംഘപരിവാറുകാരനായ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗപ്പെടുത്തി കാലാപാനി എന്ന മെഗാസിനിമ നിര്‍മ്മിച്ച് സവര്‍ക്കറെ മഹത്വവല്‍ക്കരിച്ചപ്പോള്‍ കേരളത്തില്‍ ചെറിയ വിമര്‍ശംപോലുമുയര്‍ന്നില്ല! ഹിന്ദുത്വരാഷ്ട്രീയം ഒളിച്ചുകടത്തി സ്ഥാപിതമാക്കുന്നതിനുള്ള യത്‌നമാണ് വിജയകരമായിത്തന്നെ ആ ചിത്രത്തിലൂടെ നടത്തിയത്. ഗാന്ധിവധക്കേസില്‍നിന്ന് സവര്‍ക്കറെ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് കോടതി വിട്ടയച്ചുവെങ്കിലും തൊള്ളായിരത്തി അറുപതുകളില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സവര്‍ക്കറുടെ പങ്കാളിത്തം കൃത്യമായും വ്യക്തമാക്കുന്നുണ്ട്.
വിനോദ്കൃഷ്ണയുടെ നോവലില്‍ അത് ശരിയായി വിശദീകരിക്കുന്നു. പി.എന്‍. ഗോപീകൃഷ്ണന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥയില്‍ അത് എടുത്തുകാട്ടിയിട്ടുണ്ട്. ഈ രണ്ട് പുസ്തകങ്ങളും വന്നപ്പോള്‍ മാത്രമാണ് ഗാന്ധിവധത്തിന്റെ ഗൂഢാലോചനകള്‍ മലയാളികളായ സാമാന്യവായനക്കാരുടെ മനസില്‍ എത്തുന്നത്. അതുതന്നെയാണ് കുറേക്കൂടി സമകാലികമാക്കി രവീന്ദ്രന്‍ രാവണീശ്വരവും ചെയ്യുന്നത്. അതിനാല്‍ ഈ മൂന്ന് പുസ്തകവും ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്.
കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സവര്‍ക്കറെക്കുറിച്ച് പറഞ്ഞ നിര്‍ണായകമായ ഭാഗം രവീന്ദ്രന്റെ പുസ്തകത്തില്‍ ഇങ്ങനെ എടുത്തുകാട്ടുന്നു എല്ലാ വസ്തുതകളും ഒരുമിച്ചു പരിശോധിച്ചാല്‍ സവര്‍ക്കറും സംഘവും നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിഹത്യ എന്ന നിഗമനത്തിലല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല -ജീവന്‍ലാല്‍ കപൂര്‍ കമ്മീഷന്റെ കണ്ടെത്തലാണിത്.
രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ ഇന്ത്യ സ്വസ്തികയുടെ നിഴലില്‍ എന്ന പുസ്തകത്തില്‍ ആദ്യം പരിശോധിക്കുന്നത് പരശുരാമകഥയും ചിത്പാവന്‍ ബ്രാഹ്‌മണരുടെ മേധാവിത്വ ശ്രമങ്ങളും സംബന്ധിച്ചാണ്. പരശുരാമനെക്കുറിച്ച് വിവിധങ്ങളായ കഥകളുണ്ടാക്കിയാണല്ലോ കേരളത്തിലടക്കം ഇന്ത്യയിലെല്ലായിടത്തും ബ്രാഹ്‌മണമേധാവിത്വം ഉറപ്പിച്ചത്. എന്നാല്‍ ബ്രാഹ്‌മണവിഭാഗത്തിലും ജാതിവ്യവസ്ഥയുണ്ടായിരുന്നു.
എല്ലാ ജാതികളിലും വെച്ച് ശ്രേഷ്ഠരും എല്ലാ സ്വത്തിന്റെയും അവകാശികളും ബ്രാഹ്‌മണര്‍, ആ ബ്രാഹ്‌മണരിലും വെച്ച് ബ്രാഹ്‌മണര്‍ ചിത്പാവന്‍ വിഭാഗം എന്നാണക്കൂട്ടര്‍ പ്രചരിപ്പിച്ച് രൂഢിയാക്കിയത്. മറാത്തയിലെ പേഷ്വാമാരുടെ ഭരണം ബ്രിട്ടീഷുകാര്‍ക്ക് ആദ്യം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പേഷ്വാമാരുമായുള്ള ഏറ്റുമുട്ടലില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിച്ചത് മഹറുകളടക്കമുള്ള ദളിതുകളാണ്. കൊങ്കണസ്ഥ ബ്രാഹ്‌മണര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ചിത്പാവനുകാര്‍ ദേശിബ്രാഹ്‌മണരെ രണ്ടാം സ്ഥാനക്കാരായാണ് കണ്ടത്. ദളിതുകളായ മഹറുകളെ പകല്‍ പുറത്തിറങ്ങാന്‍ വിടാതെ (അവരുടെ നിഴല്‍ വീണാല്‍ മണ്ണ് അശുദ്ധമാകുമത്രേ!), രാത്രി ഊടുവഴിയിലൂടെ നടക്കാം, പക്ഷേ പിന്നില്‍ ചൂല്‍ കെട്ടണം, നടന്ന വഴികളാകെ ആ ചൂല്‍കൊണ്ട് വൃത്തിയാക്കണം -ഇത്രയും ക്രൂരമായി പെരുമാറിയ ബ്രാഹ്‌മണമേധാവിത്വത്തോട് കലഹിക്കാനുള്ള അവസരമായി അവര്‍ ബ്രിട്ടീഷുകാരുടെ വരവിനെ ഉപയോഗിച്ചു. പേഷ്വാഭരണം അതോടെയാണ് കടപുഴകിയത്. ഭീമാ കൊറേഗാവ് യുദ്ധവുമായി ബന്ധപ്പെട്ട ചരിത്രം അതാണ.് ഭീമാ കൊറേഗാവിന്റെ ഈ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് സംഘപരിവാറിന് ചതുര്‍ഥിയായതിനാലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി, ഡോ. ജി. എന്‍. സായിബാബ എന്നിവരടക്കമുള്ള നിരവധി പേരെ തുറുങ്കിലടച്ച് പീഡിപ്പിച്ചത്.
നഷ്ടപ്പെട്ട രാഷ്ട്രീയാധികാരം തിരിച്ചുപിടിക്കാന്‍ ചിത്പാവന്‍ ബ്രാഹ്‌മണര്‍ നടത്തുന്ന ശ്രമവും രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ രൂപവല്‍ക്കരണവും കൂട്ടിവായിക്കേണ്ട സംഭവമാണെന്ന് രവീന്ദ്രന്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ തുടക്കത്തില്‍, അഥവാ രണ്ടാം ഘട്ടത്തില്‍ ബാലഗംഗാധര തിലകന്റെ നേതൃത്വത്തിലായല്ലോ കോണ്‍ഗ്രസ് തിലകന്‍ ഹിന്ദുത്വതീവ്രവാദത്തിലൂന്നിയാണ് ദേശീയപ്രസ്ഥാനത്തെ രൂപപ്പെടുത്തി നയിക്കാന്‍ ശ്രമിച്ചത്. ഗണേശോത്സവവും മറ്റും തെളിവ്. മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയെ വ്യാഖ്യാനിച്ചുവ്യാഖ്യാനിച്ച് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രമാണതെന്ന് വരുത്തുകയായിരുന്നു തിലകന്‍. ചിത്പാവന്‍ ബ്രാഹ്‌മണനായ തിലകന്റെ പിന്തുടര്‍ച്ചപോലെയാണ് സവര്‍ക്കര്‍ വന്നത്. (പില്‍ക്കാല ആര്‍.എസ്.എസ്. തലവന്മാരില്‍ 90 ശതമാനവും ചിത്പാവനുകാര്‍ തന്നെ) എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ശതകത്തിന്റെ അന്ത്യത്തോടെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തുകയാണ്. ജനസംഖ്യയില്‍ 30 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളെ ഉള്‍ക്കൊള്ളാതെ ഇന്ത്യന്‍ ദേശീയതയ്ക്ക് നിലനില്‍പ്പില്ല, പ്രസക്തിയില്ല എന്ന് രാജ്യത്തുടനീളം നടത്തിയ യാത്രയിലൂടെ ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു.
തുര്‍ക്കിയയിലെ ഖലീഫയുടെ അധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നം ഖിലാഫത്ത് പ്രസ്ഥാനമായി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഏറ്റെടുക്കാന്‍ ഗാന്ധിജി തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ശരിയായ ദിശയിലേക്ക് വളര്‍ന്നത് അതോടെയാണല്ലോ. ഈ സംഭവം പക്ഷേ ദേശീയപ്രസ്ഥാനത്തിലെ ഹിന്ദുത്വവാദികള്‍ക്ക് അലോസരമായി. ഏറനാട്ടിലടക്കം അക്കാലത്തുണ്ടായ പൊട്ടിത്തെറികള്‍, ലഹളകള്‍ ആ ഹിന്ദുത്വവാദികള്‍ക്ക് വളമായി. ആ വളമാണ് സവര്‍ക്കര്‍ 1923-ല്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നത്.
സവര്‍ക്കര്‍ സൃഷ്ടിച്ച പ്രത്യയശാസ്ത്രം പകര്‍ന്നുകിട്ടിയത് തിലകില്‍നിന്നാണ്. തിലകിനുശേഷം ഗാന്ധിജി വന്നപ്പോള്‍ നേരെമറിച്ചുള്ള സമീപനമുണ്ടാവുകയാണ്. സവര്‍ക്കറുടെ നേതൃത്വത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ബീജാവാപം ചെയ്യുന്നത് ആ പശ്ചാത്തലത്തിലാണ്. അതിന്റെ മൂര്‍ധന്യമെത്തിയപ്പോഴാണ് ഗാന്ധിജിയെ വധിക്കുന്നത്. വൃദ്ധനും രോഗിയുമായ ഗാന്ധിജി സ്വാഭാവികമായി മരിച്ചുകൂട ഹിന്ദുത്വവിരുദ്ധര്‍ക്ക്, മതസൗഹാര്‍ദവാദികള്‍ക്ക്, ഭൗതികവാദികള്‍ക്ക് എല്ലാം എക്കാലത്തേക്കുമുള്ള ഭീഷണിസന്ദേശമായി ഗാന്ധി കൊല്ലപ്പെടണം എന്ന് അവര്‍ തീരുമാനിക്കുകയാണ്.
മുസോളനിയുടെയും ഹിറ്റ്‌ലറുടെയും ആരാധകര്‍ മാത്രമല്ല, കൂട്ടാളികളുമായിരുന്നു സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാര്‍ എന്ന് മൂഞ്ചെയപ്പോലുള്ളവരുടെ പ്രവര്‍ത്തനം വിശദീകരിച്ച് രവീന്ദ്രന്‍ വ്യക്തമാക്കുന്നുണ്ട്.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇറ്റാലിയന്‍ ബന്ധം, ഇറ്റാലിയന്‍ തോക്കുപയോഗിച്ചുള്ള ഗാന്ധിവധം, പില്‍ക്കാലത്ത് ജനസംഘം രൂപീകരിച്ച് ഹിന്ദുത്വരാഷ്ട്രീയത്തെ വെളുപ്പിക്കാന്‍ നടത്തിയ ശ്രമം എന്നിവയിലേക്കെല്ലാം രവീന്ദ്രന്‍ വിശദമായി കടന്നുപോകുന്നുണ്ട്. പില്‍ക്കാലത്ത് അതായത് അടിയന്തരാവസ്ഥാനന്തരകാലത്ത് ജനതാഭരണത്തിന് ശേഷം രൂപപ്പെട്ട ബി.ജെ.പിയുടെ തന്ത്രപരമായ ഇടപെടലുകള്‍, ജയപ്രകാശ് നാരായണന്റെയും സോഷ്യലിസ്റ്റുകളുടെയും സോദ്ദേശപരമായ ഇടപെടല്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ബമ്പര്‍ ലോട്ടറിപോലെ ഉപയോഗപ്പെട്ടത്, പില്‍ക്കാലത്ത് മോദിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഭരണംസവന്നതും അതിന് തുടര്‍ച്ചയുണ്ടായതും അത് മതനിരപേക്ഷരാഷ്ട്രീയത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും ഉണ്ടാക്കിയ ആഘാതങ്ങള്‍ എന്നിവയിലേക്കെല്ലാം രവീന്ദ്രന്റെ പുസ്തകം കടന്നുപോകുന്നുണ്ട്. സവര്‍ക്കറെയും ഗോഡ്‌സെയെയുമടക്കമുള്ളവരെ മഹത്വവല്‍ക്കരിക്കാനും ഗാന്ധിജിയെയും നെഹ്‌റുവിനെയും ഇകഴ്ത്താനും ഗാന്ധിവധത്തെ ന്യായീകരിക്കാനും സംഘപരിവാറുമായി ബന്ധപ്പെട്ട അധികാരികളും അവര്‍ തീറ്റിപ്പോറ്റുന്ന വ്യാജചരിത്രകാരന്മാരും മത്സരിക്കുന്ന കാഴ്ചയാണ് അടുത്തകാലത്ത് കാണുന്നത്.
സംഘപരിവാര്‍ ഭരണത്തെ ഭയപ്പെടുകയും അവരില്‍നിന്ന് അപ്പക്കഷണങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന വന്‍കിടമാധ്യമങ്ങള്‍ അതിനെല്ലാം അതിരുകവിഞ്ഞ പ്രചാരണം നല്‍കുകയുമാണ്. അങ്ങനെയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഒരു പത്രപ്രവര്‍ത്തകന്‍ ഫാസിസത്തിനെതിരായ ധീരമായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി മതനിരപേക്ഷജനാധിപത്യവാദികള്‍ക്ക് ബോധവല്‍ക്കരണത്തിനും പ്രചാരണത്തിനുമായി ഉപയോഗിക്കാവുന്ന ഒരു ഗ്രന്ഥം സംഭാവനചെയ്തിരിക്കുന്നത്.
പുരോഗമനരാഷ്ട്രീയവുമായി ബന്ധപ്പെട്ട മികച്ച ഒരു സമര്‍പ്പിതസേവനമായാണ് ഇതിനെ കാണേണ്ടത്.