സി.പി.സി.ആര്‍.ഐയും തെങ്ങുകൃഷിയുടെ ഭാവിയും...

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി.പി.സി.ആര്‍.ഐയിലേക്ക് പോയത്. ദേശീയപാതയോരത്ത് കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രത്തിന്റെ വിശാലമായ തെങ്ങിന്‍തോപ്പ്. മലയാളനാട്ടിനെ കേരളമാക്കിയ കല്‍പവൃക്ഷങ്ങളുടെ അതിമനോഹരമായ തോട്ടം. 1916ല്‍ മദ്രാസ് സര്‍ക്കാര്‍ ആരംഭിച്ച തെങ്ങ് ഗവേഷണകേന്ദ്രം. 1970-ലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ ഭാഗമായി സി.പി.സി.ആര്‍.ഐ. എന്ന പേരില്‍ പുന: സംഘടിപ്പിക്കുന്നത്. തെങ്ങിന്റെയും കവുങ്ങിന്റെയും കൊക്കോവിന്റെയും ഗവേഷണകേന്ദ്രമെന്നനിലയില്‍ അഭിമാനകരമായ ഔന്നത്യം നേടിയ സ്ഥാപനം. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ആഗസ്തിലാണ് സി.പി.സി.ആര്‍.ഐയില്‍നിന്നും രണ്ട് പുതിയ തെങ്ങിന്‍ തൈകള്‍ പുറത്തിറക്കിയത്. രണ്ട് കൊക്കോ ഇനങ്ങളും. കല്‍പസുവര്‍ണ, കല്‍പശതാബ്ദി എന്നീ തെങ്ങിനങ്ങള്‍. മൂന്നുകൊല്ലംകൊണ്ട് കായ്ക്കുന്ന കുള്ളന്‍തെങ്ങാണ് കല്‍പസുവര്‍ണ. അത്യുല്‍പാദനശേഷിയുള്ള കല്‍പസുവര്‍ണയില്‍നിന്ന് കൊല്ലത്തില്‍ നൂറ്റിമുപ്പതോളം തേങ്ങ കിട്ടുമെന്നാണ് പറയുന്നത്. ഇത്തരത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ ഇത്തവണ പോയത് അതിഥിയായാണ്. സി.പി.സി.ആര്‍.ഐയിലെ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടകനെന്നനിലയില്‍.

ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷകരും തൊഴിലാളികളുമായി നൂറുകണക്കിനാളുകളുണ്ടാവുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും തൊഴിലാളികള്‍ എന്ന വിഭാഗമേയില്ല. ഗവേഷകരുടെ എണ്ണവും കുറയുകയാണ്. സ്റ്റാഫും കുടുംബാംഗങ്ങളുമായി നൂറോ നൂറ്റമ്പതോ പേര്‍ മാത്രം. പത്തിരുപത് വര്‍ഷം മുമ്പാണെങ്കില്‍ വാര്‍ഷികത്തിന് ഈ മൈതാനത്തേക്ക് കടന്നുവരാനാകാത്ത നിലയില്‍ ജനനിബിഡമാമാകുമായിരുന്നുവെന്ന് ആതിഥേയരിലൊരാള്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. വാര്‍ഷികാഘോഷം ഹൃദ്യമായിരുന്നു, ആഹ്ലാദം അലതല്ലിയ ചടങ്ങ്. ജനനിബിഡമല്ലെന്ന് പറഞ്ഞത് വാര്‍ഷികത്തെക്കുറിച്ച് പറയാനല്ല. മുന്‍കാലങ്ങളില്‍ തോട്ടവിളഗവേഷണകേന്ദ്രത്തിലെയും മറ്റ് കാര്‍ഷികഗവേഷണകേന്ദ്രങ്ങളിലെയും തൊഴിലാളികള്‍ സ്ഥിരം ജീവനക്കാര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ അവിഭാജ്യഭാഗമായിരുന്നു. എന്നാല്‍ പുതിയ സാമ്പത്തികനയങ്ങളുടെ ഭാഗമായി കരാര്‍വല്‍ക്കരണം ഇവിടെയുമെത്തി. തോട്ടവിളഗവേഷണകേന്ദ്രത്തിലെ തോട്ടങ്ങളുടെയാകെ പരിപാലനത്തിന് കരാറുകാര്‍ കൊണ്ടുവരുന്ന തൊഴിലാളികള്‍. കാര്‍ഷികഗവേഷണകേന്ദ്രങ്ങളുടെ കാര്യത്തില്‍ സര്‍ക്കാറിന് താല്‍പര്യം കുറഞ്ഞുകുറഞ്ഞുവരികയാണെന്നാണ് വ്യക്തമാവുന്നത്.

തെങ്ങ് ഗവേഷണകേന്ദ്രമായാണല്ലോ തുടക്കം. അത്യുല്‍പാദനശേഷിയുള്ള നിരവധി തെങ്ങിനങ്ങള്‍ സി.പി.സി.ആര്‍.ഐ. സംഭാവനചെയ്തിട്ടുണ്ട്. തെങ്ങുകൃഷി ലാഭകരമാക്കാന്‍ പലപലമാര്‍ഗങ്ങള്‍ കണ്ടെത്തുകയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നീര ഉല്‍പാദനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നാളികേര വികസനബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നീര ഉല്‍പാദനപദ്ധതിയില്‍ ആ സാങ്കേതികവിദ്യയല്ല ഉപയോഗിച്ചത്. തെങ്ങില്‍ കയറുന്നതിന് തൊഴിലാളികളെ കിട്ടാനില്ല എന്നതും വിലയിടിവുമാണ് നാളികേരകര്‍ഷകര്‍ നേരിടുന്ന വലിയ പ്രയാസം എന്നതിനാല്‍ അത് പരിഹരിക്കാന്‍ സി.പി.സി.ആര്‍.ഐ. ചില പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുള്ളന്‍ തെങ്ങുകള്‍ വ്യാപകമാക്കലാണ് അതിലൊന്ന്. എന്നാല്‍ കുള്ളന്‍തെങ്ങ് കൃഷി ചെയ്യാന്‍ കേരളത്തിലെ കര്‍ഷകര്‍ മടിക്കുകയാണ്. കുള്ളന്‍ തെങ്ങിലെ തേങ്ങ കൊപ്രയാക്കാന്‍ കൊള്ളില്ലെന്നാണ് കര്‍ഷകരുടെ പരാതി. പരീക്ഷണശാലയിലെ കണ്ടെത്തലുകള്‍ പാടത്ത് അഥവാ തോട്ടത്തില്‍ പ്രയോഗത്തിലാകുന്നില്ലെന്നതാണ് പ്രശ്‌നം.

രണ്ടുമൂന്ന് വര്‍ഷമായി തേങ്ങയുടെ വില അങ്ങേയറ്റം താഴ്ന്നുതാഴ്ന്ന് പോയതാണ്. അതോടെ കര്‍ഷകര്‍ തെങ്ങിനെ ശ്രദ്ധിക്കാത്ത സ്ഥിതിപോലുംവന്നു. എന്നാലിപ്പോള്‍ തേങ്ങക്ക് റെക്കോഡ് വിലയാണ്. ആവശ്യത്തിന് തേങ്ങ കിട്ടാനില്ല. നഷ്ടമായതിനാല്‍ തെങ്ങിനെ പരിപാലിക്കുന്നതില്‍ അലംഭാവമുണ്ടായത് ഉല്‍പാദനത്തില്‍ വലിയ കുറവുണ്ടാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നം. കേരളത്തിന്റെ ജീവനമാണ് തെങ്ങ് പണ്ടും ഇന്നും. മറ്റു കൃഷികള്‍പോലെയല്ല, എല്ലാ കേരളീയരും തെങ്ങുള്ളവരാണെന്ന് പറയാം. പക്ഷേ നാളികേരകൃഷി ലാഭകരമാക്കാന്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാറിനോ കാര്‍ഷികഗവേഷണസ്ഥാപനങ്ങള്‍ക്കോ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

നാളികേരകൃഷിയില്‍ ലോകത്ത് മൂന്നാംസ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. 14.68 ദശലക്ഷം ടണ്‍ തേങ്ങ ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രം. അതില്‍ 92 ശതമാനവും ദക്ഷിണേന്ത്യയില്‍. ഇന്ത്യയിലെ തെങ്ങ് കൃഷിയില്‍ 68 ശതമാനവും കേരളത്തിലായിരുന്നു 1970-വരെ. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷത്തെ കണക്ക് വന്നപ്പോള്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. കര്‍ണാടകത്തില്‍ 726 കോടി തേങ്ങ, തമിഴ്‌നാട്ടില്‍ 578 കോടി തേങ്ങ, കേരളത്തില്‍ 564 കോടി തേങ്ങ എന്നതാണ് 2023-24 ല്‍ കോക്കനട്ട് ബോര്‍ഡ് പുറത്തുവിട്ട കണക്കില്‍ പറയുന്നത്. പത്തുകൊല്ലം മുമ്പ് കേരളത്തില്‍ 845 കോടി തേങ്ങ ഒരു വര്‍ഷം ഉല്‍പാദിപ്പിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് 9.25 ലദക്ഷം ഹെക്ടറില്‍ തെങ്ങ് കൃഷിയുണ്ടായിരുന്നത് ഇപ്പോള്‍ 7.59 ലക്ഷം ഹെക്ടറായി ചുരുങ്ങി. അന്ന് കര്‍ണാടകത്തില്‍ 3.33 ലക്ഷം ഹെക്ടറിലായിരുന്ന തെങ്ങ് കൃഷി 7.33 ലക്ഷം ഹെക്ടറിലേക്ക് വ്യാപിച്ചു. തമിഴ്‌നാട്ടില്‍ അന്ന് 3.23 ലക്ഷം ഹെക്ടറിലായിരുന്നു നാളികേരകൃഷി. അതിപ്പോള്‍ 4.96 ലക്ഷം ഹെക്ടറിലായി. ആന്ധ്രയില്‍ ഒരു ഹെക്ടറില്‍നിന്ന് 15964 തേങ്ങ കിട്ടുന്നതായാണ് കണക്ക്. കേരളത്തില്‍ അത് 7215 ആണ്. ഉത്തരകേരളത്തില്‍ 2001-നെ അപേക്ഷിച്ച് 2021-ല്‍ തെങ്ങ് കൃഷിയിടത്തിന്റെ വ്യാപ്തി ഒമ്പത് ശതമാനവും ഉല്‍പാദനക്ഷമത 19 ശതമാനവും കുറഞ്ഞുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതായത് കേരത്തില്‍ നിന്നാണ് കേരളം എന്ന പേരുണ്ടായതെങ്കില്‍ ആ പേരിനുള്ള അര്‍ഹത കുറഞ്ഞുകുറഞ്ഞുവരികയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഉല്‍പാദനക്ഷമത കൂടിക്കൂടിവരുമ്പോള്‍ ഇവിടെ താണുതാണുപോകുന്നു.

നാളികേര കര്‍ഷകരെ രക്ഷിക്കാന്‍ നാളികേരവികസനബോര്‍ഡ് ആവിഷ്‌ക്കരിച്ചതും 2014-ല്‍ കേരളസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയതുമായ നീര ഉല്‍പാദന പദ്ധതി പൊളിഞ്ഞുപാളീസായി. നീര ഉല്‍പാദനമടക്കം ലക്ഷ്യമിട്ട് അന്നാരംഭിച്ച 29 കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലായി നിലവിളിക്കുകയോ അകാലചരമം പ്രാപിക്കുകയോ ചെയ്തു. നീര വളരെ സ്വാദിഷ്ടമായ പാനീയമാണെന്ന് കരുതപ്പെട്ടെങ്കിലും അതിന് ആവശ്യക്കാരില്ല. ലഹരിക്കുവേണ്ടിയാണ് കള്ളുകുടിക്കുന്നത്. ലഹരിയില്ലാത്ത കള്ള് എങ്ങനെ ജനപ്രിയമാകും.

തെങ്ങാണ് പണ്ട് നമ്മുടെ ജീവിതത്തെ കരുപ്പിടിപ്പിച്ചത്. തെങ്ങിന്റെ തടിയാണ് നമ്മുടെ വീടുകളുടെ കഴുക്കോലും ഉത്തരവുമെല്ലാമായത്. തെങ്ങോലയാണ് നമ്മുടെ വീടുകളുടെ മേല്‍പ്പുരയായിരുന്നത്. ആ ഓല കെട്ടിയത് തെങ്ങിന്റെ പാന്തം കൊണ്ടാണ്. തേങ്ങ അരച്ചുകൂട്ടുകയും തേങ്ങാപ്പാല്‍ കൊണ്ട് പായസമുണ്ടാക്കുകയും ചെയ്തു. അതിന്നും തുടരുന്നു. ഇളനീരും തേങ്ങാവെള്ളവും തേങ്ങാപ്പീരയുമെല്ലാം നമുക്കേറെ പ്രിയങ്കരം. ചിരട്ടയാണ് റബ്ബര്‍ പാലെടുക്കാന്‍ പണ്ടുപയോഗിച്ചത്. ലഹരിക്ക് പാനീയമായി തെങ്ങിന്‍കള്ള്. ചക്കരയുണ്ടാക്കാനും കള്ള്. വിറകായി ഓലയുംതെങ്ങിന്‍മടലും ചിരട്ടയും ചകിരിയും. കയറിന് ചകിരി. അങ്ങനെ ജീവിതത്തെ ആകമാനം മുന്നോട്ടുനയിച്ച തെങ്ങ് ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്.

റബ്ബര്‍ പാലെടുക്കാന്‍ ചിരട്ട വേണ്ട, വീടിന് തെങ്ങിന്‍തടി വേണ്ട, ചൂട്ടുകത്തിക്കാന്‍ ഓല വേണ്ട, കത്തിക്കാനോ പുരമേയാനോ ഓല വേണ്ട. വിദേശമദ്യം യഥേഷ്ടമുള്ളതിനാല്‍ കള്ളിനും ആവശ്യക്കാര്‍ കുറഞ്ഞുകുറഞ്ഞുവരുന്നു. തെങ്ങില്‍നിന്നുള്ള വരുമാനമായി തേങ്ങ, ഇളനീര്‍ എന്നിവമാത്രമാണ് കേരളത്തിലെ കൃഷിക്കാര്‍ക്ക് കിട്ടുന്നത്. ഇളനീര്‍ വിപണിയില്‍ പ്രിയം തമിഴ്‌നാടനും കര്‍ണാടകനുമാണ് താനും.

തെങ്ങില്‍ കയറാന്‍ ആളെ കിട്ടാനില്ലാത്തതിനാലാണ് നാളികേര കര്‍ഷകര്‍ കൃഷി നിര്‍ത്താനോ അതില്‍ അലംഭാവം കാട്ടാനോ കാരണം. നാളികേരവികസനബോര്‍ഡ് ഏതാനും കൊല്ലം മുമ്പ് മുപ്പതിനായിരത്തില്‍പരം യുവാക്കള്‍ക്ക് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് കൊടുത്തു. അതില്‍ ആയിരം പേര്‍പോലും ആ തൊഴിലില്‍ നിന്നില്ല. പാം ക്ലൈമ്പര്‍ ഡാറ്റാബാങ്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് അറുന്നൂറില്‍താഴെ പേരാണ്. യു.കെ.എസ്. ചൗഹാന്‍ കോഴിക്കോട് കലക്ടറായിരുന്നപ്പോള്‍ തെങ്ങുകയറ്റ പരിശീലനത്തിന് ഒരു സ്ഥാപനം തുടങ്ങിയത് എവിടെയുമെത്താതെ അസ്തമിച്ചു.

ഈ ദുരവസ്ഥയില്‍ കേരളത്തിലെ തെങ്ങുകൃഷിയെ രക്ഷിക്കാനും അതിന്റെ ഗതകാല പ്രൗഢിയിലേക്ക് തിരികെയെത്തിക്കാനും സര്‍ക്കാരിനും ഗവേഷണകേന്ദ്രങ്ങള്‍ക്കും എന്തുചെയ്യാനാകുമെന്നതാണ് കാലഘട്ടത്തിന്റെ വെല്ലുവിളി. തെങ്ങില്‍നിന്ന് കൂടുതല്‍ ഗുണവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനും മികച്ച വിപണിയുണ്ടാക്കുന്നതിനും ആദായവില ഉറപ്പാക്കുന്നതിനും ഉയരം കുറഞ്ഞ തെങ്ങുകള്‍ വ്യാപകമാക്കുന്നതിനും ആകര്‍ഷകമായ സേവനവേതനവ്യവസ്ഥകള്‍ ഉറപ്പാക്കി തെങ്ങുകയറ്റത്തൊഴിലില്‍ കൂടുതല്‍ ആള്‍ക്കാരെ എത്തിക്കുന്നതിനും ശ്രമമുണ്ടാകണം. മികച്ച പ്രവര്‍ത്തന റെക്കോഡുള്ള സി.പി.സി.ആര്‍.ഐക്ക് ഈ യത്‌നത്തിന് നേതൃത്വം നല്‍കാനാവും.

Related Articles
Next Story
Share it