ഭരണഘടനയുടെ 75-ാം വാര്‍ഷികവും സംഭാല്‍ സംഭവവും
മതേതരത്വവും സോഷ്യലിസവും നമ്മുടെ ഭരണഘടനയുടെ ആത്മാവായി തുടരുമെന്ന് സുപ്രിംകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികദിനത്തിന്റെ തലേന്നാളാണ് മഹത്തായ ഈ പ്രഖ്യാപനമുണ്ടായതെന്നതും ഏറെ പ്രസക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയുടെ മതേതരസ്വഭാവം തകര്‍ക്കാന്‍ സര്‍വവിധേനയും ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളാണ് ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതേതരത്വവും സോഷ്യലിസവും എടുത്തുകളയാന്‍ നിര്‍ദ്ദേശിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. 1976ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ഭരണഘടനയുടെ ആമുഖത്തിലെ തുടക്കവരിയില്‍ ഭേദഗതിവരുത്തിയത്. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്ന വരിയില്‍ സോഷ്യലിസ്റ്റ് എന്നും മതേതരം എന്നും കൂട്ടിച്ചേര്‍ത്തത്. അങ്ങനെയുള്ള കൂട്ടിച്ചേര്‍പ്പ്, അഥവാ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയടക്കമുള്ള സംഘപരിവാര്‍ വക്താക്കള്‍ പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെട്ടത്. ആ ആവശ്യമാണ് ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരാകരിച്ചത്. ഭരണഘടന വല്ലാത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു തീര്‍പ്പുണ്ടായത് ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് വലിയ തിരിച്ചടിയാണ്.
എന്നാല്‍ ഈ വിധിയൊന്നും തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ആ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനത്തിന് തടയിടുമെന്ന് കരുതാനാവില്ല. സ്ഥലങ്ങളുടെ പേര് മാറ്റിയിടല്‍, ഒരുരാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രാദേശികഭാഷകളെ തകര്‍ക്കാനുള്ള ശ്രമം, സര്‍വം ഹിന്ദിവല്‍ക്കരിക്കല്‍, ദേശീയപ്രാധാന്യമുള്ള ചിഹ്നങ്ങളുടെ നിറം കാവിയാക്കല്‍ പാഠപുസ്തകങ്ങളെ കാവിവല്‍ക്കരിക്കല്‍, ശാസ്ത്രത്തിന് പകരമായി അന്ധവിശ്വാസത്തെ പ്രതിഷ്ഠിക്കല്‍ തുടങ്ങി വളരെ ആസൂത്രിതമായ മസ്തിഷ്‌ക പ്രക്ഷാളനമാണല്ലോ അനുസ്യൂതം നടക്കുന്നത്.
ഭരണഘടനയിലെ മതേതരത്വം അവിഭാജ്യഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിക്കുമ്പോഴും നാട്ടില്‍ സംഭവിക്കുന്നത് അതിന് കടകവിരുദ്ധമായ കാര്യങ്ങളാണെന്നത് രാജ്യസ്‌നേഹികളെയാകെ അലട്ടുകയാണ്. പൊതു അവധിദിവസമായ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഒരു ആരാധനാലയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നിരവധിപേര്‍ മരണവുമായി മല്ലിടുകയാണ്. സംഭാല്‍ നഗരത്തില്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിരിക്കുകയാണ്. ഭയാനകമായ സാഹചര്യമാണവിടെ നിലനില്‍ക്കുന്നതെന്നാണ് വാര്‍ത്ത.
അഞ്ച് നൂറ്റാണ്ടായി നിലനില്‍ക്കുന്നതും ആയിരക്കണക്കിനാളുകള്‍ പ്രാര്‍ത്ഥിക്കാനെത്തുന്നതുമായ ഷാഹി ജുമാമസ്ജിദ് അതിന് മുമ്പ് ക്ഷേത്രം നിലനിന്ന സ്ഥലത്താണെന്ന പരാതിയെ തുടര്‍ന്നുള്ള സര്‍വെ നടന്നുകൊണ്ടിരിക്കെയാണ് സംഘര്‍ഷമുണ്ടായതും പൊലീസ് വെടിവെച്ചതുമെന്നാണ് വാര്‍ത്തകള്‍. പരമോന്നത നീതിപീഠത്തിന്റെ ഉജ്ജ്വലമായ ഭരണഘടനാ സംരക്ഷണവിധി രാജ്യസ്‌നേഹികളെ സന്തോഷിപ്പിക്കുമ്പോഴും പല കോടതികളില്‍നിന്നും അത്ര ആശാസ്യമല്ലാത്ത വിധികള്‍ വരുന്നുവെന്നത് വിസ്മരിക്കാവതല്ല. സുപ്രീംകോടതി പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നുകൂടി ഓര്‍ക്കാം. മണിപ്പൂരില്‍ കുക്കികളും മെയ്ത്തികളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് ഇപ്പോഴും അതിഭീകരമായി തുടരുകയാണല്ലോ. ക്രമസമാധാനം പൂര്‍ണമായി തകര്‍ന്ന് അരാജകത്വം നടമാടുകയാണല്ലോ അവിടെ. സംവരണവുമായി ബന്ധപ്പെട്ട് അവിടത്തെ ഹൈക്കോടതിയിലെ ഒരു ജഡ്ജി ദീര്‍ഘവീക്ഷണമില്ലാതെ പുറപ്പെടുവിച്ച ഒരു വിധിയാണല്ലോ മണിപ്പൂര്‍ ലഹളയുടെ അടിയന്തരപ്രകോപനം.
സുപ്രീംകോടതി ആ വിധിയില്‍ അടിയന്തരമായി ഇടപെട്ട് റദ്ദാക്കിയതുമാണ്.
ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഇപ്പോഴുണ്ടായ സംഭവങ്ങളിലും പ്രാദേശിക അധികൃതരുടെ അത്ര നീതിപൂര്‍വമാണെന്ന് കരുതാനാവാത്ത നിര്‍ദ്ദേശം കാരണമായെന്ന വിമര്‍ശം ഇതിനകംതന്നെ ഉയര്‍ന്നുകഴിഞ്ഞു. ഉത്തര്‍പ്രദേശിലെ തന്നെ ജ്ഞാന്‍വ്യാപി പള്ളിയുമായി ബന്ധപ്പെട്ട് ഇതേതരത്തില്‍ ആക്ഷേപമുന്നയിച്ച സംഘപരിവാര്‍ ബന്ധമുള്ള ഒരു വക്കീല്‍ ഉള്‍പ്പെടെയുള്ളവര്‍തന്നെയാണ് സംഭാല്‍ ഷാഹി മസ്ജിദില്‍ സര്‍വേ ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ജില്ലാ സിവില്‍ ജഡ്ജിക്ക് ഹരജി നല്‍കിയത്. അന്നുതന്നെ ഹരജി പരിഗണിച്ച ജഡ്ജി ഉടന്‍തന്നെ ഒരു അഭിഭാഷകനെ കമ്മീഷനായി നിയോഗിച്ചു. അന്നുതന്നെ ആ അഡ്വക്കറ്റ് കമ്മീഷന്‍ ഷാഹി ജുമാമസ്ജിദ് സന്ദര്‍ശിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുകയും ചെയ്തു. അതേ ജഡ്ജി ഉത്തരവിടുകയാണ്, സര്‍വേ നടത്തി നവംബര്‍ 29-നകം അന്തിമറിപ്പോര്‍ട്ട് നല്‍കണമെന്ന്. അതുകൊണ്ടാണ് അവധിദിവസമായ ഞായറാഴ്ച പൊലീസും സര്‍വേ സംഘവുമെത്തി നടപടി തുടങ്ങിയത്. വിശ്വാസികള്‍ അതിനെ എതിര്‍ത്തത് സംഘര്‍ഷത്തിലെത്തി. അതോടെയാണ് പോലീസ് വെടിവെപ്പും കൂട്ടക്കൊലയുമുണ്ടായത് എന്നാണ് വാര്‍ത്ത.
ഈ പ്രശ്‌നത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്നത് നീതിപീഠംതന്നെ പരിശോധിക്കേണ്ട വിഷയമാണ്. സംഭാല്‍ ഷാഹി ജുമാമസ്ജിദ് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമാണ്. മതപരമായ ആരാധാനാലയങ്ങള്‍ 1948ന് മുമ്പേയുള്ളതാണെങ്കില്‍ മാറ്റം പാടില്ലെന്ന നിയമം രാജ്യത്ത് പ്രാബല്യത്തിലുണ്ട്.
ആ നിയമമുള്ളപ്പോള്‍ത്തന്നെ സര്‍വേയാകാമെന്ന് ജ്ഞാന്‍വ്യാപി മസ്ജിദിന്റെ കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്ന് ഒരു വിധിയുണ്ടായത് മറ്റ് പലേടത്തും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനും പുതിയപുതിയ പ്രശ്‌നങ്ങളുളവാകാനും ഇടയാക്കുന്നുവെന്ന് വൃന്ദാ കാരാട്ടടക്കമുള്ളവര്‍ വിമര്‍ശിക്കുന്നു. അതെന്തോ ആകട്ടെ വളരെ വൈകാരികമായ ഒരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ ആവശ്യമായ അവധാനത ഇവിടെ ഉണ്ടായില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. പരാതിയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. അതും ഏകപക്ഷീയം. എതിര്‍കക്ഷികളായ മസ്ജിദ് ഭാരവാഹികളുടെ ഭാഗം കേട്ടില്ല. സംരക്ഷിത സ്മാരകമാണെന്ന പ്രശ്‌നവുമുണ്ട്. സര്‍വേ നടപടികളുമായി മസ്ജിദ് അധികൃതര്‍ സഹകരിച്ചിട്ടും പൊലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ് വിമര്‍ശിച്ചത്. ഭരണഘടന സംരക്ഷിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം സംരക്ഷിക്കാനും പരമോന്നതനീതിപീഠം നടത്തുന്ന പരിശ്രമം ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. എന്നാല്‍ താഴേക്കുതാഴേക്കുപോകുമ്പോള്‍ ചിലപ്പോള്‍, ചിലേടത്ത് മനപ്പൂര്‍വമോ അല്ലാതെയോ ഉള്ള പാളിച്ചകള്‍ സംഭവിക്കുന്നു. ഏതായാലും ചൊവ്വാഴ്ച ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആഹ്ലാദകരമായ ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതിന്റെ അന്തസ്സത്തയില്‍ ഉറച്ചുനില്‍ക്കുമെങ്കില്‍ എത്ര നന്നായിരുന്നു.
കെ. ബാലകൃഷ്ണന്‍