കാസര്‍കോട് സാഹിത്യവേദി സ്വാമി ആനന്ദതീര്‍ത്ഥന്‍ അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: മൂന്നര പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും പത്ര പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടിയുടെയും സാംസ്‌കാരിക പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയയുടെയും ആ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും നല്ല തിളക്കം. അയിത്തോച്ചാടനത്തിനെതിരെ സമരം നയിച്ചതിന് ഗുണ്ടകള്‍ തല്ലിയൊടിച്ച കാലുമായി ഇരിക്കുന്ന ആനന്ദതീര്‍ത്ഥന്റെ ഫോട്ടോ ഒരു കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് നാരായണന്‍ പേരിയ മറ്റേ കൈയുടെ വിരലുകള്‍ ഉയര്‍ത്തിക്കാട്ടി പറഞ്ഞു: 'ആ സമരത്തില്‍ അടികൊണ്ട് ചതഞ്ഞു പോയ കൈവിരലുകളാണിത്. തലയ്ക്ക് നേരെ വന്ന കുറുവടി കൊണ്ടുള്ള അടി തടഞ്ഞപ്പോഴാണ് കൈപ്പത്തിയും വിരലുകളും ഒടിഞ്ഞു തൂങ്ങിയത്...'

ആനന്ദതീര്‍ത്ഥന്റെ മുറിവില്‍ മരുന്ന് വെച്ച് കെട്ടിയ അനുഭവം ഓര്‍മ്മകളുടെ അറയില്‍ നിന്ന് പരതിയെടുത്തത് റഹ്മാന്‍ തായലങ്ങാടി പറഞ്ഞു: 'ആ ഞരക്കം ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല. ആനന്ദതീര്‍ത്ഥന്‍ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു'. അവഗണിച്ച് നിര്‍ത്തപ്പെട്ടവരെ കൈ പിടിച്ച് കൊണ്ടുവന്ന് മുന്നില്‍ നടത്താനും ഒപ്പം ഇരുത്തി ഭക്ഷണം കഴിപ്പിക്കാനും സ്വാമി ആനന്ദതീര്‍ത്ഥന്‍ നടത്തിയ തുല്യയില്ലാത്ത പ്രവര്‍ത്തനങ്ങളും ഇതിന്റെ പേരില്‍ അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്ന കൊടിയ മര്‍ദ്ദനമുറകളും തുടങ്ങി കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ മാസ്റ്ററുടെ വിവാഹ രജിസ്റ്ററില്‍ സ്വാമി ആനന്ദതീര്‍ത്ഥന്‍ ഒപ്പിട്ട കഥ വരെ ഒന്നും വിടാതെ റഹ്മാന്‍ തായലങ്ങാടി ഓര്‍ത്തെടുത്തു.

ബ്രാഹ്മണനായി ജനിച്ച് ഉന്നത വിദ്യാഭ്യാസം നേടി സന്യാസം സ്വീകരിച്ച് അയിത്തത്തിനെതിരെ ഒറ്റയാള്‍ വിപ്ലവം നയിച്ച സ്വാമി ആനന്ദതീര്‍ത്ഥന്റെ 37-ാം ചരമവാര്‍ഷിക ദിനത്തില്‍ കാസര്‍കോട് സാഹിത്യവേദി ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച 'സ്വാമി ആ നന്ദതീര്‍ത്ഥന്‍ ചരിത്രം-മറവി' എന്ന പരിപാടി വേറിട്ടതും കാസര്‍കോടന്‍ മണ്ണിലൂടെ കടന്നുപോയ ഒരു ചരിത്ര പുരുഷനെ തലമുറകള്‍ക്ക് പരിചയപ്പെടുത്തുന്നതുമായി.

നാരായണന്‍ പേരിയ ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് ആ സംഭവം വിവരിച്ചു: സ്വാമിയും ഞങ്ങളും ജാതീയതക്കെതിരെ പ്ലക്കാര്‍ഡുകളുമായി പോയതാണ്. അത് പിടിച്ചുവാങ്ങി അതിന്റെ പിടി കൊണ്ടായിരുന്നു ആദ്യ അടി. അതൊടിഞ്ഞപ്പോള്‍ സാമൂഹിക വിരുദ്ധര്‍ ഷര്‍ട്ടിന് പിറകില്‍ ഒളിച്ചു വെച്ചിരുന്ന കുറുവടി എടുത്ത് അടി തുടങ്ങി. ആസ്പത്രിയില്‍ പോയി മരുന്നുവെച്ചു കെട്ടി മടങ്ങുമ്പോള്‍ വിവരമറിഞ്ഞ് അച്യുതമേനോനും എത്തിയിരുന്നു. അടികൊണ്ട് വെറുതെ മടങ്ങുകയോ, നാളെ മാനാഞ്ചിറയില്‍ വന്‍ പ്രതിഷേധ സമ്മേളനം നടക്കണം. പിന്നീടത് ചരിത്രം.

സ്വാമി ആനന്ദതീര്‍ത്ഥന്റെ സുഹൃത്തുകൂടിയായ കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ അയച്ച ശബ്ദസന്ദേശം സദസ്സിനെ കേള്‍പ്പിച്ചു. മുഖ്യമന്ത്രി കെ. കരുണാകരന്റെ ഒപ്പം കൊറഗനെ ഇരുത്തി സമൂഹസദ്യ ഒരുക്കുകയും ആ ഫോട്ടോ എടുത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് ലേഖനം തയ്യാറാക്കുകയും ചെയ്ത അനുഭവം കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ വിവരിച്ചു.

പത്മനാഭന്‍ ബ്ലാത്തൂര്‍ മോഡറേറ്റര്‍ ആയിരുന്നു.

സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി സ്വാഗതവും എരിയാല്‍ ഷരീഫ് നന്ദിയും പറഞ്ഞു. സി.എല്‍. ഹമീദ്, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, ശരീഫ് കുരിക്കള്‍, അഡ്വ. വി.എം. മുനീര്‍, സുധീഷ് ചട്ടഞ്ചാല്‍, അഷ്‌റഫലി ചേരങ്കൈ, ടി.എ. ഷാഫി, മൂസ ബി. ചെര്‍ക്കള, കെ.എച്ച്. മുഹമ്മദ്, റഹ്മാന്‍ മുട്ടത്തൊടി, രവീന്ദ്രന്‍ പാടി, രേഖ കൃഷ്ണന്‍, എരിയാല്‍ അബ്ദുല്ല, സിദ്ദീഖ് പടപ്പില്‍, റഹീം ചൂരി, അബു ത്വാഇ, ഷാഫി തെരുവത്ത്, കെ.പി.എസ്. വിദ്യാനഗര്‍, ഡോ. എം.എ. മുംതാസ്, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍, മധു എസ്. നായര്‍, കെ.എം. ബാലകൃഷ്ണന്‍ ചെര്‍ക്കള, എം.പി. ജില്‍ജില്‍, അഹമദ് അലി കുമ്പള, യൂസുഫ് എരിയാല്‍, ഷാഫി എ.നെല്ലിക്കുന്ന്, അന്‍വര്‍ ടി.കെ., അബ്ദുല്ല ടി.എ., സലീം ചാല, എ. ബെണ്ടിച്ചാല്‍, എം.വി. സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it