കാസര്‍കോട്: ജനസംഖ്യാടിസ്ഥാനത്തിലുള്ള നിയമസഭാ മണ്ഡലം പുനഃക്രമീകരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ കരട് തയ്യാറായതായാണ് വിവരം. നിലവില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള കാസര്‍കോട്ട് ഒരെണ്ണം കൂടി ആറ് മണ്ഡലങ്ങളായേക്കുമെന്നും സൂചനയുണ്ട്. ജില്ലയില്‍ നിലവിലുള്ള മണ്ഡലങ്ങള്‍ക്ക് പുറമെ നീലേശ്വരം മണ്ഡലം കൂടി പുതുതായി വന്നേക്കും. ഉദുമ മണ്ഡലത്തിന്റെ പേര് മാറി ബേഡകം എന്നാകും. എല്ലാ മണ്ഡലങ്ങളിലും നിലവിലുള്ള പഞ്ചായത്തുകള്‍ മാറിയേക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ നിലവിലെ ഏതാനും പഞ്ചായത്തുകള്‍ മാറ്റി ദേലമ്പാടി പഞ്ചായത്ത് ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടെന്നും അറിയുന്നു.
ഇങ്ങനെ വന്നാല്‍ മഞ്ചേശ്വരത്ത് മുസ്ലിംലീഗ്, ബി.ജെ.പി, സി.പി.എം കക്ഷികള്‍ തുല്യശക്തികളാകുകയും ത്രികോണ മത്സരത്തിന് സാധ്യത ഏറുകയും ചെയ്യും. കാസര്‍കോട് മണ്ഡലം മുസ്ലിംലീഗിന് കൂടുതല്‍ ഉറച്ച സീറ്റായി മാറുന്ന തരത്തിലാണ് പുനക്രമീകരണമെന്നും അറിയുന്നു. ചെമനാട് പഞ്ചായത്ത് കാസര്‍കോട് മണ്ഡലത്തിനോട് ചേര്‍ത്തേക്കും. ഉദുമ മണ്ഡലത്തിന്റെ പേര് മാറ്റി ബേഡകം എന്നാക്കുകയും സി.പി.എമ്മിന് അനുകൂലമായ ചില മലയോര പഞ്ചായത്തുകള്‍ കൂടി ഇതിലേക്ക് കൂടിച്ചേര്ക്കാനും ഇടയുണ്ട്.
നീലേശ്വരം മണ്ഡലം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയില്‍ സി.പി.എമ്മിന് ഉറച്ച നാല് സീറ്റുകള്‍ നിലവില്‍ വരാനാണ് സാധ്യത. കരട് തയ്യാറാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ടതുണ്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ 25 വര്‍ഷം കൂടുമ്പോഴാണ് മണ്ഡലം പുനഃക്രമീകരണം നടക്കാറുള്ളത്.
നേരത്തെ കാഞ്ഞങ്ങാട് സംവരണ മണ്ഡലമായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മണ്ഡലം പുനഃക്രമീകരണത്തോടെ അതില്ലാതാവുകയായിരുന്നു. ജില്ലയില്‍ പുതുതായി ഒരു മണ്ഡലം കൂടി ചേരുന്നതോടെ സംവരണ മണ്ഡലം വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പുനഃക്രമീകരണത്തിലൂടെ മലപ്പുറം ജില്ലയിലാണ് കൂടുതല്‍ മണ്ഡലങ്ങള്‍ വരാന്‍ സാധ്യതയുള്ളത്.
മലപ്പുറത്ത് കൂടുതലായി മൂന്ന് മണ്ഡലങ്ങള്‍ വരെ വന്നേക്കാമെന്നാണ് അറിയുന്നത്. അതേസമയം പത്തനംതിട്ടയില്‍ നിലവിലെ മണ്ഡലങ്ങളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്.
ടി.എ ഷാഫി