മംഗളൂരു: കേസുമായി ബന്ധപ്പെട്ട് മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷനിലെത്തിയ സംഘം എസ്.ഐയുടെ സംഭാഷണം മൊബൈല്‍ഫോണില്‍ റെക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാരിയെയും കോണ്‍സ്റ്റബിളിനെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പൊലീസുകാരെ മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് ഉര്‍വ പൊലീസ് കേസെടുത്തു. നോയല്‍ സെക്വിയേര, ജോണ്‍ സെക്വിയേര എന്നിവര്‍ക്കെതിരെയാണ് ഐപിസി 354, 353 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു അപ്പാര്‍ട്ട്മെന്റിലെ അറ്റകുറ്റപ്പണിയും ജലവിതരണവും സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉര്‍വ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അപ്പാര്‍ട്ട്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജല കണക്ഷന്‍ പുനരാരംഭിക്കുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകിട്ട് നോയല്‍ സെക്വിയേര, ജോണ്‍ സെക്വിയേര എന്നിവരും ഒരു യുവതിയും പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചര്‍ച്ചക്കിടെ എസ്.ഐയുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് പൊലീസുകാരും കോണ്‍സ്റ്റബിളും തടയാന്‍ ശ്രമിച്ചതോടെയാണ്അതിക്രമം നടന്നത്.