'അസ്സലാമു അലൈക്കും യാ ശഹറു റമദാന്‍...'

ഇന്ന് റമദാന്‍ 30. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഇന്ന്. അനുഗ്രഹം പോലെ മുന്നിലെത്തിയ വിശുദ്ധ റമദാന്‍ വിടപറയുന്നതിന്റെ വേദന ഓരോ വിശ്വാസിയുടെയും മനസില്‍ പൊടിയുന്നുണ്ട്. ഇത്തവണ കൊടിയ ചൂടിന്റെ കൈപിടിച്ചായിരുന്നു വിശുദ്ധ റമദാന്റെ വരവെങ്കിലും ഓരോ വിശ്വാസിയുടെയും ഉള്ളില്‍ സന്തോഷത്തിന്റെ വലിയ കുളിരാണ് സൃഷ്ടിച്ചത്. ആശങ്കപ്പെട്ടത് പോലെ വലിയ പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല. പവിത്രമായ ദിനങ്ങളെ പ്രാര്‍ത്ഥനകളും നന്മയാര്‍ന്ന ജീവിതവും കൊണ്ട് സമ്പുഷ്ടമാക്കുകയായിരുന്നു ഓരോ വിശ്വാസിയും. അതുകൊണ്ട് തന്നെ റമദാന്‍ വിടപറയുമ്പോള്‍ എല്ലാവരിലും നോവ് നിറയുന്നു. പള്ളികളില്‍ നിന്ന് […]

ഇന്ന് റമദാന്‍ 30. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഇന്ന്. അനുഗ്രഹം പോലെ മുന്നിലെത്തിയ വിശുദ്ധ റമദാന്‍ വിടപറയുന്നതിന്റെ വേദന ഓരോ വിശ്വാസിയുടെയും മനസില്‍ പൊടിയുന്നുണ്ട്. ഇത്തവണ കൊടിയ ചൂടിന്റെ കൈപിടിച്ചായിരുന്നു വിശുദ്ധ റമദാന്റെ വരവെങ്കിലും ഓരോ വിശ്വാസിയുടെയും ഉള്ളില്‍ സന്തോഷത്തിന്റെ വലിയ കുളിരാണ് സൃഷ്ടിച്ചത്. ആശങ്കപ്പെട്ടത് പോലെ വലിയ പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല. പവിത്രമായ ദിനങ്ങളെ പ്രാര്‍ത്ഥനകളും നന്മയാര്‍ന്ന ജീവിതവും കൊണ്ട് സമ്പുഷ്ടമാക്കുകയായിരുന്നു ഓരോ വിശ്വാസിയും. അതുകൊണ്ട് തന്നെ റമദാന്‍ വിടപറയുമ്പോള്‍ എല്ലാവരിലും നോവ് നിറയുന്നു. പള്ളികളില്‍ നിന്ന് ജുമുഅ ഖുത്തുബകളില്‍ ഇമാമുമാര്‍ ആ വേദന പങ്കുവെക്കും. 'അസ്സലാമു അലൈക്കും യാ ശഹറു റമദാന്‍...' ഹൃദയവേദനയോടെ ഇമാമുമാര്‍ വിശുദ്ധ റമദാന് വിട ചൊല്ലുമ്പോള്‍ പള്ളിമൂലകളില്‍ നിന്നും തേങ്ങലുകള്‍ ഉയരും. അവരുടെ കവിളുകളിലൂടെ കണ്ണുനീര് ചാലിട്ടൊഴുകും. റമദാന്‍ യാത്ര പറയുന്നത് ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് സഹിക്കാനാവാത്ത സങ്കടമാണ്. അടുത്ത റമദാനിലേക്ക് തന്നെ എത്തിക്കേണമേ എന്ന് അവന്‍ മനമുരുകി പ്രാര്‍ത്ഥിക്കും.
കണ്ണീരു പരത്തി വിശുദ്ധ റമദാന്‍ വിട പറയുകയാണ്. നാളെ ശവ്വാല്‍ ഒന്ന്. ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വര്‍ സുദിനം. മനുഷ്യമനസ്സുകളിലെ പങ്കപ്പാടുകളെ കഴുകി മാറ്റി, ആത്മീയ സംസ്‌കരണത്തിന്റെ ഓജസും തേജസും നല്‍കി, വിശുദ്ധ ഖുര്‍ആനില്‍ മുങ്ങിത്തപ്പി മുത്തുകള്‍ വാരി, തന്നെയും ലോകത്തെയും മനസ്സിലാക്കി, അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്തിന്റെ മഹത്വമറിഞ്ഞ്, സഹജരെ സ്‌നേഹിച്ചും ഭൂമിയിലെ ജീവിതത്തിന്റെ അര്‍ത്ഥ വ്യാപ്തിയറിഞ്ഞും വിശ്വാസികള്‍ സ്വയം വീണ്ടെടുത്ത ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തിയാവുകയാണ്. അല്ലാഹുവിന് വേണ്ടി പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിച്ച്, മനമുരുകിയ പ്രാര്‍ത്ഥനകളാല്‍ ഹൃദയങ്ങള്‍ ശുദ്ധീകരിച്ച്, തെറ്റുകളിലേക്ക് വഴുതിപ്പോകാത്ത പുതിയൊരു ജീവിത പ്രതിജ്ഞയെടുത്ത് വിശ്വാസികള്‍ നാളെ പെരുന്നാളിനെ വരവേല്‍ക്കുകയായി. റമദാന്‍ നല്‍കിയ പാഠം ഇനിയുള്ള ജീവിതങ്ങളില്‍ വിശുദ്ധി പരത്തണമെന്നും അതിന് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവണമെന്നുമുള്ള പ്രാര്‍ത്ഥന മാത്രമാണ് അവരിലിപ്പോള്‍. റമദാന്‍ കഴിയുന്നതോടെ കൈവരിച്ച വിശുദ്ധി കെട്ട് പോകാതെ സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. അത് നാളത്തെ പെരുന്നാള്‍ ആഘോഷത്തോടെ തന്നെ തുടങ്ങണം. പെരുന്നാള്‍ ആഘോഷത്തിന് പ്രവാചകന്‍ കാണിച്ചു തന്ന ഒരു മാതൃകയുണ്ട്. അതില്‍ നിന്ന് വ്യതിചലിച്ചു കൂട. അതിര് കടക്കാത്ത, മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം വിളിച്ചു പറയുന്ന ആഘോഷമാണ് പ്രവാചകന്‍ കാണിച്ചു തന്നത്. ഒത്തു കൂടി വിശ്വാസികള്‍ പരസ്പര സ്‌നേഹത്തിന്റെ കാഹളം മുഴക്കുമ്പോള്‍ അത് തന്നെയാണ് പെരുന്നാള്‍ ആഘോഷത്തിന്റെ യഥാര്‍ത്ഥ സത്തയും.


-ടി.എ ഷാഫി

Related Articles
Next Story
Share it