ഇന്ന് ഏഷ്യയുടെ സാമ്പത്തികം മാത്രമല്ല കായികരംഗത്തെ ഹബ്ബ് കൂടിയാണ് യു.എ.ഇ. 1983ലെ മൂന്നാം ലോകകകപ്പ് ഫൈനലില്‍ അന്നത്തെ ഇന്ത്യന്‍ ടീമിനെതിരെ വിന്‍ഡീസ് അടിപതറുകയും 1983 ജൂണ്‍ 25ന് ക്രിക്കറ്റിന്റെ മക്കയായ ലോഡ്‌സിന്റെ ബാല്‍ക്കണിയില്‍ അഭിമാന സ്മിതവുമായി ഇന്ത്യന്‍ സ്‌കിപ്പര്‍ കപില്‍ദേവ് ലോകകപ്പ് നെഞ്ചോട് ചേര്‍ക്കുകയും ചെയ്ത ദിവസം 100 കോടിയില്‍ കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയുടെ കായികചരിത്രം തിരുത്തി കുറിച്ച ഒരു മൂഹൂര്‍ത്തമായിരുന്നു. ഇതാ അതേ ആവേശം തിരിച്ചുപിടിക്കാന്‍ സമയമായിരിക്കുന്നു. ഏഷ്യാകപ്പ് ഒരിക്കല്‍ കൂടി ഇന്ത്യയിലെത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നവര്‍ക്ക് ഇതാണ് ഏറ്റവും വലിയ സുവര്‍ണ്ണാവസരം.
സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും തുല്യ സാധ്യതയാണ് വിദഗ്ദരും വാത്‌വെപ്പുകാരും നല്‍കുന്നത്. ഇവരിരുവര്‍ക്കും ഇടയില്‍ എന്തെങ്കിലും ഭീഷണി ഉണ്ടെങ്കില്‍ അത് ശ്രീലങ്ക മാത്രമായിരിക്കും എന്നാണ് അവര്‍ പ്രവചിക്കുന്നത്. ഇന്ത്യയുടെ ആജന്മശത്രുവായ പാകിസ്ഥാന്‍ ചില നല്ല ദിവസങ്ങളില്‍ എത്ര വമ്പന്‍ ടീമിനെയും പരാജയപ്പെടുത്തുകയും ദുര്‍ബലമായ ടീമിനോട് പരാജയപ്പെടുകയും ചെയ്യുന്നത് നാം പലപ്പോഴും കണ്ടതാണ്. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തങ്ങളുടേതായ ദിവസങ്ങളില്‍ വമ്പന്‍ ടീമുകളെയും കടപുഴകിയെറിയാന്‍ പൂര്‍ണ്ണകെല്‍പുള്ളവരാണ്.
ആഗസ്റ്റ് 27നാണ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം. എങ്കിലും ഓരോ ഇന്ത്യക്കാരന്റെയും ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ് പിറ്റേദിവസം ആഗസ്റ്റ് 28ന് നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിലാണ്. ബദ്ധശത്രുക്കളുമായുള്ള മത്സരങ്ങളില്‍ കൂടുതലും ഇന്ത്യയായിരുന്നു വിജയക്കൊടി പാറിച്ചത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ മത്സരത്തിന് വീറും വാശിയും വാത്‌വെപ്പും ക്രമാതീതമായി വര്‍ധിക്കും.
കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് ഏഷ്യാകപ്പ് ഇതാ പടിവാതില്‍ക്കലെത്തിയിരിക്കുകയാണ്. യു.എ.ഇ ആഥിത്വം വഹിക്കുന്ന 15-ാമത് ഏഷ്യാകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ആഗസ്റ്റ് 27ന് ഷാര്‍ജയില്‍ അഫ്ഗാനിസ്ഥാനും ലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ കൊടിയേറുന്ന ആവേശ പൂരത്തിന് സെപ്റ്റംബര്‍ 11-ാം തീയ്യതി കൊടിയിറക്കം. പങ്കെടുക്കുന്ന ടീമുകള്‍: ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അഞ്ച് രാജ്യങ്ങളും ക്വാളിഫൈഡ് ചെയ്യുന്ന മറ്റൊരു ടീമും. ഒക്‌ടോബറില്‍ വരുന്ന ട്വന്റി-20 ലോകകപ്പിന്റെ ഒരു ഡ്രസ്‌റിഹേഴ്‌സലായിരിക്കും ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഈ ഏഷ്യാകപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി (2020, 2021, 2022) കോഹ്‌ലി മുന്‍കാല ഫോമിന്റെ ഏഴയലത്ത് പോലുമില്ല. മിക്കമത്സരങ്ങളിലും ഭാഗവാക്കായിരുന്നുവെങ്കിലും 10,000 റണ്‍സ് എന്ന കടമ്പ പിന്നിടാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. 2019ലെ അവസാന സെഞ്ച്വറിക്ക് ശേഷം കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് 68 ശരാശരിയില്‍ 272 റണ്‍സ് കോഹ്‌ലി അടിച്ചുകൂട്ടിയെന്നും കൂടി ഓര്‍ക്കണം. ഇക്കാലയളവിലാണ് സെഞ്ച്വറി കാലത്തിന് ശേഷമുള്ള കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍ 94 നോട്ടൗട്ട് പിറന്നത്.
2020ല്‍ കോഹ്‌ലി ഇന്ത്യക്കായി കളിച്ച 22 മത്സരങ്ങളില്‍ നിന്ന് 36.6 റണ്‍ ശരാശരിയില്‍ 842 റണ്‍സ് നേടി. ഏഴ് അര്‍ദ്ധസെഞ്ച്വറികളാണ് ഇക്കാലയളവില്‍ കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. തൊട്ടടുത്ത വര്‍ഷം കളിച്ച 24 മത്സരങ്ങളില്‍ നിന്ന് 37.07 റണ്‍ ശരാശരിയില്‍ 964 റണ്‍സ് നേടിയെങ്കിലും സെഞ്ച്വറി ഒഴിഞ്ഞ് നിന്നു. പത്ത് അര്‍ദ്ധസെഞ്ച്വറികള്‍ ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ 2021 കലണ്ടര്‍ വര്‍ഷത്തില്‍ സ്വന്തം പേരില്‍ കുറിച്ചു.
ഈ വര്‍ഷമാണ് (2022) കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മോശവര്‍ഷം. ഇത് വരെ 16 മത്സരങ്ങളിലെ 19 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 476 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അത് വെറും 25.05 റണ്‍ ശരാശരിയില്‍. അര്‍ദ്ധസെഞ്ച്വറികള്‍ വെറും നാലില്‍ ഒതുങ്ങി. ഉയര്‍ന്ന സ്‌കോര്‍ 79. രണ്ട് വര്‍ഷം മുമ്പ് വരെ നെറ്റ് പ്രാക്ടീസില്‍ സിക്‌സറിടിക്കുന്ന പോലെ സെഞ്ച്വറികള്‍ നേടിയിരുന്ന കോഹ്‌ലിയുടെ സമീപകാല പ്രകടനം ആരാധകര്‍ക്കും ബി.സി.സി.ഐക്കും സ്‌പോണ്‍സര്‍മാര്‍ക്കും തീരാതലവേദനയാണ്. താരത്തിന്റെ നല്ലകാലം കഴിഞ്ഞെന്ന് ചിലര്‍ വാദിക്കുമ്പോള്‍ കോഹ്‌ലി ഈ ഏഷ്യാകപ്പിലൂടെ ശക്തമായി തിരിച്ചുവരുമെന്നാണ് കളിയാരാധകരുടെ ഉറച്ച വിശ്വാസം.
2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെയായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് കോഹ്‌ലിയുടെ അവസാന സെഞ്ച്വറി പിറന്നത്. അന്ന് 136 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. ഇതിന് ശേഷം 18 ടെസ്റ്റ് മത്സരങ്ങള്‍ കോഹ്‌ലി കളിച്ചു. ഈ ടെസ്റ്റുകളിലെ 32 ഇന്നിങ്ങ്‌സുകളിലായി 872 റണ്‍സു മാത്രമാണ് സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്ന് ജന്മമെടുത്തത്. അത് വെറും 27.25 റണ്‍ ശരാശരിയില്‍; ആറ് തവണ അര്‍ദ്ധസെഞ്ച്വറിയും നേടി.
അവസാന സെഞ്ച്വറിക്ക് ശേഷം മൊത്തം 68 രാജ്യാന്തര മത്സരങ്ങള്‍ കോഹ്‌ലി കളിച്ചു. 82 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 34.05 ആവറേജില്‍ മൊത്തം 2554 റണ്‍സും നേടി. 24 അര്‍ദ്ധസെഞ്ച്വറികള്‍ നേടിയെങ്കിലും സെഞ്ച്വറി കോഹ്‌ലിയോട് ദയ കാട്ടിയില്ല. 68 അന്താരാഷ്ട്ര മത്സരങ്ങളില്‍ 27ഉം ട്വന്റി-20 മത്സരങ്ങളായിരുന്നു. 42.9 എന്ന തകര്‍പ്പന്‍ ആവറേജില്‍ 858 റണ്‍സ് അടിച്ചു കൂട്ടിയെങ്കിലും അതിലും സെഞ്ച്വറിയുണ്ടായില്ല. പുറത്താകാതെ നേടിയ 84 റണ്‍സാണ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍. ട്വന്റി-20യില്‍ കോഹ്‌ലി 8 അരസെഞ്ച്വറികളാണ് നേടിയത്.
ഏഷ്യാകപ്പിലൂടെ കോഹ്‌ലി കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഉദ്ഘാടനത്തിന്റെ പിറ്റേന്ന് പാക്കിസ്ഥാനുമായുള്ള മത്സരത്തിലൂടെ. ആരാധകര്‍ പ്രതീക്ഷയിലാണ്. കൈയിലുള്ള ബാറ്റും ഹെല്‍മറ്റുമുയര്‍ത്തി ചങ്കുപൊട്ടുന്ന സ്വരത്തില്‍ അലറി വിളിക്കുന്ന കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനങ്ങള്‍ വീണ്ടും വരുമെന്നോര്‍ത്ത്. 71-ാം അന്താരാഷ്ട്ര സെഞ്ച്വറിയും ഇന്ത്യയുടെ ഈ ഇതിഹാസതാരത്തില്‍ നിന്ന് അവര്‍ സ്വപ്‌നം കാണുന്നുണ്ട്.
-അബു കാസര്‍കോട്