നീലപ്പടയും ഏഷ്യാകപ്പും പിന്നെ പഴയ ഓര്‍മ്മകളും

ഖത്തര്‍ വീണ്ടും മറ്റൊരു സുപ്രധാന ഫുട്‌ബോള്‍ കായിക മാമാങ്കത്തിന് വേദിയായി. ഏഷ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ രാജാക്കന്മാരെ കണ്ടെത്തുവാനുള്ള പോരാട്ടത്തിന് ഖത്തറില്‍ തുടക്കമായി. പ്രതീക്ഷകള്‍ സജീവമാക്കി ടീം ഇന്ത്യ ഇക്കുറിയും പന്ത് തട്ടുന്നു. അവസാനമായി ഏഷ്യാകപ്പ് അരങ്ങേറിയത് യു.എ.ഇയില്‍ വെച്ചായിരുന്നു. അന്ന് ഞാന്‍ ഒരു അറബിക് റസ്റ്റോറന്റില്‍ ജോലി നോക്കുന്ന കാലം. ശരിക്കും അതൊരു ഫുട്‌ബോള്‍ റസ്റ്റോറന്റായിരുന്നു. രാത്രിയാവുന്നതോട് കൂടി റസ്റ്റോറന്റ് ഉത്സവ അന്തരീക്ഷത്തിലേക്ക് മാറും! മൂന്ന് ടി.വി സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ഫുട്ബോള്‍ പ്രദര്‍ശനങ്ങള്‍. ദേശീയഗാനങ്ങള്‍, ആര്‍പ്പു വിളികള്‍, […]

ഖത്തര്‍ വീണ്ടും മറ്റൊരു സുപ്രധാന ഫുട്‌ബോള്‍ കായിക മാമാങ്കത്തിന് വേദിയായി. ഏഷ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ രാജാക്കന്മാരെ കണ്ടെത്തുവാനുള്ള പോരാട്ടത്തിന് ഖത്തറില്‍ തുടക്കമായി. പ്രതീക്ഷകള്‍ സജീവമാക്കി ടീം ഇന്ത്യ ഇക്കുറിയും പന്ത് തട്ടുന്നു. അവസാനമായി ഏഷ്യാകപ്പ് അരങ്ങേറിയത് യു.എ.ഇയില്‍ വെച്ചായിരുന്നു. അന്ന് ഞാന്‍ ഒരു അറബിക് റസ്റ്റോറന്റില്‍ ജോലി നോക്കുന്ന കാലം. ശരിക്കും അതൊരു ഫുട്‌ബോള്‍ റസ്റ്റോറന്റായിരുന്നു. രാത്രിയാവുന്നതോട് കൂടി റസ്റ്റോറന്റ് ഉത്സവ അന്തരീക്ഷത്തിലേക്ക് മാറും! മൂന്ന് ടി.വി സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ഫുട്ബോള്‍ പ്രദര്‍ശനങ്ങള്‍. ദേശീയഗാനങ്ങള്‍, ആര്‍പ്പു വിളികള്‍, മെക്‌സിക്കന്‍ വേവ്‌സ്... അങ്ങനെ ഒരു മിനി ഗ്യാലറിയായി അലങ്കരിക്കപ്പെടും. സര്‍വത്ര ഫുട്ബോള്‍ മയം! ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ അടക്കമുള്ള യൂറോപ്യന്‍ ക്ലബ്ബ് മാച്ചുകള്‍. അതിന് പുറമെ സൗദി ലീഗ്, മൊറോക്കയിലെ രാജ, വിദാദ് ഈജിപ്ഷ്യന്‍ ടീം അഹ്ലി, സമാലിക്ക് ടീമുകളുടെ മാച്ചുകള്‍...അങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നായി എത്രയെത്ര ഫുട്ബോള്‍ ഫാന്‍സ്!
പലപ്പോഴായി കൂടെ ജോലി ചെയ്യുന്നവരോടും അവിടെ എത്തുന്ന സ്ഥിരം കസ്റ്റമേഴ്‌സായ സുഹൃത്തുകളോടും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണ കാലഘട്ടത്തെ കുറിച്ചും കേരളം, കൊല്‍ക്കത്ത പോലെയുള്ള പ്രദേശങ്ങളില്‍ ഫുട്‌ബോള്‍ ഗെയിമിനോടുള്ള വലിയ സ്വീകാര്യതയെ കുറിച്ചുമൊക്കെ ആവേശത്തോടെ സംസാരിച്ചിട്ടുണ്ട്.
ക്രിക്കറ്റിന് പേരുകേട്ട ഒരു രാജ്യത്ത് ഫുട്‌ബോളിനോടുള്ള പ്രാധാന്യത്തെ കുറിച്ചൊക്കെ, ഡ്യുറണ്ട് കപ്പും, കൊല്‍ക്കത്ത ഡെര്‍ബിയുമൊക്കെ അവര്‍ക്ക് പുതിയ അറിവായിരുന്നു.
യു.എ.ഇയില്‍ പന്ത് തട്ടാന്‍ വരുമ്പോള്‍ ടീം ഇന്ത്യ അത്ഭുതങ്ങള്‍ കാണിച്ചില്ലെങ്കിലും നിരാശപ്പെടുത്തില്ല എന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചിരുന്നു. തായ്ലന്‍ഡിനെതിരെയായിരുന്നു ആദ്യ മത്സരം. ഇന്ത്യ 4-1ന് ജയിച്ചു. ചേത്രിയുടെ ഇരട്ട ഗോളില്‍ ഇന്ത്യക്ക് വിജയം! 1964ന് ശേഷം ജയിക്കാന്‍ മറന്നു പോയ ടീം ഇന്ത്യയുടെ പരാജയ പരമ്പരക്ക് അവസാനം. മത്സരത്തിന്റെ പിറ്റേദിവസം മത്സരം വീക്ഷിച്ച ഒരു സ്ഥിരം കസ്റ്റമര്‍ എന്നോട് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചം! നിങ്ങളുടെ രാജ്യം നന്നായി കളിച്ചു. ഞാന്‍ ഇതുവരെ കരുതിയത് നിങ്ങളുടെ നാട്ടുകാര്‍ക്ക് ക്രിക്കറ്റ് മാത്രമേ അറിയുള്ളൂവെന്നാണ്. ഫിഫയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണിച്ചായിരുന്നു എന്റെ മറുപടി. റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം ആക്റ്റീവ് ഗോള്‍ സ്‌കോറര്‍മാരില്‍ ഇടം നേടിയ സുനില്‍ ചേത്രിയുടെ ചിത്രം.
യു.എ.ഇയോടായിരുന്നു ഇന്ത്യയുടെ രണ്ടാം മത്സരം. 2-0 സ്‌കോറില്‍ ആ മത്സരം ഇന്ത്യ തോറ്റു. സ്‌കോര്‍ സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല ആ മത്സരം. ഇന്ത്യ നന്നായി കളിച്ചുവെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ബാറിലും പോസ്റ്റിലുമൊക്കെ തട്ടി ഗോള്‍ വഴിമാറി. മത്സരം കഴിഞ്ഞ ഉടനെ തന്നെ അബു റഷീദ് എന്ന യു.എ.ഇ സ്വദേശി എന്നോടായി പറഞ്ഞു നിരാശപ്പെടരുത് നിങ്ങള്‍ പൊരുതിയാണ് തോറ്റത്. അഭിമാനത്തോടെ ഞാന്‍ മറുപടി പറഞ്ഞു. ടീം തോറ്റതില്‍ നിരാശയുണ്ട്. പക്ഷെ, ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, ഈ നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇവിടെ എന്റെ രാജ്യത്തിന്റെ കളി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യമായി എന്റെ രാജ്യത്തിന്റെ ദേശീയഗാനം മുഴങ്ങി. മെസ്സി, റൊണാള്‍ഡോ, സലാഹ് ഇവരുടെ പേരിന് പകരം എന്റെ രാജ്യത്തെ ചേത്രിയും അനസും ജിങ്കനുമൊക്കെ അറബിക് കമെന്ററിയില്‍ നിറഞ്ഞുനിന്നു. ഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്.
ബഹ്റൈനായിരുന്നു മൂന്നാമത്തെ കളിയിലെ എതിരാളികള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ സ്‌ക്രീനിലാണ് കണ്ടെതെങ്കില്‍ മൂന്നാം മത്സരം ലീവെടുത്ത് സ്റ്റേഡിയത്തില്‍ പോയി തന്നെ കണ്ടു. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സന്തോഷിപ്പിക്കാന്‍ ഇന്ത്യക്ക് ഒരു സമനില തന്നെ ധാരാളമായിരുന്നു. സമനിലയ്ക്ക് വേണ്ടി തന്നെയായിരുന്നു ഇന്ത്യ കളിച്ചതും. കളി 90 മിനുട്ട് വരെ ഗോള്‍ രഹിത സമനിലയില്‍ തന്നെ തുടര്‍ന്നു. പക്ഷെ, 91-ാം മിനുട്ടില്‍ ഒരു പെനാല്‍റ്റി ഗോള്‍ വഴങ്ങി ഇന്ത്യ കലമുടച്ചു. തോറ്റു പോയെങ്കിലും ആ ഏഷ്യാകപ്പും നീലപ്പടയും ഇന്ത്യന്‍ ഫാന്‍സിന് പ്രിയപ്പെട്ടതായി മാറിയിരുന്നു.
മത്സര ശേഷം ഗാലറിയെ അഭിവാദ്യം ചെയ്ത ടീം ഇന്ത്യയെ തോല്‍വിയിലും തലയുയര്‍ത്തി പൊരുതിയ ടീമിനെ സല്യൂട്ട് ചെയ്താണ് എല്ലാവരും മടങ്ങിയത്.
ഇക്കുറി ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ട് ഗോളിന് തോറ്റെങ്കിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല. ഉസ്ബാക്കിസ്ഥാന്‍, സിറിയ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്ക് ഗ്രൂപ്പ് കടമ്പ കടക്കാനാവും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വസന്ത കാലത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്താത്ത പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കട്ടെ.


-മൂസാ ബാസിത്ത്

Related Articles
Next Story
Share it