കരളാണച്ഛന്‍; വിട പറഞ്ഞതറിയാതെ പാതി കരളുമായി അശ്വിന്‍

കാസര്‍കോട്: 'പാവങ്ങളുടെ വക്കീല്‍' അഡ്വ. ബി. കരുണാകരന്‍ അന്തരിച്ച വിവരം മകന്‍ എ.സി. അശ്വിന്‍ അറിഞ്ഞിട്ടില്ല. ദൈവത്തെപോലെ കണ്ട അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന അതിയായ മോഹത്തില്‍ മൂന്നുനാള്‍ മുമ്പ് അച്ഛന് കരള്‍ പകുത്തു നല്‍കിയ അശ്വിന്‍ കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ഒന്നുമറിയാതെ വിശ്രമിക്കുകയാണ്. നോട്ടറി പബ്ലിക്കും കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന ബി. കരുണാകരന്‍ ഇന്നലെ ഉച്ചയ്ക്കാണ് കോഴിക്കോട്ടെ ആസ്പത്രിയില്‍ അന്തരിച്ചത്. ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ തൊഴിലില്‍ വ്യാപൃതനായിരുന്നു. ഇതിനിടയ്ക്കാണ് കരള്‍ രോഗം അദ്ദേഹത്തെ കീഴ്‌പ്പെടുത്താനെത്തിയത്. സുഖപ്പെടുത്താനുള്ള […]

കാസര്‍കോട്: 'പാവങ്ങളുടെ വക്കീല്‍' അഡ്വ. ബി. കരുണാകരന്‍ അന്തരിച്ച വിവരം മകന്‍ എ.സി. അശ്വിന്‍ അറിഞ്ഞിട്ടില്ല. ദൈവത്തെപോലെ കണ്ട അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന അതിയായ മോഹത്തില്‍ മൂന്നുനാള്‍ മുമ്പ് അച്ഛന് കരള്‍ പകുത്തു നല്‍കിയ അശ്വിന്‍ കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ഒന്നുമറിയാതെ വിശ്രമിക്കുകയാണ്. നോട്ടറി പബ്ലിക്കും കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന ബി. കരുണാകരന്‍ ഇന്നലെ ഉച്ചയ്ക്കാണ് കോഴിക്കോട്ടെ ആസ്പത്രിയില്‍ അന്തരിച്ചത്. ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ തൊഴിലില്‍ വ്യാപൃതനായിരുന്നു. ഇതിനിടയ്ക്കാണ് കരള്‍ രോഗം അദ്ദേഹത്തെ കീഴ്‌പ്പെടുത്താനെത്തിയത്. സുഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലാതായി. എന്നാല്‍ ജീവന്‍ തുടിക്കുന്ന കരള്‍ കിട്ടാന്‍ പ്രയാസമാവുമെന്ന് കണ്ട് അഡ്വ. കരുണാകരന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 'ഇത്രയും കാലം സന്തോഷത്തോടെ ജീവിച്ചില്ലേ, ഇനി പോയേക്കാം..' എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അച്ഛനെ അങ്ങനെയങ്ങ് പോകാന്‍ ഞങ്ങള്‍ വിടില്ലെന്ന് പറഞ്ഞ് ഇളയമകന്‍, മഹാരാഷ്ട്ര രത്‌നഗിരിയില്‍ ബി.എസ്.സി. അഗ്രികള്‍ച്ചര്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അശ്വിന്‍ ഒപ്പം കൂടി. ജീവിക്കാന്‍ ഒരാള്‍ക്ക് കരള്‍ മുഴുവനും വേണ്ടെന്നും ഒരു കഷണം കരള്‍ കൊണ്ടും ജീവിക്കാമെന്നും അച്ഛനോട് പറഞ്ഞ് ധൈര്യം പകര്‍ന്നതും അശ്വിനാണ്. എവിടെ നിന്നാണ് ആ കഷണം കരള്‍ കിട്ടുക എന്ന് അഡ്വ. കരുണാകരന്‍ ചിന്തിക്കുന്നതിന് മുമ്പേ അവന്‍ അച്ഛന്റെ കൈ പിടിച്ച് വാക്കു കൊടുത്തു. പകുതി കരള്‍ ഞാന്‍ തരും. അച്ഛന്‍ എനിക്ക് ദൈവത്തെപോലെയാണ്. ഇനിയും കുറേ കാലം അച്ഛനീ ലോകത്ത് ഉണ്ടാവണം.
അഡ്വ. കരുണാകരന്‍ മകനെ വിലക്കാന്‍ നോക്കി. കരള്‍ പകുത്തു നല്‍കുന്നതും അത് മറ്റൊരു ശരീരത്തിലേക്ക് ഘടിപ്പിക്കുന്നതുമൊന്നും ചില്ലറ കാര്യം അല്ല. അതീവ സങ്കീര്‍ണമാണ്. വിജയ സാധ്യത വളരെ കുറവും. ചെലവാണെങ്കില്‍ ലക്ഷങ്ങളും...

പക്ഷെ മകന്‍ വിട്ടില്ല. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ലോകത്ത് അപൂര്‍വ്വമല്ലെന്നും ഇങ്ങനെ ചെയ്ത എത്രയോ പേരെ കുറിച്ച് താന്‍ വായിച്ചിട്ടുണ്ടെന്നും പറഞ്ഞ് വിദ്യാര്‍ത്ഥിയായ മകന്‍ അച്ഛനെ വിടാതെ പിടികൂടി. പലരും അശ്വിനെ വിലക്കാന്‍ ശ്രമിച്ചതാണ്. പക്ഷെ അവന്‍ ധൈര്യം ഒട്ടും കൈവിട്ടില്ല. 'അച്ഛനില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. അതുമാത്രമേ ഞാനിപ്പോള്‍ ചിന്തിക്കുന്നുള്ളൂ..'
ഒടുവില്‍ അവന്റെ നിര്‍ബന്ധ ബുദ്ധിക്ക് മുന്നില്‍ എല്ലാവരും വഴങ്ങി. തിങ്കളാഴ്ചയായിരുന്നു കോഴിക്കോട്ടെ പ്രശസ്തമായ സ്വകാര്യആസ്പത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. പിറ്റേന്ന് അഡ്വ. കരുണാകരനെ അല്‍പ്പം ഉന്മേഷവാനായി കണ്ടു. അച്ഛന് ഭേദമുണ്ടെന്നറിഞ്ഞ് അപ്പുറത്തെ മുറിയില്‍ അശ്വിന്‍ സന്തോഷത്താല്‍ പുഞ്ചിരിച്ചു. പക്ഷെ പെട്ടെന്നാണ് അഡ്വ. കരുണാകരന്റെ ആരോഗ്യ നില വഷളായത്. ബി.പി. കൂടി. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. രക്ഷിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ ഇന്നലെ അദ്ദേഹം കണ്ണടച്ചു. ദൈവ തുല്യനായ അച്ഛന്‍ വിട പറഞ്ഞ വിവരം അശ്വിന്‍ ഇനിയും അറിഞ്ഞിട്ടില്ല. മൂന്ന് മാസത്തെ വിശ്രമമാണ് അവന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വീട്ടില്‍ തിരിച്ചെത്തി അച്ഛനോടും മറ്റും ആനന്ദിച്ച് ജീവിക്കുന്ന നാളുകള്‍ സ്വപ്‌നം കണ്ട് കിടക്കുകയാവും അശ്വിന്‍ ഇപ്പോള്‍. പക്ഷെ അവന്‍ വരുമ്പോഴേക്കും അച്ഛന്‍ ഉണ്ടാവില്ല.

കോടതികളിലും കാസര്‍കോട് നഗരസഭയിലും ഒരുപോലെ തിളങ്ങിയ അഡ്വ. കരുണാകരന്‍ 2000 മുതല്‍ നീണ്ട പത്ത് വര്‍ഷം കാസര്‍കോട് നഗരസഭാ അംഗവും അഞ്ച് വര്‍ഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായിരുന്നു. 2000ത്തില്‍ നഗരസഭാ ചെയര്‍മാന്‍ ആയിരുന്ന എസ്.ജെ. പ്രസാദിനെ പരാജയപ്പെടുത്തിയാണ് വിദ്യാനഗര്‍ വാര്‍ഡില്‍ നിന്ന് അദ്ദേഹം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അന്ന് അദ്ദേഹം മത്സരിച്ചു ജയിച്ചത്. 2005ല്‍ വീണ്ടും നഗരസഭാംഗമായി. കെ. കരുണാകരനുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അഡ്വ. കരുണാകരന്‍ ഡി.ഐ.സി. ടിക്കറ്റിലാണ് 2005ല്‍ വിജയിച്ചത്. അഭിഭാഷകന്‍ എന്ന നിലയിലുള്ള അറിവും ജനങ്ങളുമായി പുലര്‍ത്തി വന്ന അടുത്ത ബന്ധവും വെച്ച് നഗരസഭയില്‍ ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അഡ്വ. മുഹമ്മദ് ബത്തേരിയുടെ ജൂനിയറായി താലൂക്ക് ഓഫീസിന് എതിര്‍വശത്തെ ഓഫീസില്‍ ജോലിക്കെത്തിയ ബി. കരുണാകരന്‍ ബേത്തൂര്‍പാറ കല്ലാട്ട് സ്വദേശിയാണ്. 35 വര്‍ഷമായി അദ്ദേഹം വിദ്യാനഗര്‍ നെല്‍ക്കള സെക്കന്റ് ക്രോസ് റോഡിലാണ് താമസം. നോട്ടറി പബ്ലിക് എന്ന നിലയില്‍ ആര്‍ക്കും ഏത് സമയത്തും തന്നെ സമീപിക്കാനുള്ള അനുവാദവും സമീപിക്കുന്നവര്‍ക്കെല്ലാം ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുന്നതിനുള്ള സഹകരണവും അദ്ദേഹം കാട്ടിയിരുന്നു. കാസര്‍കോട് സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ രൂപവല്‍ക്കരണം മുതല്‍ ഭരണ സമിതി അംഗമായി തുടരുന്ന ബി. കരുണാകരന്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. ഇടക്ക് കെ. കരുണാകരന്റെ ഡി.ഐ.സി.യില്‍ ചേക്കേറിയെങ്കിലും എന്നും കോണ്‍ഗ്രസുകാരനായിരുന്നു. ഡി.സി.സി. നിര്‍വ്വാഹക സമിതി അംഗമായും ഡി.ഐ.സിയുടെ കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുള്ള ബി. കരുണാകരന്‍ നെല്‍ക്കള റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടുമായിരുന്നു. അന്യരെ സഹായിച്ച് ആനന്ദം കണ്ടെത്തിയിരുന്ന അഡ്വ. കരുണാകരന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പലരും.

Related Articles
Next Story
Share it