പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവുളളവണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ
മനുഷ്യരെപ്പാരിലയച്ചതീശന്‍
– കെ.സി കേശവപിള്ള
നിരന്തര പരിശ്രമം ജീവിത വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഗുണമാണ്. പലതരത്തിലുള്ള തിരിച്ചടികള്‍ ഓരോരുത്തരുടെയും ജീവിതയാത്രയില്‍ വന്ന് ചേരാറുണ്ട്. ഉറച്ച ലക്ഷ്യബോധ്യത്തോടെ, നിതാന്തമായ പരിശ്രമം തുടരുമ്പോഴാണ് അത്തരം പ്രതിബന്ധങ്ങളെല്ലാം താനെ മാറുകയും വിജയത്തിന്റെ വഴികള്‍ മുന്നില്‍ തെളിയുകയും ചെയ്യുന്നത്. ജീവിതയാത്രയില്‍ വിജയിച്ച ആരുടെ വിജയ കഥകള്‍ പരിശോധിച്ചാലും അതില്‍ സ്വപ്രയ്തനത്തിന്റെയും പരിശ്രമത്തിന്റെയും അനുഭവക്കഥകള്‍ തെളിഞ്ഞ് കാണാനാവും. ഇവിടെ സീതാംഗോളി സ്വദേശി മുഹമ്മദ് അഷ്‌റഫ് വലിയ പാഠമായാണ് നമുക്ക് മുന്നില്‍ നിലകൊള്ളുന്നത്.
എന്തിനെയും മറികടക്കാന്‍ ചെറുപ്പത്തിലെ ആര്‍ജിച്ച മനക്കരുത്തും സമര്‍പ്പണത്താലും കഠിനാധ്വാനത്താലും പുഷ്ടിപ്പെടുത്തിയെടുത്ത മെയ്ക്കരുത്തും കൊണ്ടാണ് അഷ്‌റഫ് വിജയത്തിന്റെ പടവുകള്‍ ഓരോന്നായി കീഴടക്കി കൊണ്ടിരിക്കുന്നത്. മുന്നിലെല്ലാം തടസങ്ങളാണല്ലോ എന്ന ചിന്ത പിന്നോട്ട് നയിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ, താന്‍ ഒന്നുമാവുമായിരുന്നില്ലെന്ന ബോധ്യം അഷ്‌റഫിനുണ്ട്. തന്റെ ലക്ഷ്യമെന്തെന്ന് തീരുമാനിച്ചിറങ്ങിയാല്‍ പിന്നെ സാഹചര്യങ്ങള്‍ ഒരിക്കലും അലോസരപ്പെടുത്തില്ലെന്നാണ് അഷ്‌റഫ് പറയുന്നത്. തന്റെ അഭിരുചിക്ക് ഇണങ്ങിയ അവസരങ്ങള്‍ തിരഞ്ഞെടുത്ത് മുന്നോട്ട് പോകാനുള്ള ലക്ഷ്യബോധ്യവും അതിനുള്ള പരിശ്രമവും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നാണ് അഷ്‌റഫ് തന്റെ ജീവിതത്തിലൂടെ പകര്‍ന്ന് നല്‍കുന്ന പാഠം.
പ്രാരാബ്ധങ്ങളുടെ നടുവിലാണ് അഷ്‌റഫ് ജനിച്ചു വീണത്. ഉപ്പയും രോഗിയായ ഉമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബം. ഉപ്പയുടെ ജോലിയില്‍ കിട്ടുന്ന തുക നിത്യചിലവിന് തന്നെ തികയാത്ത അവസ്ഥ, ഇരുപത് വര്‍ഷത്തോളം വാടക ക്വാര്‍ട്ടേഴ്‌സിലുള്ള താമസം, അതിനിടെ രണ്ട് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കാനുള്ള തത്രപ്പാട്, രോഗിയായ ഉമ്മയെ ചികിത്സിക്കാനുള്ള ചെലവ്… പ്രാരാബ്ദങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടുകിടന്നു. ഉറ്റവര്‍ പലരും സഹായിച്ചും പലരില്‍ നിന്ന് കടം വാങ്ങിയും അതില്‍ മിക്കതിനും പരിഹാരം കണ്ടു. പ്രാരാബ്ധങ്ങള്‍ കുന്നുകൂടിയപ്പോള്‍ പഠനം പ്ലസ്ടുവില്‍ അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ വിവിധങ്ങളായ കൂലിവേല ചെയ്തും ഓട്ടോയോടിച്ചുമൊക്കെ കുടുംബ ചെലവിന് ഉപ്പയെ സഹായിച്ച് കൊണ്ടിരുന്നു. അപ്പോഴൊക്കെയും സ്വന്തമായൊരു വീട് എന്നത് അഷ്‌റഫിന്റെ മനസില്‍ നിറമുള്ള സ്വപ്‌നമായി മാറിയിരുന്നു.
തന്റെ അഭിരുചിയിലുള്ള അവസരം തിരഞ്ഞെടുത്ത് മനക്കരുത്തോടെ മുന്നിട്ടിറങ്ങുമ്പോള്‍ അഷ്‌റഫിന്റെ മുന്നില്‍ ഒട്ടേറെ ബാധ്യതകളുണ്ടായിരുന്നു. പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാനായി ഇക്കാലയളവിലുണ്ടായ 30 ലക്ഷം രൂപയോളമുള്ള കടം വീടുക, വിദഗ്ധ ചികിത്സയിലൂടെ ഉമ്മയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരിക, സ്വന്തമായി സ്ഥലവും വീടും യാഥാര്‍ത്ഥ്യമാക്കുക…അങ്ങനെ മനസില്‍ ബാക്കി കിടന്ന കുറെ കാര്യങ്ങള്‍. ഉറച്ച ലക്ഷ്യബോധ്യത്തോടെ, നിതാന്ത പരിശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയപ്പോള്‍ അഷ്‌റഫിന്റെ ലക്ഷ്യങ്ങള്‍ ഓരോന്നായി പൂവണിഞ്ഞ് കൊണ്ടിരുന്നു. കടങ്ങള്‍ തീര്‍ക്കാനായി, നാട്ടില്‍ തന്നെ സ്വന്തമായി സ്ഥലവും നല്ലൊരു വീടുമായി, കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി, ഒട്ടേറെ തവണ ദേശീയ ചാമ്പ്യനായി, വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിച്ച് രണ്ട് തവണ ഏഷ്യന്‍ റെക്കോര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിച്ചു. നൂറിലേറെ പേര്‍ പ്രതിദിനം പഠിക്കാനെത്തുന്ന കരാട്ടെ -ഫിറ്റ്‌നസ് പരിശീലന കേന്ദ്രം യാഥാര്‍ത്ഥ്യമായി, സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷങ്ങള്‍ പിന്തുടരുന്ന പേജുകളും അതുവഴിയുള്ള വരുമാനങ്ങളും സന്തോഷം പകരുന്നതായി. കരാട്ടെയും ഫിറ്റ്‌നസും പരിശീലിക്കാന്‍ ഓണ്‍ലൈന്‍ വഴി സമീപിക്കുന്നവരും വര്‍ധിച്ചു വന്നു. പക്ഷെ, സ്വപ്‌നങ്ങളോരോന്നും നിറങ്ങളണിഞ്ഞ് യാഥാര്‍ത്ഥ്യമായി വന്നപ്പോഴാണ് ഉമ്മയുടെ ആകസ്മിക വിയോഗം സംഭവിക്കുന്നത്. തന്റെ അഭിരുചിക്ക് പ്രോത്സാഹനം നല്‍കി, എല്ലാവിധ പിന്തുണയുമായി ബലം നല്‍കിയിരുന്ന ഉമ്മ ഇതെല്ലാം കാണാനില്ലല്ലോ എന്നത് അഷ്‌റഫിന്റെ തീരാസങ്കടമായി മാറി.
കരാട്ടെ പഠിക്കണമെന്ന ആഗ്രഹം സ്‌കൂളില്‍ പഠിക്കുമ്പഴെ അഷ്‌റഫിന്റെ മനസില്‍ മുളപൊട്ടിയിരുന്നു. തന്റെ ആഗ്രഹം പലപ്പോഴും ഉമ്മയ്ക്ക് മുന്നില്‍ പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങിനെയിരിക്കെ അഞ്ചാം ക്ലാസിലെത്തിയപ്പോഴാണ് ഉമ്മയുടെ സമ്മതത്തോടെ കരാട്ടെ പരിശീലനത്തിന് ഇറങ്ങുന്നത്.
അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി, കുടുംബ പ്രാരാബ്ധങ്ങള്‍ ചുമലിലേറ്റി വിവിധ ജോലികള്‍ക്കിറങ്ങുമ്പോഴും കരാട്ടെ കൂടുതല്‍ പരിശീലിക്കണമെന്ന ആഗ്രഹം അഷ്‌റഫിന്റെ മനസില്‍ ബാക്കി കിടന്നിരുന്നു. കിട്ടുന്ന ഒഴിവ് സമയങ്ങള്‍ കരാട്ടെ പരിശീലിക്കാനും ഫിറ്റ്‌നസ് ചെയ്യാനുമൊക്കെ പ്രയോജനപ്പെടുത്തി. അങ്ങിനെയിരിക്കെയാണ് പ്രശസ്ത കരാട്ടെ പരിശീലകന്‍ ബദിയടുക്കയിലെ പി.കെ ആനന്ദിനെ കുറിച്ച് അറിയുന്നതും അദ്ദേഹത്തിന് കീഴില്‍ പരിശീലനത്തിനെത്തുന്നതും. അതാണ് അഷ്‌റഫിന് കരാട്ടെ രംഗത്ത് വഴിത്തിരിവായത്.
പത്താംവയസില്‍ കരാട്ടെ പഠനം തുടങ്ങിയ അഷ്‌റഫിന് 23 വര്‍ഷങ്ങള്‍ പിന്നിടുമ്പഴും അതിനോടുള്ള ത്വര തെല്ലും കുറഞ്ഞിട്ടില്ല. ഇപ്പോഴും വിവിധങ്ങളായ മുറകള്‍ പരിശീലിച്ച് വരുന്നു. ആനന്ദ് മാഷിന് കീഴിലുള്ള പരിശീലനം പത്ത് വര്‍ഷക്കാലം പിന്നിട്ടു. പതിനെട്ടാം വയസിലാണ് ആദ്യ ബ്ലാക്ക് ബെല്‍റ്റ് നേട്ടം സ്വന്തമാക്കുന്നത്. തുടര്‍ന്ന് ലോക ഷോട്ടോക്കാന്‍ കരാട്ടെ ഫെഡറേഷന്റെ സെക്കന്റ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്കന്റ് ബ്ലാക്ക് ബെല്‍റ്റും സ്വന്തമാക്കി. നിലവില്‍ ഫോര്‍ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടാനുള്ള തയ്യാറെടുപ്പിലാണ് അഷ്‌റഫ്.
നിരവധി ദേശീയ – അന്തര്‍ദേശീയ നേട്ടങ്ങളും ഇതിനോടകം അഷ്‌റഫ് സ്വന്തമാക്കി. 2008 മുതലുള്ള കാലയളവില്‍ ഒമ്പത് ദേശീയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പുകളിലാണ് അഷ്‌റഫ് ജേതാവായത്. ഇതില്‍ അഞ്ച് പ്രാവശ്യം കത്താസ് വിഭാഗത്തിലും നാല് പ്രാവശ്യം ഫൈറ്റിംഗ് വിഭാഗത്തിലുമായിരുന്നു ചാമ്പ്യന്‍ഷിപ്പ്. 2018ല്‍ നെതര്‍ലാന്റില്‍ നടന്ന അന്താരാഷ്ട്ര ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമാവാനും അഷ്‌റഫിന് സാധിച്ചു. ജര്‍മ്മനി, ബെല്‍ജിയം, ഫ്രാന്‍സ്, നോര്‍വെ തുടങ്ങിയ 16 രാജ്യങ്ങളിലെ താരങ്ങളെ പിന്തള്ളിയായിരുന്നു ഈ നേട്ടമെന്നത് നമുക്ക് അഭിമാനിക്കാന്‍ വലിയ വക നല്‍കുന്നതായിരുന്നു. 2016ലും 2018ലും ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലായി നടന്ന രാജ്യാന്തര കരാട്ടെ സെമിനാറുകളില്‍ പങ്കെടുക്കാനായത് അഷ്‌റഫിന്റെ ജീവിതനേട്ടമാണ്. ദേശീയ – രാജ്യാന്തര തലങ്ങളില്‍ ഇതിലുമുപരി നേട്ടങ്ങള്‍ കൈപിടിയിലൊതുക്കാമായിരുന്നെങ്കിലും സാമ്പത്തിക പ്രയാസവും സര്‍ക്കാര്‍ സഹായമോ, സ്‌പോണ്‍സര്‍ഷിപ്പോ ലഭ്യമാവാത്തതും കായിക മേഖലയുടെ തലപ്പത്തുള്ളവര്‍ തുടരുന്ന രാഷ്ട്രീയ മനോഭാവവും അതിന് വിലങ്ങ് തടിയായി.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അഷ്‌റഫ് പലര്‍ക്കും കരാട്ടെ – ഫിറ്റ്‌നസ് പരിശീലനം നല്‍കി വരികയാണ്.
അതാണ് അഷ്‌റഫിന്റെ വരുമാന മാര്‍ഗവും. തുടക്കത്തില്‍ കുമ്പള കേന്ദ്രീകരിച്ച് കരാട്ടെ പരിശീലന കേന്ദ്രം തുടങ്ങിയിരുന്നെങ്കിലും സാമ്പത്തിക പ്രയാസം കാരണം അത് പൂട്ടേണ്ടി വന്നു. എങ്കിലും അധികം താമസിയാതെ തന്നെ പ്രതീക്ഷകളുടെ വെട്ടം അഷ്‌റഫിന് മുന്നിലുണ്ടായി.വിവിധങ്ങളായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സജീവമാവുകയും പലരും തങ്ങളുടെ അഭിരുചികള്‍ പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അഷ്‌റഫും ആ വഴിക്ക് നീങ്ങി. 2019ലാണ് കരാട്ടെ ആന്റ് ഫിറ്റ്‌നസ് ടൂട്ടോറിയല്‍ എന്ന പേരില്‍ അഷ്‌റഫ് യൂടുബില്‍ വ്‌ളോഗ് തുടങ്ങുന്നത്. ഒപ്പം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും. കരാട്ടെ, ഫിറ്റ്‌നസ് പരിശീലന മുറകള്‍ക്കൊപ്പം അക്രമങ്ങളെ ചെറുക്കാനുള്ള അടവുകളും അമിതവണ്ണം കുറക്കാനുള്ള തന്ത്രങ്ങളുമൊക്കെയായിലളിതമായ ഭാഷയില്‍ വീഡിയോ സഹിതം അറിവ് നല്‍കുന്ന അഷ്‌റഫിന്റെ വ്‌ളോഗുകള്‍ ശ്രദ്ധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു. നിലവില്‍ 7,70,000ല്‍ പരം ആളുകളാണ് യൂടൂബില്‍ അഷ്‌റഫിന്റെ പേജ് പിന്തുടരുന്നത്. ഫേസ്ബുക്കില്‍ 5,85,000 പേരും ഇന്‍സ്റ്റാഗ്രാമില്‍ ലക്ഷത്തിലധികം പേരും പിന്തുടരുന്നുണ്ട്. അഭ്യാസമുറകളും പയറ്റു തന്ത്രങ്ങളും ബോധവല്‍ക്കരണങ്ങളുമടങ്ങുന്ന ഓരോ വീഡിയോയും ലക്ഷങ്ങളാണ് കാണുന്നത്. ആയിരങ്ങളാണ് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചും അഷ്‌റഫിന് സന്തോഷം പകര്‍ന്ന് കൊണ്ടിരിക്കുന്നത്.
വീട്ടകങ്ങളിലായി തളച്ചിടപ്പെട്ട കോവിഡ് കാലത്ത് അഷ്‌റഫിന്റെ വ്‌ളോഗുകള്‍ക്ക് ഏറെ പ്രചാരം ലഭിച്ചു. അമിത വണ്ണം കുറക്കാനുള്‍പ്പെടെ തങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയും പലരും ഫോണ്‍വഴിയും നവമാധ്യമങ്ങള്‍ വഴിയും ബന്ധപ്പെടുന്നതും വര്‍ധിച്ചു. ഫിറ്റ്‌നസ് പരിശീലനം തേടി സിനിമ, വ്യവസായ, പ്രവാസ മേഖലകളിലെ പലരും ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നതായി അഷ്‌റഫ് പറയുന്നു.
പലരുടെയും ആവശ്യപ്രകാരമാണ് ഓണ്‍ലൈന്‍ വഴി കരാട്ടെ – ഫിറ്റ്‌നസ് പരിശീലനം നല്‍കിത്തുടങ്ങിയത്. ഓണ്‍ലൈനിലും സീതാംഗോളി മുഗു റോഡില്‍ പ്രവര്‍ത്തിക്കുന്ന കരാട്ടെ – ഫിറ്റ്‌നസ് കേന്ദ്രത്തിലുമായി നൂറില്‍ പരം ആളുകളാണ് നിലവില്‍ അഷ്‌റഫിന് കീഴില്‍ പരിശീലിക്കുന്നത്. കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അഷ്‌റഫിന്റെ കീഴില്‍ വ്യായാമത്തിലേര്‍പ്പെട്ട് 2 മാസം കൊണ്ട് 18 കിലോ അമിതഭാരം കുറച്ചവര്‍ വരെയുണ്ട്. നിരവധി സ്‌കൂളുകള്‍ക്കും യുവജന കേന്ദ്രങ്ങള്‍ക്കും കീഴില്‍ നടന്ന ക്ലാസുകള്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ പേര്‍ക്ക് ഇതിനോടകം താന്‍ കരാട്ടെയുടെ പ്രാധമിക വശങ്ങള്‍ പരിശീലിപ്പിച്ചതായി അഷ്‌റഫ് പറയുമ്പോള്‍ വാക്കുകളില്‍ അഭിമാനം മുളച്ചു നില്‍പ്പുണ്ട്.
രണ്ട് രാജ്യാന്തര റെക്കോര്‍ഡുകളും ദേശീയ റെക്കോര്‍ഡുകളും അഷ്‌റഫിന്റെ പേരിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് തല കീഴ്‌പോട്ടാക്കി നടന്ന് ഏഷ്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. അപ്പ് സൈഡ് ഡൗണ്‍ ലോട്ടസ് പൊസിഷനില്‍ മുപ്പത് സെക്കന്റ് കൊണ്ട് 14.44 മീറ്റര്‍ സഞ്ചരിച്ചായിരുന്നു ആദ്യ റെക്കോര്‍ഡ് നേട്ടം.
ഈവര്‍ഷം മറ്റൊരു ഏഷ്യന്‍ റെക്കോര്‍ഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡും അഷ്‌റഫ് സ്വന്തം പേരിലാക്കി. മുപ്പത് സെക്കന്റില്‍ 16.4 മീറ്റര്‍ തല കുത്തി നടന്ന് 45 പ്രാവശ്യം കയ്യടിച്ചാണ് പുതിയ റെക്കോര്‍ഡ്.
വ്യത്യസ്തമായ പ്രകടനം കൊണ്ട് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനും ലണ്ടന്‍ കേന്ദീകരിച്ച് മാര്‍ഷല്‍ ആര്‍ട്‌സില്‍ പി.എച്ച്.ഡി നേടാനുമൊക്കെയുള്ള ശ്രമങ്ങളിലാണ് അഷ്‌റഫ്. ചിട്ടയയായ വ്യായാമവും കൃത്യമായ ഭക്ഷണ ക്രമീകരണവുമായി പുഷ്ടിപ്പെടുത്തിയെടുത്ത മെയ്ക്കരുത്തും പ്രതിസന്ധികളോട് പൊരുതി ആര്‍ജിച്ച മനക്കരുത്തും കൊണ്ട് അഷ്‌റഫ് നേട്ടങ്ങള്‍ കീഴടക്കട്ടെ. അബ്ദുല്ലയുടെയും പരേതയായ റംലയുടെയും മകനാണ് അഷ്‌റഫ്. സാജിദ, ഖമറുന്നിസ എന്നിവര്‍ സഹോദരിമാരാണ്.
-ജാബിര്‍ കുന്നില്‍