ഓര്‍മ്മകള്‍ ബാക്കിയാക്കി ബസ് സ്റ്റാന്റ് അഷ്‌റഫും യാത്രയായി

ഓരോ ശരീരവും മരണം രുചിക്കുക തന്നെ ചെയ്യുമെന്ന പ്രപഞ്ച സത്യം ഉള്‍കൊള്ളുമ്പോഴും ചില മരണങ്ങള്‍ ഉള്ളു നോവിക്കുന്ന, ഹൃദയം പിടയുന്ന വേദനയായി മാറുന്നു. പ്രിയപ്പെട്ട ബസ് സ്റ്റാന്‍ഡ് അഷ്‌റഫിന്റെ ആകസ്മികമായ മരണം വല്ലാത്തൊരു ശൂന്യതയാണ് സമ്മാനിച്ചത്. ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹം നല്‍കിയ സൗമ്യ ദീപ്തമായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മുന്നേ നടന്ന് പോയ തന്റെ പ്രിയപ്പെട്ട പിതാവിന്റെ പ്രിയപ്പെട്ട മകനും ലീഗ് പ്രസ്ഥാനത്തെയും നേതാക്കളെയും ഹൃദയത്തോട് ചേര്‍ത്ത് വെച്ചു. നിസ്വാര്‍ത്ഥ സേവകനായിരുന്നു […]

ഓരോ ശരീരവും മരണം രുചിക്കുക തന്നെ ചെയ്യുമെന്ന പ്രപഞ്ച സത്യം ഉള്‍കൊള്ളുമ്പോഴും ചില മരണങ്ങള്‍ ഉള്ളു നോവിക്കുന്ന, ഹൃദയം പിടയുന്ന വേദനയായി മാറുന്നു. പ്രിയപ്പെട്ട ബസ് സ്റ്റാന്‍ഡ് അഷ്‌റഫിന്റെ ആകസ്മികമായ മരണം വല്ലാത്തൊരു ശൂന്യതയാണ് സമ്മാനിച്ചത്. ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹം നല്‍കിയ സൗമ്യ ദീപ്തമായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മുന്നേ നടന്ന് പോയ തന്റെ പ്രിയപ്പെട്ട പിതാവിന്റെ പ്രിയപ്പെട്ട മകനും ലീഗ് പ്രസ്ഥാനത്തെയും നേതാക്കളെയും ഹൃദയത്തോട് ചേര്‍ത്ത് വെച്ചു. നിസ്വാര്‍ത്ഥ സേവകനായിരുന്നു അഷ്‌റഫ്. തുരുത്തിയിലെ മുസ്ലിം ലീഗ് പ്രസ്ഥാനം ശാഖാ കമ്മിറ്റി സെക്രട്ടറി സ്ഥാനവും മുസ്ലിം യൂത്ത് ലീഗ് ശാഖാ സെക്രട്ടറി, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും നല്‍കിയിരുന്നു. പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവ സാനിദ്ധ്യമായിരുന്നു അഷ്‌റഫ്. മഞ്ചേരിയില്‍ ആദ്യമായി ലീഗ് തോറ്റപ്പോള്‍ തന്റെ സ്റ്റേഷനറി കടക്ക് അകത്ത് കയറി കരയുകയായിരുന്ന അഷ്‌റഫിനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ശിഹാബ് തങ്ങളെയും ഇ. അഹമ്മദ് സാഹിബിനെയും വളരെയധികം ഇഷ്ടപ്പെട്ട ലീഗുകാരന്‍. ലീഗ് പ്രതിസന്ധികള്‍ നേരിട്ട 1995 കാലഘട്ടങ്ങളില്‍ തുരുത്തിയിലെ ലീഗ് പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് വെച്ച പ്രവര്‍ത്തകര്‍. തന്റെ യൗവ്വന കാലത്ത് മുസ്ലിം ലീഗ് സമ്മേളനങ്ങളും പ്രകടനങ്ങളും ഹരമായി കൊണ്ട് നടന്ന ആദര്‍ശ രാഷ്ട്രീയക്കാരന്‍, തന്റെ ഈ അവസാന സമയത്തും പാര്‍ട്ടിയുടെ സംസ്ഥാന ഫണ്ടിലേക്ക് ഹദിയ നല്‍കി ലീഗ് പ്രസ്ഥാനത്തെ ജീവനോളം പുല്‍കിയ പ്രിയപ്പെട്ട നേതാവ്.
മുസ്ലിം ലീഗ് പ്രസ്ഥാനത്തോടൊപ്പം തന്നെ സമസ്ത എന്ന പണ്ഡിത സഭയെയും അഭിമാനത്തോടെയാണ് കൊണ്ട് നടന്നത്. കറ കളഞ്ഞ സുന്നി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ശംസുല്‍ ഉലമയെയും നാട്ടിക ഉസ്താദിനെയും എന്നെന്നും മനസ്സിലേറ്റി നടന്നിരുന്നു. സമസ്തയുടെ സമ്മേളനങ്ങളിലും മജ്‌ലിസുന്നൂര്‍ സദസ്സുകളിലും എന്നും നിറസാനിദ്ധ്യമായിരുന്നു.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനകത്ത് വര്‍ഷങ്ങളായി സ്റ്റേഷനറി കച്ചവടം നടത്തിവരികയായിരുന്നു. എന്റെ പിതാവിന്റെ മലഞ്ചരക്ക് കട പ്രവര്‍ത്തിച്ചിരുന്നത് പഴയ ബസ് സ്റ്റാന്‍ഡിനകത്ത് അഷ്‌റഫിന്റെ കടയുടെ അടുത്തായിരുന്നു. ഏകദേശം 5 വര്‍ഷം ഞാന്‍ ഉപ്പാന്റെ കടയില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹത്തെ കൂടുതല്‍ അടുത്തറിഞ്ഞത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മംഗലാപുരത്തേക്ക് ഞങ്ങളൊന്നിച്ച് ബൈക്കില്‍ പോയ ഓര്‍മ്മയും എനിക്ക് മറക്കാനാവില്ല. അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍, യാത്രകള്‍, സംഭാഷണങ്ങള്‍ എല്ലാം ഒരു നൊമ്പരമായി ഇടംനെഞ്ചില്‍ തേങ്ങുന്നു. രണ്ടാമതും ഹൃദയാഘതമെടുത്ത് ആസ്പത്രിയില്‍ ഐ.സിയുവിലായിരുന്നുവെങ്കിലും ശമനമുണ്ടെന്ന് അറിഞ്ഞ് ഞങ്ങള്‍ സന്തോഷിച്ചതാണ്. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ 3.42ന് ബി.എസ് സൈനുദ്ധീന്റെ ഫോണ്‍ കോള്‍ വന്നത് അഷ്‌റഫിന്റെ മരണവാര്‍ത്തയുമായിട്ടായിരുന്നു. ഒരു പാട് അഷ്‌റഫുമാര്‍ ഉള്ള തുരുത്തിയില്‍ തിരിച്ചറിയാനുള്ള പേരടയാളമായിരുന്നു 'ബസ് സ്റ്റാന്‍ഡ്'. കുറച്ചു വര്‍ഷം തുരുത്തി ജമാഅത്ത് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. അഷ്‌റഫിന്റെ വിട വാങ്ങല്‍ കുടുംബത്തിനും വീടിനും നാടിനും പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ്. സര്‍വ്വശക്തനായ നാഥന്‍ അഷ്‌റഫിന്റെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ-ആമീന്‍.

റഷീദ് തുരുത്തി

Related Articles
Next Story
Share it