വീണ്ടും ശ്രുതി തെറ്റിയ പാട്ടുകള്‍
ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സുപ്രസിദ്ധ ഗായിക ആശാ ഭോസ്ലേ സംഗീത ഇതിഹാസം മുഹമ്മദ് റഫിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ സംഗീത ലോകത്ത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇട വരുത്തിയിരിക്കയാണ്. 1966 ല്‍ വിജയ് ആനന്ദ് സംവിധാനം ചെയ്ത ഷമ്മി കപൂര്‍ ചിത്രമായ തീസ്രി മന്‍സിലിലെ ആര്.ഡി. ബര്മ്മന് ചിട്ടപ്പെടുത്തി റഫി, ആശ എന്നിവര്‍ ചേര്‍ന്ന് പാടിയ ആജാ, ആ...ജാ... എന്ന ഗാനത്തെ ചൊല്ലിയായിരുന്നു ആശാ ഭോസ്ലേയുടെ വിവാദ പരാമര്‍ശം. താന്‍ ഹൃദയത്തില്‍ […]
ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സുപ്രസിദ്ധ ഗായിക ആശാ ഭോസ്ലേ സംഗീത ഇതിഹാസം മുഹമ്മദ് റഫിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ സംഗീത ലോകത്ത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇട വരുത്തിയിരിക്കയാണ്. 1966 ല്‍ വിജയ് ആനന്ദ് സംവിധാനം ചെയ്ത ഷമ്മി കപൂര്‍ ചിത്രമായ തീസ്രി മന്‍സിലിലെ ആര്.ഡി. ബര്മ്മന് ചിട്ടപ്പെടുത്തി റഫി, ആശ എന്നിവര്‍ ചേര്‍ന്ന് പാടിയ ആജാ, ആ...ജാ... എന്ന ഗാനത്തെ ചൊല്ലിയായിരുന്നു ആശാ ഭോസ്ലേയുടെ വിവാദ പരാമര്‍ശം. താന്‍ ഹൃദയത്തില്‍ […]
ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സുപ്രസിദ്ധ ഗായിക ആശാ ഭോസ്ലേ സംഗീത ഇതിഹാസം മുഹമ്മദ് റഫിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ സംഗീത ലോകത്ത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇട വരുത്തിയിരിക്കയാണ്.
1966 ല്‍ വിജയ് ആനന്ദ് സംവിധാനം ചെയ്ത ഷമ്മി കപൂര്‍ ചിത്രമായ തീസ്രി മന്‍സിലിലെ ആര്.ഡി. ബര്മ്മന് ചിട്ടപ്പെടുത്തി റഫി, ആശ എന്നിവര്‍ ചേര്‍ന്ന് പാടിയ ആജാ, ആ...ജാ... എന്ന ഗാനത്തെ ചൊല്ലിയായിരുന്നു ആശാ ഭോസ്ലേയുടെ വിവാദ പരാമര്‍ശം. താന്‍ ഹൃദയത്തില്‍ നിന്നും പാടിയപ്പോള്‍ റഫി വായില്‍ നിന്നായിരുന്നു പാടിയതെന്നാണ് അവരുടെ വാദം. ഈ പരാമര്‍ശം ഏറെ ഞെട്ടലോടെയാണ് ഗാനാസ്വാദകര്‍ കേട്ടത്. ഇതിനെതിരെ റഫി ഫൗണ്ടേഷന് പ്രസിഡണ്ട് ബിനു നായര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഗീത ലോകത്ത് പ്രശസ്തരായ നിരവധി പേര് രംഗത്തെത്തിയിരുന്നു. ആശാ ഭോസ്ലേ ഇതിനു മുമ്പും പല വേളകളിലായി റഫിക്കെതിരെ ഇത്തരത്തിലുള്ള ഒളിയമ്പുകള്‍ നടത്തിയതിനാല്‍ സംഗീതലോകം അവരുടെ വാക്കുകളെ കാര്യമായെടുത്തിട്ടില്ല.
മുമ്പൊരിക്കല്‍ ആശ റഫിക്കെതിരെ ആരോപിച്ചത് ഇതേ രീതിയിലായിരുന്നു. 1964ല്‍ പുറത്തിറങ്ങിയ കാശ്മീര്‍ കി കലി എന്ന ചിത്രത്തിന് വേണ്ടി ഒ.പി. നയ്യാര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് റഫി-ആശ കൂട്ടുകെട്ടില്‍ പിറന്ന മേരി ജാന്‍ ബല്ലേ, ബല്ലേ എന്ന ഗാനത്തില്‍ റഫിയുടെ ആലാപനത്തേക്കാള്‍ ഞാനായിരുന്നു മനോഹരമായി ആലപിച്ചതെന്ന അവകാശവാദമായിരുന്നു അന്ന് നടത്തിയത്.
ഈ രണ്ട് ഗാനങ്ങളും സംഗീത പ്രേമികള്‍ നെഞ്ചിലേറ്റിയത് റഫി, ആശ ആലാപന വ്യത്യാസമില്ലാതെയാണ്. റഫി പാടുന്നത് ഷമ്മി കപൂറിന്റെ ശാരീരിക ഭാഷക്കനുസരിച്ചുള്ള ശബ്ദ വ്യതിയാനം വരുത്തിയാണെന്ന തിരിച്ചറിവ് ആശാജിക്കില്ലാതെ പോയോ എന്ന് ചോദിക്കുന്നവരുണ്ട്. കാരണം അവരിപ്പോള്‍ വാര്‍ധക്യത്തിന്റെ പിടിയിലാണ്. ഇനിയും ഈ ഗാനങ്ങള്‍ കേള്‍ക്കാത്തവരുണ്ടെങ്കില്‍ യൂട്യൂബില്‍ സെര്‍ച്ച് ചെയ്ത് കേട്ടാല്‍ അറിയാം, എത്ര മനോഹരമായാണ് റഫി ഈ ഗാനത്തോട് നീതി പുലര്‍ത്തിയതെന്ന്.
ഇന്ത്യന്‍ സംഗീതത്തില്‍ എത്രയെത്ര മഹാരഥന്മാരായ ഗായികാ ഗായകര്‍ പിറവിയെടുത്തിട്ടുണ്ട്. അവരാരും തന്നെ ഒരാള്‍ താന്‍ മറ്റൊരാളേക്കാള്‍ മികച്ചതായിരുന്നെന്ന അവകാശവാദം നാളിത് വരെ ഉന്നിയിച്ചിട്ടില്ല. അതും ഗായകരുടെ ഗായകനാണ് മുഹമ്മദ് റഫിയെന്ന് ഗായക ലോകം തന്നെ വാഴ്ത്തുന്ന ഒരു മഹാഗായകനെ കുറിച്ചുള്ള ആശാ ഭോസ്ലേയുടെ പരാമര്‍ശം സംഗീത പ്രേമികളുടെ ഹൃദയത്തെപോലും മുറിവേല്‍പ്പിക്കുന്നതായിരുന്നു.
ലതക്ക് ശേഷം റഫി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചത് ആശക്കൊപ്പമാണ്. 950ല്‍ പരം ഗാനങ്ങള്‍. അതിലധികവും ഒ.പി.യുടെ സംഗീത സംവിധാനത്തിലായിരുന്നു. ഒരാളുടെ മുമ്പിലും തലകുനിക്കാതിരുന്ന പ്രകൃതക്കാരനായ ഒ.പി. റഫിയെ കുറിച്ച് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്; 'മുഹമ്മദ് റഫി ഇല്ലായിരുന്നെങ്കില്‍ ഒ.പി. എന്ന സംഗീതജ്ഞന് ഉണ്ടാകുമായിരുന്നില്ല'.
ഇന്ത്യന്‍ സംഗീതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായ അമ്പത് മുതല്‍ എണ്‍പത് വരെയുള്ള കാലങ്ങളില്‍ ഉയര്‍ന്നുവന്ന സംഗീത സംവിധായകരുടെ ഗാനങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അറിയാം മുഹമ്മദ് റഫിയുടെ ശബ്ദം അവര്‍ക്ക് നേടിക്കൊടുത്ത സംഗീത പരിവേഷം എത്രയായിരുന്നെന്ന്.
റഫിയുടെ കാരിയറില്‍ മങ്കേഷ്കര്‍ കുടുംബവുമായുള്ള സംഗീത ബന്ധം ചെറുതല്ല. ലത, ആശഉഷ, സഹോദരിമാര്‍ ഏറ്റവും കൂടുതല്‍ യുഗ്മഗാനങ്ങള്‍ ആലപിച്ചത് റഫിക്കൊപ്പമാണ്. ആശയുടെ മകള്‍ വര്‍ഷ ഭോസ്ലേയും റഫിക്കൊപ്പം പാടിയിട്ടുണ്ട്. സഹോദരന് ഹൃദയനാഥ് മങ്കേഷ്കര്‍ റഫി ഗാനങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. 1963ല്‍ റോയലിറ്റി വിഷയത്തില്‍ റഫി, ലത കൂട്ടുകെട്ട് പിരിഞ്ഞപ്പോള്‍ ഇന്ത്യന്‍ സംഗീതത്തിന് നഷ്ടമായത് നാല് വര്‍ഷക്കാലത്തെ മെലഡികളുടെ പൂക്കാലമായിരുന്നു. എസ്.ഡി. ബര്‍മ്മന്റെ പ്രേരണയിലായിരുന്നു ഇവര്‍ വീണ്ടും 1967ല്‍ ഒന്നിച്ചത്. റഫിയെ സംബന്ധിച്ചിടത്തോളം ഈ കാലങ്ങളില്‍ ഒട്ടേറെ സോളോ ഹിറ്റുകള്‍ക്ക് ജന്മം നല്കാന് സാധിച്ചു. അതോടൊപ്പം ശാരദ, സുമണ് കല്യാണ്‍പൂര്‍ തുടങ്ങിയ ഗായിക നിരകള്‍ക്ക് മുന്നേറാനും കഴിഞ്ഞു. ലതയെ സംബന്ധിച്ചിടത്തോളം ഈ കാലത്ത് ഏറെ ശ്രദ്ധ നേടിയ യുഗ്മഗാനങ്ങള്‍ സൃഷ്ടിക്കാനായില്ലെന്ന് മാത്രമല്ല, പുതിയ ഗായക മുന്നേറ്റം ഉണ്ടായതുമില്ല. ലത-റഫി കൂട്ട്കെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ നൂറ് കണക്കിന് ഗാനങ്ങള്‍ പില്ക്കാലത്ത് പറവിയെടുത്തു.
1980ല്‍ റഫിയുടെ വിയോഗത്തില്‍ മനംനൊന്ത് ലത പറഞ്ഞത്; സംഗീതത്തിന്റെ ഒരു യുഗം അവസാനിച്ചുവെന്നാണ്. എന്നാല്‍ 2016 ല്‍ ലത പുതിയൊരു വിവാദം തൊടുത്തു വിട്ടു. റഫി സാഹിബ് ക്ഷമാപണ കുറിപ്പെഴുതിയതിനാലായിരുന്നു ഞങ്ങള്‍ വീണ്ടും അന്ന് ഒന്നിച്ചെതെന്നായിരുന്നു അത്. ഈ പരാമര്‍ശത്തിനെതിരെ സംഗീത ലോകം ഒന്നായി പ്രതികരിക്കുകയുണ്ടായി. റഫിയുടെ മകന് ഷാഹിദ് റഫി പ്രസ്തുത കുറിപ്പ് പൊതു സമക്ഷത്തില്‍ കൊണ്ട് വരാന്‍ ലതയോട് ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും പ്രതികരിച്ചിരുന്നു.
അറുപതുകളില്‍ മുഹമ്മദ് റഫിക്ക് ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും ഏറെ വെല്ലുവിളികള്‍ ഉണ്ടായത് പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ ബി.ആര്. ചോപ്രയില്‍ നിന്നായിരുന്നു. ബി. ആറിന് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്ന സ്വാധീനം അത്രയ്ക്കും വലുതായിരുന്നു. റഫിയുടെ ഗാനങ്ങള്‍ ഇന്ത്യന്‍ സംഗീതത്തില്‍ അലയടിക്കുന്ന കാലം. സിനിമാ ലോകം ബി.ആറിന്റെ ആജ്ഞ ശിരസ്സാ വഹിക്കുന്ന സമയം. ബി.ആര്. റഫിയെ വിളിച്ച് പറഞ്ഞു; ഇനി മുതല്‍ റഫി ബി.ആര് പ്രൊഡക്ഷന്‍സിന് വേണ്ടി മാത്രമേ പാടുകയുള്ളൂ.
ഇത്കേട്ട മാത്രയില്‍ തന്നെ റഫി പ്രതികരിച്ചു. ഞാന്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായിരിക്കെ, ആര് ആവശ്യപ്പെട്ടാലും അവര്‍ക്ക് വേണ്ടി പാടുന്നതായിരിക്കും. റഫിയില്‍ നിന്നും വന്ന ഈ പ്രതികരണം ബി.ആറിനെ ഏറെ ചൊടിപ്പിച്ചു. അദ്ദേഹം പറഞ്ഞു. റഫി ഇന്‍ഡസ്ട്രിയില്‍ ഒന്നുമല്ല. മറ്റൊരു റഫിയെ ഞാന്‍ പ്രതിഷ്ഠിക്കും. അദ്ദേഹം ആഞ്ഞടിച്ചു. പകരക്കാരനായി സംഗീതജ്ഞന് രവിയിലൂടെ മഹേന്ദ്ര കപൂറിനെ കൊണ്ടുവന്നു. ഗും നാം, ഹം റാസ് തുടങ്ങിയ ചിത്രങ്ങളില്‍ മഹേന്ദ്ര കപൂര്‍ പാടി തകര്‍ത്തു. ഗാനങ്ങള്‍ ഒന്നിനൊന്ന് ഹിറ്റ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ആര് ബാനറില്‍ നിര്‍മ്മിക്കുന്ന വക്ത് എന്ന ചിത്രത്തിന്റെ സംഗീത റിഹേഴ്സല്‍. ടൈറ്റില്‍ സോംഗ് ആര് പാടും? രവി ബി.ആറിനോട് ചോദിച്ചു. സാഹിറിന്റെ വരികള്‍ക്ക് അര്‍ത്ഥം നല്കാന് ഒരു ശബ്ദം മാത്രമേയുള്ളു. അത് മുഹമ്മദ് റഫിയാണ്. രവി പറഞ്ഞു. ബി.ആറിന് ഒന്നും ആലോചിക്കാനായില്ല. അദ്ദേഹം കുറ്റ സമ്മതത്തോടെ പതിഞ്ഞ സ്വരത്തില്‍ റഫിയെ വിളിച്ചു.
വക്ത് കേ ദിന് ഔറ് രാത്... റഫി പാടി.
ചിത്രത്തിന്റെ ആകെ തുക ഈ പാട്ടില്‍ നിറഞ്ഞു നിന്നു. പിന്നീട് ഒട്ടേറെ ഗാനങ്ങള്‍ ബി.ആറിന് വേണ്ടി റഫി പാടി. ഇതും ഒരു കഥ.
റഫിയന്‍ സംഗീത ഗാഥ അമ്പരപ്പിക്കുന്നതായിരുന്നു. അടിച്ചമര്‍ത്തലുകളില്‍ നിന്നും മാറ്റി നിര്‍ത്തലുകളില്‍ നിന്നും ഉയിര് കൊണ്ട ദിവ്യ ശബ്ദമായിരുന്നു റഫിയുടേത്.
അത് കൊണ്ടാണ് അദ്ദേഹം വിട പറഞ്ഞ് 41 വര്‍ഷങ്ങള്‍ക്ക് ശേഷവും ജീവിച്ചിരുന്ന റഫിയെ പോലെ തന്നെ അദ്ദേഹത്തെ സംഗീത ലോകം ഇന്നും നെഞ്ചിലേറ്റുന്നത്. അദ്ദേഹം ഒരിക്കല്‍ പാടി.
'മുഛ് കോ മേരെ ബാദ്
സമാനാ ഡൂണ്ടേഗാ...'
(എന്റെ കാലശേഷം, കാലം എന്നെ
അന്വേഷിച്ച് കൊണ്ടിരിക്കും).