റമദാന്‍ അരികിലെത്തുമ്പോള്‍

റമദാനിന്റെ പൊന്നമ്പിളി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ നന്മയുടെ കുളിര്‍മഴ പെയ്യുകയാണ്. വിശ്വാസവും കര്‍മ്മവും മനസ്സും ശരീരവും ശുദ്ധീകരിക്കാനുള്ള ഒരു മാസമാണ് വിശുദ്ധ റമദാന്‍. വ്യക്തിയും കുടുംബവും വീടും ആരാധനാലയങ്ങളും തെളിമയാര്‍ന്ന വിശ്വാസത്തിനും ചൈതന്യവത്തായ ആരാധനക്കും വേണ്ടി തയ്യാറാവുകയാണ്. കഴിഞ്ഞ പതിനൊന്ന് മാസത്തില്‍ ചെയ്ത് പോയ തെറ്റുകള്‍ പൊറുക്കപ്പെടാനും വരാനിരിക്കുന്ന പതിനൊന്ന് മാസത്തെ നന്മകളില്‍ അധിഷ്ഠിതമാക്കാനുള്ള ഒരു അവസരമാണ് റമദാനിലെ ഒരുമാസം. ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാമത്തെ മാസമാണ് റമദാന്‍. അതിലെ ഏറ്റവും വലിയ പ്രത്യേകത വ്രതാനുഷ്ഠാനമാണ്. […]

റമദാനിന്റെ പൊന്നമ്പിളി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ നന്മയുടെ കുളിര്‍മഴ പെയ്യുകയാണ്. വിശ്വാസവും കര്‍മ്മവും മനസ്സും ശരീരവും ശുദ്ധീകരിക്കാനുള്ള ഒരു മാസമാണ് വിശുദ്ധ റമദാന്‍. വ്യക്തിയും കുടുംബവും വീടും ആരാധനാലയങ്ങളും തെളിമയാര്‍ന്ന വിശ്വാസത്തിനും ചൈതന്യവത്തായ ആരാധനക്കും വേണ്ടി തയ്യാറാവുകയാണ്. കഴിഞ്ഞ പതിനൊന്ന് മാസത്തില്‍ ചെയ്ത് പോയ തെറ്റുകള്‍ പൊറുക്കപ്പെടാനും വരാനിരിക്കുന്ന പതിനൊന്ന് മാസത്തെ നന്മകളില്‍ അധിഷ്ഠിതമാക്കാനുള്ള ഒരു അവസരമാണ് റമദാനിലെ ഒരുമാസം.
ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാമത്തെ മാസമാണ് റമദാന്‍. അതിലെ ഏറ്റവും വലിയ പ്രത്യേകത വ്രതാനുഷ്ഠാനമാണ്. പകലന്തിയോളം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും ദിനരാത്രങ്ങളിലുടനീളം വിചാരവികാരങ്ങള്‍ നിയന്ത്രിച്ചും മനസ്സും ശരീരവും ആത്മീയതയില്‍ ലയിച്ചും ഓരോ വിശ്വാസിയും റമദാനിനെ സജീവമാക്കും.
റമദാന്‍ ദൈവീക സമര്‍പ്പണത്തിന് എന്ന പോലെ തന്നെ സഹജീവി സ്‌നേഹത്തിനും കൂടിയുള്ളതാണ്. വിശപ്പിന്റെ വിളി തിരിച്ചറിയാന്‍ വ്രതാനുഷ്ഠാനത്തേക്കാള്‍ നല്ലൊരു പ്രവര്‍ത്തി ഇല്ല. അതിനാല്‍ ദൈവീകവും മാനവികവുമായ ഒരനുഷ്ടാനമാണ് റമദാന്‍.
ജീവിതത്തിന്റെ സൂക്ഷ്്മത അഥവാ തഖ്വയാണ് നോമ്പ് കൊണ്ട് നേടിയെടുക്കേണ്ടത്. സത്യവിശ്വാസികളെ അഭിസംബോധനം ചെയ്ത് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതും അത് തന്നെയാണ്. 'മുന്‍കഴിഞ്ഞ സമുദായങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കയാണ്. നിങ്ങള്‍ ജീവിതത്തില്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി'. പകലിലെ നോമ്പ് പോലെ തന്നെ ശ്രേഷ്ഠമാണ് രാത്രിയിലെ നമസ്‌കാരവും.
പകലിലെ നോമ്പും രാത്രിയിലെ നമസ്‌കാരവും റമദാനിന്റെ മാറ്റ് കൂട്ടുന്നു. പകലില്‍ വ്രതാനുഷ്ഠാനത്തിലൂടെ വിശപ്പിന്റെ വിളികേള്‍ക്കുന്ന വിശ്വാസി രാത്രിയില്‍ ദൈവീകമായ ആരാധനക്ക് വേണ്ടി തന്നെ സമര്‍പ്പിക്കുന്നു.
മറ്റൊന്ന് വിശുദ്ധ ഗ്രന്ഥവുമായുള്ള ബന്ധമാണ്. റമദാനിലെ ഏതൊരു രാത്രിയിലാണോ ഖുര്‍ആന്‍ അവതരിച്ചത് ആ രാത്രിക്ക് ആയിരം മാസത്തെക്കാള്‍ ശ്രേഷ്ടതയുണ്ട് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ പാരായണവും പഠനവും സംസ്ഥാപനവും ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്, വിശിഷ്യാ റമദാനില്‍. ദാനധര്‍മ്മമാണ് വിശുദ്ധ റമദാനിലെ മറ്റൊരു സല്‍ക്കര്‍മ്മം. പ്രവാചകനെക്കുറിച്ച് അദ്ദേഹത്തിന്റെ അനുചരന്മാര്‍ എഴുതിവെച്ചു. പ്രവാചകന്‍ പൊതുവേ ധര്‍മ്മിഷ്ഠനായിരുന്നു. എന്നാല്‍ റമദാനില്‍ അടിച്ചുവീശുന്ന കൊടുങ്കാറ്റുപോലെയാണ് പ്രവാചകന്‍ ദാനധര്‍മങ്ങള്‍ ചെയ്തിരുന്നത്.
റമദാന്‍ മസ്ജിദുകളെ സജീവമാക്കുകയും എല്ലാ നന്മയുടെയും കേന്ദ്രമാക്കുകയും ചെയ്യും. റമദാനില്‍ മസ്ജിദുകളില്‍ ഭക്തിപൂര്‍വ്വം ഭജനമിരിക്കും വിശ്വാസികള്‍.
ഒരു മാസത്തെ അശ്രാന്ത പരിശ്രമം കൊണ്ട് നമ്മുടെ പൂര്‍വ്വസൂരികള്‍ റമദാനിന്റെ വ്രതശുദ്ധിയില്‍ ഊതിക്കാച്ചിയ തനി തങ്കമായിട്ടായിരുന്നു പെരുന്നാളിനെത്തിയിരുന്നത് എന്നതിന് അവരുടെ ജീവിതം സാക്ഷിയാണ്.
നമുക്കും ഈ റമദാന്‍ നന്മയിലേക്കൊരു വഴികാട്ടിയാവട്ടെ. ഓരോ റമദാന്റെ വ്രതശുദ്ധിയിലും ഊതിക്കാച്ചിയെടുത്ത വിശ്വാസം തന്നെയാണ് പ്രതിസന്ധികളില്‍ തളരാതെ പോരാടാന്‍ നമുക്ക് കരുത്തേകുന്നതും!

Related Articles
Next Story
Share it