കുത്തിട്ട് കുത്തിട്ട് വര; അപൂര്‍വ്വ ചാരുതയാര്‍ന്ന കരവിരുത് ഇനി ഓര്‍മ്മ...

ഇന്ന് അന്തരിച്ച ആര്‍ട്ടിസ്റ്റ് ടി.രാഘവന്‍ മാസ്റ്റര്‍ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അറുപത് വര്‍ഷത്തെ സൗഹൃദബന്ധം. അടുപ്പിച്ചത് വര തന്നെ. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ചെയര്‍മാനായിരിക്കെ ഞങ്ങള്‍ കേരള ലളിതകലാ അക്കാദമിയില്‍ നിര്‍വാഹകസമിതി അംഗങ്ങളായിരുന്നു. കാഞ്ഞങ്ങാട്ടു നിന്ന് മാഷും തിരുവനന്തപുരത്ത് നിന്ന് ഞാനും യോഗങ്ങളില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തും. ആ കൂടിച്ചേരലും വിടപറയലും ബന്ധത്തെ സുദൃഢമാക്കി. അധ്യാപകന്‍, കാര്‍ട്ടൂണിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, നാടകനടന്‍, സംസ്ഥാന യുവജനോത്സവത്തിലെ വിധി കര്‍ത്താവ് തുടങ്ങി വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ തിളങ്ങിയ രാഘവന്‍ […]

ഇന്ന് അന്തരിച്ച ആര്‍ട്ടിസ്റ്റ് ടി.രാഘവന്‍ മാസ്റ്റര്‍ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അറുപത് വര്‍ഷത്തെ സൗഹൃദബന്ധം. അടുപ്പിച്ചത് വര തന്നെ. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ചെയര്‍മാനായിരിക്കെ ഞങ്ങള്‍ കേരള ലളിതകലാ അക്കാദമിയില്‍ നിര്‍വാഹകസമിതി അംഗങ്ങളായിരുന്നു. കാഞ്ഞങ്ങാട്ടു നിന്ന് മാഷും തിരുവനന്തപുരത്ത് നിന്ന് ഞാനും യോഗങ്ങളില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തും. ആ കൂടിച്ചേരലും വിടപറയലും ബന്ധത്തെ സുദൃഢമാക്കി.
അധ്യാപകന്‍, കാര്‍ട്ടൂണിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, നാടകനടന്‍, സംസ്ഥാന യുവജനോത്സവത്തിലെ വിധി കര്‍ത്താവ് തുടങ്ങി വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ തിളങ്ങിയ രാഘവന്‍ മാഷ് അപൂര്‍വ്വമായി ലേഖനങ്ങളും എഴുതിയിരുന്നു. ഒരു വരയും ലേഖനവും ഇന്നും ഓര്‍ക്കുന്നു. ആചാര്യ സ്ഥാനത്ത് നില്‍ക്കുന്ന എം.വി.ദേവനെ കുറിച്ച് എഴുതിയ ഒരു ലേഖനം. വരയിലൂടെ, എഴുത്തിലൂടെ, സംഘാടനത്തിലൂടെ, പ്രഭാഷണങ്ങളിലൂടെ കേരളത്തില്‍ ചിത്ര-ശില്‍പ കലകള്‍ക്ക് ഇന്ന് കാണുന്ന നിലയും വിലയും കൊത്തിവെച്ച പെരുന്തച്ചനെപ്പറ്റി ഗംഭീരമായിരുന്നു 2014-ല്‍ ലേറ്റസ്റ്റ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ആ ലേഖനം.
ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലായിരുന്നു ചിത്രകലാ അധ്യാപകനായി ജോലി. അക്കാലത്താണ് മികച്ച അധ്യാപകനുള്ള ഭാരത പുരസ്‌ക്കാരം രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയില്‍ നിന്ന് രാഘവന്‍ മാഷ് സ്വീകരിച്ചത്. സ്വന്തം യു.പി.സ്‌കൂള്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടതിനു പിന്നിലും രാഘവന്‍ മാഷുണ്ട്. പറഞ്ഞാല്‍ തീരാത്തത്ര കാര്യങ്ങളുണ്ട്. വരയിലെ ഒരു വിസ്മയമായിരുന്നു രാഘവന്‍ മാസ്റ്റര്‍. രാഘവന്‍മാസ്റ്ററുടെ പല ശൈലിയിലുമുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് വ്യക്തികളുടെ ഛായാചിത്രങ്ങളാണ്. കറുപ്പിലും വെളുപ്പിലുമുള്ള ഛായാചിത്രങ്ങള്‍. ഇവിടെ ക്യാമറ തോല്‍ക്കുന്നു. ഫോട്ടോഷോപ്പ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ തലകുനിക്കുന്നു. ഇത്തരം ഒറിജിനല്‍ ചിത്രങ്ങളുടെ മാത്രം ഒരു പ്രദര്‍ശനം നടത്തണമെന്ന് പലതവണ ഞാന്‍ നിര്‍ബന്ധിച്ചതാണ്. നടന്നില്ല. എന്നാല്‍ ഒരു പുസ്തകമെങ്കിലും പുറത്തിറക്കും എന്ന് ശഠിച്ചതിന്റെ പേരിലാണ് പിന്നീട് പുസ്തകം യാഥാര്‍ത്ഥ്യമാവുന്നത്. കുത്തിട്ട് കുത്തിട്ട് ഇരുള്‍ വെളിച്ചങ്ങളുടെ ടോണുകള്‍-ലൈറ്റ് ആന്റ് ഷെയിഡ്-സൃഷ്ടിക്കുന്ന ഒരുതരം മാന്ത്രികത ഇതില്‍ കാണാം. അഭ്യാസസിദ്ധമായ ഈ സിദ്ധി ആര്‍ട്ടിസ്റ്റ് ടി.രാഘവന് സ്വന്തം. ക്യാമറയിലെടുത്ത ഒരാളുടെ ഫോട്ടോ കമ്പ്യൂട്ടറിലെ ഫോട്ടോഷോപ്പില്‍ പല ശൈലിയില്‍ വരച്ചതു പോലെ മാറ്റിയെടുക്കാന്‍ കഴിയും. അവിടെയാണ് കമ്പ്യൂട്ടറില്‍ വലിയ പരിചയമില്ലാത്ത മാഷ് കുത്തി, കുത്തി ഈ അത്ഭുതം കാണിച്ചത്.
സത്യസായിബാബ, ജി.ശങ്കരക്കുറുപ്പ്, എസ്.കെ.പൊറ്റക്കാട്, അക്കിത്തം, ഇ.എം.എസ്, എം.ജി.എസ്സ്.നാരായണന്‍, എ.പി.ഉദയഭാനു, യു.എ.ഖാദര്‍, എം.ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, വൈലോപ്പിള്ളി, മഹാകവി പി, എന്‍.എന്‍.കക്കാട്, ഒ.എന്‍.വി, തിക്കോടിയന്‍, മാധവിക്കുട്ടി, അബ്ദുല്‍കലാം ഇങ്ങനെ എത്രയെത്ര പേരുടെ ചിത്രമാണ് കുത്തിട്ട് കുത്തിട്ട് മാഷ് വരച്ചത്.

Related Articles
Next Story
Share it