ആറ് ജീവനുകളെടുത്ത തോണിയപകടത്തിന്റെ നോവൂറുന്ന ഓര്‍മ്മകള്‍...

ചന്ദ്രഗിരി പുഴയിലൂടെ ഉല്ലാസ നൗകയില്‍ സഞ്ചരിച്ചും സായാഹ്നങ്ങളില്‍ ഇളം തെന്നല്‍ ഏറ്റ് പുഴയുടെ സൗന്ദര്യം ആസ്വദിച്ചും കഴിയുന്ന ഇന്നത്തെ തലമുറക്ക് നാലര പതിറ്റാണ്ട് മുമ്പ് നടന്ന ഒരു മഹാദുരന്തത്തെക്കുറിച്ച് അറിയുമോ? 'ബ്രാഹ്മണന്‍ കുഴി' എന്ന് കേട്ടിട്ടുണ്ടോ...?, പുഴയില്‍ ചളയങ്കോട് കടവിനോട് ചേര്‍ന്നുള്ള അന്നും ഇന്നും എല്ലാവരും ഭീതിയോടെ പറയുന്ന ഒരു അഗാധ ഗര്‍ത്തമാണ് അത്. ഇവിടെ നാല്‍പത്തിയെട്ട് വര്‍ഷം മുമ്പ് ആറ് ജീവനുകള്‍ കവര്‍ന്ന ഒരു മഹാദുരന്തം നടന്നു. 1977 ഫെബ്രുവരി 5 ശനിയാഴ്ച രാവിലെ പത്ത് മണിയോട് അടുത്ത നേരത്തായിരുന്നു അത്. രാവിലെ ആയതിനാല്‍ അക്കരെക്ക് തോണി കാത്ത് യാത്രക്കാര്‍ ഒരുപാട് പേരുണ്ടായിരുന്നു. ഓരോ തോണിയിലും അതിന്റെ ശേഷി അനുസരിച്ചുള്ള ആളുകള്‍ കയറുന്ന മുറയ്ക്ക് അത് അക്കര തളങ്കര കടവിലേക്ക് യാത്രക്കാരെയും വഹിച്ച് ഓരോന്നായി നീങ്ങി തുടങ്ങി. അക്കരയിലേക്കുള്ള അടുത്ത ഊഴം അബുവിന്റെ തോണിക്കായിരുന്നു. കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളില്‍ നടക്കുന്ന അറബിക് കലാമേളയില്‍ പങ്കെടുക്കാന്‍ ചന്ദ്രഗിരി സ്‌കൂളിലെ മിടുക്കരായ കുറച്ച് വിദ്യാര്‍ത്ഥികള്‍ ആകാംക്ഷയോടെ തോണിയില്‍ കയറാന്‍ കാത്തിരിക്കുന്നു. ഓരോ കുട്ടികളെയും അബു കൈപിടിച്ച് കയറ്റി തോണിയുടെ പടവില്‍ സുരക്ഷിതമായി ഇരുത്തി. കുട്ടികളെ കൂടാതെ മറ്റു യാത്രക്കാരും തോണിയില്‍ ഇടം പിടിച്ചു. തോണിയുടെ ശേഷിയിലും കൂടുതലായിരുന്നു കയറിയ യാത്രക്കാര്‍. തോണിക്കാരന്‍ അബു മുന്നറിയിപ്പ് നല്‍കി. യഥാസമയത്ത് സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. മറ്റുള്ളവര്‍ക്ക് അവരുടേതായ തിരക്കുകള്‍.

വിനോദയാത്ര പോകുന്ന ആവേശത്തോടെ വിദ്യാര്‍ത്ഥികള്‍ തോണിയിലെ പടവില്‍ ഇരുന്ന് ആ ഭംഗി ആസ്വദിച്ചു. മാപ്പിളപ്പാട്ട് മത്സരത്തിനും അറബിക് പദ്യം ചൊല്ലല്‍, ക്വിസ് മത്സരത്തിലും ഒക്കെ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ മത്സരത്തിന്റെ മാനസിക സംഘര്‍ഷം ഒട്ടും അനുഭവപ്പെടാതെ കൗതുകം നിറഞ്ഞ ആ യാത്ര ആസ്വദിക്കുന്നു. അവര്‍ കൈവിരലുകള്‍ വെള്ളത്തിലിട്ട് ജലചിത്രം വരച്ചും കൈകുമ്പിളില്‍ വെള്ളം കോരി ഒഴിച്ചും ബാല്യത്തിന്റെ കുസൃതികള്‍ കാണിച്ചു. മുതിര്‍ന്നവര്‍ അവരെ ശ്രദ്ധിച്ച് കൊണ്ടിരുന്നു. ചിലര്‍ അവരോട് അടങ്ങി ഇരിക്കാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ദ്ദേശിച്ചു.

അബു മെല്ലെ തോണി തുഴഞ്ഞ് തുടങ്ങി. കരയില്‍ നിന്നും തോണി നല്ല നിലയില്‍ മുമ്പോട്ട് കുതിച്ചു. കവുക്കോല്‍ ഉയര്‍ത്തി വീണ്ടും ആഴത്തില്‍ തുഴഞ്ഞു. തോണി വീണ്ടും മുന്നോട്ട് നീങ്ങി. പുഴയിലേക്ക് വീശുന്ന കാറ്റിന്റെ ദിശ മാറുന്നു. തോണി ബാലന്‍സ് നഷ്ടപ്പെട്ടത് പോലെ ദിശ മാറി ആടിയുലയാന്‍ തുടങ്ങി. തോണിക്കാരന്‍ കവുക്കോല്‍ ഉയര്‍ത്തിയും താഴ്ത്തിയും തന്റെ തുഴയല്‍ തുടര്‍ന്നു. കരയില്‍ നിന്നും അധികം നീങ്ങിയില്ല. ബ്രാഹ്മണന്‍ കുഴിയുടെ ഭാഗത്ത് എത്തിയപ്പോള്‍ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് തോണിയുടെ ഉലച്ചില്‍ കൂടി വന്നു. പിന്നെ പതിയെ തോണി തലകീഴായി മറിഞ്ഞു. നീന്തല്‍ അറിയുന്നവര്‍ ഒരു വിധം നീന്തി കരയ്ക്ക് കയറി. വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ കൈകാലിട്ടടിച്ച് പൊരുതി. ചിലര്‍ ആരെയൊക്കെയോ പൊക്കിയെടുത്ത് രക്ഷപ്പെടുത്തി. മൂന്ന് മുതിര്‍ന്നവരും മൂന്ന് വിദ്യാര്‍ത്ഥികളും ആ അപകടത്തില്‍ മരണപ്പെട്ടു. മരിച്ച ദമ്പതികളുടെ ഒരു വയസ് തികയാത്ത കൈക്കുഞ്ഞിനെ വെള്ളത്തില്‍ നിന്നും വാരിയെടുത്ത് രക്ഷപ്പെടുത്തി.

ഇന്നത്തെ പോലെ വാര്‍ത്താ മാധ്യമങ്ങള്‍ ഒന്നുമില്ലാത്ത അക്കാലത്ത് നാടിനെ നടുക്കിയ ദുരന്തവാര്‍ത്ത ഒരു ചെവിയില്‍ നിന്നും മറുചെവികളിലെക്കായി വ്യാപിച്ചു. കേട്ട വാര്‍ത്ത ശരിയാവല്ലേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് പ്രദേശവാസികള്‍ കടവിലേക്ക് ഒഴുകി. കടവിലെ മണല്‍ കൂനയ്ക്ക് സമീപം നിശ്ചലമായ ആറ് ശരീരങ്ങളെ കിടത്തിയത് കണ്ടവര്‍ ഞെട്ടിത്തരിച്ചു. ഈ അപകട വാര്‍ത്തയറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രദേശം മുഴുവന്‍ സ്തംഭിച്ചുപോയി. മരിച്ചവര്‍ മേല്‍പറമ്പ് എ.എച്ച് ഹസൈനാറിന്റെ മകന്‍ താഹിര്‍ (9 വയസ്), ബി.എച്ച് അബ്ദുല്ലയുടെ മകന്‍ ഇസ്മായില്‍ (9 വയസ്), കളനാട് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (14 വയസ്) എന്നീ വിദ്യാര്‍ത്ഥികളും കളനാട് നഫീസ, ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍, കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു മരപ്പണിക്കാരന്‍ എന്നിവരായിരുന്നു.

നഫീസ-മുഹമ്മദ് കുഞ്ഞി ദമ്പതികളുടെ ഒരു വയസ് തികയാത്ത കൈകുഞ്ഞ് രക്ഷപ്പെട്ടത് എല്ലാവരിലും അത്ഭുതമുളവാക്കി. മാതാപിതാക്കളുടെ മയ്യത്തിന് സമീപം ആ മണല്‍കൂനയില്‍ കിടന്ന് മുലപ്പാലിന് വേണ്ടി കൈകാലിട്ടടിച്ച് കരഞ്ഞത് എല്ലാവരുടെയും കണ്ണ് നനയിപ്പിച്ചു. കാരണവര്‍മാരുടെ തണലില്‍ സലാം എന്ന ആ പിഞ്ചോമന വളര്‍ന്നു. ഇപ്പോള്‍ സലാം മസ്‌കത്തില്‍ ജോലി ചെയ്യുന്നു. ആ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഇപ്പോള്‍ ലണ്ടനിലെ പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ റൗഫ്, മേല്‍പറമ്പ് കളനാട് മെഡിക്കല്‍സ് ഉടമ മൊയ്തീന്‍ കുഞ്ഞി ചെമ്പരിക്ക, ദേളി ഖത്തീബിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍, റഷീദ് അല്‍മദീന മേല്‍പറമ്പ്, അബ്ബാസ് കോഴിത്തിടില്‍ കളനാട് തുടങ്ങിയ വിദ്യാര്‍ത്ഥികളും മാവിലാ മുഹമ്മദ് മരവയല്‍ എന്നവരും.

അറബിക് കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നേരത്തെ തന്നെ ഓരോ മത്സര ഇനങ്ങളിലും സജ്ജരാക്കി ശനിയാഴ്ച രാവിലെ മേല്‍പറമ്പില്‍ നിന്നും വെല്‍ക്കം ബസില്‍ കയറി വരാനായിരുന്നു മാങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞി മാഷ് നിര്‍ദ്ദേശിച്ചിരുന്നത്. മാഷ് രാവിലെ മാങ്ങാട് വഴി വരുന്ന അമീര്‍ ബസില്‍ വരുമെന്നും കാസര്‍കോട് ബസ്സ്റ്റാന്റില്‍ കുട്ടികളെ കാത്തിരിക്കുമെന്നും പറഞ്ഞാണ് തലേന്ന് സ്‌കൂളില്‍ നിന്നും പിരിഞ്ഞത്. മുതിര്‍ന്ന വിദ്യാര്‍ത്ഥി അബ്ദുല്‍ റൗഫിനായിരുന്നു യാത്രയുടെ ചുമതല ഏല്‍പിച്ചിരുന്നത്. തെക്കില്‍ പാലം വഴി കറങ്ങി പോകുന്നതിനേക്കാള്‍ എളുപ്പം കടത്ത് തോണിയിലൂടെ പോകാമെന്നത് കുട്ടികളുടെ തീരുമാനമായിരുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ വേര്‍പാടും മുഹമ്മദ് കുഞ്ഞി മാഷിന് പിന്നീടുള്ള ജീവിതത്തില്‍ മാനസികമായി ഒരുപാട് അലട്ടിയിരുന്നു.

ചളയങ്കോട് തോണി അപകടത്തിന്റെ ഓര്‍മയ്ക്കായി കളനാട് മൊയ്തു എന്നവര്‍ കളനാട് ജുമാ മസ്ജിദിന്റെ എതിര്‍വശം പള്ളിക്ക് വേണ്ടി ഒരു മൂത്രപ്പുര പണിതിരുന്നു. മരിച്ച മുഹമ്മദ് കുഞ്ഞി അദ്ദേഹത്തിന്റെ മകനും താഹിര്‍ ഭാര്യാ സഹോദരി പുത്രനുമാണ്. അകാലത്തില്‍ വിടപറഞ്ഞ മക്കളുടെ സ്മരണയ്ക്കായി പണിത കെട്ടിടം പിന്നീട് പള്ളിയുടെ പീടിക മുറിയായി മാറ്റി. റോഡ് വികസനത്തിന്റെ ഭാഗമായി ആ സ്മാരകം പൊളിച്ച് മാറ്റി. ആ കെട്ടിടം പൊളിച്ച് മാറ്റിയതോടെ വലിയൊരു ദുരന്തത്തിന്റെ ഓര്‍മപത്രമായി ബാക്കിയിരുന്ന സ്മാരകവും ഇല്ലാതായി.

ചെമ്മനാട് പാലം യാഥാര്‍ത്ഥ്യമാവുന്നതിന് മുമ്പ് തളങ്കര, ചളയങ്കോട് കടവുകള്‍ തമ്മില്‍ അക്കരെ ഇക്കരെ താണ്ടാന്‍ വേണ്ടി ധാരാളം കടത്ത് തോണികള്‍ സജീവമായിരുന്നു. മേല്‍പറമ്പ്, കളനാട്, ദേളി, ചെമ്പരിക്ക, കീഴൂര്‍ മുതലുള്ള പ്രദേശങ്ങളെ കാസര്‍കോട് നഗരവുമായി ബന്ധിപ്പിച്ചിരുന്നത് ചളയങ്കോട്-തളങ്കര കടവുകള്‍ തമ്മിലുള്ള ജല ഗതാഗതമായിരുന്നു. നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ടായിരുന്ന യാത്രാ വഴിയായിരുന്നു അത്. സ്വതന്ത്ര ഇന്ത്യക്ക് മുമ്പേ ബ്രിട്ടീഷ് ആധിപത്യ കാലത്തും അതിന് മുമ്പ് നാട്ടുരാജാക്കന്മാര്‍ ഭരിക്കുമ്പോള്‍ എല്ലാം ഈ രണ്ട് പ്രദേശങ്ങളെയും ബന്ധിപ്പിച്ചിരുന്നത് തളങ്കര-ചളയങ്കോട് കടവുകളിലൂടെയുള്ള ജല ഗതാഗതം തന്നെയായിരുന്നു. ഗതാഗത വികസനത്തിന്റെ നാള്‍വഴിയില്‍ നൂറ്റാണ്ടിന്റെ ചരിത്രം പറഞ്ഞിരുന്ന ചളയങ്കോട്- തളങ്കര കടത്ത് തോണികള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. തലമുറകളായി കവുക്കോല്‍ കൈമാറിയ തോണിക്കാരില്‍ അവസാന കണ്ണിയിലുള്ള ഏതാനും പേര്‍ പുഴയുടെ ഓളങ്ങളില്‍ ചരിത്രം രചിച്ച നിര്‍വൃതിയില്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. 1990ല്‍ ചെമ്മനാട് പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നത് വരെ ചളയങ്കോട് കടവിലൂടെയുള്ള തോണി യാത്ര പ്രദേശ വാസികള്‍ തുടര്‍ന്നു. ബ്രാഹ്മണന്‍ കുഴിയും, 'വളഞ്ചന്‍ കെട്ട്' എന്ന് പറയുന്ന കുഴിയും എല്ലാവരെയും ഭയപ്പെടുത്തി കൊണ്ടിരുന്നു. എന്നാലും ചിലരെങ്കിലും ഇടയ്ക്ക് ആ ദുരന്തത്തെ അയവിറക്കാറുണ്ടായിരുന്നു.

സ്വന്തം മക്കളെ നഷ്ട്ടപ്പെട്ട മാതാപിതാക്കളും സഹോദരങ്ങളും നീറുന്ന മനസ്സുമായി അവരുടെ ജീവിതം നയിച്ചു. കാലാന്തരങ്ങളില്‍ അവരില്‍ മിക്കവരും ഈ ലോകത്തോട് വിടപറഞ്ഞു. വീണ്ടും ഒരു ഫെബ്രുവരി അഞ്ച് കടന്നുവന്നപ്പോള്‍ നാലര പതിറ്റാണ്ട് മുമ്പ് നടന്ന ആ ദുരന്തം ഒരിക്കല്‍ക്കൂടി ഓര്‍മയില്‍ തെളിഞ്ഞുവരുന്നു.

Related Articles
Next Story
Share it