സാമൂഹ്യമാധ്യമം എന്ന അപകട മേഖല
നവ സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങിയിട്ട് കാലമേറെയായി. വിവരകൈമാറ്റത്തിനപ്പുറം ഒഴിച്ചുകൂടാനാവാത്ത പ്രധാന ആശയവിനിമയ മാധ്യമമായി ഇപ്പോള്‍ ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ നന്മകളും അതിലേറെ ചതിക്കുഴികളും നിറഞ്ഞ 'ഇ-ലോകം' ഒരേസമയം ആഘോഷങ്ങള്‍ക്കും ആത്മഹത്യയ്ക്കും ഇടം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു വശത്ത് പൗരന്മാരെ ശാക്തീകരിക്കുകയും മറുവശത്ത് ചില ഗുരുതരമായ ആശങ്കകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
പാര്‍ലമെന്റിലും പാര്‍ലമെന്ററി സമിതികളിലും കോടതി ഉത്തരവുകളിലും പൊതുസമൂഹ ചര്‍ച്ചകളിലുമടക്കമുള്ള മേഖലകളില്‍ കാലങ്ങളായി ഈ ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നതിലും സ്ത്രീകളുടെ അന്തസിന് ഭീഷണിയുയര്‍ത്തുന്ന തരത്തിലും കോര്‍പ്പറേറ്റ് ശത്രുതയുടെ ഭാഗമായും സാമൂഹ്യ മാധ്യമങ്ങളുടെ വ്യാപകമായ ദുരുപയോഗമുണ്ട്. അധിക്ഷേപകരമായ ഭാഷയുടെ ഉപയോഗം, അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലവുമായ ഉള്ളടക്കങ്ങള്‍, മതവികാരങ്ങളോട് അനാദരവ് എന്നിവ സാമൂഹ്യ മാധ്യമങ്ങളില്‍ വളരുകയാണ്.
സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായതോടെയാണ് ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സൗഹൃദ ബന്ധങ്ങളും ശക്തമായതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുറ്റുപാടുമുള്ള പ്രശ്‌നങ്ങളും അഭിപ്രായങ്ങളും അഭിരുചികളുമൊക്കെ വളരെ വേഗത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതും സോഷ്യല്‍ മീഡിയയുടെ എടുത്തുപറയേണ്ട ഗുണമാണ്. ഇതിന്റെ വാണിജ്യ ലാഭവും അനന്ത സാധ്യതകളും തിരിച്ചറിഞ്ഞതോടെ കൂടുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ സജീവമാവുകയും വിലപ്പെട്ട സമയം ഇതിലേക്ക് മാറ്റിവെക്കപ്പെടുകയും ചെയ്തു.
ഒരു ഡിജിറ്റല്‍ ഉപയോക്താവ് ഏറ്റവും കുറഞ്ഞത് ഒരു ദിവസം രണ്ടര മണിക്കൂറില്‍ കൂടുതല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ചെലവിടുന്നുണ്ടെന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ വെബ് ഇന്‍ഡക്‌സ് (ഏണക) 2019ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. പക്ഷെ, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന നല്ലൊരു ശതമാനത്തിനും അത് 'എങ്ങനെ ഉപയോഗിക്കണം' എന്നതിനെക്കുറിച്ച് ശരിയായ ബോധ്യമില്ല എന്നതാണ് വസ്തുത. ആ ബോധ്യമില്ലായ്മയാണ് പലപ്പോഴും സമൂഹത്തെ ദോഷകരമായി ബാധിക്കുന്നതും. സാമൂഹ്യ മാധ്യമങ്ങള്‍ എത്ര ഉപകാരപ്രദമാണോ അത്രതന്നെ ഉപദ്രവകരവുമായി മാറുന്നതും അതുകൊണ്ടാണ്.
വിരസത അകറ്റാനും വിവരങ്ങളറിയാനും ഒരുപരിധിവരെ നാം സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നു. മുകളില്‍ പറഞ്ഞതുപോലെ സൗഹൃദങ്ങള്‍ നിലനിര്‍ത്താനും ബന്ധങ്ങള്‍ ദൃഢമാക്കാനും സഹായകരമാകുന്നുണ്ട് എന്നതും ശരിയാണ്. സോഷ്യല്‍ മീഡിയയുടെ സാധ്യത ഉപയോഗപ്പെടുത്തി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് ചിലര്‍ സാമ്പത്തിക വിജയം കൈവരിക്കുന്നുണ്ട്. നഷ്ടങ്ങളിലും വേദനകളിലും പിടയുന്ന മനുഷ്യരുടെ പരിസരം പങ്കുവെച്ച് വിശാലമനസ്‌കരുടെ സഹായം എത്തിച്ചുകൊടുക്കാനും സോഷ്യല്‍ മീഡിയ ഉപകാരപ്പെടുന്നുണ്ട്.
വ്യക്തിജീവിതത്തില്‍ ഗുണകരമായ ഇതുപോലുള്ള എത്രയോ സേവനങ്ങള്‍ സോഷ്യല്‍ മീഡിയമൂലം ലഭ്യമാണെങ്കിലും ഇതിന്റെ ദോഷവശങ്ങളെക്കുറിച്ചും പറയാതിരിക്കാന്‍ വയ്യ.
വര്‍ഗീയ കലാപങ്ങളില്‍
സോഷ്യല്‍ മീഡിയയുടെ പങ്ക്
സോഷ്യല്‍ മീഡിയ ജനാധിപത്യയുഗത്തിന്റെ ശക്തമായ ഉപകരണമാണിപ്പോള്‍. പക്ഷേ, അത് ചിലപ്പോഴൊക്കെ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇന്ധനമാവുന്ന ദുരുപയോഗങ്ങളായി മാറുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ധിച്ചതിനൊപ്പം കലാപങ്ങള്‍ക്കിടയിലുള്ള അതിന്റെ പങ്ക് ഗൗരവമായ വിഷയമായി പലപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടതാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് തെറ്റായ വിവരങ്ങളുടെ (എമസല ിലം)െ പ്രചാരണമാണ്. സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന കുറിപ്പുകള്‍, ആക്ഷേപങ്ങള്‍, മതവിദ്വേഷ പ്രചരണങ്ങള്‍, ചില പോസ്റ്റുകള്‍ക്ക് കീഴെ വരുന്ന അസംബന്ധമായ കമന്റുകള്‍... ഇവയൊക്കെ കലഹത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നു.
മറ്റൊന്ന് വാട്‌സ്ആപ്പ് - ടെലഗ്രാം പോലുള്ള സോഷ്യല്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കൂട്ടക്കൊലകളുടെയും ആക്രമണങ്ങളുടെയും വ്യാജ വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളുമാണ്. സമൂഹത്തില്‍ ഭയവും വിദ്വേഷവും പരത്തി അമിത പ്രതികരണത്തിന് പ്രേരിപ്പിക്കുകയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. അനാവശ്യമായ മതവിവേചനപരമായ കമന്റുകളും ഗ്രൂപ്പുകളിലെ ചര്‍ച്ചകളും പകവികാരങ്ങള്‍ വളര്‍ത്തുകയും അതിവേഗം പ്രചരിക്കുകയും സംഘര്‍ഷത്തിന് ഇന്ധനമാവുകയും ചെയ്യുന്നു.
മൂന്നാമത്തേത് വ്യാജ അക്കൗണ്ടുകളുടെ ഉപയോഗമാണ്. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് മറ്റു മതവിഭാഗങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുക. വ്യക്തിഹത്യ, സമ്മര്‍ദ്ദ തന്ത്രം, ഭീഷണി, ലൈംഗിക ചൂഷണം, വര്‍ഗീയ പ്രചരണം... ഇതുപോലെ പല രൂപങ്ങളില്‍ പ്രൊഫൈല്‍ പൂട്ടിവെച്ച 'തലയില്ലാത്തവരെ' കാണാം. ഇതില്‍ ചിലര്‍ സംഘടിതരാണ്. ഇവരുടെ ഉള്ളടക്കം പലതും ആസൂത്രിതമാണ്. പച്ചയായ സത്യത്തെ പച്ചക്കള്ളമാക്കാനും നുണയെ സത്യമാക്കി അവതരിപ്പിക്കാനും ഇവര്‍ ഓണ്‍ലൈന്‍ കൊട്ടേഷന്‍ സംഘമാകും. എതിരഭിപ്രായം പറയുന്നവരെ കൂട്ടമായി വന്നു വളഞ്ഞിട്ടാക്രമിക്കും. മ്ലേഛമായ ഭാഷയും അസഭ്യമായ വാക്കുകളും കൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും വരുന്നത് കൂടുതലും ഇതുപോലുള്ള വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ്. പരസ്പര വിദ്വേഷം ആളിക്കത്തിച്ച് കലാപങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഇത് കാരണമാകുന്നു. ഇത്തരം വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം സമൂഹത്തില്‍ ഭിന്നത വിതക്കുക എന്നുള്ളതാണ്. അതവര്‍ 'ഭംഗിയായി' നിറവേറ്റിയത് സമീപകാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
രാഷ്ട്രീയ ഭിന്നതകള്‍ അല്ലെങ്കില്‍ വ്യക്തികളുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ചില പോസ്റ്റുകളും കമന്റുകളും ഉദ്ദേശപൂര്‍വ്വം തീവ്രതയോടെ പ്രചരിപ്പിക്കുന്നവരുണ്ട്. ഗ്രൂപ്പുകളില്‍ വരുന്ന സജീവമായ വിവാദങ്ങള്‍ ഉദ്ദേശ്യപൂര്‍വമായും അല്ലാതെയും വലിയ അക്രമസംഭവങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇതുമൂലം മതവിഭാഗങ്ങള്‍ തമ്മിലുള്ള കരുത്തുറ്റ ബന്ധം തകരുകയും പകരം കലാപങ്ങള്‍ക്ക് വഴിയൊരുക്കി സമാധാനമുള്ള പ്രദേശങ്ങള്‍ വരെ അരാജകത്വത്തിലേക്കെത്തുകയും ചെയ്യുന്നു. നമ്മുടെ രാജ്യം വര്‍ഗീയ സഹവാസത്തിന്റെ ചരിത്രം കൊണ്ട് പ്രശസ്തമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളും അതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഇതിന് എന്താണ് പരിഹാരം?
1. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കുകയാണ് ആദ്യം വേണ്ടത്. വിദ്വേഷ പ്രചാരണം തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കണം. വിദ്വേഷം പരത്തുന്ന പോസ്റ്റുകളും കമന്റുകളും വീഡിയോകളും കണ്ടെത്തി നടപടി എടുക്കണം. പ്രൊഫൈല്‍ മറച്ചുവെക്കുന്ന വ്യക്തികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം.
2. ഷെയര്‍ ചെയ്ത് കിട്ടുന്ന വിവരങ്ങള്‍ അതിന്റെ ഗുണ-ദോഷം അറിയാതെ ഫോര്‍വേഡ് ചെയ്യുന്ന നിഷ്‌കളങ്കരാണ്. വിവരങ്ങളുടെ ശരിതെറ്റുകള്‍ അന്വേഷിക്കുകയാണ് അവര്‍ ആദ്യം ചെയ്യേണ്ടത്. സമൂഹത്തില്‍ പടരുന്ന എല്ലാ വാര്‍ത്തകളും നാം ആശ്രയിക്കുന്നതിന് മുമ്പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടതുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ ആദ്യം മനസിലാക്കുന്നവര്‍ അത് തടയാന്‍ ശ്രമിക്കുകയും അതിന്റെ സാമൂഹ്യപ്രത്യാഘാതങ്ങളെക്കുറിച്ച് ഷെയര്‍ ചെയ്തവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
3. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ആഘോഷ കൂട്ടായ്മകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് പൊതുജന ബോധവല്‍ക്കരണം നടത്തുക. സ്‌നേഹവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ഉപദേശിക്കുക.
പൊലീസാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. അവര്‍ മനസുവെച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. സംസ്ഥാനത്തെ സൈബര്‍ സെല്‍ സജീവമാണന്നത് സമ്മതിക്കുന്നു. അപ്പോഴും അവരുടെ മൂക്കിന് താഴെ വിദ്വേഷ കമന്റുകള്‍ വരുന്നുണ്ട്.
വര്‍ഗീയ കലാപങ്ങളില്‍ സോഷ്യല്‍ മീഡിയ വലിയൊരു ഭാഗം വഹിക്കുന്നുണ്ടെങ്കിലും അതിന്റെ ദുരുപയോഗം തടയാന്‍ മനുഷ്യരുടെ കൂട്ടായ ശ്രമമാണ് പ്രധാനമാകുന്നത്. പകയും വിദ്വേഷവും ഇല്ലാത്ത സ്‌നേഹവും സഹകരണവും നിറഞ്ഞ സമൂഹം സൃഷ്ടിക്കാന്‍ നമുക്കും കടമയുണ്ട്.
'സോഷ്യല്‍ മീഡിയ ഒരു ഉപകരണമാണെങ്കിലും അത് ഉപയോഗിക്കുന്നവരുടെ മനസാണ് അതിന്റെ ഗുണ-ദോഷങ്ങള്‍ നിശ്ചയിക്കുന്നത്.'