ആ അനുരാഗ ഗാനം നിലച്ചു

മഞ്ഞലയില്‍ മുങ്ങിതോര്‍ത്തിയ അനുരാഗഗാനം പോലെ തന്റെ ശബ്ദഗരിമ ബാക്കിവെച്ച് പി. ജയചന്ദ്രന്‍ മടങ്ങി. ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ഓരോ ഗാനങ്ങളും ചന്ദനത്തില്‍ കടഞ്ഞെടുത്ത സുന്ദര ശില്‍പമായിരുന്നു. ദേവരാഗമായി മേലേ മേഘത്തേരേറിയ ഗാനങ്ങള്‍ ഹൃദയങ്ങള്‍ തോറും മധുമാരിയായാണ് പെയ്തിറങ്ങിയത്. പലപ്പോഴും അദ്ദേഹത്തിന്റെ തികഞ്ഞ മൗനംപോലും മധുരമായി. ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നപ്പോഴും, മധുചന്ദ്രികയുടെ ഛായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചപ്പോഴും വേറിട്ട് നിന്നു സ്വരമാധുരിയായിരുന്നു ജയചന്ദ്രന്റേത്.

വിവിധ ഭാഷകളിലായി പതിനാറായിരത്തില്‍ പരം ഗാനങ്ങള്‍ ആലപിച്ച ജയചന്ദ്രന്‍ നഖക്ഷതങ്ങള്‍, പരിണയം ഉള്‍പ്പെടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. യേശുദാസ് കത്തിനില്‍ക്കുന്ന കാലത്ത് അദ്ദേഹത്തെ അതിജീവിക്കാന്‍ സമകാലികരും പൂര്‍വസൂരികളും പിന്‍ഗാമികളുമായ ഒരു ഗായകര്‍ക്കും കഴിഞ്ഞില്ല. ആ സുവര്‍ണശബ്ദം അത്രമേല്‍ ശക്തമായിരുന്നു. ഗിരിശൃംഗത്തോളം ഉയരങ്ങളില്‍ നില്‍ക്കുന്ന ദാസിന്റെ സമശീര്‍ഷനായി പതിറ്റാണ്ടുകളോളം നില്‍ക്കാന്‍ എണ്ണത്തില്‍ കുറഞ്ഞ പാട്ടുകളിലൂടെ ജയചന്ദ്രന് സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം. യേശുദാസ് ശബ്ദഗാംഭീര്യം കൊണ്ട് മുന്നേറിയപ്പോള്‍ ജയചന്ദ്രന്‍ ആലാപനത്തിലെ ഭാവാത്മകത കൊണ്ട് തന്റെ കയ്യൊപ്പ് ചാര്‍ത്തി. കഥാസന്ദര്‍ഭവും കഥാപാത്രങ്ങളുടെ വൈകാരികതയെയും പ്രോജ്ജ്വലിപ്പിക്കാന്‍ പര്യാപ്തമാം വിധം അവരുടെ ഉളളറിഞ്ഞ് ഭാവമധുരമായി അദ്ദേഹം പാടി. ഹൃദയദ്രവീകരണശേഷിയുളള പാട്ടുകളായിരുന്നു ജയചന്ദ്രന്റേത്.

കരിമുകില്‍ കാട്ടിലും രജനിതന്‍ വീട്ടിലും കനകാംബരങ്ങള്‍ വാടിയപ്പോഴും പ്രായം നമ്മില്‍ മോഹം നല്‍കി, കാലത്തിനൊപ്പം സംഗീതയാത്ര നടത്തി, അദ്ദേഹം. പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളിയുടെ ജീവരാഗമായിരുന്നു പി. ജയചന്ദ്രന്‍.

പാട്ടിനെ ജീവന്റെ ജീവനാം കൂട്ടുകാരനാക്കിയ അദ്ദേഹം കേരനിരകളാടും ഹരിത ചാരു തീരത്ത് പാട്ടിന്റെ മര്‍ത്യ ഭാഷ കേള്‍പ്പിച്ചു. സംഗീതം ധന്യമാം ഉപാസനയായി. ഈണം പൂത്തനാള്‍ ആസ്വാദകരെ അദ്ദേഹം താമരത്താലിയില്‍ തടവിലാക്കി. യദുകുല രതി ദേവനെ തേടുമ്പോഴും ശിശിരകാല മേഘമിഥുന രതിപരാഗമായി പ്രണയം വിരിയുമ്പോഴും ജയചന്ദ്രന്റെ സ്വരമാധുരി വേണ്ടുവോളം ആസ്വദിച്ചു.

രാസാത്തിയെ കാണാതെ നെഞ്ച് കാറ്റാടി പോലെ ആടുമ്പോള്‍ പ്രണയവും സംഗീതവും ഭാഷയുടെ അതിര്‍വരമ്പ് ലംഘിച്ചു. സംഗീത ഇടവേളകളുണ്ടായപ്പോള്‍ എന്തേ ഇന്നും വന്നീലാ എന്ന സങ്കടത്തിലായി ആരാധകര്‍.

ശബ്ദമാധുര്യം കൊണ്ട് യേശുദാസിന്റെ അടുത്തെത്താന്‍ കഴിയില്ലെന്ന ഉറച്ചബോധ്യം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുതന്നെയാണ് ഭാവസാന്ദ്രതയിലും ആലാപനത്തിന്റെ ആഴം കൊണ്ടും ദാസിനോളം തലപ്പൊക്കമുള്ള ഗായകനായി ജയചന്ദ്രന്‍ വളര്‍ന്നത്. ആ ഗാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രോതാക്കള്‍ അറിയാതെയെങ്കിലും ഓര്‍ത്തുപോകാറുണ്ട്; ഈ ഗാനം ജയചന്ദ്രന് പാടാന്‍ വേണ്ടി മാത്രമായി ഒരുക്കിയതാണോ എന്ന്.

ആയിരക്കണക്കിന് പ്രിയഗാനങ്ങളിലൂടെ അരനൂറ്റാണ്ടിലേറെയായി നമ്മുടെ ഹൃദയങ്ങളില്‍ പി. ജയചന്ദ്രന്‍ നിറഞ്ഞുനിന്നു. നമ്മുടെ നൊമ്പരത്തിലും പ്രണയത്തിലും വിരഹത്തിലും ഉല്ലാസത്തിലുമെല്ലാം എത്രയോവട്ടം കൂട്ടുവന്ന ശബ്ദം. എന്നിട്ടും അദ്ദേഹം എന്തൊക്കെയോ വേദനകളില്‍ നൊന്തിരുന്നു. 'ഏകാന്തപഥികന്‍ ഞാന്‍' എന്ന ആത്മകഥയില്‍ 'ജയചന്ദ്രനോടല്ല ഒരു കലാകാരനോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല' എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ജയചന്ദ്രന്റെ ഹൃദയത്തില്‍ ചോരപൊടിയുന്ന ആ മുറിവുകള്‍ എന്തായിരുന്നു.

ദൃശ്യം, ആമേന്‍, നോട്ടം എന്നീ സിനിമകളില്‍ തന്നെക്കൊണ്ടു പാടിക്കുകയും ഒടുവില്‍ സിനിമയില്‍ എത്തിയപ്പോള്‍ മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുകയും ചെയ്ത വേദനയാണ് അദ്ദേഹം പങ്കുവെച്ചത്. തന്റെ ശബ്ദം വേണ്ടെന്നു വെച്ചതിലല്ല, അക്കാര്യം ഒന്ന് അറിയിക്കാനുള്ള മാന്യത കാട്ടാതിരുന്നതാണു മുറിവേല്‍പ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.

'ഒരു പുതിയ പയ്യനാണ് ദൃശ്യത്തിന് സംഗീതമൊരുക്കിയത്. അയാള്‍ പറഞ്ഞതുപോലെ പലവട്ടം ഞാന്‍ പാടിക്കൊടുത്തു. റെക്കോര്‍ഡിങ് കഴിഞ്ഞു പോകുമ്പോള്‍ അവരെന്നോട് അതൃപ്തിയൊന്നും പറഞ്ഞില്ല. പിന്നീട് പാട്ടുവരുമ്പോഴാണറിയുന്നത് ശബ്ദം മാറ്റിയെന്ന്. ട്രാക്കിലെ വോയ്‌സ് തന്നെ ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ, ഒരു സീനിയറായ കലാകാരന്‍ എന്ന നിലയ്ക്ക് അത് എന്നോട് ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യേണ്ടേ? ഒരിക്കല്‍ക്കൂടി വന്നു പാടിത്തരണമെന്നു പറഞ്ഞാല്‍ ഞാന്‍ ഇവിടെയുള്ള സമയത്താണെങ്കില്‍ ചെയ്തുകൊടുക്കുമായിരുന്നു. ഇതൊന്നും പോരാഞ്ഞ് എന്റെ തെറ്റാണെന്ന് വരുത്താനുള്ള ശ്രമങ്ങളും നടക്കുന്നു-ദൃശ്യത്തില്‍ സംഭവിച്ചതിനെപ്പറ്റി ജയചന്ദ്രന്‍ എഴുതിയതിങ്ങനെയാണ്.

പി. ജയചന്ദ്രന്‍ പോയി. ഇനി മണിവര്‍ണനില്ലാത്ത വൃന്ദാവനം പോലെയാണ് സംഗീതലോകം.

Related Articles
Next Story
Share it