തബലയുടെ ഉപാസകാ, താളാഞ്ജലികള്‍

ചിലപ്പോള്‍ ഭൂവിന്‍ ഹൃത്തുമിടിക്കും

ഗും ഗും നാദം

ചിലപ്പോള്‍ പെരുംതിര തകരും മഹാരവം

.........

ജീവനധാരാധര

രത്‌നവൃഷ്ടിതന്‍ താളം.

ഭാവഭൂതലങ്ങളില്‍ നിറയും മേഘാരാവം.

..........

ചിലപ്പോള്‍ രൗദ്രം, ഘോരം,

ചിലപ്പോള്‍ ശാന്തം, സൗമ്യം

നിലച്ചൂ തബലയും

മൂന്ന് ലോകവുമൊപ്പം.

-സാക്കിര്‍ ഹുസൈന്റെ ചരമക്കുറിപ്പായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ വരികള്‍. ഇതിനപ്പുറം നമുക്ക് വന്ന നഷ്ടത്തെ വിലയിരുത്താന്‍ വാക്കുകളില്ല, വരികളില്ല.

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ താളബോധങ്ങള്‍ നിര്‍ണ്ണയിക്കുന്ന സരോദിനെയും സന്തൂറിനെയും സിത്താറിനെയുമെന്നപോലെ തബലയെയും വെസ്റ്റേണ്‍ മ്യൂസിക്കുമായി സമന്വയിപ്പിച്ചെടുക്കാമെന്ന് തെളിയിച്ച ജീനിയസായിരുന്നു ഡിസംബര്‍ പതിനഞ്ചാം തീയതി നമ്മോട് വിട പറഞ്ഞ ഉസ്താദ് സക്കീര്‍ ഹുസൈന്‍. സാംസ്‌കാരികവും സംഗീതപരവുമായ അതിരുകള്‍ക്കപ്പുറത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മഹാപ്രതിഭ.

ആ വിരലുകളുടെ തുടിപ്പില്‍ നിന്ന് കാറ്റും കൊടുങ്കാറ്റും ഇടിമിന്നലും ജലപ്രവാഹവുമുണ്ടായി. ചാറ്റല്‍ മഴത്തുള്ളികളുടെ മര്‍മ്മരവും പേമാരിയുടെ ഉന്മാദവും ഉണ്ടായി. കുതിരക്കുളമ്പൊടിയൊച്ചകളും മദയാനയുടെ ചിന്നം വിളിയും ഉണ്ടായി. പ്രപഞ്ചത്തിന്റെ ശബ്ദതാളങ്ങള്‍ക്കൊത്തു ചലിച്ചുകൊണ്ട് അത് ദൈവത്തിന്റെ വിരലുകളായി മാറി.

***

തബല വിദ്വാന്‍ അല്ലാഹ് രഖയുടെ മൂത്ത മകനായി 1951ല്‍ ബോംബയിലായിരുന്നു ജനനം. ഏഴാം വയസ്സില്‍ തന്നെ തബലയില്‍ പരിശീലനം തുടങ്ങി. സംഗീത പരിപാടികള്‍ കഴിഞ്ഞ് രാത്രി വളരെ വൈകി വീട്ടിലെത്തുന്ന പിതാവ് തന്നെയായിരുന്നു പരിശീലകന്‍. പരിശീലനം പലപ്പോഴും വെളുക്കുന്നത് വരെ നീളുമായിരുന്നു.

12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ കൊച്ചു സാക്കിര്‍ ഹുസൈന്‍ തുടക്കകാലത്ത് തന്നെ സംഗീതത്തിലെ ഉദിച്ചുയരുന്ന നക്ഷത്രമായി വിശേഷിപ്പിക്കപ്പെട്ടു. നാം സിനിമയിലെ സ്‌ക്രീന്‍ പ്രസന്‍സ് എന്ന് പറയാറുള്ളത് പോലെ സ്റ്റേജില്‍ ഹൃദ്യമായ ഒരു കാഴ്ചയായിരുന്നു സാക്കിര്‍ ഹുസൈന്റെ തബലവായന.

മുഖത്ത് എപ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി കുഞ്ഞുവിരലുകള്‍ക്കൊത്തു തലയും ചലിപ്പിച്ചു കൊണ്ടുള്ള സാക്കിറിന്റെ തബല വായന സംഗീത സദസ്സുകളില്‍ അദ്ദേഹത്തിന് ഏറെ അനുവാചകരെ നേടിക്കൊടുത്തു.

കൗമാരപ്രായമായപ്പോഴേക്കും അദ്ദേഹം സംഗീത ലോകത്ത് ഏറെ പ്രശസ്തനായി മാറിയിരുന്നു. കാഴ്ചയില്‍ ശാന്തമായ പ്രകൃതമായിരുന്നുവെങ്കിലും ആ മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു. സംഗീതത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ താന്‍ എത്തിപ്പിടിക്കേണ്ടതുണ്ട് എന്ന് മനസ്സ് എപ്പോഴും മന്ത്രിച്ച് കൊണ്ടിരുന്നു. പിതാവിന്റെ ഉപദേശങ്ങളെയും വാക്കുകളെയും അദ്ദേഹം മാര്‍ഗദര്‍ശനമായി കരുതിയിരുന്നു. 'കടന്നുവന്നതൊന്നും വഴികളല്ല, ഇനിയും നടക്കാനുള്ളതാണ് വഴികള്‍' എന്ന പിതാവിന്റെ മന്ത്രങ്ങള്‍ എപ്പോഴും കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. പിതാവിന്റെ കൈവിരലുകളില്‍ ദൈവത്തിന്റെ മുദ്രയുണ്ട് എന്നദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. മാഹിമിലെ സെന്റ് മൈക്കിള്‍സ് സ്‌കൂളിലും മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. ഏകാന്തത ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു 40 ദിവസം നീണ്ടുനില്‍ക്കുന്ന ഏകാന്തവാസം നടത്തി. ഒറ്റപ്പെട്ട ഒരു സ്ഥലത്തിരുന്ന് ഒരു ധ്യാനമായി തബല പരിശീലനം തുടങ്ങി. അതുകഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പിതാവ് അല്ലാ രഖയ്ക്ക് പകരക്കാരനായി പണ്ഡിറ്റ് രവി ശങ്കറിനൊപ്പം സംഗീതപരിപാടികള്‍ക്കായി അമേരിക്കയിലേക്ക് പറന്നു. അപ്പോള്‍ വയസ്സ് 18. അമേരിക്കയിലും സംഗീതലോകത്ത് ശ്രദ്ധാ കേന്ദ്രമായി മാറിയ സാക്കിര്‍ ഹുസൈനെ അവിടെ തേടിയെത്തിയത് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ എത്‌നോമ്യൂസിക്കോളജി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ ജോലി.

അധ്യാപകനായി ജോലിക്കൊപ്പം ആഫ്രിക്കന്‍, ചൈനീസ് താള വാദ്യങ്ങളെ കുറിച്ച് പഠിക്കാനുള്ള കോഴ്‌സിനും എന്റോള്‍ ചെയ്തു. പിന്നീട് കാലിഫോര്‍ണിയയിലെ അലി അക്ബര്‍ ഖാന്‍ കോളേജ് ഓഫ് മ്യൂസിക്കില്‍ തബല അധ്യാപകനായി ചേര്‍ന്നു. അവിടെ വെച്ച് അന്റോണിയോ മിന്നികോലയുമായി പരിചയത്തിലായി, 1978ല്‍ അവര്‍ വിവാഹിതനായി.

ഇതിനിടെ ഇന്ത്യന്‍, വെസ്റ്റേണ്‍, ഗ്ലോബല്‍, കലാകാരന്മാര്‍ക്കൊപ്പം സഹകരിച്ച് അദ്ദേഹം തന്റെ കരിയര്‍ വികസിപ്പിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പര്യടനം നടത്തി, ഓരോ വര്‍ഷവും 150ലധികം കച്ചേരികള്‍ നല്‍കി.

1987ല്‍ സാക്കിര്‍ പുറത്തുവിട്ട 'സോളോ ആല്‍ബം' ലോകശ്രദ്ധ നേടി. സംഗീതോപകരണങ്ങളില്‍ അദ്ദേഹം നവീനമായ രീതികള്‍ സൃഷ്ടിച്ചു. 1991ല്‍ 'പ്ലാനറ്റ് ഡ്രം' എന്ന ആല്‍ബത്തില്‍ സഹകരിച്ചു. ഗ്രാമി അവാര്‍ഡ് നേടി. 1996ല്‍ അറ്റ്‌ലാന്റയില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന പരിപാടിക്ക് സംഗീതം രചിക്കുന്നതില്‍ സഹകരിച്ചു.

കരിയറില്‍ മൊത്തം നാല് ഗ്രാമി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍. പദ്മശ്രീ (1988), പദ്മഭൂഷണ്‍ (2002), പദ്മവിഭൂഷണ്‍ (2023) തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഷാജി എം. കരുണ്‍ സംവിധാനം ചെയ്ത 'വാനപ്രസ്ഥം' അടക്കം ഒട്ടേറെ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.

ചലച്ചിത്രങ്ങള്‍ക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേര്‍ന്ന് സംഗീത സംയോജനങ്ങളും നടത്തി. പതിനായിരക്കണക്കിന് വേദികളില്‍ താളവിസ്മയം തീര്‍ത്തു. രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടിയ നൂറിലേറെ ആല്‍ബങ്ങളുടെ ഭാഗമായി. 1989ല്‍ സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരെ സര്‍ഗാത്മക പ്രതിഷേധം സംഘടിപ്പിക്കാന്‍ സഹകരിച്ചു.

ഉസ്താദ് ബിസ്മില്ല ഖാന്‍, പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് വിലായത്ത് ഖാന്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ തുടങ്ങിയ ഉപകരണസംഗീത വിദഗ്ധരെയും പണ്ഡിറ്റ് ഭീംസെന്‍ ജോഷി, പണ്ഡിറ്റ് ജസ്രാജ്, എം. ബാലമുരളികൃഷ്ണ തുടങ്ങിയ പല പ്രഗല്‍ഭന്മാരൊടൊപ്പം വേദിയില്‍ തിളങ്ങി.

ലാളിത്യത്തിന്റെ, വിനയത്തിന്റെ ഭാഷയിലല്ലാതെ അദ്ദേഹം ആരുമായും ഇടപെട്ടിട്ടില്ല. കച്ചേരികള്‍ തുടങ്ങുന്നതിന് മുന്നേ ഗുരുക്കന്മാരെ നമസ്‌കരിച്ചു മാത്രമേ തുടങ്ങിയിരുന്നുള്ളൂ. തബലവാദനത്തിലൂടെ മനുഷ്യരിലും അന്തരീക്ഷത്തിലും സ്‌നേഹത്തിന്റെ, ആഹ്ലാദത്തിന്റെ താളങ്ങള്‍ നിറഞ്ഞുചിരിച്ചു കൊട്ടിക്കയറുന്നത് അദ്ദേഹം ആഹ്ലാദത്തോടെ കണ്ടുനിന്നു. ഒരിക്കല്‍ പരിപാടിയില്‍ ഇരിപ്പിടം കിട്ടാതെ പിരിഞ്ഞു പോകാനിരുന്നവരെ അദ്ദേഹം വേദിയില്‍ നിന്നെഴുന്നേറ്റ് വന്നു 'അവരിത് കേള്‍ക്കട്ടെ, എവിടെ വേണമെങ്കിലും ഇരിക്കട്ടെ' എന്ന് പറഞ്ഞ് വേദിയുടെ വശങ്ങളില്‍ വിളിച്ചിരുത്തി.

സംഗീതത്തിന്റെ സാര്‍വദേശീയവല്‍ക്കരണമായിരുന്നു തന്റെ ലക്ഷ്യമെന്നദ്ദേഹം പ്രഖ്യാപിച്ചു.

ഒരു അകമ്പടി വാദ്യമെന്ന നിലയില്‍ നിന്ന് പിന്തള്ളപ്പെട്ടുപോന്നിരുന്ന തബലയെ സംഗീതലോകത്ത് ശ്രദ്ധേയമാക്കിയതോടൊപ്പം ഇന്ത്യന്‍ ബഹുസ്വരതയെ സാര്‍വലൗകീകമായി പ്രതിനിധാനം ചെയ്യുക കൂടി ചെയ്തു.

താളത്തിന്റെ ഇന്ദ്രജാലമായിരുന്നു സാക്കിര്‍ ഹുസൈന്റെ തബലവായന. ബാസുരിക്കും രുദ്രവീണയ്ക്കും ഷെഹനായ്ക്കും സാരംഗിക്കും സന്തൂറിനും സിതാറിനും സരോദിനും ഒപ്പം ഇന്ത്യന്‍ സംഗീതത്തിലും വീണയ്ക്കും പുല്ലാങ്കുഴലിനും മൃദംഗത്തിനുമൊപ്പം കേരളീയ സംഗീതത്തിലും പിന്നെ ജാസ് ഗിറ്റാറിനും വയലിനും പിയാനോയ്ക്കുമൊപ്പം പാശ്ചാത്യ സംഗീതത്തിലും കത്തിക്കയറുന്ന തബലമേളത്തിന്റെ മന്ത്രവാദം സാക്കിര്‍ ഹുസൈനറിയാമായിരുന്നു.

തബലയുടെ പൂര്‍വികന്മാരായ ധോല്‍, ധോലക്, ഖോ, ദുഗ്ഗി, നാല്‍ എന്നിവ അതീവ ചാതുര്യത്തോടെ വായിക്കുമായിരുന്നു. ഹിന്ദുസ്ഥാനിയോടൊപ്പം ഏഷ്യന്‍ പാശ്ചാത്യ സംഗീതങ്ങളേയും ഒപ്പം ദക്ഷിണേന്ത്യന്‍ സംഗീതത്തെയും പലതരം നാടോടിസംഗീതത്തെയും അതതിന്റെ സ്വത്വപരമായ സവിശേഷതകളോടെ ഒന്നിച്ചു കൊണ്ടുപോകാനുള്ള സര്‍ഗവിശാലമായ മനസ്സാണ് സാക്കിര്‍ ഹുസൈന്റെ പ്രത്യേകത.

ഇസ്ലാം വിശ്വാസിയാണെങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിച്ചു. ഭാര്യ അന്റോണിയോ മിനെകോളെ ക്രിസ്തുമത വിശ്വാസിയാണ്.

'തബലയില്‍ ആയിരം ദേശാടനപ്പക്ഷികളുടെ ദൂരദൂരമാം ചിറകടി പെരുകി'യെന്ന വരികള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് 'ഗസല്‍' എന്ന കവിതയില്‍ കുറിച്ചത് ചിലപ്പോള്‍ സാക്കിര്‍ ഹുസൈന്റെ തബലവാദനത്തെ വിശേഷിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും.

ആ കൈവിരലുകള്‍ക്കൊപ്പം ഒരായിരം ദേശാടനപ്പക്ഷികളുടെ ചിറകടികളും നിലച്ചു. ബഹുസ്വരസംഗീതത്തിന്റെ ആ താളങ്ങള്‍ക്ക്, ഓര്‍മയില്‍ തുടിക്കുന്ന ധിമിധിം തബലവാദ്യങ്ങള്‍ക്ക് താളാഞ്ജലികള്‍.

അബു ത്വാഈ
അബു ത്വാഈ - Abu Thwayi  
Related Articles
Next Story
Share it