കടന്നുപോയ വഴികളിലെല്ലാം പൂക്കള്‍ വിതറിയ ഒരാള്‍...
ചിലര്‍ നടന്നുപോയ വഴികളില്‍ പൂക്കള്‍ നിരന്നുനില്‍ക്കുന്നത് കാണാം. ആ പൂക്കള്‍ക്ക് നല്ല നിറവും സുഗന്ധവുമാണ്. ടി.ഇ അബ്ദുല്ല കടന്നുപോയ വഴികളിലും നിറയെ പൂക്കള്‍ നറുമണം വിതറി നില്‍ക്കുന്നത് നാം കണ്ടു; സന്ധ്യാരാഗം ഓഡിറ്റോറിയവും മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളും വനിതാഭവനും കുറെ റോഡുകളും ഉദ്യാനങ്ങളും പിന്നെ, ഹമീദലി ഷംനാടിനോട് ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയ മുനിസിപ്പല്‍ ടൗണ്‍ ഹാളും സ്റ്റേഡിയവും പുതിയ ബസ്സ്റ്റാന്റും... അങ്ങനെയങ്ങനെ നിറയെ പൂക്കള്‍. ടി.ഇ അബ്ദുല്ലയുടെ വേര്‍പാടിന് നാളെ രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2023 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് കണ്ട ഏറ്റവും വലിയ ജനാവലിയാണ്; നിശബ്ദ സേവനത്തിലൂടെ കാസര്‍കോട് നഗരത്തിന്റ വികസനത്തിന് ചുക്കാന്‍ പിടിച്ച ടി.ഇ അബ്ദുല്ലക്ക് വിട നല്‍കാനായി എത്തിയത്. മുസ്ലിംലീഗിന്റെ ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭയുടെ മുന്‍ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്ദുല്ല സ്മരിക്കപ്പെടുന്നത് കാസര്‍കോട് നഗരത്തിന്റെ വികസന ശില്‍പികളില്‍ പ്രമുഖനുമായ ഒരു നേതാവായിരുന്നു എന്ന നിലയിലാണ്. കാസര്‍കോട് നഗരത്തില്‍ എണ്ണിപ്പറയാന്‍ മാത്രം വികസനനേട്ടങ്ങളുടെ വലിയ പട്ടികയൊന്നും ഇല്ലെങ്കിലും ഉള്ളവയെ നോക്കി, ഇത് നമ്മുടെ ടി.ഇ അബ്ദുല്ലയുടെ സംഭാവനയാണെന്ന് എല്ലാവരും ഉച്ചത്തില്‍ പറയുന്നത് അദ്ദേഹം ഇവിടെ ബാക്കിവെച്ചുപോയ പൂക്കളുടെ സുഗന്ധം കൊണ്ട് തന്നെയാണ്. കൂറ്റന്‍ ഹര്‍മ്യങ്ങളും കോണ്‍ക്രീറ്റ് കാടുകളും മാത്രമല്ല വികസനമെന്ന് ടി.ഇ അബ്ദുല്ല തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശ്രമഫലമായി കാസര്‍കോടിന് ഹൃദ്യമായ കുറെ സാംസ്‌കാരിക പരിപാടികളും കിട്ടി. ടി.ഇ അബ്ദുല്ല മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കാലത്ത് കാസര്‍കോട്ട് സംഘടിക്കപ്പെട്ട സാംസ്‌കാരിക വേദികളുടെ എണ്ണം നിരവധിയാണ്. സാഹിത്യവും നാടകവും ചിത്രരചനയും തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍. അദ്ദേഹം വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നില്ല. നിരന്തരം വായിക്കാന്‍ സമയം കണ്ടെത്തിയിരുന്ന പുസ്തക പ്രേമികൂടിയായിരുന്നു. പുസ്തകങ്ങളില്‍ നിന്ന് അദ്ദേഹം അനേകം അറിവുകള്‍ വാരിയെടുത്തു. അഹ്മദ് മാഷും റഹ്മാന്‍ തായലങ്ങാടിയും സി. രാഘവന്‍ മാഷും അടക്കമുള്ള സാഹിത്യ-സാംസ്‌കാരിക നായകരുമായുള്ള ആത്മബന്ധം അദ്ദേഹത്തിന്റെയുള്ളില്‍ പതിവ് രാഷ്ട്രീയക്കാരില്‍ കാണാത്ത ഒരുതരം സാംസ്‌കാരിക ബോധം നിറച്ചു. പുസ്തകങ്ങളെ അലങ്കാരത്തിന് വീട്ടിലെ അലമാരയില്‍ നിറയ്ക്കുന്നവരില്‍ നിന്ന് വിഭിന്നനായി പുസ്തകങ്ങളെ നിരന്തരം തേടിച്ചെന്ന് വായിക്കുന്ന ഒരു വായനാപ്രിയം അബ്ദുല്ലയെ വ്യത്യസ്തനാക്കി. 66-ാം വയസിലാണ് ടി.ഇ അബ്ദുല്ല വിട വാങ്ങുന്നത്.
സൗമ്യനും പക്വമതിയും എല്ലാത്തിലുമുപരി കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച നേതാവുമായ ടി.ഇ അബ്ദുല്ല വാപ്പ ടി.എ ഇബ്രാഹിം സാഹിബിന്റെ (മുന്‍ എം.എല്‍.എ) കൈപിടിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്. വാപ്പയുടെ മകന്‍ തന്നെയെന്ന് സമൂഹം ഉറക്കെ വിളിച്ചുപറയാന്‍ മാത്രം വിശുദ്ധിയും ഈ മകനുണ്ടായിരുന്നു. കാസര്‍കോട്ട് വരുമ്പോഴൊക്കെ വാപ്പയോടൊപ്പം വീട്ടില്‍ വരുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ കണ്ട്, കേട്ടുവളര്‍ന്ന ടി.ഇ അബ്ദുല്ല മുസ്ലിംലീഗ് പ്രസ്ഥാനത്തിന് പ്രഭ പകര്‍ന്ന നേതാവാണ്. ഒരു നേതാവിന് വേണ്ട പക്വതയും സൗമ്യതയുമൊക്കെ സദാ പൂത്തുലഞ്ഞ് നിന്നു. കാസര്‍കോടിന്റെ ചരിത്രം പറയുമ്പോള്‍ ആ ചരിത്രവുമായി ഹൃദയബന്ധമുള്ള രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമായിരുന്നു ടി.ഇ അബ്ദുല്ല. നഗരഭരണത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മികവും പ്രാവിണ്യവും തന്നെയാണ് മൂന്നുതവണ അദ്ദേഹത്തെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ പദവിയിലെത്തിച്ചത്. നഗരസഭാ പരിധിയില്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ മറ്റ് നഗരസഭകള്‍ക്ക് മാതൃകയായിരുന്നു. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഇ-പേയ്‌മെന്റ്, ഷീ ടാക്‌സി തുടങ്ങിയ പദ്ധതികള്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് ടി.ഇ അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു. പ്രദേശിക തലത്തില്‍ ജലസ്രോതസുകള്‍ കണ്ടെത്തി ടാങ്കുകള്‍ സ്ഥാപിച്ച് ഓരോ പ്രദേശത്തും 15 മുതല്‍ 25 വരെയുള്ള കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പ്രദേശിക കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചതും ടി.ഇ അബ്ദുല്ലയാണ്. ജനറല്‍ ആസ്പത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും നഗരത്തില്‍ പരക്കെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ സ്ഥാപിച്ചും മുനിസിപ്പല്‍ സ്റ്റേഡിയത്തിന് പവലിയന്‍ നിര്‍മ്മിച്ചും ടി.ഇ അബ്ദുല്ല തന്റെ ഭരണമികവ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്ത് മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ കാസര്‍കോട് നഗരസഭാ കാര്യാലയത്തിന്റെ പൂമുഖത്ത് അലങ്കാരമായി നിറഞ്ഞത്. മിതവും മൃദുവുമായ സംസാരരീതി, എപ്പോഴും പുഞ്ചിരിതൂകുന്ന മുഖം, ഏത് വേദിയിലും ഏത് വിഷയവും ആധികാരികമായി സംസാരിക്കാനുള്ള കഴിവ്, ഏത് സംഘടനയുടെ നേതൃത്വവും പക്വമതിയായി കൈകാര്യം ചെയ്യാനുള്ള പാടവം... ടി.ഇ അബ്ദുല്ലയില്‍ സമ്മേളിച്ച ഗുണങ്ങള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ നിരവധി സംഘടനകളുടെ നേതൃനിരയില്‍ അബ്ദുല്ല ഉണ്ടായിരുന്നു.