ഗവാസ്‌കര്‍ വന്നു, കണ്ടു, കീഴടക്കി

കാസര്‍കോടന്‍ ജനതയുടെ ഹൃദയം നിറഞ്ഞ സ്‌നേഹം ഏറ്റുവാങ്ങി പത്മഭൂഷണ്‍ സുനില്‍ ഗവാസ്‌കര്‍ മടങ്ങി. കാസര്‍കോട് കണ്ട ഏറ്റവും മനോഹരവും ആവേശകരവുമായ വരവേല്‍പ്പാണ് ഇന്ത്യയുടെ എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസമായ ഗവാസ്‌കറിന് ലഭിച്ചത്. കാസര്‍കോടിന്റെ സ്‌നേഹം തന്നെ വീര്‍പ്പുമുട്ടിച്ചുവെന്നും ഈ മണ്ണിനെ ഒരിക്കലും മറക്കില്ലെന്നും വികാരഭരിതനായി അദ്ദേഹം പറഞ്ഞു.

കാസര്‍കോട് നഗരസഭയുടെ ആദരവ് ഏറ്റുവാങ്ങാനും മുനിസിപ്പല്‍ സ്റ്റേഡിയം റോഡിന് തന്റെ പേര് നാമകരണം ചെയ്യാനുമാണ് ഗവാസ്‌കര്‍ ഇന്നലെ കാസര്‍കോട്ട് എത്തിയത്. പുലര്‍ച്ചെ 5 മണിയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം താജ് വിവാന്തയില്‍ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 1.10നാണ് ആത്മസുഹൃത്ത് ഖാദര്‍ തെരുവത്തിന്റെ വിദ്യാനഗറിലെ വീട്ടില്‍ എത്തിയത്. ഖാദര്‍ തെരുവത്തും മകള്‍ സൈദയും സഹോദരന്‍ ബഷീറും ബന്ധു ഷരീഫ് മദീനയും ചേര്‍ന്ന് ഗവാസ്‌കറെ വരവേറ്റു. തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ ഒരു അഭിമുഖത്തില്‍ വ്യാപൃതനായി. ഗവാസ്‌കറെ കാണാന്‍ ഖാദര്‍ തെരുവത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധി പേര്‍ എത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഖാദര്‍ തെരുവത്തിന്റെ വീട്ടുവളപ്പില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മ്യൂസിയം അദ്ദേഹം സന്ദര്‍ശിച്ചു. 4 മണിയോടെ ഗവാസ്‌കര്‍ വിദ്യാനഗറിലെ സ്റ്റേഡിയം ജംഗ്ഷനിലേക്ക് തിരിച്ചു. അവിടെ നൂറുകണക്കിന് ആരാധകര്‍ അഭിമാനതാരത്തെ വരവേല്‍ക്കാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടത്തിന്റെ അണപൊട്ടിയ ആവേശത്തിനിടയിലേക്ക് നിറഞ്ഞ പുഞ്ചിരിയുമായി ഗവാസ്‌കര്‍ വന്നിറിങ്ങിയപ്പോള്‍ സണ്ണി ഗവാസ്‌കര്‍ എന്നും ലിറ്റില്‍ മാസ്റ്റര്‍ എന്നും വിളിച്ച് ആരാധകവൃന്ദം ആര്‍പ്പുവിളികളോടെ അദ്ദേഹത്തെ വരവേറ്റു. ആരാധകരുടെ തിരക്ക് മൂലം അല്‍പനേരം അദ്ദേഹത്തിന് കാറില്‍ നിന്നിറങ്ങാനോ മുന്നോട്ട് നീങ്ങാനോ കഴിഞ്ഞില്ല. ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും മറ്റ് സുരക്ഷാ ജീവനക്കാരും നന്നേ പാടുപെട്ടാണ് അദ്ദേഹത്തെ റോഡിന്റെ നാമകരണം നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചത്. ആകാശത്ത് നിന്ന് പറന്നിങ്ങിയ വര്‍ണ്ണകടലാസുകള്‍ ജനക്കൂട്ടത്തെ പൊതിഞ്ഞതോടെ ഗവാസ്‌കര്‍ ഉദ്ഘാടനം കര്‍മം നിര്‍വഹിച്ച് തുറന്ന വാഹനത്തില്‍ കയറി. ഖാദര്‍ തെരുവത്തും സൈദ അബ്ദുല്‍ ഖാദറും ഈ വാഹനത്തില്‍ ഉണ്ടായിരുന്നു. മറ്റൊരു തുറന്ന വാഹനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗവും സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ ടി.എ ഷാഫിയും അനുഗമിച്ചു. റോഡിന് ഇരുവശത്തും തടിച്ച് കൂടിയ ജനക്കൂട്ടത്തെ ഗവാസ്‌കര്‍ കൈവീശി സ്‌നേഹമറിയിച്ചു.

സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. പലരും ലിറ്റില്‍ മാസ്റ്ററുടെ വീഡിയോയും ഫോട്ടോയും എടുക്കാന്‍ മത്സരിച്ചു. വാദ്യമേളം ഘോഷയാത്രക്ക് മാറ്റുകൂട്ടി.

തൊട്ടടുത്ത റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ഗവാസ്‌കറെ കാണാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഗവാസ്‌കര്‍ എത്തുമ്പോഴേക്കും ഹാള്‍ നിറഞ്ഞുകവിഞ്ഞു. ഹാളില്‍ ഒരുക്കിയ ബിഗ് സ്‌ക്രീനില്‍ 'സുനില്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ്' എന്ന നാമകരണം തെളിഞ്ഞതോടെ ഹാളില്‍ നിലക്കാത്ത ഹര്‍ഷാരവം മുഴങ്ങി. ഗവാസ്‌കറിന്റെ പ്രസംഗം നിലയ്ക്കാത്ത കയ്യടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്. കേരള ക്രിക്കറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും പ്രതീക്ഷകളും മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നതായി. കാസര്‍കോടിന്റെ സ്‌നേഹം തന്നെ വികാരഭരിതനാക്കുന്നുവെന്നും തന്റെ നാട്ടില്‍ പോലും തന്റെ പേര് കൊത്തിവെച്ചിട്ടില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞപ്പോള്‍ കയ്യടിയുടെ താളമേറി.

ചടങ്ങ് കഴിഞ്ഞ് ഖാദര്‍ തെരുവത്തിന്റെ വീട്ടില്‍ തിരിച്ചെത്തിയ ഗവാസ്‌കര്‍ ചായ സല്‍ക്കാരത്തിന് ശേഷം ആറരയോടെ ഫക്രുദ്ദീന്‍ കുനിലിനൊപ്പം മംഗളൂരു വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

സംസാരിച്ചതൊക്കെയും കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയെ കുറിച്ച്

രഞ്ജി ക്രിക്കറ്റിലെ സെമിയില്‍ കേരളം അവിസ്മരണീയമായ വിജയം കുറിക്കുമ്പോള്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം പത്മഭൂഷണ്‍ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ മംഗളൂരുവില്‍ നിന്ന് കാറില്‍ കാസര്‍കോട്ടേക്ക് തിരിച്ചിരുന്നു. കാസര്‍കോടിന്റെ മണ്ണില്‍ കാലുകുത്തി അദ്ദേഹം എല്ലാവരോടും സംസാരിച്ചത് കേരള ക്രിക്കറ്റിന്റെ വിസ്മയകരമായ വളര്‍ച്ചയെ കുറിച്ച്. രഞ്ജി ക്രിക്കറ്റിലെ മിന്നുന്ന വിജയത്തെ കുറിച്ചും. ആത്മസുഹൃത്ത് ഖാദര്‍ തെരുവത്തിന്റെ വിദ്യാനഗറിലെ വീട്ടില്‍ വെച്ച് ഉത്തരദേശത്തോട് സംസാരിക്കുമ്പോഴും അദ്ദേഹം വാചാലനായത് കേരള ക്രിക്കറ്റ് ടീം അടുത്ത കാലത്ത് കൈവരിച്ച മഹാ വിജയങ്ങളെ കുറിച്ച് തന്നെ. രഞ്ജി മത്സരത്തില്‍ കാസര്‍കോടിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനത്തെയും ഗവാസ്‌കര്‍ പരാമര്‍ശിച്ചു.

റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ സ്വീകരണത്തിലും ഗവാസ്‌കര്‍ വാചാലനായത് കേരള രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന്റെ മുന്നേറ്റത്തെ കുറിച്ച് തന്നെയാണ്.



പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉപഹാരം ഗവാസ്‌കറിന് ഖാദര്‍ തെരുവത്ത് കൈമാറുന്നു









Related Articles
Next Story
Share it