തിരുമുടിയുയരുന്ന തെയ്യക്കാലം...
എന്റെ തവരത്തമ്പുരാനെ... എന്ന് തെയ്യം മൂന്നുരു നീട്ടി വിളിച്ചു. പിന്നീടാണ് ജന്മിത്തമ്പുരാനെ വിളിച്ചത്. ഇതില്‍ അപമാനം തോന്നിയ ജന്മി തെയ്യം കഴിഞ്ഞപ്പോള്‍ തെയ്യക്കാരനോട് അതിന്റെ കാരണം ചോദിച്ചു. പഞ്ഞക്കര്‍ക്കിടക മാസത്തില്‍ കുടുംബം പട്ടിണിയായപ്പോള്‍ തെയ്യക്കാരന്‍ ജന്മിയോട് കുറച്ചു നെല്ല് ചോദിച്ചു. ജന്മി സഹായിച്ചില്ല. വഴിവക്കില്‍ വളരുന്ന തകര പറിച്ചു വേവിച്ചു കഴിച്ചാണ് അന്ന് പട്ടിണി മാറ്റിയത്. പട്ടിണി മാറ്റാന്‍ സഹായിച്ചത് കൊണ്ടാണ് തവരത്തമ്പുരാനെ ആദ്യം വിളിച്ചതെന്ന് തെയ്യക്കാരന്‍ പറഞ്ഞു. ദളിതന്റെ പ്രതിഷേധം ഇത്രമേല്‍ ആവിഷ്‌കരിക്കാന്‍ പറ്റിയ മറ്റൊരു അനുഷ്ഠാനകലാരൂപമില്ല. കാരണം തെയ്യക്കാരന്‍ തെയ്യമായാല്‍ പിന്നെ ജന്മിമാര്‍ തൊഴുതു നില്‍ക്കും.
'നിങ്ങളെ കൊത്തിയാലും
ചോരല്ലേ ചൗവ്വറെ
ഞങ്ങളെകൊത്തിയാലും
ചോരല്ലേ ചൗവ്വറെ...'
എന്ന് ജാതിമേധാവിത്വത്തിന്റെ നേര്‍ക്കു നോക്കി ചോദിക്കാന്‍ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പാട്ടിലൂടെ കൂര്‍മ്മല്‍ എഴുത്തച്ഛന് ധൈര്യം പകര്‍ന്നത് തെയ്യം എന്ന അനുഷ്ഠന കലയുടെ ശക്തിയാണ്. രാക്ഷസനെ മനുഷ്യനും മനുഷ്യനെ ദേവനുമാക്കാനുള്ള മാന്ത്രികവിദ്യ കലയ്ക്ക് ഉണ്ടെന്നതിന്റെ ഉത്തമ നിദര്‍ശനമാണ് തെയ്യങ്ങള്‍. തെയ്യങ്ങളില്‍ ചിത്രമുണ്ട്, ചരിത്രമുണ്ട്, സംഗീതമുണ്ട്, താളമുണ്ട്, നൃത്തമുണ്ട്, നാട്യം ഉണ്ട്. ഇങ്ങനെ സകല കലകളുടെയും മേളനമാണ് തെയ്യം കല. അത് അനുഷ്ഠാനവും ആരാധനയുമാവുമ്പോള്‍ ഒരു ദേശത്തിന്റെ അനിവാര്യതയാകുന്നു.
വടക്കന്‍ കേരളത്തില്‍ തുലാപ്പത്തിന് പത്താമുദയത്തോടെ തെയ്യക്കാലത്തിന്റെ ആരംഭം കുറിക്കും. പുന്നെല്ലും പുത്തരിയുമായി കാര്‍ഷിക സമൃദ്ധിയുടെ വിളവെടുപ്പുത്സവ കാലം ഐശ്വര്യങ്ങളുടെ ദേവതകളുടെ എഴുന്നള്ളത്തുകാലം കൂടിയാണ്.
വീടുകളില്‍, തറവാടുകളില്‍, കാവുകളില്‍, ക്ഷേത്രങ്ങളില്‍ എല്ലാം വിധിയാം വണ്ണം തെയ്യങ്ങള്‍ നിറഞ്ഞാടും. കളിയാട്ടങ്ങളും പെരുംകളിയാട്ടങ്ങളും നാടിന്റെ മഹോത്സവമായി കൊണ്ടാടപ്പെടും. ഒരു ജനതതിയുടെ വിശ്വാസം എന്നതില്‍ ഉപരി ഒരു നാടിന്റെ വിവിധ തൊഴില്‍ ഇടങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെ അവയുമായി ബന്ധപ്പെട്ട പാരമ്പര്യ തൊഴിലാളികളുടെ ജീവിതോപാധികൂടിയാണ് കളിയാട്ടങ്ങള്‍.
കോലധാരികളായ വിവിധ സമുദായക്കാര്‍ കൂടാതെ വാദ്യക്കാര്‍, വെളിച്ചപ്പാടന്മാര്‍, കലശക്കാര്‍, ആയുധം ഉണ്ടാക്കുന്ന കൊല്ലന്മാര്‍, ആരാധനാലയം പണിയുന്ന തച്ചന്മാര്‍ എന്നിങ്ങനെ വിവിധ തൊഴില്‍ മേഖലയില്‍ പെട്ട ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ്മയുടെ ആഘോഷമാണ് കളിയാട്ടം. കളിയാട്ടത്തിന് എല്ലാദിവസവും പതിനായിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കുന്നു എന്ന പുണ്യ പ്രവൃത്തിയും നടന്നുവരുന്നു.
വിഷ്ണുമൂര്‍ത്തി എന്ന പരദേവതയാണ് വീടുകളിലും തറവാടുകളിലും സര്‍വ്വസാധാരണമായി കെട്ടിയാടാറുള്ളത്. കളിയാട്ടക്കാവുകളില്‍ ഉപദൈവമായും വിഷ്ണുമൂര്‍ത്തി കെട്ടിയാടപ്പെടുന്നു. പൊട്ടന്‍ തെയ്യം, ഗുളികന്‍ തെയ്യം, കാലിച്ചേകോന്‍ തെയ്യം, കുറത്തി, ബാലിത്തെയ്യം എന്നിങ്ങനെ ഓരോ തെയ്യങ്ങള്‍ക്കും പ്രത്യേകം ദൈവസ്ഥാനങ്ങളും ഉണ്ട്. ഉത്തരകേരളത്തിലെ പാവങ്ങളുടെ കണ്‍കണ്ട ദൈവമാണ് മുത്തപ്പന്‍ തെയ്യം. പറശിനി മടപ്പുരയും കുന്നത്തൂര്‍ പാടിയും പുരളിമലയും ആണ് മുത്തപ്പന്‍ തെയ്യത്തിന്റെ മുഖ്യ ആരൂഢസ്ഥാനങ്ങള്‍. കണ്ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രധാന റെയില്‍വെ സ്റ്റേഷനുകളോട് ബന്ധപ്പെട്ട് മുത്തപ്പന്‍ മടപ്പുരകള്‍ ഉണ്ട്. ഇവിടങ്ങളിലും കാലങ്ങളായി മുത്തപ്പന്‍ കെട്ടിയാടാറുണ്ട്. വീടുകളില്‍ നേര്‍ച്ചയായും മുത്തപ്പന്‍ കോലം കെട്ടിയാടുന്നു.
പ്രധാനമായി ഒന്നുകുറെ നാല്‍പത് അതായത് മുപ്പത്തി ഒന്‍പതു തെയ്യക്കോലങ്ങള്‍ ഉണ്ട്. പ്രാദേശികമായി കണക്കാക്കിയാല്‍ 214 ആണ്‍ തെയ്യങ്ങളും 402 പെണ്‍തെയ്യങ്ങളും ഉണ്ട്. കെട്ടിക്കോലമില്ലാത്ത തെയ്യസങ്കല്‍പങ്ങളും ഉണ്ട്. വിഷ്ണു, ശിവന്‍, ലക്ഷ്മി, പാര്‍വതി എന്നീ ദൈവസങ്കല്‍പങ്ങളെ കൂടാതെ പ്രാദേശികമായ പടവീരന്മാരും രക്തസാക്ഷികളും ധീരവനിതകളും വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങളും തെയ്യക്കോലമായിട്ടുണ്ട്.
കാഞ്ഞങ്ങാട് പാണത്തൂര്‍ കര്‍ണാടക അതിര്‍ത്തിയിലുള്ള മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം തെയ്യക്കോലങ്ങളുടെ വൈവിധ്യത്തില്‍ ശ്രദ്ധേയമാണ്. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തില്‍ മുന്നായര്‍ ഈശ്വരന്‍, തുളൂര്‍വനത്തു ഭഗവതി, ക്ഷേത്രപാലകന്‍, അടര്‍ഭൂതം, പുലിമാരന്‍, വേട്ടക്കൊരുമകന്‍ എന്നിങ്ങനെ 101 തെയ്യങ്ങളാണ് കെട്ടിയാടുന്നത്. കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവ് കലശോത്സവം സാധാരണ ജൂണ്‍ മാസത്തില്‍ ആണ് നടക്കാറുള്ളത്. തിരുവര്‍ കാവ് ഭഗവതി, ക്ഷേത്രപാലന്‍, മാഞ്ഞാളമ്മ, സോമേശ്വരി, കാളരാത്രി, വേട്ടുവചേകവന്‍, ചുഴലി ഭഗവതി എന്നിങ്ങനെ നിരവധി തെയ്യങ്ങള്‍ മാടായിക്കാവ് കലശോത്സവത്തോടനുബന്ധിച്ച് കെട്ടിയാടാറുണ്ട്.
തലശ്ശേരി ധര്‍മ്മടം അണ്ടല്ലൂര്‍ക്കാവ് തിറ ഉത്സവം. ഏഴുദിവസം നീണ്ടുനില്‍ക്കുന്നതാണ്. പ്രധാന ആരാധനാമൂര്‍ത്തിയായ ദൈവത്താര്‍ ഉള്‍പ്പെടെ അങ്കക്കാരന്‍, ബപ്പൂരാന്‍ അതിരാളന്‍ തെയ്യവും രണ്ടു മക്കളും (സീതയും മക്കളും) തൂവക്കാരി, മലക്കാരി, വേട്ടയ്‌ക്കൊരുമകന്‍, പൊന്‍മകന്‍, പുതുച്ചേകവന്‍, നാക്കണ്ഠന്‍, നാപ്പോതി, ചെറിയ ബപ്പൂരാന്‍ എന്നിങ്ങനെ നിരവധി തെയ്യങ്ങള്‍ ഇവിടെ കെട്ടിയാടാറുണ്ട്. പനയാല്‍ പെരുന്തട്ടയില്‍ 42 അടി ഉയരമുള്ള മുടിയുമായി 21 പടികള്‍ കയറുന്ന പെരുന്തട്ട ചാമുണ്ഡിയാണ് പ്രധാന തെയ്യം. ആര്യക്കര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നി തെയ്യക്കോലങ്ങളും കെട്ടിയാടപ്പെടുന്നു.
കാഞ്ഞങ്ങാട് മഡിയന്‍ കൂലോത്ത് കലശോത്സവത്തിന് ക്ഷേത്രപാലന്‍ ഈശ്വരനും കാളരാത്രി അമ്മയും നടയില്‍ ഭഗവതിയുമാണ് തിരുമുടി അണിയുന്നത്. കാളരാത്രി അമ്മയ്ക്കും നടയില്‍ ഭഗവതിക്കും മാനംമുട്ടെ ഉയരമുള്ള ചുവന്ന പട്ടിന്റെ തിരുമുടിയാണ്. ക്ഷേത്രപാലന്‍ ഈശ്വരന് കാര്‍ക്കോടകന്‍ എന്ന കരിനാഗത്തെ അണിഞ്ഞ മാനംമുട്ടെ നിവര്‍ന്നു നില്‍ക്കുന്ന കറുത്ത മുടിയാണ്. മുളംതണ്ടുകൊണ്ട് കത്രിക പൂട്ടിട്ടു താങ്ങിയാണ് തിരുമുടി നിവര്‍ത്തി നിര്‍ത്തുന്നത്.
നീലേശ്വരം മന്നന്‍പുറത്തുകാവ് കലശം സാധാരണ ജൂണ്‍ മാസത്തിലാണ് നടക്കാറുള്ളത്. കാളരാത്രി, നടയില്‍ ഭഗവതി, ക്ഷേത്രപാലന്‍ കൈക്കളോന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും മന്ദന്‍പുറത്തു കാവ് കലശത്തിന് തെയ്യങ്ങളുടെ തിരുമുടി താഴുന്നതോടെ ഉത്തരകേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് തിരശീല വീഴും. മന്നന്‍പുറത്തുകാവിലെ കലശത്തിന് മഴ പെയ്യും എന്നാണ് വിശ്വാസം. പിന്നെ തെയ്യക്കാലം കഴിഞ്ഞ് മഴക്കാലം വരികയായി. പഞ്ഞക്കര്‍ക്കിടകമാസത്തില്‍ തെയ്യക്കാരന്റെ കുടുംബം പട്ടിണിയാവാതിരിക്കാന്‍ ആടി, വേടന്‍, ഗളിഞ്ചന്‍ എന്നി കുഞ്ഞിത്തെയ്യങ്ങള്‍ വീടുതോറും കയറിയിറങ്ങും. മാരിക്കലിയന്‍, മാരിക്കലച്ചി, മാമായക്കലച്ചി, മാരിക്കുളിയന്‍, മാമായക്കുളിയന്‍ എന്നീ മാരിത്തെയ്യങ്ങളും കര്‍ക്കിടകമാസത്തില്‍ നാട്ടില്‍ ഇറങ്ങി മടായിക്കാവില്‍ കൂടിപ്പിരിയും.
ചെറുതും വലുതുമായ അഞ്ഞൂറില്‍ ഏറെ കഴകങ്ങളും തെയ്യക്കാവുകളുമുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ഇവിടെ തെയ്യം കെട്ടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന തെയ്യക്കാരും വാദ്യക്കാരും കലശക്കാരും വെളിച്ചപ്പാടുകളുമായി പതിനായിരത്തില്‍പരം ആളുകളുണ്ട്. നാല്‍പ്പതു ലക്ഷത്തോളം ആളുകള്‍ ജാതിമതഭേദമില്ലാതെ വര്‍ഷാവര്‍ഷം തെയ്യം ദര്‍ശിക്കുന്നവരായുണ്ട്.
കൊടും മാരിയകറ്റി അനുഗ്രഹിക്കുകയും, കൊണംവരാന്‍ പൈതങ്ങള്‍ക്ക് വരംകൊടുക്കുകയും ചെയ്യുന്ന തെയ്യക്കാലത്തിനായി ദൈവത്തിന്റെ സ്വന്തം നാട് എന്നും ഉണര്‍ന്നിരിക്കുന്നു.