ചിരിച്ചും ചിന്തിപ്പിച്ചും ഒടുവില്‍ മടക്കം

അരങ്ങത്തും അണിയറയിലും ഒരുപോലെ തിളങ്ങിയ മഹാപ്രതിഭ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവില്‍ മടക്കം. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേര്‍പ്പാടില്‍ കണ്ണീരണിഞ്ഞ് നില്‍ക്കുകയാണ് മലയാളം.
മലയാള സിനിമക്ക് ഇനി ഇങ്ങനെയൊരു പ്രതിഭയെ കിട്ടാനിടയില്ല. അരങ്ങത്തും അണിയറയിലും ഒരുപോലെ തിളങ്ങിയ മഹാപ്രതിഭ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവില്‍ മടക്കം.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേര്‍പ്പാടില്‍ കണ്ണീരണിഞ്ഞ് നില്‍ക്കുകയാണ് മലയാളം. 1956 ഏപ്രില്‍ 4ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ നടനാണ്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ സ്വന്തം സിനിമകളിലൂടെ നര്‍മത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിച്ച ശ്രീനിവാസനെ കേരളത്തിലെ സാധാരണ പ്രേക്ഷകര്‍ തങ്ങളിലൊരാളായി കണ്ടു. കനത്ത മേക്കപ്പില്‍ സുന്ദരന്‍മാരായും എല്ലാത്തിനെയും തകര്‍ത്ത് മുന്നേറുന്ന അമാനുഷികനായും സിനിമാ നായകര്‍ ഒരു പ്രത്യേക കോണില്‍ നിറഞ്ഞു നിന്ന കാലത്ത്, ഒന്നിനും കൊള്ളാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത, എല്ലാവരാലും ഇകഴ്ത്തികാട്ടപ്പെടുന്ന, സൗന്ദര്യം ഒട്ടുമില്ലാത്ത നായകനായി ശ്രീനിവാസന്റെ വരവ് മലയാള സിനിമയില്‍ ഒരു വിപ്ലവം തന്നെയായിരുന്നു.
സഹോദരന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായ തിരയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ശ്രീനിവാസന്‍ തന്റെ അസാമാന്യമായ പ്രതിഭാ വൈഭവംകൊണ്ടാണ് മലയാള സിനിമയുടെ അമരത്ത് കയറി നിന്നത്.
പിതാവ് ഉണ്ണി സ്‌കൂള്‍ അധ്യാപകനായിരുന്നു. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനും. ലക്ഷ്മിയാണ് മാതാവ്. മട്ടന്നൂരിലെ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 1977ല്‍ മദ്രാസിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. നടന്‍ രജനികാന്ത് അവിടെ സഹപാഠിയായിരുന്നു.
1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സജീവമായി. പിന്നീട് ഗുരുവായ എ. പ്രഭാകരന്‍ ശ്രീനിവാസന് തന്റെ മേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കി. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയായിരുന്നുവെങ്കിലും ശ്രീനിവാസന് വിധിച്ചതും കൊതിച്ചതും അഭിനയമായിരുന്നു. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ത്യാഗരാജനുവേണ്ടിയും ശ്രീനിവാസന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി.
പിന്നീട് നിരവധി സിനിമകളിലൂടെ ശ്രീനിവാസന്‍ എന്ന നടന്റെ അതുല്യമായ പ്രകടനങ്ങള്‍ മലയാള സിനിമാ പ്രേമികള്‍ കണ്ടു. ഗാന്ധിനഗര്‍ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടന്‍മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോള്‍, അറബിക്കഥ, ആത്മകഥ തുടങ്ങി മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളില്‍ ശ്രീനിവാസന്‍ അരങ്ങ് തകര്‍ത്തു.
സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയം നേടി. സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും സന്ദര്‍ഭപ്രാധാന്യവും അവിസ്മരണീയമാക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച കഴിവ് അപാരമാണ്.
വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകള്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്തു.
പുരസ്‌കാരങ്ങളുടെ പെരുമഴയില്‍ അദ്ദേഹം കുളിച്ചു നിന്നിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ ഉടനീളം.

