സൗമ്യം, ദീപ്തം, മോഹനം....



മൗനിയായ പ്രധാനമന്ത്രിയെന്ന് ആക്ഷേപിക്കപ്പെട്ടയാളാണ് ഡോ. മന്‍മോഹന്‍സിങ്ങ്. പത്രസമ്മേളനങ്ങളിലും പ്രസംഗത്തിലും പ്രസ്താവനകളിലും അദ്ദേഹം താല്‍പര്യം കാട്ടിയില്ലെന്നത് ശരിയാണ്. മന്‍മോഹന് ശേഷം അധികാരത്തില്‍ വന്ന് പത്തുവര്‍ഷത്തിന് ശേഷവും തുടരുന്ന നരേന്ദ്രമോദിയെ ആരും മൗനിയായി പറയില്ല. പക്ഷേ, ചോദ്യങ്ങളുയരുന്നതില്‍ താല്‍പര്യമില്ലാത്തതിനാല്‍, ഉത്തരം പറയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇതേവരെ പത്രസമ്മേളനം നടത്താത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അംഗീകൃത മൗനിയാമെങ്കിലും മന്‍മോഹന്‍സിങ്ങ് പത്രസമ്മേളനം നടത്തിയിട്ടുണ്ട്. നരേന്ദ്രമോദി ആവശ്യത്തിലധികം ഉച്ചസ്ഥായിയില്‍ പ്രസംഗിക്കുന്നതിലാണ് താല്‍പര്യമെടുക്കുന്നത്. പതിഞ്ഞ സ്വരത്തിലുള്ള മന്ത്രമാണ് മന്‍മോഹന്റെ സംഭാഷണം.

പത്ത് വര്‍ഷം പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ച മന്‍മോഹന്‍സിങ്ങിനെ പിന്തുടര്‍ന്നെത്തിയ നരേന്ദ്രമോദി ആ സ്ഥാനത്ത് 11-ാം വര്‍ഷത്തിലാണ്. താരതമ്യപ്പെടുത്തുന്നതിന് ധാരാളം സമയമായെന്നര്‍ഥം. മന്‍മോഹന്‍സിങ്ങ് രാഷ്ട്രീയക്കാരനല്ലായിരുന്നു. നരേന്ദ്രമോദിയും സാധാരണരീതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നില്ല. മന്‍മോഹന്‍സിങ്ങ് ഉദ്യോഗസ്ഥനായിരുന്നു. മോദിയാകട്ടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനമായ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രചാരകനും. മോദി രാഷ്ട്രമീമാംസയില്‍ കൈവരിച്ച ബിരുദം കോടതിവ്യവഹാരത്തിലും പലവിധ നടപടികളിലും കലാശിച്ചുവെങ്കില്‍ മന്‍മോഹന്‍സിങ്ങിന്റെ പഠിപ്പും പ്രതിഭയും ലോകാംഗീകൃതം.

ധനശാസ്ത്രജ്ഞനും ധനമേഖലയിലെ ഉദ്യോഗസ്ഥ മേധാവിയുമായ മന്‍മോഹന്‍സിങ്ങ് ഇന്ത്യയുടെ ധനമന്ത്രിയായി എത്തിയത് 1991ല്‍ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ്. അന്താരാഷ്ട്രനാണയനിധിയില്‍ നിര്‍ണായകസ്ഥാനത്തിരിക്കുമ്പോഴാണ് അദ്ദേഹം റാവുവിന്റെ വിളികേട്ടത്. അത് വല്ലാത്തൊരു കാലമായിരുന്നു. രാജീവ്ഗാന്ധി രക്തസാക്ഷിയായ കാലം. സോവിയറ്റ് യൂണിയന്‍ ശിഥിലമായ കാലം. ചരിത്രം അവസാനിച്ചുവെന്ന് വലതുപക്ഷ ശക്തികള്‍ ആഘോഷപൂര്‍വം വിളിച്ചുപറയുന്നു. സ്വകാര്യവല്‍ക്കരണത്തിന്റെയും ആഗോളീകരണത്തിന്റെയും കേളികൊട്ടുയര്‍ന്നകാലം.

ഈ കാലത്താണ് ഐ.എം.എഫിന്റെ ബാഡ്ജഴിച്ചുവെക്കുകപോലും ചെയ്യാതെ ഇന്ത്യന്‍ ധനമന്ത്രിയായി മന്‍മോഹന്‍ എത്തുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും റിസര്‍വ് ബാങ്ക് ഗവര്‍ണറും ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷനുമൊക്കെയായിരുന്നതിന്റെ ഗംഭീരമായ പാരമ്പര്യധനമുണ്ട്. സമ്മിശ്ര സമ്പദ് വ്യവസ്ഥയില്‍ നിന്ന് രാജ്യത്തെ സ്വാകര്യവല്‍ക്കരണ നയത്തിലേക്ക് പറിച്ചുനടുന്നതിനാണ് ലോകത്താകെ വീശുന്ന കാറ്റിനൊപ്പം മന്‍മോഹനും നീങ്ങിയത്. നരസിംഹറാവുവും മന്‍മോഹനും സ്വാഭാവികമായും കടുത്ത വിമര്‍ശനവും പരിഹാസവുമേറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ കടുത്ത വിദേശനാണ്യപ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ മന്‍മോഹന്റെ ധനതന്ത്രം ഉപയുക്തമായെന്നത് കാലം തെളിയിച്ചു. ഇറക്കുമതി ഉദാരവല്‍ക്കരണം രാജ്യത്തെ കാര്‍ഷികസമ്പദ് വ്യവസ്ഥക്ക് വലിയ തിരിച്ചടിയായി. കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ് അത് കൂടുതല്‍ ബാധിച്ചത്. എന്നാല്‍ അന്ന് തുടക്കംകുറിച്ച നയത്തില്‍ നിന്ന് പിന്നീട് അധികാരത്തില്‍ വന്ന ഐക്യമുന്നണി മന്ത്രിസഭയക്കും പുറകോട്ടുപോകാനായില്ല. കാരണം ലോകത്തിന്റെ ചുവരെഴുത്ത് മായ്ക്കാനാവുമായിരുന്നില്ല.

2004ല്‍ മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായത് അപ്രതീക്ഷിതമായാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന ഐക്യപുരോഗമനസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും നേതാവായ സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കിയാല്‍ വിദേശബന്ധം ആരോപിച്ച് കുഴപ്പം കുത്തിപ്പൊക്കുമെന്നതിനാല്‍ പകരം മന്‍മോഹനെ നിര്‍ദ്ദേശിക്കുകയായിരുന്നു സോണിയ. പ്രണബ് മുഖര്‍ജിയാവും പ്രധാനമന്ത്രിയെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാകാഞ്ഞത് ഗാന്ധികുടുംബത്തിന്റെ ആശങ്ക കാരണമാണെന്ന് ആക്ഷേപിക്കപ്പെട്ടു. ഒരുകാലത്ത് തന്റെ കീഴിലെ ഉദ്യോഗസ്ഥനായിരുന്ന മന്‍മോഹന്‍സിങ്ങിന്റെ കീഴില്‍ ധനമന്ത്രിയായി പ്രണബിന് പ്രവര്‍ത്തിക്കേണ്ടിവന്നതാണ് പിന്നീട് കണ്ടത്. പ്രധാനമന്ത്രിയേക്കാള്‍ അധികാരം യു.പി.എ. ചെയര്‍പേഴ്‌സണായ സോണിയക്കാണെന്ന വിമര്‍ശവുമുണ്ടായി.

എന്നാല്‍ അത്തരം വിമര്‍ശങ്ങളിലൊന്നും പതറാതെ 10 വര്‍ഷം രാജ്യത്തെ നയിക്കാന്‍ മന്‍മോഹന്‍സിങ്ങിന് സാധിച്ചു. ഇടതുപക്ഷത്തിന്റെ കൂടി പങ്കാളിത്തത്തോടെ സാധാരണക്കാര്‍ക്കനുകൂലമായ നല്ല നടപടികളെടുക്കാന്‍, പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചു. യു.പി.എ. പ്രവര്‍ത്തിച്ചത് ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. എല്ലാ പദ്ധതിയും പ്രധാനമന്ത്രിയുടെ പേരും പടവും വെച്ച് കൊട്ടിഷോഷിക്കമെന്ന ഇന്നത്തെ തിട്ടൂരം അന്നുണ്ടായില്ല. തന്റെ പേരില്‍, തന്റെ പടംവെച്ച് പദ്ധതികള്‍ വേണ്ടെന്ന് സിങ്ങ് നിഷ്‌കര്‍ഷിച്ചതായി അദ്ദേഹത്തിന്റെ സെക്രട്ടറിയായി മുഴുവന്‍കാലത്തും പ്രവര്‍ത്തിച്ച ടി.കെ.എ. നായര്‍ ഇന്ന് എഴുതിയിട്ടുണ്ട്. വിദ്യാഭ്യാസാവകാശനിയമവും വിവരാവകാശനിയമവും മാത്രമല്ല ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കി വലിയ പുരോഗമനത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ രാഷ്ട്രീയനേതാവല്ലാത്തതിനാലും പാര്‍ട്ടിയില്‍ ആജ്ഞാശക്തിയില്ലാത്തതിനാലും മന്ത്രിസഭയിലെ സഹാംഗങ്ങളില്‍ പലരുടെയും സ്വാര്‍ത്ഥ താല്‍പര്യത്തെ ചെറുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രണ്ടാം യു.പി.എ. സര്‍ക്കാരില്‍ ഇടതുപക്ഷമില്ലാത്തും പ്രശ്‌നമായി-തിരുത്തല്‍ ശക്തിയില്ലാത്ത ഭരണം. കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, കല്‍ക്കരി കുംഭകോണം, ടു ജി സ്‌പെക്ട്രം കുംഭകോണം എന്നിങ്ങനെ ലക്ഷോപലക്ഷം കോടികളുടെ അഴിമതികളുടെ സര്‍ക്കാരായി സി.എ.ജി. തന്നെ കുറ്റപ്പെടുത്തിയതോടെ തക്കം പാര്‍ത്തുനിന്ന് സംഘപരിവാര്‍ വര്‍ഗീയതയുടെ കൂടി സഹായത്തോടെ യു.പി.എയെ ഉലച്ചു, തകര്‍ത്തു. വ്യക്തിപരമായി അഴിമതിയോ സ്വാര്‍ത്ഥ താല്‍പര്യമോ തീണ്ടിയിട്ടേയില്ലാത്ത മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരിനെ അഴിമതി സര്‍ക്കാരായി മുദ്ര കുത്തുന്ന സ്ഥിതിവന്നു. അതാകട്ടെ രാജ്യത്തിനാകെ ദോഷം ചെയ്തു. കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയും വര്‍ഗീയശക്തികള്‍ എല്ലാം കയ്യടക്കുകയും ചെയ്തു.




കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം




പ്രണബ് മുഖര്‍ജിക്കൊപ്പം







Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it