സാഹിത്യോത്സവത്തിന്റെ കാലിക പ്രസക്തി...
എന്തിനേയും വിപണിയുടെ യുക്തി കൊണ്ട് അളക്കുന്ന പ്രവണത ആഗോളവല്‍ക്കരണ കാലത്ത് വര്‍ദ്ധിച്ചു വരികയാണ്. ഇത്തരമൊരു കാലത്ത് മാനവികത, സാഹോദര്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായകമാവുന്ന സാഹിത്യോത്സവങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്.
പുസ്തക പ്രസാധകര്‍, സര്‍വ്വകലാശാലകള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവ നടത്തുന്ന സാഹിത്യോത്സവങ്ങള്‍ പ്രഗത്ഭരും പ്രശസ്തരുമായ എഴുത്താളുകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. വലിയ തോതില്‍ വായനക്കാരും പങ്കെടുക്കുന്നുണ്ട്.
തങ്ങളുടെ പുസ്തകങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യവും അവക്കുണ്ട്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഹാമേളകള്‍ക്ക് ചില സംഘാടകര്‍ ഫീസും ഈടാക്കുന്നുണ്ട്.
ആത്യന്തികമായി സാഹിത്യോത്സവങ്ങള്‍ എന്ത് സാമൂഹിക നേട്ടമാണ് ഉണ്ടാക്കുന്നത്? അവ മറ്റു പല ഉത്സവങ്ങളെ പോലെ കാര്‍ണിവല്‍ ആയി മാറപ്പെടുന്നുണ്ടോ? അവ സൃഷ്ടിക്കുന്ന ധൈഷണികമായ ഉണര്‍വ്വ് സാധാരണ ജനങ്ങളിലേക്ക് എത്രത്തോളം പ്രസരിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയില്‍ ആദ്യമായി ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പയ്യന്നൂര്‍ മുനിസിപ്പാലിറ്റി സാഹിത്യോത്സവം സംഘടിപ്പിക്കുകയുണ്ടായി. മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തം റോഡ് പാലം, കെട്ടിടം തുടങ്ങിയ പശ്ചാത്തല സൗകര്യമൊരുക്കലാണെന്നതാണ് സാമാന്യ ബോധം. എന്നാല്‍ സാഹിത്യ രംഗത്തും മുനിസിപ്പാലിറ്റിക്ക് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കാനാവും എന്ന് അനുഭവം കൊണ്ട് തെളിയിച്ചിരിക്കയാണ് പയ്യന്നൂര്‍ നഗരസഭ.
ജനകീയമായ സംഘാടനരീതി, ജനങ്ങളുടെ പങ്കാളിത്തം താരതമ്യേന ചുരുങ്ങിയ ചെലവ് എന്നിവയാണ് പയ്യന്നൂര്‍ സാഹിത്യോത്സവത്തെ വ്യത്യസ്തമാക്കുന്നത്.
പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ സാഹിത്യോത്സവമാണ് 2025 ജനുവരി 16 മുതല്‍ 19 വരെ പയ്യന്നൂരില്‍ നടന്നത്. ഈ വര്‍ഷം 13.75 ലക്ഷം രൂപയാണ് നഗരസഭ സാഹിത്യോത്സവത്തിനായി വകയിരുത്തിയത്. ഇത് കൂടാതെ ബ്രോഷറിലൂടെ മിച്ചം വെച്ച 1 ലക്ഷം രൂപ കൂടി കണക്കാക്കിയാല്‍ 14.75 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലഴിക്കുന്നതെന്ന് സാഹിത്യോത്സവം കോ -ഓര്‍ഡിനേറ്ററും നഗരസഭാ കൗണ്‍സിലറുമായ എം. പ്രസാദ് പറഞ്ഞു.
മറ്റ് സാഹിത്യോത്സവങ്ങള്‍ക്ക് സംഘാടകര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്.
ഒന്നും രണ്ടും എഡിഷനുകളിലെ അനുഭവങ്ങള്‍ അവലോകനം നടത്തി പോരായ്കള്‍ തിരുത്തി നടത്തിയ മൂന്നാം എഡിഷന്‍ ഗംഭീരമാക്കാന്‍ സാധിച്ചു എന്നാണ് ഏറെക്കുറെ മുഴുനീള പങ്കാളിയായ എന്റെ വ്യക്തിപരമായ വിലയിരുത്തല്‍. പങ്കെടുക്കുന്നവര്‍ക്കെല്ലാം സൗജന്യ പ്രവേശനവും ഭക്ഷണവും ഒരുക്കിയിരുന്നു. പയ്യന്നൂരിന്റെ സാംസ്‌കാരിക പാരമ്പര്യം സംഘാടകരുടെ അര്‍പ്പണ മനോഭാവം, പഴയ തലമുറയിലും പുതുമുറയിലും പെട്ട പ്രഗത്ഭരായ എഴുത്താളുകളുടെ സാന്നിധ്യം, സംഘാടക സമിതിയുടേയും വിവിധ സബ്ബ് കമ്മിറ്റികളുടേയും ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവും ഭാവനാപൂര്‍ണ്ണവുമായ ചിട്ടയായ പ്രവര്‍ത്തനം തുടങ്ങിയവയാണ് സാഹിത്യോത്സവത്തിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങള്‍.
പ്രാദേശിക സര്‍ക്കാരുകള്‍ സാമൂഹ്യ സുരക്ഷാ സേവനങ്ങളും പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളും മാത്രം നടത്തുന്ന സ്ഥാപനങ്ങള്‍ മാത്രമല്ല. അതത് കാലത്തെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകളുമായി വായനക്കാര്‍ക്കും കലാകാരന്മാര്‍ക്കും സഹൃദയര്‍ക്കും സംവദിക്കാനുള്ള അവസരമാണ് നഗരസഭ സൃഷ്ടിച്ചത്.
പദ്ധതി വിഹിതത്തില്‍ നിന്നും സാഹിത്യോത്സവത്തിനായി തുക നീക്കിവെച്ചത് വഴി പ്രകടമായി ഭൗതിക നേട്ടം കാണാനാവില്ല. കേവലം ഭൗതിക നേട്ടങ്ങള്‍ക്കുപരിയായി ഭരണഘടനാ മൂല്യങ്ങളില്‍ അവബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായി ഈ ചെലവിനെ പരിഗണിക്കണം. അത്തരം ചെലവുകള്‍ യഥാര്‍ത്ഥത്തില്‍ ചെലവുകളല്ല മൂലധന നിക്ഷേപമാണ്. അതു വഴിയുണ്ടാവുന്ന സാമൂഹ്യ നേട്ടങ്ങള്‍ വിലയിരുത്തുവാന്‍ സമയമായിട്ടില്ല. മതനിരപേക്ഷത, ബഹുസ്വരത എന്നിവ വെല്ലുവിളിക്കപ്പെടുകയും അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ എന്നിവ ശക്തി പ്രാപിക്കുകയും ചെയ്യുന്ന കാലത്ത് 'സാഹിത്യകാരന്മാരേ നിങ്ങള്‍ ഏത് ചേരിയില്‍' എന്ന മാര്‍ക്‌സിം ഗോര്‍ക്കിയുടെ ചോദ്യം കൂടുതല്‍ പ്രസക്ത മാവുകയാണ്. എഴുത്തുകാര്‍ 'സൗവര്‍ണ്ണ പ്രതിപക്ഷ' മാണെന്ന് മഹാകവി വൈലോപ്പിള്ളി പറയുകയുണ്ടായി. ശാസ്ത്ര ബോധം, യുക്തിചിന്ത എന്നിവ പ്രചരിപ്പിക്കല്‍ പൗരന്മാരുടെ ഭരണഘടനാപരമായ ചുമതലയാണ്.
ഈ ചുമതല നിര്‍വ്വഹിക്കുന്നതിന് എഴുത്തുകാരുടേയും വായനക്കാരുടേയും വിപുലമായ സംവാദങ്ങള്‍ വലിയ പ്രയോജനം ചെയ്യും. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ചട്ടപ്പടി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി ജനപ്രതിനിധികളും സാഹിത്യ തല്‍പരരായവരുടേയും കൂട്ടായ്മയിലാണ് സാഹിത്യോത്സവത്തിന്റെ ഗംഭീര വിജയത്തിന്റെ കാരണമന്വേഷിക്കേണ്ടത്.
'ഇന്ത്യയിലെ പ്രഗത്ഭ സാമൂഹ്യ ശാസ്ത്രജ്ഞനായ രാം പുനിയാനി, നരേന്ദ്ര ധബോല്‍ക്കറുടെ മകളും എഴുത്തുകാരിയുമായ മുക്ത ധബോല്‍ക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തത്.
പ്രധാനവേദി ഗാന്ധി പാര്‍ക്കിലും രണ്ടാമത്തെ വേദി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലുമായിരുന്നു. മുഖ്യവേദിയില്‍ സാഹിത്യകൃതികളില്‍ പയ്യന്നൂര്‍ തെളിക്കുന്നതും മറയുന്നതും മലയാള ഭാവനയിലെ സ്വാധീനങ്ങള്‍ കാഫ്ക ചരമ ശതാബ്ദി ചിന്തകള്‍, താളം ഭാഷയുടേയും കവിതയുടെയും ഇന്ത്യ: പ്രതീക്ഷകളില്‍ നിന്ന് ഉത്ക്കണ്ഠകളിലേക്ക് പുതുകഥയുടെ ദര്‍ശനം, പ്രകൃതിയുടെ ആവിഷ്‌ക്കാരങ്ങള്‍, പയ്യന്നൂരിന്റെ ഭൂതവര്‍ത്തമാനങ്ങള്‍, ഭാവനയുടെ രാഷ്ട്രീയ വിവക്ഷകള്‍, കവിത: പേരുകളും പടര്‍പ്പുകളും ഓര്‍മ്മയുടെ കളിയിടങ്ങള്‍, ചലച്ചിത്രഗാനങ്ങളും കേരളീയാധുനികതയും ഇന്ത്യന്‍ സംസ്‌കാരം ഗുരുവും അംബേദ്ക്കറും, പിന്നെയും മാറുന്ന മലയാള നോവല്‍, ജീവിതം ഇരമ്പിയെത്തുന്ന പാളങ്ങള്‍, എഴുത്തും അതിജീവനവും മലയാളകവിത തുടര്‍ച്ചയും വിച്ഛേദവും എഴുത്തും സാഹിത്യമെഴുത്തും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് സാഹിത്യ രംഗത്തെ പഴയതും പുതിയതുമായ തലമുറയിലെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയാണ് മുഖ്യമായും നടന്നത്. ഭിന്നശേഷി കലാമേള, ബാല കലോത്സവം, സാംസ്‌കാരികോത്സവം, വനിതാ സാംസ്‌കാരികോത്സവം, വയോജന സംഗമം തുടങ്ങിയവയിലെ വിവിധ പരിപാടികള്‍ സാഹിത്യോത്സവത്തിന്റെ വിഷയ വൈവിധ്യവും വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയും വ്യക്തമാക്കുന്നവയായിരുന്നു.
ശാസ്ത്ര സാങ്കേതിക പഠനത്തിന് ഊന്നല്‍ നല്‍കുന്ന ഉപഭോഗ വിദ്യാഭ്യാസം പിന്തുടരുന്നതിനാല്‍ ഭാഷയും സാമൂഹ്യശാസ്ത്ര വിഷയങ്ങളും അവഗണിക്കപ്പെടുകയാണ്. യാന്ത്രികമായ ജീവിതം മൂലം ജീവിത മൂല്യങ്ങള്‍ക്ക് അപചയം സംഭവിക്കുമ്പോള്‍ സാമൂഹ്യവും ധാര്‍മ്മികവും മനുഷ്യ സ്‌നേഹപരവുമായ മൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹിത്യം വായനക്കാരുടെ സാമൂഹ്യ ബോധത്തെ ഉയര്‍ത്തുകയും മനുഷ്യവിരുദ്ധമായ ആശയങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി പകരുകയും ചെയ്യും.
ഓരോ ദേശത്തിനും അതിന്റെ സവിശേഷതകള്‍ ഉണ്ടാവും. സ്വന്തം പേര് തേടുന്ന പ്രാദേശിക ചരിത്ര പഠനം സൂക്ഷ്മമായ അന്വേഷണങ്ങള്‍ക്ക് പ്രേരണ നല്‍കുന്നുണ്ട്. പ്രാദേശിക സര്‍ക്കാരുകള്‍ ഈ ദിശയില്‍ നല്ല മുന്നേറ്റം നടത്തിയിട്ടുണ്ട്. അത്തരം അന്വേഷണങ്ങള്‍ സഫലമാക്കാന്‍ സാഹിത്യോത്സവ വേദിയെ ഉപയോഗിക്കാം. പയ്യന്നൂര്‍ സാഹിത്യോത്സവത്തില്‍ നടന്ന സംവാദങ്ങള്‍ സാഹിത്യത്തിന് സാമൂഹ്യ മുന്നേറ്റത്തിലുള്ള പ്രാധാന്യത്തിന് അടിവരയിടുന്നുണ്ട്. കേവലമായ സൗന്ദര്യാസ്വാദനത്തിനപ്പുറത്ത് വര്‍ത്തമാന കാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ സാഹിത്യത്തിന് സാധിക്കണം.
'ചിത്രങ്ങള്‍ വീട്ടു ചുമരുകള്‍ അലങ്കരിക്കാന്‍ മാത്രമല്ല. ചിത്രം ആയുധമാണ്. അത് ആത്മരക്ഷക്ക് വേണ്ടിയും ശത്രുവിനെ ആക്രമിക്കാനും ഉപയോഗിക്കാം' എന്ന് ലോക പ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോ പറയുകയുണ്ടായി. ഒരു കാലത്ത് അംശ്ലീലം എന്ന് മുദ്രകുത്തപ്പെട്ട കൃതി മറ്റൊരു കാലത്ത് വിശിഷ്ട കൃതിയാവാം. 'ആയുസ്സിന്റെ പുസ്തകമെഴുതിയ കാലത്ത് ആരും പ്രോത്സാഹിപ്പിച്ചില്ല' എന്ന് എഴുത്തുകാരനായ സി.വി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ 'മലയാളത്തിലെ ഭാഷാ സുരഭിലമായ ഒന്നോ രണ്ടോ ലിറിക് നോവലുകളില്‍ ഒന്നാണ് ആയുസ്സിന്റെ പുസ്തകം' എന്ന് പ്രമുഖ നിരൂപകനായ കെ.വി. സജയ് പറഞ്ഞു. നവഫാസിസത്തെ പ്രതിരോധിക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണമെന്ന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ' മനുഷ്യ ഭാവനയുടെ ഏറ്റവും ഉയര്‍ന്ന രൂപമാണ് ദൈവം. മരണമെന്ന നിഗൂഢതയെ പരലോകജീവിതം എന്ന ആശയം കൊണ്ട് മനുഷ്യന്‍ മറി കടന്നു' എന്ന് അശോകന്‍ ചരുവില്‍ നടത്തിയ നിരീക്ഷണം ദൈവസങ്കല്‍പത്തിന്റെ ചരിത്രപരമായ വിലയിരുത്തലാണ്. ദൈവസങ്കല്‍പത്തിന്റെപ്രാധാന്യവും പരിമിതിയും ഈ വാക്കുകളില്‍ വ്യക്തമാണ്.
മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാരും വായനക്കാരും ചേര്‍ന്ന് നടത്തുന്ന സംവാദങ്ങള്‍ നമ്മുടെ സാംസ്‌കാരിക മേഖലക്ക് പുത്തന്‍ ഉണര്‍വ്വും ജാഗ്രതയും നല്‍കുന്നതായിരുന്നു. വിദൂരത്ത് നിന്നും വന്ന് നാല് എഴുത്തുകാര്‍ സംവാദത്തില്‍ പങ്കെടുക്കുമ്പോള്‍ സമയക്കുറവ് മൂലം അവരെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിക്കാത്ത പ്രശ്‌നം ഉണ്ട്. ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് ഉത്സവ ദിനങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കും. ഏതായാലും പയ്യന്നൂര്‍ നഗരസഭയുടെ മാതൃക പിന്തുടര്‍ന്ന് പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി ചെറുതും വലുതുമായ സാഹിത്യോത്സവങ്ങള്‍ നടത്താന്‍ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടു വരുമെന്ന് കരുതാം. പുതിയ എഴുത്തുകാര്‍ക്ക് മുതിര്‍ന്ന എഴുത്തുകാരുമായി സംവാദം നടത്താനുള്ള സാഹചര്യം ലഭിക്കുന്നത് ഭാവിയിലെ എഴുത്തിന്റെ നിലവാരം മെച്ചപ്പെടാനിടയാക്കും. പദ്ധതി വിഹിതം കൂടാതെ പ്രാദേശികമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാവും. കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി & റിസര്‍ച്ച് സെന്റര്‍ സി.ആര്‍.എസ് ഫണ്ട് സാഹിത്യോത്സവത്തില്‍ സംഘടിപ്പിച്ച വിധം ഫണ്ട് ലഭ്യമാക്കാനുള്ള സാധ്യതയും ഉപയോഗപ്പെടുത്താം. എഴുത്തുകാരുടെ ഫാന്‍ ആയി മാറി ഓട്ടോഗ്രാഫില്‍ ഒപ്പുവാങ്ങുക, സെല്‍ഫി എടുക്കുക എന്നീ ഉപരിപ്ലവമായ കാര്യങ്ങളല്ല, ഗൗരവമായ ചര്‍ച്ചകളും അഭിപ്രായസമന്വയവുമാണ് കാലം ആവശ്യപ്പെടുന്നത്. സൗന്ദര്യാനുഭൂതി സൃഷ്ടിക്കുന്നതോടൊപ്പം സ്വാതന്ത്ര്യബോധത്തെ ഉണര്‍ത്താന്‍ സാഹിത്യത്തിനും കലക്കും സാധിക്കും.
ഓരോ കാലത്തും അതിന് അനുരൂപമായ കലയും സാഹിത്യവുമാണ് ഉണ്ടാകേണ്ടത്.
'നിങ്ങള്‍ ചോദിക്കുന്നു,
എന്തു കൊണ്ടാണ് അവന്റെ കവിത
ഇലകളേയും കിനാവുകളേയും
ജന്മനാട്ടിലെ കൂറ്റന്‍
തിരമാലകളെയും പറ്റി
സംസാരിക്കാത്തത് ?
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ.
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ.
വരൂ, തെരുവുകളിലെ രക്തം കാണൂ. '
എന്ന പാബ്ലോ നെരൂദയുടെ വരികള്‍ എഴുത്തുകാര്‍ വിസ്മരിക്കരുത്. വിപുലമായ ജനാധിപത്യ മതനിരപേക്ഷ വേദികള്‍ ശക്തിപ്പെടേണ്ട കാലമാണിത്. പരസ്പരം മത്സരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന വേദികളായി സാഹിത്യോത്സവ വേദികള്‍ മാറണം. അര്‍ഹമായ പരിഗണന എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഉറപ്പ് വരുത്തണം. രാഷ്ട്രീയ പ്രവര്‍ത്തനം സര്‍ഗ്ഗാത്മകമായി മാറണം. ആഴത്തിലും പരപ്പിലുമുള്ള വായന കുറഞ്ഞു വരുന്ന കാലത്ത് സാഹിത്യോത്സവങ്ങള്‍ വായനക്ക് പ്രചോദനം നല്‍കും.' മനുഷ്യനായിരിക്കുക എന്നതിന്റെ വ്യക്തി എന്ന നിലയ്ക്കും കൂട്ടായും സത്യം നാം വൈരുദ്ധ്യങ്ങളാണെന്നതാണ് അകത്തും ചുറ്റുമുള്ള വ്യത്യസ്ത ശബ്ദങ്ങളുടെ സംസാരമാണ് നമ്മെ സജീവമായി നിലനിര്‍ത്തുന്നത്. നാം നിരന്തരം മനുഷ്യരെ ചവച്ചു പൊടിച്ച് പരിമിതമായ, ഇടുങ്ങിയ ഇടങ്ങളിലേക്കൊതുക്കുമ്പോള്‍ അവരുടെ ബഹുസ്വരതയുടെ സൗന്ദര്യം നമ്മുടെ കാഴ്ചയില്‍ നിന്ന് മറയുക മാത്രമല്ല ആഴമുള്ള ഒരു കിണറിലേക്ക് നാം സ്വയം താഴ്ത്തുകയും ചെയ്യുന്നു. അവിടെയിരുന്നു നോക്കുമ്പോള്‍ കിണറിന്റെ മുകള്‍ വട്ടം മാത്രമായി നമ്മുടെ കാഴ്ച ചുരുങ്ങുന്നു.'
(ടി.എം കൃഷ്ണ - അന്വേഷണത്തിന്റെ ആത്മാവ് വിമത സ്വരങ്ങള്‍ പേജ്- 27). ഈ തിരിച്ചറിവോടെ പരസ്പരം ഉള്‍ക്കൊള്ളാനാവുന്നതിന് സാഹിത്യോത്സവം പ്രയോജനപ്പെടും.
'ഇത്തിരി മാത്രം കാണ്‍മവര്‍
ഇത്തിരി മാത്രം ചിന്തിപ്പവര്‍' എന്നതിനപ്പുറം വിശാലമായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ എഴുത്താളുകളുടേയും വായനക്കാരുടേയും കലാകാരന്മാരുടേയും സഹൃദയന്മാരുടേയും വിപുലമായ കൂട്ടായ്മകള്‍ രൂപപ്പെടണം. അത്തരത്തിലുള്ള പ്രധാനപ്പെട്ട സംരഭങ്ങളിലൊന്നാണ് സാഹിത്യോത്സവങ്ങള്‍.
പയ്യന്നൂര്‍ നഗരസഭയെ മാതൃകയാക്കി സാമ്പത്തിക അച്ചടക്കത്തോടേയും കാര്യക്ഷമമായും ഫലപ്രദമായും സാഹിത്യോത്സവങ്ങള്‍ നടത്താന്‍ കൂടുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്ന കാഴ്ച്ച പ്രതീക്ഷ നല്‍കുന്നതാണ്.