ശിഹാബ് തങ്ങളെ നാമറിയും; ഡോക്ടര്‍ അബ്ദുല്ലയെയോ ?

വലത് ഡോ. അബ്ദുല്ല ചെറുകാട്ട്, ഇടത്തേയറ്റം പ്രൊഫ. അബ്ദുല്‍ സലാം
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഈജിപ്ത് പഠന കാലത്തെ സഹപാഠികളോ കൂട്ടുകാരോ എവിടെയെങ്കിലും ഉണ്ടെങ്കില്‍ കാണണമെന്നും അക്കാലത്തെ വര്‍ത്തമാനങ്ങള്‍ അറിയണമെന്നുമുള്ള എന്റെ ആഗ്രഹത്തിനു കാലം കുറച്ചായി, ഞാന്‍ കാത്തിരിക്കുകയായിരുന്നു. തൊണ്ണൂറ്റിയഞ്ച് വര്‍ഷം പ്രായമായ അങ്ങനത്തെ ഒരു പണ്ഡിതനുണ്ട് എന്നറിഞ്ഞത് അദ്ദേഹത്തിന്റെ കുടുംബവുമായി വൈവാഹികവശാല്‍ ബന്ധുവായ ടി. മുഹമ്മദ് ശാഫിയെ കണ്ടപ്പോഴായിരുന്നു. എന്നാല്‍ ഡോ. അബ്ദുല്ല എന്നറിയപ്പെടുന്ന, വാര്‍ധക്യാധിക്യവും ഗൗരവമേറിയ മൂന്ന് നാല് രോഗങ്ങളും അലട്ടുന്ന, വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തെ കാണാനും വര്‍ത്തമാനം പറയാനും സാധിക്കുമോ എന്ന ആശങ്ക ഉണ്ടാവാതെയുമിരുന്നില്ല. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ നടാടെ പി.എച്ച്.ഡി. നേടിയ ഇന്ത്യക്കാരനെന്ന ഖ്യാതി മമ്പാടുകാരനായ അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ കുടുംബസമേതം താമസം കോഴിക്കോട് എയര്‍പ്പോര്‍ട്ട് റോഡിലാണ്. ഈ ലേഖകന്‍ മമ്പാട് എം.ഇ.എസ്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു സ്വീകരണ യോഗത്തില്‍ പി.എച്ച്.ഡി നേടിയ അബ്ദുല്ല എന്നൊരു ചെറുപ്പക്കാരന്‍ സദസ്സില്‍ ഉണ്ടായിരുന്നു. 1972ല്‍ ആണെന്ന് തോന്നുന്നു. അദ്ദേഹത്തെ തന്നെയാണ് ഞാന്‍ അന്വേഷിച്ചിരുന്നതെന്ന് ബോധ്യമായപ്പോള്‍ കാണാന്‍ കൗതുകമായി. അഭിമുഖത്തിന് അനുവാദം കിട്ടിയതും ഞാനും ശാഫിയും 1-02-2025ന് പരശുരാമില്‍ ചെന്ന് ഡോ. അബ്ദുല്ല ചെറുകാട്ടിനെ കണ്ടു. തൊണ്ണൂറ്റിയഞ്ചിന്റെ അവശതയോ രോഗങ്ങളുടെ നിഴലോ ആ മുഖത്തില്ല. വീട്ടിനുള്ളില്‍ നടക്കാന്‍ ഒരു നീണ്ട നാടന്‍ ഊന്നുവടി. മക്കളില്ല. കൂട്ടിനു ഭാര്യയുണ്ട്. കൊണ്ടോട്ടി അമ്പായത്തിങ്കല്‍ മുഹമ്മദ് മാസ്റ്ററുടെ മകള്‍ ഖദീജയാണ് ഭാര്യ (ജനനം 1946) ബി.എക്കാരി.
1-07-1931നാണ് ഡോ. അബ്ദുല്ല ചെറുകാട്ട് ജനിച്ചത്. പ്രാഥമിക വിദ്യഭ്യാസം നാട്ടില്‍ തന്നെ. പള്ളി ദര്‍സുകളില്‍ കിതാബുകള്‍ ഓതിപ്പഠിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്‌സലുല്‍ ഉലമ ബിരുദം നേടിയിട്ടുണ്ട്. ഉന്നത പഠനത്തിന് ഈജിപ്തിലെ അല്‍ അഹ്‌സര്‍ യൂണിവേഴ്‌സിറ്റിയില്‍ ചെര്‍ന്നത് 1962ല്‍. അന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവിടെയുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ശിഹാബ് തങ്ങള്‍ കൈറോ യൂണിവേഴ്‌സിറ്റിയിലേക്ക് മാറി. 1972ല്‍ ഡോ. അബ്ദുല്ല ചെറുകാട്ട് നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് തന്നെ ശിഹാബ് തങ്ങളെ പിതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക് വിളിച്ചുവരുത്തി. ഈജിപ്തില്‍ തങ്ങളുടെ പഠന കാലത്ത് ഉണ്ടായിരുന്ന മറ്റൊരു മലയാളി പറവണ്ണൂര്‍ മൊയ്തീന്‍ കുട്ടി മുസ്ല്യാരുടെ മകന്‍ ബഷീറായിരുന്നു. അദ്ദേഹം ദുബായില്‍ വെച്ച് മരിച്ചു. സൂയസ്‌കനാല്‍ യുദ്ധം എല്ലാവരെയും അക്കാലത്ത് അലോസരപ്പെടുത്തിയിരുന്നു. അല്‍ അസ്ഹറില്‍ ഡോ. അബ്ദുല്ല ചെറുകാട്ടിന്റെ പ്രഗത്ഭരായ ഈജിപ്ഷ്യന്‍ ഗുരുക്കന്മാരായിരുന്നു ഡോ. മുഹമ്മദ് ബെല്ലാഡ്, സുലൈമാന്‍ ദുന്‍യാന്‍, സദ്‌റുദ്ദീന്‍ മുതലായവര്‍. നൈല്‍ നദിയിലെ അണക്കെട്ട് നിര്‍മ്മാണം ഡോ. മുഹമ്മദ് ചെറുകാട്ടും മറ്റും ഈജിപ്തില്‍ പഠിക്കുന്ന കാലത്തായിരുന്നു. യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ടൂര്‍ വഴിയാണ് അതൊക്കെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞത്. മറ്റു കലാ-സാംസ്‌കാരിക പരിപാടികളൊന്നും അധികം കാണാറില്ല. ആരും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പതിവില്ല. ഹോസ്റ്റലില്‍ എല്ലാവര്‍ക്കും ഒരേ നിലവാരമുള്ള നല്ല ഭക്ഷണം.
ഡല്‍ഹി ഓള്‍ ഇന്ത്യാ റേഡിയോവില്‍ ഡോ. അബ്ദുല്ല ചെറുകാട്ട് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈജിപ്തില്‍ ചെല്ലുന്നതിന് മുമ്പ് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപനം നടത്തി. വാഴക്കാട് അറബിക് കോളേജില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. നാലു വര്‍ഷക്കാലം നൈജീരിയയിലെ ഹദീദായയില്‍ അധ്യാപകര്‍ക്കുള്ള ഒരു കലാലയത്തില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചു.
അല്ലാമാ ഇഖ്ബാലിന്റെ സാഹിത്യ രചനകളുമായി ബന്ധപ്പെട്ട് ഇരുന്നൂറില്‍പരം പേജുള്ള ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്. പി.എച്ച്.ഡി. പ്രബന്ധത്തിന് ഏകദേശം മുന്നൂറിലധികം പുറങ്ങള്‍. സി.എന്‍. അഹമ്മദ് മൗലവി രചിച്ച ഒരു കൃതിയുടെ ആമുഖം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് ഡോ. അബ്ദുല്ലയാണ്. അറബിയില്‍ നിന്ന് മലയാളത്തിലേക്ക് ഭാഷാന്തരീകരണം ചെയ്യുന്നത് അദ്ദേഹത്തിന് ഒരു ഹരമാണെന്ന് മാത്രമല്ല അത് അനായസമാണ് എന്നുമാണ് മനസ്സിലാകുന്നത്. അപ്പോഴേക്കും എന്റെ മനസ്സില്‍ ഒരാഗ്രഹം. മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം എന്ന കൃതി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചാലോ എന്ന്. അദ്ദേഹം കൗതുകപൂര്‍വ്വം അത് സ്വീകരിക്കുകയും ചെയ്തു.
ഡോ. അബ്ദുല്ല ചെറുകാട്ടിന് ശീലത്തിലും പെരുമാറ്റത്തിലും ഒതുക്കമാണ്. പൊതുയിടങ്ങളില്‍ ഇടിച്ചു കയറാതെ ഒതുങ്ങിക്കൂടുകയാണ്. അര്‍ഹതയുണ്ടായിട്ടും സ്വയം പൊലിപ്പിച്ചു ശോഭിക്കാന്‍ മുതിരുന്നില്ല. ചെപ്പിനുള്ളിലെ മാണിക്യമെന്നപോല്‍. സാമാന്യം നല്ല സാമ്പത്തിക ചുറ്റുപാടുണ്ടെങ്കിലും പാര്‍പ്പിടവും ആഹാര രീതിയും വസ്ത്രധാരണവും ലളിതമാണെന്ന് എനിക്കു തോന്നി. ചെറുപ്പത്തില്‍ പഠിച്ച സാരോപദേശങ്ങളിലെ രണ്ടുവരി എന്റെ ഓര്‍മ്മയില്‍ കയറി വന്നു:
വഖ്തഅ് ബിതര്‍ക്കില്‍ മുശ്തഹാ വല്‍ ഫാഖിരി
മിന്‍മത്അമിന്‍ വലാബിസിന്‍ വമനാസിലാ
(ഭ്രമിപ്പിക്കുന്നതും അഹങ്കാരം ജനിപ്പിക്കുന്നതുമായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം എന്നിവയില്‍ നീ മിതത്വം പാലിക്കുക)