ശതാബ്ദിയുടെ നിറവില്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍
ശതാബ്ദി പിന്നിട്ട ഗവ. ഹൈസ്‌കൂളിന്റെ ഒ.എസ്.എ കൂട്ടായ്മ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. 2024 ഡിസംബര്‍ 28 മുതല്‍ 2025 ജനുവരി 26 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കായി വിപുലമായി ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ആദ്യം ബോര്‍ഡ് ഹൈസ്‌ക്കൂളും പിന്നെ ഗവ. ഹൈസ്‌കൂളും ഇപ്പോള്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുമായി പരിണമിച്ച ഈ വിദ്യാലയത്തില്‍ പഠിച്ച പരശതം വിദ്യാര്‍ത്ഥികള്‍ ഇന്നും ഈ വിദ്യാലയത്തെ വൈകാരികമായി ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നു; പണ്ടെങ്ങോ പുസ്തകത്താളുകളില്‍ സൂക്ഷിച്ച നിറവിന്റെ മയില്‍ പീലികള്‍ ഉള്ളില്‍ പീലി വിടര്‍ത്തിയാടുന്നു.
ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍, ആഘോഷങ്ങളില്‍ ഭാഗഭാക്കാകുവാന്‍ ഏറെ കൊതിക്കുന്നു. വ്യക്തിപരമായ ചില ഓര്‍മ്മകള്‍ ഇവിടെ പങ്കുവെക്കട്ടെ. 1973-74 എസ്.എസ്.എല്‍.സി. ബാച്ചുകാരായ ഞങ്ങളുടെ സ്‌കൂള്‍ ജീവിതകാലത്ത് പി. അപ്പുക്കുട്ടന്‍ മാഷും കെ.വി. കുമാരന്‍ മാഷും പി.വി. കൃഷ്ണന്‍ മാഷും ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു. അപ്പുക്കുട്ടന്‍ മാഷ് സ്പുടമായി ഇടിമുഴക്കത്തില്‍ ഞങ്ങളുടെ 10 ഡി ബാച്ചില്‍ മലയാള ഗ്രാമര്‍ പഠിപ്പിക്കുകയാണ്.
നന മനയുഗ എട്ടില്‍
തട്ടണം മാലിനിക്ക്
എന്ന കാകളി വൃത്തം ഉദാഹരണ സഹിതം മാഷ് വിവരിക്കുന്നു. ക്ലാസില്‍ മാലിനി എന്ന ഒരു വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി. പിന്നില്‍ ബെഞ്ചില്‍ നിന്ന് ഏതോ കുസൃതി വിളിച്ചുകൂവി. അതെ തട്ടണം മാലിനിക്ക്. എല്ലാവരും ഉറക്കെ ചിരിച്ചു. മാലിനി മാത്രം മുഖം പൊത്തിക്കരഞ്ഞു. പുറത്ത് ക്ലാസ് അവസാനിപ്പിച്ച് ബെല്‍ മുഴങ്ങി. അപ്പുക്കുട്ടന്‍ മാഷ് മെല്ലെ ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോയി.
ഓര്‍മ്മയില്‍ മറ്റൊരു ചിത്രം തെളിയുന്നു. ഹിന്ദി ക്ലാസ്. കെ.വി. കുമാരന്‍ മാഷിനെ കൂടാതെ സുബ്രായ ഭട്ട് മാഷും ഞങ്ങളെ ഹിന്ദി പഠിപ്പിച്ചിരുന്നു. ക്ലാസില്‍ ഒന്നും മനസ്സിലാകാതെ അന്തിച്ചിരിക്കുന്ന ഞങ്ങളെ നോക്കി, എടാ വിഡ്ഢി എന്ന് കൂടെക്കൂടെ കന്നഡ കലര്‍ന്ന മലയാളത്തില്‍ സുബ്രായ ഭട്ട് മാഷ് ശാസിച്ചുകൊണ്ടിരുന്നു.
അരക്കൊല്ല പരീക്ഷ നടക്കുന്ന ദിവസം. ഹിന്ദിയായിരുന്നു അന്ന് പരീക്ഷ വിഷയം. ഞാനും സുഹൃത്ത് ഹക്കീം റഹ്മാനും അടുത്തടുത്തിരുന്നായിരുന്നു പരീക്ഷ എഴുതിയിരുന്നത്. ഹിന്ദി ഭാഷ അന്ന് ഞങ്ങള്‍ക്കൊരു ബാലികേറാമലയായിരുന്നു. ചോദ്യം പോലും മനസിലാക്കാന്‍ പറ്റാത്ത ഞങ്ങള്‍ അന്തിച്ചിരുന്നു. ചോദ്യപേപ്പറില്‍ 5 മാര്‍ക്ക് പഠിച്ച പദ്യഭാഗം പൂരിപ്പിക്കാനായിരുന്നു. റഹ്മാന്റെ കയ്യില്‍ പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകം ഉണ്ട്. പക്ഷെ, എങ്ങനെ തുറന്നുനോക്കും. കുമാരന്‍ മാഷ് ക്ലാസില്‍ ഉലാത്തുന്നുണ്ട്. റഹ്മാന്‍ മെല്ലെ പുസ്തകം മറിച്ചു, ധൃതിയില്‍ പദ്യം പരതുന്നുണ്ട്. അതാ ഞങ്ങളുടെ പിറകില്‍ കുമാരന്‍ മാഷ്. മാഷ് ഒരു എതിര്‍പ്പുമില്ലാതെ ഞങ്ങളോടായി പറഞ്ഞു. നോക്കി എഴുതിക്കോടാ, പ്രശ്‌നമില്ല, ക്ലാസില്‍ എപ്പോഴെങ്കിലും ഒന്നു പുസ്തകം തുറന്നു നോക്കി വായിച്ചവര്‍ക്കല്ലെ ഉത്തരം കണ്ടെത്താന്‍ കഴിയൂ...
ഞങ്ങള്‍ ഇളഭ്യരായി ഒന്നും മിണ്ടാതെ ഇരുന്നു. ചോദ്യം തന്നെ പകര്‍ത്തി എഴുതി ഉത്തര പേപ്പര്‍ തിരിച്ചു നല്‍കി.
എട്ട് മുതല്‍ 10 വരെ മൂന്നുവര്‍ഷം ഞങ്ങള്‍ അവിടെ പഠിച്ചു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ പലരും ജീവിതത്തിന്റെ ഉന്നത ശ്രേണിയില്‍. പഠന മികവില്ലാത്തവര്‍ പലരും ജീവിതയാത്രയില്‍ വിജയശ്രീലാളിതരായി വിലസുന്നു; മറ്റു ചിലര്‍ ജീവിതയാത്ര മതിയാക്കി തിരിച്ചു പോയിരിക്കുന്നു.
10 ഡിയിലെ കൂട്ടുകാര്‍ യുവജനോത്സവത്തില്‍ കളിച്ച നാടകമാണ് 'എനിക്ക് ഗുസ്തി പഠിക്കണ്ട'. ഇപ്പോഴത് വീണ്ടും പഴയ കൂട്ടുകാര്‍ പുനരാവിഷ്‌കരിക്കുന്നു. അതില്‍ ഹഖീം റഹ്മാന്‍ മാത്രമാണ് പഴയ താരമായുള്ളത്. ബാലകൃഷ്ണനും ഹുമയൂണും കെ.ടി. ഉപേന്ദ്രനും ഗഫൂറും എം.സി. മുഹമ്മദും കാലയവനികക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. പി.വി. കൃഷ്ണന്‍ മാഷ് ഞങ്ങളുടെ സാഹിത്യവാസന തിരിച്ചറിഞ്ഞു; പ്രോത്സാഹനം നല്‍കിയിരുന്നു. എല്ലാ ക്ലാസിലും കുട്ടികളെ കൊണ്ട് കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിപ്പിച്ചു. പത്ത് ഡിയിലെ പത്രാധിപര്‍ ഞാനും ചെര്‍ക്കള അഹമ്മദുമായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. 600ല്‍ പരം സജീവ അംഗങ്ങളുള്ള ഒ.എസ്.എ. ഗ്രൂപ്പിനെ എന്‍.എ. അബൂബക്കര്‍ പ്രസിഡണ്ടും ഷാഫി എ. നെല്ലിക്കുന്ന് ജനറല്‍ സെക്രട്ടറിയും സി.കെ. അബ്ദുല്ല ചെര്‍ക്കള ട്രഷററുമായ 34 അംഗ എക്്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടായ്മയാണ് നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇപ്പോള്‍ ഓര്‍മ്മകള്‍ പലതും തളിര്‍ത്തു വരുന്നുണ്ട്. പഴയ വിദ്യാലയ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുതന്ന പ്രിയപ്പെട്ട അധ്യാപകര്‍ക്ക് മുന്നില്‍ പരശതം വിദ്യാര്‍ത്ഥികളുടെ കൂടെ ഞാനും കൈ കൂപ്പുന്നു.
അബ്ബാസലി ചേരങ്കൈ