സിനിമയുടെ വടക്കന്‍ വീരഗാഥ

സിനിമയുടെ ലൊക്കേഷനും അഭിനയവുമെല്ലാം കേട്ടറിഞ്ഞ് മാത്രം മനസിലാക്കിയുള്ള കാലമല്ല, കാസര്‍കോട്ടുകാര്‍ക്ക് ഇന്ന്. ഷൂട്ടിങ്ങ് ഒഴിഞ്ഞ ഒരു ദിവസം പോലും അടുത്തകാലത്തൊന്നും കാസര്‍കോട്ട് ഉണ്ടായിട്ടില്ല. ജില്ലയുടെ ഏതെങ്കിലുമൊരു കോണില്‍ സിനിമാ ചിത്രീകരണമുണ്ടാകും. ഒന്നുകില്‍ മുഴുവന്‍ സീനുകളും ഈ ജില്ലയില്‍ തന്നെ ഷൂട്ട് ചെയ്യുന്നത്. അല്ലെങ്കില്‍ ഏതെങ്കിലും സീനുകള്‍ മാത്രം ഇവിടെ നിര്‍മ്മിക്കുന്നത്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തി ജില്ലയായി കണ്ട് മാറ്റിനിര്‍ത്തിയ കാലം സിനിമാ ലോകത്തെ സംബന്ധിച്ച് പൂര്‍ണമായും അസ്തമിച്ചിരിക്കുന്നു. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടത്തിയ സിനിമാ കൂട്ടായ്മയില്‍ പങ്കെടുത്തത് 50 ലേറെ സിനിമാക്കാരാണ്. ജില്ലയിലെ ആകെ സിനിമാ പ്രവര്‍ത്തകരുടെ 60 ശതമാനം പോലുമാകുന്നില്ല ഈ എണ്ണം. ലൊക്കേഷന്‍ കേന്ദ്രമായി കാസര്‍കോട് മാറിയപ്പോള്‍, അണിയറ പ്രവര്‍ത്തകരും നടീനടന്മാരും സംവിധായകരുമെല്ലാം കൂട്ടത്തോടെ പിറവിയെടുത്തു. കൃഷ്ണന്‍ മുന്നാടിനെപ്പോലെയും ഉത്പല്‍ വി. നായനാരെപ്പോലെയും ഒരുപിടി ആളുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കാസര്‍കോടന്‍ സിനിമാ കരുത്തിന്റെ കൈ പതിച്ചിരുന്നു.

കാഞ്ഞങ്ങാട്ട് നടന്ന സിനിമാ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് നടന്‍ ഇര്‍ഷാദ് അലി പറഞ്ഞത്, സിനിമാ മേഖലയിലെ പൊതുബോധത്തെ കാസര്‍കോട്ടുകാര്‍ തിരുത്തിയെന്നായിരുന്നു. കാസര്‍കോടിനെ കുറിച്ച് സിനിമാ മേഖലയില്‍ പൊതുവെ ഒരു ചര്‍ച്ചയുണ്ടെന്നും അത് ഈ ജില്ലക്കാരെ സിനിമയുമായി അടുപ്പിക്കാനൊന്നും ആകില്ലെന്നുമുള്ള പൊതു ബോധത്തെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇര്‍ഷാദ് അലിയുടെ വാക്കുകള്‍.

'കേരളത്തിന് വടക്ക് കാസര്‍കോട് രാവണേശ്വരം ഗ്രാമത്തിലാണ് വീട്. പേര് പി.വി. നാരായണന്‍. അത് ചുരുക്കി പവനായി എന്നാക്കി...' 'നാടോടിക്കാറ്റി'ല്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഡയലോഗാണിത്. നിരോഷയും വിനീതും ത്യാഗരാജനും മുഖ്യ അഭിനേതാക്കളായ പഴയൊരു സിനിമയുണ്ട് 'ഒരു മുത്തശ്ശിക്കഥ'. അതിലെ പാട്ടുരംഗങ്ങളത്രയും ബേക്കല്‍ കോട്ടയായിരുന്നു.

നാട്ടിലെ ഏതെങ്കിലും സ്ഥലപ്പേര് സിനിമയിലെ ഡയലോഗിലുണ്ടായാല്‍ അതിന് വലിയ പ്രചാരം നല്‍കുന്ന ഒരു കാലമുണ്ടായിരുന്നു വടക്കന്‍ ജില്ലക്കാര്‍ക്ക്. പാട്ടുരംഗം ചിത്രീകരിച്ചാല്‍ പിന്നെ ആവേശം പറയാനില്ല. കാലം മാറി കഥമാറി.

ഇന്ന് സിനിമാക്കാര്‍ കൂട്ടത്തോടെ ഇങ്ങോട്ട് വരുന്നു. വടക്കന്‍ ജില്ലകളിലെ ഗ്രാമങ്ങള്‍ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ നിറയുന്നു. ഡയലോഗില്‍ അപ്പടി ഇവിടത്തെ നാട്ടുപേരുകളും സ്ലാങുകളും. സിനിമയുടെ പേരുകളിലും കണ്ണൂരിനും കാസര്‍കോടിനും കൂടുതല്‍ ഇടം കിട്ടുന്നു. 1969 ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ ഡീലക്സും കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന കണ്ണൂര്‍ എന്ന സിനിമയും മിമിക്സ് പരേഡ് സിനിമയുടെ രണ്ടാം ഭാഗമായ കാസര്‍കോട് കാദര്‍ഭായിയുമൊക്കെ നേരത്തെ ഉണ്ടായിരുന്നു. ആസിഫലി നായകനായ കാസര്‍ഗോള്‍ഡിനും പിന്നാലെ മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡിനും ടൊവിനോ നായകനായ എ.ആര്‍.എമ്മുമൊക്കെ ഒന്നിനു പിറകെ ഒന്നായി കാസര്‍കോടിന്റെ ലൊക്കേഷനായി. 1978ല്‍ പത്മതീര്‍ത്ഥം എന്ന സിനിമയുടെ നല്ലൊരു ഭാഗം കാഞ്ഞങ്ങാട്ട് നിന്ന് ചിത്രീകരിച്ചിരുന്നുവെന്നതൊഴിച്ചാല്‍ കാഞ്ഞങ്ങാടിന് പിന്നീട് ലൊക്കേഷന്‍ ഭാഗ്യമുണ്ടായിരുന്നില്ല.

1985ല്‍ പുറത്തിറങ്ങിയ 'അധ്യായം ഒന്നുമുതല്‍' എന്ന സിനിമ ഷൂട്ട് ചെയ്തത് തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമായിരുന്നു. നായകന്‍ മോഹന്‍ലാലിനെയും നായിക മാധവിയേയും കാണാനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ചില്ലറയൊന്നുമല്ല കഷ്ടപ്പെട്ടിരുന്നത്. ഇന്ന് സിനിമാ ലൊക്കേഷനെന്ന് കേട്ടാല്‍ ഓടിച്ചെല്ലാനും നായകനെ കാണാനുമൊന്നും തിക്കും തിരക്കുമൊന്നുമില്ല. ഒന്നൊന്നായി സിനിമകള്‍ ചിത്രീകരണത്തിനെത്തുമ്പോള്‍ ആളുകള്‍ക്കും അത് പുതുമയില്ലാതായി. മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍ എന്ന സിനിമിയല്‍ തളിപ്പറമ്പ് തമ്പുരാക്കന്മാര്‍ എന്നുപറയുന്ന ഡയലോഗുണ്ട്. മാര്‍ക്ക് ആന്റണി എന്ന സിനിമയില്‍ തളിപ്പറമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണ് കെ.പി.എ.സി. ലളിത. ഇത്തരത്തില്‍ വടക്കന്‍ ജില്ലകളിലെ സ്ഥലനാമങ്ങള്‍ ഉപയോഗിച്ച പഴയ പടങ്ങളും കുറവല്ല. പുത്തന്‍പണം സിനിമയില്‍ കാസര്‍കോടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ലാങ് ആണ് മമ്മൂട്ടിയുടേത്.

വടക്കിന്റെ നക്ഷത്രം

യുവജനോത്സവ വേദികളില്‍ തിളങ്ങി മലയാള സിനിമയിലെ മുന്‍നിര നടിയായി ജില്ലയുടെ അഭിമാന താരം കാവ്യാമാധവന്‍ നിറഞ്ഞുനിന്നതിന് പിന്നാലെയാണ് വലിയൊരു താരനിര കാസര്‍കോട് ജില്ലയില്‍ നിന്നും ഉയര്‍ന്നുവരുന്നത്.




തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പുതിയ തുടക്കം ഇവിടെ നിന്ന്

ഫാസിലും സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപത്രങ്ങളായ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് വടക്കന്‍ ജില്ലയിലേക്ക് സിനിമാക്കാരെത്തിയതിന്റെ പുതിയ കാലത്തെ തുടക്കം. നേരത്തെയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിരുന്നു. മീനമാസത്തിലെ സൂര്യന്‍, ന്യായവിധി, മാന്യമഹാജനങ്ങളെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, മധുരനൊമ്പരക്കാറ്റ്, വടക്കുംനാഥന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മയൂഖം, വര്‍ഗം, അയാള്‍ കഥയെഴുതുകയാണ്, യുഗപുരുഷന്‍, ഞാന്‍, കര്‍മ്മയോഗി, ആദിമധ്യാന്തം, ഗോഡ്സെ, ജിന്ന്, തട്ടുംപുറത്ത് അച്യുതന്‍, ചായില്ല്യം, 1098, ഓഫ്ദ റോഡ് ഇങ്ങനെ നീളുന്നു പഴയ പട്ടിക. ബോംബെ സിനിമയിലെ ബേക്കല്‍കോട്ട പാട്ടുരംഗവും പഴശ്ശിരാജ, ബാഹുബലി സിനിമിയിലെ യുദ്ധ രംഗം ഷൂട്ട് ചെയ്ത കണ്ണവം കാടും വടക്കന്‍ ദേശത്ത് കൈയ്യൊപ്പ് ചാര്‍ത്തി. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷമെത്തിയ തിങ്കളാഴ്ച നിശ്ചയം കാഞ്ഞങ്ങാടിന്റെ സിനിമയായും വെള്ളം കണ്ണൂരിന്റെ സിനിമയായും അടയാളപ്പെടുത്തി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഓട്ടോര്‍ഷാ, ന്നാ താന്‍ കേസ് കൊട്, പാല്‍ തു ജാന്‍വര്‍, കക്ഷി അമ്മിണിപ്പിള്ള, ആന്റ് ദ ഓസ്‌കാര്‍ ഗോസ്ടു, മദനോത്സവം, ബിടെക്ക്, നദികളില്‍ സുന്ദരി യമുന, ഡിജിറ്റല്‍ വില്ലേജ്, മുകള്‍പ്പരപ്പ്, പൊറാട്ട് നാടകം, രാമനും ഖദീജയും, ഭാരത് സര്‍ക്കാര്‍ ഉല്‍പന്നം, ഹൃദയഹാരിയായ പ്രണയ കഥ എന്നിങ്ങനെ നീളുന്നു പുതിയകാല സിനിമകള്‍.

പോളീവുഡോ അതെന്താ...

ഹോളീവുഡും ബോളീവുഡും ടോളീവുഡും മോളീവുഡുമൊക്കെ കേട്ടിട്ടുണ്ട്. പോളീവുഡെന്ന് ഇതാദ്യമായി കേള്‍ക്കുന്നതാ. അതെന്താ.

ഈ ചോദ്യവും ആശ്ചര്യവും പക്ഷെ, സിനിമാ പ്രവര്‍ത്തകര്‍ക്കിടിയിലില്ല.

അവര്‍ക്കിടയില്‍ ഈ വാക്ക് സുപരിചിതമായിക്കഴിഞ്ഞു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ സിനിമാ ലൊക്കേഷനെയാണ് പോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നതത്രെ.

വടക്കന്‍ ജില്ലകളിലെ ലൊക്കേഷന്‍ കേന്ദ്രം പ്രധാനമായും പയ്യന്നൂരാണ്. അതിനാല്‍ പയ്യന്നൂരിലെ 'പി'യില്‍ തുടങ്ങുന്നതാണ് പോളിവുഡെന്നത്. ഈ ദേശങ്ങളില്‍ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഓ, നിങ്ങള്‍ പോളീവുഡില്‍ നിന്നാണല്ലേ എന്നു ചോദിക്കുന്നത് പതിവായെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

Related Articles
Next Story
Share it