നാല്‍ക്കാലികള്‍ക്കും ഇരുകാലികള്‍ക്കുമിടയില്‍
ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ തങ്ങളെ നയിക്കുന്ന-ഭരിക്കുന്ന ഭരണാധികാരികളില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നു. കാരണം, അതിനവര്‍ക്ക് എല്ലാ അവകാശവുമുണ്ട്. അവരാണല്ലോ തങ്ങളുടെ ജീവനും സ്വത്തിനും കാവലായി എന്നും ഒപ്പമുണ്ടാവും എന്ന പ്രത്യാശയില്‍ ഓരോ ഭരണകൂടങ്ങളേയും തിരഞ്ഞെടുക്കുന്നത്.
വ്യക്തികളെന്ന നിലയ്ക്ക് ഒറ്റയ്‌ക്കൊറ്റയ്‌ക്കോ സമൂഹമെന്ന നിലയില്‍ കൂട്ടമായോ നേരിടാനോ തരണം ചെയ്യാനോ പറ്റാത്ത പല പ്രതിസന്ധികളും വെല്ലുവിളികളും ഭീഷണികളും പലപ്പോഴും പൗരസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ഉറ്റുനോക്കുന്നതും മുട്ടിവിളിക്കുന്നതും തങ്ങള്‍ തിരഞ്ഞെടുത്ത ഭരണകേന്ദ്രങ്ങളുടെ വാതിലുകളിലാണ്. എന്നാല്‍, ആ സംവിധാനങ്ങള്‍ കര്‍ത്തവ്യം മറന്നോ ജനരോദനം അവഗണിച്ചോ നിശ്ചലരായിത്തീരുമ്പോള്‍ പൗരസമൂഹത്തിന് മുന്നില്‍ മറ്റേത് വഴിയാണുള്ളത്? അഭയമാകേണ്ട സംവിധാനങ്ങള്‍ അക്ഷന്തവ്യമായ അനാസ്ഥയും അവഗണനയും മുഖമുദ്രയാക്കുമ്പോള്‍ നിസ്സഹായരായ മനുഷ്യര്‍ എന്താണ് ചെയ്യേണ്ടത്?
കാടും നാടും ഒട്ടിനില്‍ക്കുന്ന ഒരു കൊച്ചു സംസ്ഥാനമാണല്ലോ കേരളം? എങ്കിലും വനത്തിനും ജനപഥങ്ങള്‍ക്കുമിടയിലും ഇരുകാലികള്‍ക്കും വന്യമൃഗങ്ങളായ നാല്‍ക്കാലികള്‍ക്കുമിടയിലും ഒരു അലിഖിത അതിര്‍വരമ്പുണ്ടായിരുന്നു, അടുത്തകാലം വരേയും. കാട്ടിലെ മൃഗങ്ങളും നാട്ടിലെ മനുഷ്യരും എഴുതാതെ ഉണ്ടാക്കിയ ഉടമ്പടി പോലെ പരസ്പരം കാത്തുസൂക്ഷിച്ചു പോന്നിരുന്ന തങ്ങളുടെ അതിരുകള്‍ ഇപ്പോള്‍ ഭീതിതമാം വണ്ണം ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നടുക്കുന്ന വാര്‍ത്തകളാല്‍ സജ്ജമാണ് വര്‍ത്തമാന മാധ്യമങ്ങള്‍. മനുഷ്യന്‍ കാട് കയ്യേറിയതിന്റെ പതിന്മടങ്ങ് വേഗത്തിലാണ് കാട്ടുമൃഗങ്ങള്‍ നാട് കയ്യേറിക്കൊണ്ടിരിക്കുന്നത് എന്നത് ഒരു പുതുമയുള്ള വാര്‍ത്ത അല്ലാതായിക്കൊണ്ടുമിരിക്കുന്നു. കാട്ടിലെ സാഹചര്യം അവിടത്തെ ജീവികളുടെ ആവാസവ്യവസ്ഥയെ എത്ര പ്രതികൂലമായിട്ടാണ് ബാധിച്ചിരിക്കുന്നതെങ്കിലും നാട്ടിലെ മനുഷ്യരുടെ സൈ്വര ജീവിതത്തിനുമേല്‍ വന്യമൃഗങ്ങള്‍ എത്ര വലിയ ആഘാതമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്ന് നിത്യവും നാം കേള്‍ക്കുകയാണ്, കാണുകയാണ്.
പുലികളും കടുവകളും കാട്ടാനകളും കാട്ടുപോത്തുകളും കാട്ടുപന്നികളും മുള്ളന്‍പന്നികളും കുരങ്ങുകളും മറ്റും നമ്മുടെ തൊടികളിലും നിരത്തുകളിലും തെരുവുപട്ടികളെപ്പോലെ രാപ്പകല്‍ ഭേദമന്യ മനുഷ്യരില്‍ ഭീതിവിതച്ചുകൊണ്ട് സൈ്വരവിഹാരം നടത്തുകയാണ്. കാട്ടാനകളും കാട്ടുപന്നികളും കാട്ടുപോത്തുകളും മറ്റും ഒരുഭാഗത്ത് മനുഷ്യന്റെ സ്വപ്‌നവും നിലനില്‍പ്പിന് ആധാരവുമായ കൃഷികളെ മുച്ചൂടും നശിപ്പിക്കുമ്പോള്‍ മറുഭാഗത്ത് ഹിംസ്രജന്തുക്കള്‍ മനുഷ്യന്റെ വളര്‍ത്തുമൃഗങ്ങളേയും കൊന്നുതിന്നുന്നു; പലപ്പോഴും മനുഷ്യന്റെ വിലപ്പെട്ട ജീവനുകളും അവ അപഹരിക്കുന്നു.
പല രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടും അന്ധവിശ്വാസങ്ങള്‍ കൊണ്ടും മനുഷ്യ ജീവനുകളേക്കാള്‍ ക്ഷുദ്രജീവികളും നാശകാരികളുമായ ജന്തുക്കള്‍ക്കും ഉരഗങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന കേന്ദ്രഭരണകൂടവും അതിനെ പഴിചാരിയും പിന്തുടര്‍ന്നും അതേ നയങ്ങള്‍ നടപ്പിലാക്കാന്‍ തല്‍പ്പരരോ നിര്‍ബ്ബന്ധിതരോ ആയ സംസ്ഥാന ഭരണകൂടങ്ങളും മനുഷ്യന്റെ ആശങ്കകള്‍ക്കും ആധികള്‍ക്കും മുന്നില്‍ നിസ്സംഗരായി നില്‍ക്കുന്നത് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യവിരുദ്ധമാണ്. വികലമായ നയങ്ങളുടെയും നിയമങ്ങളുടേയും ഫലമായി കാട്ടില്‍/വനത്തില്‍ വന്യജീവികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാവാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാട്ടില്‍ മനുഷ്യര്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യാ വിസ്‌ഫോടനം പോലെത്തന്നെയായിരിക്കാം ഒരുപക്ഷേ, കാട്ടിലേയും അവസ്ഥ. വെള്ളവും ഭക്ഷണവും മാത്രം അടിസ്ഥാനാവശ്യമായ മൃഗങ്ങള്‍ കാട്ടില്‍ അവ ദുര്‍ലഭമായിത്തീര്‍ന്നതുകൊണ്ട് കൂടിയായിരിക്കാം കാടിറങ്ങി വരുന്നത്. പക്ഷേ, അത് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി വളര്‍ന്നാല്‍...?
നാട്ടിലെ മനുഷ്യരെ സേവിക്കാനും കാട്ടിലെ മൃഗങ്ങളേയും സസ്യജാലങ്ങളേയും സേവിക്കാനും രാജ്യത്ത് വകുപ്പുകളുണ്ട്. മന്ത്രാലയങ്ങളുണ്ട്. നാടിനും കാടിനും മന്ത്രിമാരുണ്ട്. ഉദ്യോഗസ്ഥരുണ്ട്. ഓരോ വകുപ്പിനും നീക്കിവയ്ക്കപ്പെടുന്ന ഭീമമായ തുകകളുണ്ട്. ഇല്ലാത്തത് ഒന്നു മാത്രം, സാധാരണ പൗരന് സമാധാനവും സുരക്ഷയും. അവ നല്‍കേണ്ടവര്‍ പരസ്പരം കുറ്റം പറഞ്ഞ് പ്രഹസനങ്ങള്‍ തുടരുന്നു.
കേരളത്തിലെ ഒരു ജില്ലയും വന്യജീവികളുടെ കടന്നുകയറ്റത്തില്‍ നിന്നും മുക്തമല്ല എന്നാണ് ഓരോ ദിവസത്തേയും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എത്രയോ വളര്‍ത്തു മൃഗങ്ങളുടെയും മനുഷ്യരുടേയും ജീവനുകള്‍ ഇതിനോടകം അപഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാസര്‍കോട് ജില്ലയിലെ മുളിയാര്‍, കാറഡുക്ക തുടങ്ങിയ പഞ്ചായത്തുകള്‍ ഹിംസ്രജന്തുക്കളുടെ പിടിയില്‍ ഏതാണ്ട് പൂര്‍ണ്ണമായും അമര്‍ന്നുകഴിഞ്ഞിരിക്കുന്നു. മനുഷ്യരെ അവ പിടിച്ച് ഭക്ഷിച്ചു കഴിഞ്ഞേ സംവിധാനങ്ങള്‍ ഉണരൂ എന്നു പറഞ്ഞാല്‍ പാവം ജനത എന്തു ചെയ്യാനാണ്? അങ്ങിങ്ങ് കൂടുകള്‍ സ്ഥാപിക്കുന്നു എന്നു കേള്‍ക്കുന്നു. ഒരു കൂട്ടിലും കുടുങ്ങാത്ത വിധം പുലിയും മറ്റും ബുദ്ധിശാലികളോ തന്ത്രശാലികളോ ആയി മാറിയിരിക്കുന്നു. ഇനി അഥവാ, കൂടുകളില്‍ കുടുങ്ങിയാല്‍ തന്നെ നമ്മുടെ മൃഗാനുകൂല നിയമങ്ങള്‍ മൂലം എന്തുചെയ്യാനാണ്? പെരുമ്പാമ്പിനെ പിടികൂടിയാല്‍ രണ്ട് പറമ്പ് അപ്പുറവും പുലി-കടുവയെ പിടിച്ചാല്‍ രണ്ട് ഫര്‍ലോംഗ് അപ്പുറത്തും കൊണ്ടുപോയി തുറന്നുവിടുകയും കാട്ടാനകളെ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും തൊട്ടടുത്ത കാട്ടിലേക്ക് ഓടിക്കുകയും ചെയ്യുക എന്ന ഹാസ്യനാടകം കൊണ്ട് ആര്‍ക്കെന്ത് ഗുണവും സുരക്ഷയും ഉണ്ടാകാനാണ്?
കേന്ദ്ര നിയമങ്ങളെ മറികടക്കാന്‍ സംസ്ഥാനങ്ങള്‍ എന്തെല്ലാം നിയമങ്ങള്‍ കൊണ്ടുവരാറുണ്ട്, പലപ്പോഴും. വനം നിയമത്തിലും വന്യമൃഗ നിയമത്തിലും ഭേദഗതികളും പുതിയ നിയമങ്ങളും കൊണ്ടുവരാന്‍ ഒരു മാര്‍ഗവുമില്ലാത്ത വിധം ദുര്‍ബലമാണോ നമ്മുടെ സംസ്ഥാന അധികാരങ്ങള്‍? അതോ, ചക്കിക്കൊത്ത ചങ്കരന്മാരാണോ, എല്ലാവരും? പരിപാലിക്കേണ്ടതിനെ പരിപാലിക്കാനും നിഗ്രഹിക്കേണ്ടതിനെ നിഗ്രഹിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ, എന്തിനാണ് ഒരു സംവിധാനത്തെ ജനായത്ത ഭരണം എന്നു വിളിക്കുന്നത്?
കുറേ മനുഷ്യരെ കൊന്നു തിന്നട്ടേ വന്യജീവികള്‍, എന്നിട്ട് നടപടിയെപ്പറ്റി ആലോചിക്കാം എന്നതാണ് തീരുമാനമെങ്കില്‍ അതിനെ ക്രൂരം എന്നേ പറയാനുള്ളൂ.