മൊബൈല്‍ ഫോണ്‍; കുരുക്കില്‍ നിന്ന് പുറത്തുചാടാം

മൊബൈല്‍ ഫോണ്‍ ഉപയോഗം അനിയന്ത്രിതമാകുന്നതുവഴി ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം മൊബൈലിന് മുന്നിലിരുന്ന് കഴുത്തും കൈകളും കണ്ണുമൊക്കെ തളരുന്നുണ്ട്. ഉറക്കമില്ലാതെ ഫോണിന് മുന്നിലിരിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ വേറെയും. എന്നാല്‍ ഇവ മാത്രമല്ല, നിയന്ത്രിതമല്ലാത്ത മൊബൈല്‍ ഫോണ്‍ ഉപയോഗം മാനസികാരോഗ്യത്തേയും കാര്യമായി ബാധിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. കൗമാരപ്രായക്കാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും മാനസികാരോഗ്യവും സംബന്ധിച്ചുള്ളതായിരുന്നു പഠനം. മൊബൈല്‍ ഫോണുകളില്‍ ഏറെസമയം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്‌നമുണ്ടാകാമെന്ന് അടുത്തിടെ മറ്റൊരു പഠനത്തിലും പുറത്തുവന്നിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ പുറംവേദന പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സയന്റിഫിക് ജേര്‍ണലായ ഹെല്‍ത്ത്‌കെയറിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ് വന്നതോടു കൂടി കുട്ടികള്‍ ഉള്‍പ്പടെ ഓണ്‍ലൈനായി മാറിയ കാഴ്ചയാണ് നാമിന്ന് കാണുന്നത്. ഒരു പരിധിവരെ മൊബൈല്‍ വളരെ ഗുണം ചെയ്തുവെങ്കിലും അത്ര തന്നെ ദോഷവും അതിനൊപ്പമുണ്ട്. ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫോണില്‍ ചെലവഴിക്കുക, അതിലെ ആപ്പുകളില്‍ മുഴുകി ദിവസം തീര്‍ക്കുക, അത് നിങ്ങളുടെ സ്വഭാവത്തെയും ജീവിതത്തെയും വളരെയധികം സ്വാധീനിക്കും. സത്യാവസ്ഥ തിരിച്ചറിഞ്ഞാല്‍ ചെറിയ ശീലങ്ങള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.

ആരോടെങ്കിലും സംസാരിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ ഫോണ്‍ നോക്കാതിരിക്കുക, ചെറിയൊരു ബോറടി തോന്നുമ്പോഴേയ്ക്കും ഫോണ്‍ കയ്യിലെടുക്കുന്ന പതിവുണ്ടെങ്കില്‍ അവസാനിപ്പിക്കുക...

മൊബൈല്‍ ഫോണ്‍ അഡിക്ഷനില്‍ നിന്നും രക്ഷപ്പെടാനാകാതെ ഈ അടുത്ത് കേരളത്തില്‍ ഒരുപാട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ഇത്തരം അഡിക്ഷനുകള്‍ മൂലം ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദമാണ് പലപ്പോഴും ആത്മഹത്യയിലേക്ക് എത്തിക്കുന്നത്. എന്തിന്, ഇന്ന് കൈക്കുഞ്ഞുങ്ങള്‍ക്ക് പോലും ഒരു കളിപ്പാട്ടത്തിന് സമാനമായി നല്‍കുന്നത് മൊബൈല്‍ ഫോണാണ്. ഒരുപക്ഷേ നമുക്ക് ഇടയിലുള്ള പലരുടെയും പ്രശ്നങ്ങളുടെ തുടക്കവും ഫോണുകള്‍ തന്നെയാണ്. സ്വയം ബോധപൂര്‍വ്വം നമ്മള്‍ ഓരോരുത്തരും തിരിച്ചറിയണം. ജീവിതത്തില്‍ നമുക്ക് തന്നെ ഇതിനൊരു പരിഹാരം കാണാന്‍ കഴിയും. പക്ഷേ അതിനുവേണ്ടി നമ്മള്‍ തന്നെ ഇറങ്ങണം. സത്യാവസ്ഥ തിരിച്ചറിഞ്ഞ് ശീലങ്ങളെ ചെറിയ തോതിലേക്ക് മാറ്റാന്‍ ശ്രമിക്കുക. എന്നാലേ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഫോണിലൂടെ അല്ലാതെ നേരിട്ട് എത്ര ഭയങ്കരം സൃഷ്ടിക്കുന്നു എന്ന് തിരിച്ചറിയും. മൊബൈല്‍ ഫോണിന്റെ തുടര്‍ച്ചയായ ഉപയോഗം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം നിസ്സാരമല്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമെ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നതിലും പലപ്പോഴും മൊബൈല്‍ ഫോണ്‍ ഒരു വില്ലനായി മാറുന്നു. മൊബൈല്‍ ഫോണിലൂടെ നുഴഞ്ഞുകയറുന്ന ചില വിരുതര്‍ സ്ത്രീകളടക്കമുള്ളവരെ വശീകരിച്ച് കുടുംബബന്ധങ്ങളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ചെറുതല്ല. ഇതുമൂലം വഴിയാധാരമായ സ്ത്രീകള്‍ ഏറെയാണ്.

മറ്റൊരു വലിയ പ്രശ്‌നം എന്ന് പറയുന്നത് നമ്മള്‍ അറിയാതെ ചെയ്തുപോകുന്ന കുറെ തെറ്റുകള്‍ തെളിവുകളായി മൊബൈല്‍ ഫോണില്‍ കുടുങ്ങി കിടക്കുന്നു എന്നതും അവ നമ്മെ നാളെ ജയിലറകളിലേക്ക് എത്തിക്കുന്നു എന്നതുമാണ്. സൈബര്‍ക്രൈം ഏറിവരുന്ന കാലമാണിത്. ഇത്തരം പല കുറ്റകൃത്യങ്ങളിലേക്ക് നമ്മള്‍ ചെന്നുചാടുന്നത് അറിവില്ലായ്മ കൊണ്ടും തെറ്റുകളെ കുറിച്ച് ഗൗരവം ഇല്ലാത്തത് കൊണ്ടുമാണ്. മൊബൈല്‍ ഫോണ്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നാളെ നമുക്കത് വലിയ വിപത്തായേക്കാം. ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ ശീലിക്കണം. പല കാര്യങ്ങള്‍ക്കും ഉപകരിക്കേണ്ട, നമുക്കൊരു സഹായിയായി വര്‍ത്തിക്കേണ്ട ഉപകരണമാണ് മൊബൈല്‍ ഫോണ്‍. അത് നമ്മുടെ ജീവിതത്തെ, ആരോഗ്യത്തെ ബാധിക്കുന്ന ഒരു വില്ലനായി മാറുന്നത് അനിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.

Related Articles
Next Story
Share it