ലിഫ്റ്റില്‍ കാല്‍ ചതഞ്ഞരഞ്ഞ മാര്‍ട്ടിന്‍ ഗ്രീനിന് രക്ഷകനായ കാസര്‍കോട്ടുകാരന്‍ ഡോക്ടര്‍

ലോക പ്രശസ്ത താരമാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. ജീവന്‍ രക്ഷിക്കാന്‍ കാസര്‍കോടുകാരന്‍ തന്നെ വേണം. തമാശയല്ല. ഇതൊരു പഴയ കഥയാണ്. പത്തറുപത്തഞ്ചു വര്‍ഷം മുമ്പ്, 1959ല്‍ ന്യുയോര്‍ക്കില്‍ ലോകശ്രദ്ധയാകെ ആകര്‍ഷിച്ച ഒരപകടത്തിന്റെയും ശസ്ത്രക്രിയയുടെയും കഥ.

പ്രശസ്ത ഇംഗ്ലീഷ് നടന്‍ വില്യം മാര്‍ട്ടിന്‍ ഗ്രീന്‍ തന്റെ അഭിനയ സിദ്ധികൊണ്ട് ലോകത്താകെ ആരാധകരെ സൃഷ്ടിച്ച് മുന്നേറുന്ന കാലം. അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. 1950 മുതല്‍ അമേരിക്കയിലെ തന്റെ കരിയറിലും ഡി ഓയ്‌ലി കാര്‍ട്ടെ ഓപ്പറ കമ്പനിയുടെ പ്രധാന ഹാസ്യ നടന്‍ എന്ന നിലയിലുമുള്ള പ്രകടനങ്ങള്‍ക്കും ഏറെ പേരുകേട്ട് മാര്‍ട്ടിന്‍ ഗ്രീന്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഒന്നാംലോക മഹായുദ്ധത്തിലെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ചെറിയ കാലം കൊണ്ട് തന്നെ വലിയ ലോകത്തേക്ക് അദ്ദേഹം പറന്നുയര്‍ന്നു. എവിടെയും ആരാധകര്‍.

ആയിടെക്കാണ് ആ അപകടം സംഭവിച്ചത്. 1959. ഒരു ഗാരേജ് എലിവേറ്ററില്‍ മാര്‍ട്ടിന്‍ ഗ്രീനിന്റെ ഇടതുകാല്‍ കുടുങ്ങി. നിമിഷനേരം കൊണ്ട് കാല് ചതഞ്ഞരഞ്ഞു. രക്തം വാര്‍ന്ന് മാര്‍ട്ടിന്‍ ഗ്രീന്‍ അലമുറയിട്ട് മരണത്തോട് മല്ലടിച്ചുനിന്ന നിമിഷങ്ങള്‍. ഞൊടിയിട കൊണ്ട് വാര്‍ത്തയാകെ പരന്നു. ലോക പ്രശസ്ത നടന്‍ ലിഫ്റ്റില്‍ കാല്‍ കുടുങ്ങി മരണം മുഖാമുഖം കണ്ട് വേദനയില്‍ പുളഞ്ഞുനില്‍ക്കുന്ന രംഗങ്ങള്‍ കണ്ടുനില്‍ക്കാനെ എല്ലാവര്‍ക്കും കഴിഞ്ഞുള്ളൂ. മാര്‍ട്ടിന്‍ ഗ്രീന്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നും മരണത്തിലേക്ക് അടുക്കുകയാണെന്നും എല്ലാവരും ഉറപ്പിച്ചു. ആ വേളയിലാണ് കാസര്‍കോട് തളങ്കരയില്‍ ജനിച്ച ഒരു ഡോക്ടര്‍ ദൈവദൂതനെ പോലെ രക്ഷകനായി അവിടെ പ്രത്യക്ഷപ്പെടുന്നത്. കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. പി. അഹ്മദ് എന്ന വക്കീല്‍ അഹ്മദിന്റെ മകന്‍ ഡോ. പി. ഷംസുദ്ദീനായിരുന്നു അത്. അടുത്തിടെ ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായ മുന ഷംസുദ്ദീന്റെ പിതാവ്.

മുന ഷംസുദ്ദീന്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ സെക്രട്ടറിയായി നിയമിതയായ വാര്‍ത്ത ഉത്തരദേശത്തിലൂടെ അറിയാന്‍ കഴിഞ്ഞ, പി. ഷംസുദ്ദീന്റെ സഹോദരി പ്രശസ്ത സാഹിത്യകാരി സാറാ അബൂബക്കറിന്റെ മകന്‍ സി.എ അബ്ദുല്ലയാണ് ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലോക പ്രശസ്ത താരത്തിന്റെ ജീവന്‍ രക്ഷിച്ച ഡോ. ഷംസുദ്ദീന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ മാര്‍ട്ടിന്‍ ഗ്രീനിന്റെ ജീവന്‍ രക്ഷിച്ച സംഭവത്തെ കുറിച്ച് അന്ന് ഇംഗ്ലണ്ടിലെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ടിംഗ് അയച്ചുതന്നത്. ഇംഗ്ലീഷ് പത്രങ്ങളില്‍ പെട്ടിക്കോളം വാര്‍ത്തകളായി പ്രധാന്യത്തോടെയാണ് ആ അപകടത്തെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സംഭവം ഇങ്ങനെ: തിരക്ക് പിടിച്ച യാത്രയിലായിരുന്നു മാര്‍ട്ടിന്‍ ഗ്രീന്‍. ഒരു ദിവസം അദ്ദേഹം ഒരു ഗാരേജില്‍ എത്തുന്നു. മുകള്‍ നിലയിലേക്ക് ചെല്ലാന്‍ ലിഫ്റ്റിലേക്ക് ഓടിക്കയറുകയാണ്. അവിടെ ലിഫ്റ്റ് നിയന്ത്രിക്കുന്ന ജീവനക്കാരനുണ്ട്. എന്നാല്‍ ആ ജീവനക്കാരനെ അവഗണിച്ച് മാര്‍ട്ടിന്‍ ഗ്രീന്‍ സ്വയം ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതിനിടെയില്‍ അദ്ദേഹത്തിന്റെ ഇടതുകാല്‍ അപ്രതീക്ഷിതമായി ലിഫ്റ്റിന്റെ ഇടയില്‍ കുടുങ്ങി. കാല്‍ വലിച്ചെടുക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കാല്‍ ചതഞ്ഞരഞ്ഞ് മാര്‍ട്ടിന്‍ ഗ്രീന്‍ നിലവിളിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ് രക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി. ലിഫ്റ്റ് ഓഫ് ചെയ്‌തെങ്കിലും മാര്‍ട്ടിന്‍ ഗ്രീനിന്റെ കാല്‍ വലിച്ചെടുക്കാന്‍ കഴിഞ്ഞില്ല. രക്തം വല്ലാതെ വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. താരം ക്ഷീണിതനാവാന്‍ തുടങ്ങി. ഈ നേരത്താണ് ഡോ. പി. ഷംസുദ്ദീന്‍ സ്ഥലത്തെത്തുന്നത്. ഷംസുദ്ദീന് അന്ന് 26 വയസുമാത്രം പ്രായം. ന്യുയോര്‍ക്കിലെ പ്രശസ്ത ആസ്പത്രിയായ നിക്കര്‍ ബൊക്കര്‍ ഹോസ്പിറ്റലില്‍ ഇന്റേണ്‍ഷിപ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഷംസുദ്ദീന്‍ എത്തിയിട്ട് നാലുമാസം കഴിഞ്ഞതേയുള്ളൂ. മാര്‍ട്ടിന്‍ ഗ്രീനിന്റെ ചതഞ്ഞരഞ്ഞ ഇടതുകാല്‍ പകുതിയെങ്കിലും ഉടന്‍ മുറിച്ച് മാറ്റിയില്ലെങ്കില്‍ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടേക്കാം. ഡോ. പി. ഷംസുദ്ദീന്‍ അധികമൊന്നും ആലോചിച്ച് നിന്നില്ല. സമയം പാഴായാല്‍ അപകടമാണ്. എങ്ങനെയും ഈ ലോക പ്രശസ്ത താരത്തിന്റെ ജീവന്‍ രക്ഷിക്കണം. അദ്ദേഹം അരികിലുണ്ടായിരുന്ന പൊലീസുകാരനോട് ഒരു സഹായം ആവശ്യപ്പെട്ടു. പേനാ കത്തി കയ്യിലുണ്ടെങ്കില്‍ തരണം. പൊലീസുകാരന്‍ പോക്കറ്റില്‍ നിന്ന് പേനാ കത്തി എടുത്ത് നല്‍കി. ഡോ. ഷംസുദ്ദീന്‍ അനസ്‌ത്യേഷ്യ നല്‍കാതെ തന്നെ മാര്‍ട്ടിന്‍ ഗ്രീനിന്റെ ഇടതുകാല്‍ മുറിക്കാന്‍ തുടങ്ങി. വൃത്തിഹീനമായ ഗാരേജ് തറയായിരുന്നു ഡോ. ഷംസുദ്ദീന്റെ ഓപ്പറേഷന്‍ ടേബിള്‍.

ഷംസുദ്ദീന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഫലം കണ്ടു. മാര്‍ട്ടിന്‍ ഗ്രീനിനെ മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരാന്‍ ഈ കാസര്‍കോട്ടുകാരന്റെ ആത്മ ധൈര്യവും വൈദഗ്ധ്യവും കൊണ്ട് കഴിഞ്ഞു. ഏതാനും നാളത്തെ ആസ്പത്രി വാസത്തിന് ശേഷം മാര്‍ട്ടിന്‍ ഗ്രീന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അധികം വൈകാതെ കൃത്രിമ അവയവം ഘടിപ്പിച്ച് അഭിനയ രംഗത്തും അദ്ദേഹം സജീവമായി. തന്റെ ജീവന്‍ രക്ഷിച്ച ഡോ. ഷംസുദ്ദീനോടുള്ള അടങ്ങാത്ത നന്ദിയും കടപ്പാടും അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടുതന്നെയിരുന്നു.

പക്ഷെ, ഡോ. ഷംസുദ്ദീന് അപ്പോഴേക്കും ഇംഗ്ലണ്ട് വിടേണ്ടി വന്നിരുന്നു. മാര്‍ട്ടിന്‍ ഗ്രീനിന് അപകടം പറ്റിയപ്പോള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയത് സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്ത തങ്ങളുടെ ആസ്പത്രിക്ക് മാനക്കേട് ഉണ്ടാക്കിയെന്ന് പറഞ്ഞ് മേലധികാരി കയര്‍ത്ത് സംസാരിച്ചത് ഷംസുദ്ദീന് ദഹിച്ചില്ല. താന്‍ ലോക പ്രശസ്തനായ ഒരു നടന്റെ ജീവന്‍ രക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയത് താന്‍ അല്ലെന്നും ഡോ. ഷംസുദ്ദീന്‍ വിശദീകരിച്ചിട്ടും മേലധികാരി അടങ്ങിയില്ല. തന്നോട് തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും നിങ്ങള്‍ ഒരു വിദേശിയാണെന്നും ഇവിടെത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞ് വീണ്ടും കയര്‍ത്തപ്പോള്‍ ഇന്റേണ്‍ഷിപ്പ് പാതിവഴിക്ക് നിര്‍ത്തി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു ഡോ. ഷംസുദ്ദീന്‍.

തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റില്‍ ജനിച്ച ഡോ. ഷംസുദ്ദീന്‍ അഡ്വ. പി. അഹ്മദിന്റെ ആറു മക്കളില്‍ മൂന്നാമനാണ്. ഇംഗ്ലണ്ടില്‍ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. 1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിം, പ്രശസ്ത കന്നഡ സാഹിത്യകാരി പരേതയായ സാറാ അബൂബക്കര്‍, പരേതരായ പി. അബ്ദുല്ല, പി. മുഹമ്മദ് ഹബീബ് എന്നിവരും കാസര്‍കോട് നഗരസഭയുടെ പ്രഥമ കൗണ്‍സില്‍ അംഗവും ഇപ്പോള്‍ കോഴിക്കോട്ട് താമസക്കാരനുമായ അഡ്വ. പി. അബ്ദുല്‍ ഹമീദും ഡോ. ഷംസുദ്ദീന്റെ സഹോദരങ്ങളാണ്.

Related Articles
Next Story
Share it