കഥയുടെ പൂക്കാലം

വായന വളരുകയാണ്. അടുത്ത കാലത്ത് ഇറങ്ങിയ പല കഥകളും നോവലുകളും വമ്പന്‍ ഹിറ്റായി മുന്നേറുന്നത് വായനക്കാരുടെ പെരുക്കം കൊണ്ട് തന്നെയാണ്. വായിക്കാന്‍ മാത്രമല്ല, എഴുതാനും ധൈര്യപൂര്‍വ്വം പുതുതലമുറ മുന്നോട്ട് വരുന്നു. സ്ഥാപക പത്രാധിപര്‍ കെ.എം അഹ്മദിന്റെ സ്മരണയ്ക്കായി ഉത്തരദേശം, കെ.എം ഹസ്സന്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിന് എന്‍ട്രിയായി ലഭിച്ചത് 40ലധികം കഥകളാണ്. ഉത്തരദേശം കണ്‍സല്‍റ്റിങ്ങ് എഡിറ്റര്‍ കെ. ബാലകൃഷ്ണനോടൊപ്പം കഥകള്‍ പരിശോധിച്ച് സമ്മാനാര്‍ഹരെ തിരഞ്ഞെടുത്ത എഴുത്തുകാരന്‍ കെ.വി മണികണ്ഠദാസ് പുതുതലമുറയിലെ കഥ എഴുത്തുകാരെ വിലയിരുത്തുന്നു.
പുതു തലമുറയിലെ കഥയെഴുത്തുകാര്‍ കഥയെ ഗൗരവത്തോടെ കാണുന്നവരാണ്. അവര്‍ പുതിയ കഥകളെ ആകാംക്ഷയോടെ പിന്തുടരുന്നുണ്ട്. കഥാലോകത്തെ പുതിയ പ്രവണതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ സ്ഥാപക പത്രാധിപര്‍ കെ.എം അഹ്മദിന്റെ സ്മരണയ്ക്കായി ഉത്തരദേശം, കെ.എം ഹസ്സന്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ ചില കഥകളിലെങ്കിലുമുണ്ട്. സ്വപ്‌നാത്മകത, ഫാന്റസി, ഭ്രമ പരത തുടങ്ങിയ സാധ്യതകള്‍ ഉപയോഗിച്ച കഥകള്‍ കൂട്ടത്തിലുണ്ട്. പരിഗണനയ്ക്കു വന്ന പല കഥകളും റിയലിസ്റ്റിക്കായ ആഖ്യാന സ്വഭാവത്തിന്റെ നിരപ്പില്‍ നില്‍ക്കുന്നവയല്ല.
ആഖ്യാന വൈചിത്ര്യം മലയാളകഥയുടെ ജനിതകത്തില്‍ തന്നെയുണ്ട്. മലയാളത്തിലെ ആദ്യ കഥയ്ക്ക് ഒരു കത്തിന്റെ സ്വഭാവമുണ്ട്; ആഖ്യാതാവിന്റെ ഒപ്പിലാണ് കഥയവസാനിക്കുന്നത്. വേങ്ങയില്‍ നായനാരുടെ തന്നെ മറ്റൊരു കഥ (ദ്വാരക) ഉടനീളം ഒരു സ്വപ്‌നാനുഭവമത്രെ. കേസരി നായനാര്‍ക്ക് ശേഷം കഥയില്‍ കൈവെച്ച പ്രമുഖരെല്ലാം പുതിയതെന്തെങ്കിലും കഥയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചവരാണ്. പ്രമേയതലത്തിലും ആഖ്യാനത്തിലും കഥയെ പുതുക്കിയെടുക്കാനുള്ള ശ്രമം നിരന്തരം മലയാളത്തില്‍ നടന്നു പോന്നിട്ടുണ്ട്. ഇവിടെ പരിഗണനയ്ക്ക് വന്ന കഥകളിലും ഏതെങ്കിലും തരത്തിലുള്ള പുതുക്കലുകള്‍ക്കുള്ള ശ്രമം കാണാം; പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഫലമായിട്ടില്ലെങ്കിലും. 'ബട്ടര്‍ഫ്‌ളൈ ഇഫക്ട്' എന്ന കഥ തുടങ്ങുന്നത് വളരെ സാധാരണ മട്ടിലാണ്. 'ഈറ്റക്കുന്നിന് താഴെയുള്ള അടക്കാത്തോട്ടം വരെയും അയ്യപ്പന്‍ ഞങ്ങളോടാരോടും കാര്യം പറഞ്ഞില്ല' എന്നതാണ് ആ ഒന്നാം വാക്യം. ഈറ്റക്കുന്ന്, അടക്കാത്തോട്ടം, അയ്യപ്പന്‍ എന്നീ വാക്കുകള്‍ ഒരു ഗ്രാമീണ ജീവിതത്തിന്റെ നെഞ്ചിടിപ്പ് കേള്‍പ്പിക്കും. ഒരു ഘട്ടം കഴിയുമ്പോള്‍ അയ്യപ്പനും സംഘവും കാണുന്ന കാഴ്ച നാട്ടില്‍ വന്നുചേര്‍ന്ന ഒരു വിദേശവനിതയെ വന്നു മൂടുന്ന ചിത്രശലഭങ്ങളുടെ നൃത്തമാണ്. അതൊരു സംഘഭോഗത്തെ ഓര്‍മ്മിപ്പിക്കും വിധം ആക്രമാസക്തമാവുക പോലും ചെയ്യുന്നുണ്ട്. കഥയുടെ ശേഷം ഭാഗം വിഭ്രാത്മകമായ അനുഭവങ്ങളുടെ അയഥാര്‍ത്ഥത കലര്‍ന്ന അവതരണമാണ്.
'അസുരാബാദ് വെസ്റ്റ്' എന്ന കഥയാവട്ടെ ഒരു ഡിസ്റ്റോപ്പിയന്‍ ദേശത്തിന്റെ അവ്യക്തത കലര്‍ന്ന ചിത്രണമത്രെ. കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ വിചിത്രമാണ്. ഹല്‍വ, ജൊക്കു എന്നൊക്കെയാണപ്പേരുകള്‍. വാലുമുറിച്ചു കൂട്ടത്തില്‍ ചേര്‍ക്കുന്ന ഒരധോലോകത്തിലെ മൃഗ കഥാപാത്രങ്ങള്‍ കഥയ്ക്ക് രാഷ്ടീയ മുഖം നല്‍കുന്നു. കണ്ടതൊന്നും യഥാര്‍ത്ഥമല്ല, സ്വപ്‌നമാണെന്ന സൂചനയിലാണ് കഥ തീരുന്നത്. 'ബ്ലാക്മാന്‍' ആദ്യഭാഗത്ത് ആകാംക്ഷയുണര്‍ത്തുന്നുണ്ടെങ്കിലും പിന്നീട് സാധ്യതകള്‍ അടച്ചു കളയുന്നു.
കഥയും ഒരു ഭാഷാശില്‍പമാണ്. ഭാഷയിലെ കയ്യൊതുക്കം ഈ കഥാകൃത്തുകള്‍ ഇനിയും നേടേണ്ടതുണ്ട്. ഭാഷയുടെ സാധ്യതയാണ് ഒരു കഥയുടെ പരമാവധി വളര്‍ച്ച സാധ്യമാക്കുന്നത്. ഫാന്റസി പോലുള്ള കഥാ സങ്കേതങ്ങള്‍ കഥകളെ ദുര്‍ഗ്രഹമാക്കാനല്ല, കഥയെ ഒരുവേള അനേകാര്‍ത്ഥ സാധ്യതയുടെ മേച്ചില്‍പ്പുറമാക്കാനാണ് ഉപയോഗിക്കേണ്ടത്. കഥയില്‍ ഒന്നും ഒട്ടും വെച്ചുകെട്ടാവാതിരിക്കാന്‍ നമ്മുടെ പുതുതലമുറക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.