കൃഷ്ണാ, താങ്കളിന്നും ഇവിടെയുണ്ട്
ഇന്നലെ, ജനുവരി 27 -കെ. കൃഷ്ണന്റെ 20-ാം വേര്‍പാട് വാര്‍ഷിക ദിനമായിരുന്നു. രണ്ട് ദിവസം മുമ്പ് കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന കെ. കൃഷ്ണന്‍ അനുസ്മരണ/അവാര്‍ഡ് ദാന ചടങ്ങില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് വിടപറഞ്ഞ കാസര്‍കോട്ടെ ധീരനായ പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ നിറഞ്ഞൊഴുകി. നട്ടെല്ലുള്ള പത്രപ്രവര്‍ത്തകരെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ, അന്നും ഇന്നും എന്റെ മനസില്‍ ഓടിയെത്തുന്ന പേര് കൃഷ്ണന്റേതാണ്. ഉത്തരദേശത്തില്‍ കൃഷ്ണനോടൊപ്പം പ്രവര്‍ത്തിച്ച ഓര്‍മ്മകളുടെ ഒരു തിര മനസില്‍ വന്നടിക്കുന്നുണ്ട്. കരുത്തുറ്റ ഒരു നാവും പേനയും കൃഷ്ണനുണ്ടായിരുന്നു. മൂര്‍ച്ചയുള്ള എഴുത്ത് കൊണ്ട് കുത്തേണ്ടിടത്ത് കുത്താനും മൃദുവായ ഭാഷ കൊണ്ട് തലോടേണ്ടിടത്ത് തലോടാനും കൃഷ്ണന് കഴിഞ്ഞിരുന്നു. ഞാനൊക്കെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കാലെടുത്തുവെക്കുമ്പോള്‍ കൃഷ്ണന്റെ ധീരതയും എഴുത്ത് രീതിയും കണ്ട് അതിശയിച്ചിട്ടുണ്ട്. വായനക്കാരെ ആകര്‍ഷിക്കുന്ന അവതരണ ശൈലി പ്രയോഗിക്കുമ്പോള്‍ തന്നെ സംഭവത്തിന്റെ കാതല്‍ ചോര്‍ന്നുപോവാതെ സൂക്ഷിക്കാനും വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞുപോവാതിരിക്കാനും അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് കഴിഞ്ഞിരുന്നു. ഓഫീസില്‍ വന്നിരുന്ന് നിമിഷനേരം കൊണ്ട് നീട്ടിയൊരെഴുത്തുണ്ട്. അത് അന്ന് വൈകിട്ടത്തെ ചൂടുള്ള വാര്‍ത്തകളായിരുന്നു. ഒന്നാം പേജിന്റെ ഏറ്റവും മുകളില്‍ തന്നെ ടോപ്പ് സ്റ്റോറിയായി അദ്ദേഹത്തിന്റെ ബൈ ലൈനോടുകൂടി സ്ഥിരമായി എക്‌സ്‌ക്ലൂസീവ് സ്റ്റോറികള്‍ ഇടം പിടിച്ചിരുന്നു. ഉത്തരദേശത്തിന്റെ വരവിന് വേണ്ടി എല്ലാ വൈകുന്നേരങ്ങളിലും വായനക്കാര്‍ കാത്തിരുന്നത് ഇത്തരം ചൂടു വാര്‍ത്തകള്‍ക്ക് വേണ്ടിയാണ്. എത്ര വലിയ സ്റ്റോറിയും എഴുതാന്‍ കൃഷ്ണന് നിമിഷനേരങ്ങള്‍ മതി. എഴുതിയവ വായിച്ച് നോക്കേണ്ടിവരില്ല. എഡിറ്റിംഗിന്റെ ആവശ്യം ഉണ്ടാവില്ല. നേരെ ടൈപ്പിംഗിലേക്ക്.
ഓരോ പ്രഭാതങ്ങളിലും കൃഷ്ണന്‍ ചില സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയൊരു നടത്തം. അതൊരു വേട്ടയാണ്. കൃഷ്ണന്‍ എന്തെങ്കിലും മണത്ത് പിടിച്ചിരിക്കും. അന്നത്തെ ഉത്തരദേശം ഇറങ്ങുന്നത് വരെ ആ ഓഫീസുകളിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സ്വസ്ഥതയുണ്ടാവില്ല. കൃഷ്ണന്റെ പേന നിരന്തരം അഴിമതിക്കെതിരെ ചലിച്ചു. സ്പിരിറ്റ് മാഫിയക്കെതിരെ തന്റെ പേനയെ പടവാളാക്കി. അതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വധശ്രമങ്ങളുണ്ടായി. കാസര്‍കോട്ട് സ്പിരിറ്റ്-ചന്ദനക്കടത്ത് മാഫിയ വേരുറപ്പിച്ചു തുടങ്ങിയ കാലമായിരുന്നു അത്. കൃഷ്ണന്‍ നിരന്തരമായി ഉത്തരദേശത്തില്‍ എഴുതിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുമെന്ന് മാഫിയാ സംഘങ്ങള്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തെ വകവരുത്താനായിരുന്നു പിന്നീട് അവരുടെ ശ്രമം. ഒന്നല്ല, മൂന്ന് തവണ കൃഷ്ണന് നേരെ വധശ്രമങ്ങളുണ്ടായി. പ്രലോഭനങ്ങളിലൂടെയും പണം കൊടുത്തും സ്വാധീനിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു അത്. മാഫിയാ സംഘത്തിന് കൂട്ടുനിന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാസര്‍കോട് സ്റ്റേഷനില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ മാധ്യമ പ്രവര്‍ത്തകനോട് പരസ്യമായി തന്നെ വെല്ലുവിളി നടത്തി-'കൃഷ്ണന്റെ നാളുകള്‍ എണ്ണപ്പെട്ടു'വെന്ന്.
ഇതറിഞ്ഞ് കൃഷ്ണന്‍ ചിരിച്ചു. എന്റെ നാളുകള്‍ തീരുമാനിക്കേണ്ടത് ആ കളങ്കക്കാരനല്ലെന്നും അങ്ങനെ എളുപ്പം തീര്‍ത്തുകളയാന്‍ പറ്റുന്ന ആളല്ല കൃഷ്ണനെന്ന് ഏമാനോട് പോയി പറഞ്ഞേക്ക് എന്നും അദ്ദേഹം തിരിച്ചടിക്കുകയും ചെയ്തു. എല്ലാവരും കരുതിയത് പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി ഏതെങ്കിലും ഒരു കേസില്‍ കുടുക്കിക്കളയും എന്നതിന്റെ മുന്നോടിയായിരിക്കും എന്നാണ്.
എന്നാല്‍ 1984 ഒക്‌ടോബര്‍ 15ന് അത് സംഭവിച്ചു. അന്ന് ഉത്തരദേശത്തിന്റെയും മാതൃഭൂമിയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത് ഇന്ന് പഴയ ബസ്സ്റ്റാന്റില്‍ നിന്ന് മൗലവി ബുക്ക് ഡിപ്പോയിലേക്ക് തിരിയുന്ന വളവിലാണ്. കൃഷ്ണന്‍ കിടന്നുറങ്ങാറുള്ളതും അവിടെ. കൃഷ്ണന്റെ ഉറ്റ ചങ്ങാതിമാരിലൊരാളാണ് മുസ്ലിംലീഗ് നേതാവ് എ. അബ്ദുല്‍ റഹ്മാന്‍. സമയം രാത്രി 9 മണി കഴിഞ്ഞിരുന്നു. കൃഷ്ണനും അബ്ദുല്‍ റഹ്മാനും പഴയ ബസ്സ്റ്റാന്റിന് സമീപത്തെ കാഫിയ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനിറങ്ങി. ഒപ്പം താലൂക്ക് ആസ്പത്രിയില്‍ നേരത്തെ ജീവനക്കാരനായിരുന്ന എ. വിനോദ് കുമാറുമുണ്ട്. അബ്ദുല്‍ റഹ്മാന് അന്നൊരു വെസ്പ സ്‌കൂട്ടറുണ്ടായിരുന്നു. സ്‌കൂട്ടര്‍ പഴയ ബസ്സ്റ്റാന്റിനടുത്ത് നിര്‍ത്തിയാണ് ഹോട്ടലിലേക്ക് നടന്നത്. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ 11 മണിയായി. അബ്ദുല്‍ റഹ്മാന്റെ സ്‌കൂട്ടറിനരികിലേക്ക് നടക്കുകയായിരുന്നു മൂവരും. പെട്ടെന്ന് ഇരുളിന്റെ മറവില്‍ നിന്ന് നാലഞ്ച് കരിങ്കല്ലുകള്‍ വന്ന് പതിച്ചു. വിനോദ് കുമാര്‍ ചിതറിയോടി. കൃഷ്ണനും അബ്ദുല്‍ റഹ്മാനും സ്‌കൂട്ടറില്‍ രക്ഷപ്പെടാമെന്ന് കരുതി സുല്‍സണിന് മുന്നിലേക്ക് ഓടിയെങ്കിലും കരിങ്കല്ലുകള്‍ മൂന്ന് ഭാഗത്ത് നിന്നും വന്നുവീഴാന്‍ തുടങ്ങി. പെട്ടെന്നൊരാള്‍ പൊട്ടിച്ച കൂര്‍ത്ത മുനയുള്ള കുപ്പിയുമായി കൃഷ്ണന്റെ മുമ്പില്‍ ചാടിവീണു. മറ്റൊരാള്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു. കുപ്പിയുമായി വന്നയാളെ അബ്ദുല്‍ റഹ്മാന്‍ പിടിച്ചുനിന്നുവെങ്കിലും മല്‍പ്പിടിത്തതിനിടയില്‍ കൂര്‍ത്ത കുപ്പിച്ചില്ല് അബ്ദുല്‍ റഹ്മാന്റെ കഴുത്തില്‍ ആഴ്ന്നിറങ്ങി. കൃഷ്ണനെ റോഡില്‍ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു.കുപ്പി കൊണ്ട് കുത്താനുള്ള ശ്രമത്തില്‍ നിന്ന് അദ്ദേഹം കുതറി മാറി രക്ഷപ്പെട്ടു. വധശ്രമം വലിയ കോലാഹലം സൃഷ്ടിച്ചു. ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. പ്രക്ഷോഭം കേരളമാകെ അലയടിച്ചു. അധോലോക വാഴ്ചക്കെതിരായ ബഹുജന രോഷത്തിനാണ് അത് വഴിയൊരുക്കിയത്. കേരളത്തിലെ പത്രസമൂഹം നടത്തിയ ഏറ്റവും വലിയ ചെറുത്തുനില്‍പ്പിന്റെ കഥകളാണ് പിന്നീടുണ്ടായത്. മുഖ്യമന്ത്രി കെ. കരുണാകരനും ആഭ്യന്തര മന്ത്രി വയലാര്‍ രവിയും തമ്മിലുണ്ടായിരുന്ന വടംവലി സംഗതികള്‍ പത്രസമൂഹത്തിന് എളുപ്പമാക്കി. സ്പിരിറ്റ് റാക്കറ്റിനെതിരെ കാസര്‍കോട് നഗരത്തില്‍ അതിശക്തമായ ബഹുജന പ്രതിഷേധങ്ങളുണ്ടായി. ആഭ്യന്തര മന്ത്രി വയലാര്‍ രവി കാസര്‍കോട്ടേക്ക് പാഞ്ഞെത്തി. ഡി.ഐ.ജി ജോസഫ് തോമസ് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിന് കാസര്‍കോട്ടെത്തി. ആ സംഭവത്തോടെ കൃഷ്ണന്‍ പത്രസമൂഹത്തിന്റെയും പത്രസ്‌നേഹികളുടെയും കണ്ണിലുണ്ണിയായി. അബ്ദുല്‍ റഹ്മാനും കൃഷ്ണനും ദിവസങ്ങളോളം ആസ്പത്രിയില്‍ കിടക്കേണ്ടിവന്നു.
മറ്റൊരിക്കല്‍ കാസര്‍കോട് ഗവ. കോളേജില്‍ വെച്ച് കൃഷ്ണന് പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കോളേജില്‍ രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോഴാണത്. കൃഷ്ണന്‍ ഉത്തരദേശത്തിന് വേണ്ടി വാര്‍ത്ത ശേഖരിക്കാന്‍ പോയതായിരുന്നു. വിദ്യാര്‍ത്ഥികളെ തടഞ്ഞുകൊണ്ടിരുന്ന പൊലീസ് കൃഷ്ണനെ കണ്ടതോടെ അങ്ങോട്ട് നീങ്ങി. 'എന്താടാ ഇവിടെ' എന്ന് ചോദിച്ച് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.
പത്രപ്രവര്‍ത്തന രംഗത്ത് മാത്രമല്ല, കാസര്‍കോടിന്റെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കൃഷ്ണനില്ലാതെ ഒരു സാംസ്‌കാരിക പരിപാടിയും കാസര്‍കോട്ട് നടന്നിട്ടില്ല എന്ന് ചുരുക്കം. കാസര്‍കോടിന്റെ ചരിത്രത്തില്‍ തന്നെ ഒരു സാംസ്‌കാരിക വസന്തം സൃഷ്ടിച്ച സ്‌കിന്നേഴ്‌സ് എന്ന സംഘടനയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കൃഷ്ണന്‍. കാസര്‍കോടിന് സ്‌കിന്നേഴ്‌സ് സമ്മാനിച്ച കലയുടെ സായാഹ്നങ്ങള്‍ തന്നെയായിരുന്നു ഒരുകാലത്ത് ഈ മണ്ണിന് ആശ്വസിക്കാനുണ്ടായിരുന്നത്. ഒരുപാട് കലാകാരന്മാരെ കൊണ്ടുവന്ന് കലയുടെ കുളിര്‍മ കാസര്‍കോടിന് സമ്മാനിച്ചു. സിനിമാ താരങ്ങളെ കാണാന്‍ വേണ്ടി കൊതിച്ചിരുന്ന ആ കാലത്ത് നിരവധി സിനിമാതാരങ്ങളെ അവര്‍ കാസര്‍കോട്ടെത്തിച്ചു. എല്ലാത്തിനും മുന്‍പന്തിയില്‍ കൃഷ്ണനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രസ്‌ക്ലബ്ബില്‍ അനുസ്മരണ ചടങ്ങ് നടന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് അഡ്വ. പി.വി ജയരാജനും കോഴിക്കോട് നിന്ന് ടി.എ ഇബ്രാഹിമും കാഞ്ഞങ്ങാട്ട് നിന്ന് സി. നാരായണനും പിന്നെ ബപ്പിടി മുഹമ്മദ് കുഞ്ഞിയും കെ.എം ഹനീഫും കെ.പി അസീസുമൊക്കെ വന്നത് കൃഷ്ണനോടുള്ള മുറിച്ചുമാറ്റാന്‍ പറ്റാത്ത ആത്മബന്ധം കൊണ്ടാണ്. തളങ്കര മുസ്ലിം ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയെ നയിക്കുന്നതിലും കലയുടെ പൂരം ഒരുക്കുന്നതിലും കൃഷ്ണന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ചെറുവത്തൂര്‍ സ്വദേശിയായ അദ്ദേഹം തളങ്കരയില്‍ സഹോദരന്റെ വീട്ടില്‍ താമസിച്ച് മുസ്ലിം ഹൈസ്‌ക്കൂളില്‍ പഠിക്കുകയും കാസര്‍കോടിന്റെ ഭാഗമായി മാറുകയുമായിരുന്നു.
***
നര്‍മ്മപ്രിയനായിരുന്ന കെ. കൃഷ്ണനെയും അധികമാരും മറന്നു കാണില്ല. ചിരിപ്പിച്ച് കൊന്നുകളയും. കൃഷ്ണന്റെ വാക്കിലും നോക്കിലും ചലനങ്ങളില്‍ പോലും നര്‍മ്മം ഉണ്ടായിരുന്നു. ആരുടെയും പേര് വിളിക്കില്ല. 'എന്താടാ സുവറെ, സുഖമല്ലേ...' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് വരിക. ഏറെ ഇഷ്ടപ്പെട്ടവരെ 'ണായിണ്ട മോനെ...' എന്നാണ് വിളിക്കുക. ആരുടെ അടുത്തും എന്ത് സ്വാതന്ത്ര്യവും കാട്ടാനും പറയാനുമുള്ള അവകാശം കൃഷ്ണന് കാസര്‍കോട് അനുവദിച്ച് നല്‍കിയിരുന്നു.
ചില ഓര്‍മ്മകള്‍-
മുഖ്യമന്ത്രി ഇ.കെ നായനാര്‍ കാസര്‍കോട്ട് വന്ന ഒരുവേള. ഞാന്‍ ബൈക്കില്‍ ഗസ്റ്റ് ഹൗസിലേക്ക് തിരക്കിട്ട് പോവുകയായിരുന്നു. അവിടെ നായനാര്‍ മാധ്യമ പ്രവര്‍ത്തകരെ കാണുന്നുണ്ട്. മുനിസിപ്പല്‍ ഓഫീസിനടുത്ത് എത്തിയപ്പോള്‍ കൃഷ്ണന്‍ അവിടെയുണ്ട്. എന്നെ കൈ കാട്ടി നിര്‍ത്തി. എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന്, നായനാര്‍ ഗസ്റ്റ് ഹൗസിലുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കാണുന്നുണ്ടെന്നും പറഞ്ഞപ്പോള്‍, ഞാനും വരുന്നു എന്നെ കണ്ടില്ലെങ്കില്‍ നായനാര്‍ ഉലുവ കഴിക്കില്ല എന്ന് പറഞ്ഞ് കൃഷ്ണനും ബൈക്കില്‍ കയറി. നായനാര്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുറി അടച്ചിട്ടുണ്ട്. പ്രാതല്‍ കഴിഞ്ഞ ശേഷമെ മാധ്യമ പ്രവര്‍ത്തകരെ കാണൂ. എല്ലാവരും നായനാരുടെ മുറിക്ക് പുറത്ത് കാത്തിരിക്കുന്നുണ്ട്. പെട്ടെന്ന് കൃഷ്ണനെ കാണാനില്ല. അദ്ദേഹം പലപ്പോഴും അങ്ങനെയാണ്. മായാവിയെ പോലെ അപ്രത്യക്ഷനാവും. പ്രാതല്‍ കഴിഞ്ഞ് നായനാര്‍ വാര്‍ത്താസമ്മേളനത്തിന് ഇരുന്നു. ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. കൃഷ്ണന്‍ നായനാരുടെ മുറിയില്‍ അദ്ദേഹത്തിന് തൊട്ടരികില്‍ ഇരിക്കുന്നു.
'കടലാസുകളെല്ലാം എത്തിയിട്ടുണ്ട് സര്‍. ഇനി തുടങ്ങാം'-ഞങ്ങളെ നോക്കി കൃഷ്ണന്‍ ചിരിക്കുന്നു. ഒരു മാധ്യമ പ്രവര്‍ത്തകനോട് ഒരുതുണ്ട് കടലാസും വാങ്ങി കൃഷ്ണന്‍ നായനാരുടെ ഏറ്റവും സമീപത്ത് തന്നെ ഇരുന്നു.
സിനിമാ നടനും അവതാരകനുമായ ശ്രീരാമന്‍ ഒരു സ്വകാര്യ ചാനലിന് വേണ്ടി നാട്ടുകൂട്ടം എന്ന പരിപാടി അവതരിപ്പിക്കുന്ന കാലം. ഒരിക്കല്‍ അവര്‍ ഷൂട്ടിനായി കാസര്‍കോട്ടെത്തി. ഒരുപാട് പേര്‍ തടിച്ചുകൂടിയിട്ടുണ്ട്. നാട്ടുകൂട്ടം പരിപാടി കൃഷ്ണന് അത്ര പിടിച്ചില്ല. അദ്ദേഹം ശ്രീരാമന്റെ അടുത്ത് ചെന്ന് തന്റെ അനിഷ്ടം പരസ്യമായി തന്നെ അറിയിക്കുകയും ചെയ്യും-'ഇത് നാട്ടുകൂട്ടമല്ല, ആട്ടിന്‍കൂട്ടമാണ്'.
കൃഷ്ണന് ആരെയും കൂസില്ല. എവിടെ ചെന്നും നെഞ്ചുവിരിച്ച് സംസാരിക്കും. ആരെയും പേടിക്കില്ല. ഒരിക്കല്‍ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം ചില അനിഷ്ട സംഭവങ്ങളുണ്ടായി. പൊലീസ് എത്താന്‍ വൈകി. ഇത് രംഗം വഷളാക്കി. കൃഷ്ണന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചു. പൊലീസിന് പിടിക്കാത്ത ഭാഷയിലാണ് അവരോട് സംസാരിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന ഡി.വൈ.എസ്.പിക്ക് കലി കയറി. അദ്ദേഹം രോഷാകുലനായി സ്ഥലത്ത് ഓടിയെത്തി.
'ആരാടാ കൃഷ്ണന്‍?'
എല്ലാവരും ഭയന്നു. എന്തെങ്കിലും സംഭവിക്കും. കൃഷ്ണനെ പൊലീസ് പെരുമാറുമെന്ന് ഉറപ്പ്. പക്ഷെ ഒരു കൂസലുമില്ലാതെ നെഞ്ചും വിരിച്ച് ഡി.വൈ.എസ്.പിയുടെ മുന്നിലേക്ക് നടന്നുവന്ന് 'കൃഷ്ണന്‍ ഞാനാടാ ഡി.വൈ.എസ്.പി' എന്ന് പറഞ്ഞ് താടി തടവിക്കൊണ്ട് നിന്നു. ഡി.വൈ.എസ്.പി പല്ലിറുക്കി കൊണ്ട് അവിടെ നിന്ന് നടന്നു. ജനക്കൂട്ടം കൃഷ്ണനെ തോളിലേറ്റി.
പറഞ്ഞുതീരാത്തത്രയും കൃഷ്‌ണേതിഹാസങ്ങള്‍ ഏറെയുണ്ട്. ഒരു കാലഘട്ടത്തിലെ കാസര്‍കോടിന്റെ അടയാളം തന്നെയായിരുന്നു അദ്ദേഹം. കൃഷ്ണന്‍ ഇന്നും കാസര്‍കോടന്‍ ജനതയുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്.
കൃഷ്ണന്റെ ഭാര്യ മേരി ചന്തേര ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപികയായിരിക്കെ അഞ്ചുവര്‍ഷം മുമ്പ് വിരമിച്ചു. സി.പി.എം മാണിയാട്ട് ലോക്കല്‍ കമ്മിറ്റി അംഗവും മാണിയാട്ട് സര്‍വീസ് ബാങ്ക് പ്രസിഡണ്ടും കനിവ് പാലിയേറ്റീവ് പ്രവര്‍ത്തകയുമാണ് അവര്‍. മൂത്തമകന്‍ അരുണ്‍ എസ്.ബി.ഐ കാസര്‍കോട് കലക്ടറേറ്റ് ബ്രാഞ്ചില്‍ അസി. മാനേജറാണ്. നേരത്തെ കര്‍ണാടകയില്‍ എസ്.ഡി.ബി.ഐ ബാങ്കിലായിരുന്നു. രണ്ടാമത്തെ മകന്‍ വരുണ്‍ ബംഗളൂരുവില്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ ജോലി നോക്കുന്നു.