ഹൊ! എന്തൊരു ചൂട്

കഠിനമായ ചൂട് ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊടുംചൂടിനെ നേരിടാന്‍ സ്വയം ചില മുന്‍കരുതലുകള്‍ നമ്മള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അമിതമായി സൂര്യപ്രകാശമേല്‍ക്കാന്‍വരെ സാധ്യത കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം 2024-ല്‍ ലോകം ശരാശരി 41 ദിവസം കടുത്ത ചൂട് അനുഭവിച്ചതായി റിപ്പോര്‍ട്ട്. മാത്രമല്ല കേരളത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ചൂട് മൂലമുള്ള പല ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം. കേരളം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാല്‍ താപനില ഉയരുന്നത് മൂലം അനുഭവപ്പെടുന്ന ചൂട് വീണ്ടും ഉയരുകയും സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ചൂട് വരും ദിവസങ്ങളില്‍ വര്‍ധിക്കാനാണാ സാധ്യത. കൊടുംചൂടിനെ നേരിടാന്‍ സ്വയം ചില മുന്‍കരുതലുകള്‍ നമ്മള്‍ സ്വീകരിക്കണം. അമിതമായി സൂര്യപ്രകാശമേല്‍ക്കാതെ മുന്‍കരുതലെടുക്കണം. സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അള്‍ട്രാവയലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. കഠിനമായ വെയിലത്ത് ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. അമിത ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നമാണ് സൂര്യാഘാതം. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാന്‍ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരികതാപനില ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉയര്‍ന്ന താപനില സാരമായി ബാധിക്കും. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കാന്‍ ശ്രമിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയില്‍ പെട്ടാല്‍ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാന്‍ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം. സൂര്യപ്രകാശത്തില്‍ നിന്നുള്ള കേടുകളില്‍ നമ്മള്‍ ഓരോരുത്തരും നമ്മളെ തന്നെ സംരക്ഷിക്കേണ്ടതാണ്. തിരക്ക് പിടിച്ച് നെട്ടോട്ടം ഓടുന്ന ജീവിതത്തില്‍ നമ്മള്‍ നമ്മളെ തന്നെ ശ്രദ്ധിക്കാതെ പോയാല്‍ വലിയ വില നല്‍കേണ്ടിവരും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it