ആ ഏര്‍ക്കാന ഇവിടെയാകുന്നു
I believe the common denominator of the Universe is not harmony, but'chaos, hostility, and murder -Werner Herzog
കോരപ്പുഴക്ക് വടക്ക് കലയും സാഹിത്യവുമൊന്നും കിളിര്‍ക്കില്ലെന്ന് ഒരുകാലത്ത് പറഞ്ഞുവന്നിരുന്നു. മലയാളത്തിലെ ആദ്യ ജനകീയ മഹാകാവ്യമായ കൃഷ്ണപ്പാട്ടും പ്രഥമ നോവലായ ഇന്ദുലേഖയും ഒന്നാമത്തെ ചെറുകഥയായ വാസനാവികൃതിയും വടക്കന്‍ കൃതികള്‍ ആണെന്ന് ഓര്‍ക്കാതെയോ അഥവാ ഗണിക്കാതെയോ ആയിരുന്നു വടക്കിന് നേര്‍ക്കുള്ള ഈ പുച്ഛപരിഹാസങ്ങള്‍. ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് മാറിമറിഞ്ഞ മട്ടാണ്. കേരളം വടക്കോട്ട് ചെരിയാന്‍ തുടങ്ങിയിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ കുന്നുംപുറങ്ങളില്‍ സിനിമാ വണ്ടികള്‍ ഇടതടവില്ലാതെ പാഞ്ഞുകൊണ്ടിരിക്കുന്നു. രാശിയുള്ള നാടെന്ന് വടക്കോട്ട് നോക്കി സമ്മതം മൂളാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു സാംസ്‌കാരിക കേരളം. 2024 വര്‍ഷാന്ത വായന കണക്കെടുപ്പില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കൃതികളില്‍ അംബികാസുതന്‍ മാങ്ങാടിന്റെ 'അല്ലോഹലനും' പി.വി. ഷാജി കുമാറിന്റെ 'മരണവംശ'വും ഉള്‍പ്പെടുന്നു. വടക്കിന്റെ കന്യാവനങ്ങള്‍ നിറയെ കായ്ച്ചുതുടങ്ങിയിരിക്കുന്നു.
കാസര്‍കോട്ടുകാരനായ, നിറയെ കാസര്‍കോട്ടുകാരനായ പി.വി ഷാജി കുമാറിന്റെ ആദ്യ നോവല്‍ 'മരണവംശം' അത്യന്തം ഒരു കാസര്‍കോടന്‍ പണിത്തരം തന്നെയാണ്. 'മരണവംശ'ത്തിലെ ഏര്‍ക്കാന എന്ന നാട് ഒരു സങ്കല്‍പദേശം ആണെന്ന് പറയുമ്പോഴും അത് കാസര്‍കോടന്‍ ഗ്രാമമാണെന്നതിന് വേണ്ടതിലധികം തെളിവുകള്‍ നോവല്‍ തരുന്നുണ്ട്. മുളിപ്പുല്‍പ്പരപ്പിനിടയില്‍ തല പൊന്തിക്കുന്ന കരിമ്പാറക്കെട്ടുകളും ഇടയില്‍ പടര്‍ന്ന പറങ്കിമാവുകളും 'ഏര്‍ക്കാന'യെ കാസര്‍കോട്ടേക്ക് പറിച്ചുനടുന്നുണ്ട്. പ്രകൃതി മാത്രമല്ല മനുഷ്യപ്രകൃതിയും തുളുപ്പറ്റുള്ള ഭാഷയും ഏര്‍ക്കാനയുടെ വടക്കന്‍ സ്വത്വം ബലപ്പെടുത്തുന്നു.
പരുക്കന്‍ മനുഷ്യരുടെ നാടാണ് ഏര്‍ക്കാന. തോക്ക്, റാക്ക്, പെണ്ണ് ഇവയ്ക്ക് ചുറ്റുമാണ് ഏര്‍ക്കാനയിലെ ആണ്‍ ജീവിതം. അസംഖ്യ കഥാപാത്രങ്ങളും തൊട്ടുതൊട്ടു വിരിയുന്ന ഉപകഥകളും കഥാഗതിയെ വിചിത്രപ്പെടുത്തുമ്പോഴും നെടു നീളത്തിലൊരു കുടുംബ കഥ നോവലിന്റെ മുഖ്യപ്രമേയമായി നില്‍പ്പുണ്ട്. അത് കുഞ്ഞമ്മാര്‍ എന്ന ഏര്‍ക്കാനയിലേക്ക് മംഗലം കഴിച്ചു കൊണ്ടുവന്ന സ്ത്രീയില്‍ തുടങ്ങുന്നതത്രെ. കുഞ്ഞമ്മാറിന്റെ മക്കളിലൂടെ, പേരമക്കളിലൂടെ ജീവിതകഥ മുന്നേറുമ്പോള്‍ പലപല മനുഷ്യജന്മങ്ങള്‍- അല്ലാത്തവയും അതിലേക്ക് കണ്ണി ചേര്‍ക്കപ്പെടുന്നു. സ്ത്രീകളും പുരുഷന്മാരും മാത്രമല്ല ദൈവങ്ങളും ദുര്‍മൂര്‍ത്തികളും പക്ഷിമൃഗാദികളുമൊക്കെ താന്താങ്ങളുടെ നിസ്സഹായ ജീവിതം ഇതിനകത്ത് നിവര്‍ത്തിച്ചു പോരുന്നുണ്ട്.
കുഞ്ഞമ്മാറിന്റെ ചെറുമക്കളായ ഭാസ്‌കരനും ചന്ദ്രനും തമ്മിലുള്ള തീരാ പകയിലാണ് ഏര്‍ക്കാന നീറിപ്പപുകയുന്നത്. ചെറുകലഹങ്ങളില്‍ തുടങ്ങിയ ചോരക്കളി ദേശത്തെ മുഴുവന്‍ ഉഴുതുമറിക്കുന്നു. സഹോദരന്മാരും ചങ്ങാതിമാരും അറപ്പേതും കൂടാതെ വെട്ടിയും വെടിവെച്ചും പരസ്പരം കൊന്നുതീര്‍ക്കുന്നു. നീതിയും ദാക്ഷിണ്യവുമില്ലാതെ യുദ്ധക്കളമാകുന്നു ഏര്‍ക്കാന. പകയും അതിന്റെ ഇരട്ടിപ്പുകളുമാണ് അവിടെ അരങ്ങു ഭരിക്കുന്നത്. എന്തിനുവേണ്ടിയാണ് ഇതൊക്കെയെന്ന ചോദ്യം ആരില്‍ നിന്നുമുയരുന്നില്ല. ഭാസ്‌കരന്റെ വെടിയേറ്റ് മരിച്ച ചന്ദ്രനെ അപ്പൂപ്പന്‍ താടികള്‍ക്കിടയിലൂടെ പാറിവന്ന 'വടക്കേന്‍ വാതില്‍' ഇങ്ങനെ വിചാരണ ചെയ്യുന്നുണ്ട്.
'സത്യത്തിന് നെരക്കാത്തത് നീ ചെയ്തു. നെനക്ക് വേണ്ടിയാണെങ്കിലും അല്ലെങ്കിലും ചെയ്തത് ദൈവദോഷാ...'
മരണത്തില്‍ തണുത്ത് കുതിര്‍ന്ന് കിടക്കുന്ന ചന്ദ്രന്റെ മറുപടി ഇതാണ്.
'എന്റെ ദുഷ്ടത ഞാനുണ്ടാക്കിയതല്ല വടക്കേന്‍ വാതിലേ. അച്ഛനില്‍ നിന്നും അച്ഛന്റെ അമ്മയില്‍ നിന്നും ജന്മം കിട്ടിയത്. മാറ്റാന്‍ നോക്കിയിട്ടുണ്ട് ഞാന്‍. നല്ല വയിക്ക് നടക്കുംതോറും തെറ്റ് ചെയ്യാന്‍ ഓറ് ചെവി തിന്നും. ചോരേലുള്ളത് മായ്ക്കാന്‍ കയ്യൂല. ഓറുടെ ദുഷ്ട് എനിക്ക് കിട്ടിയത് എന്റെ കുറ്റാണോ... ഓറെ ദുഷ്ട് ഓര്‍ക്ക് കിട്ട്യത് ഓറെ കുറ്റാണോ...'
തീക്ഷ്ണമായ ചോരനാറ്റം ഏര്‍ക്കാനയുടെ ജീവിതത്തില്‍ വീശിയടിക്കുന്നുണ്ട്; അതിന്റെ ഉല്‍പത്തി ചരിത്രമാണ് ചത്തവന്റെ സുവിശേഷം പോലെ ചന്ദ്രന്‍ വെക്കുന്നത്. മനുഷ്യന്റെ ജന്മ വാസനങ്ങളില്‍ തന്നെ എഴുതപ്പെട്ടതത്രെ ഹിംസാത്മകത. അതില്ലാതെ പോയിരുന്നെങ്കില്‍ മനുഷ്യവംശം പരിണാമ ചുറ്റുകള്‍ക്കിടയിലെവിടെയോ മറ്റേതൊക്കെയോ പ്രബല ജന്തു വര്‍ഗങ്ങളുടെ അന്നമായി ഒടുങ്ങിത്തീര്‍ന്നേനെ. വംശത്തിന്റെ പ്രതിരോധമായിരുന്ന ഹിംസവാസന കൂട്ടത്തിനിടയില്‍ തന്നെയുള്ള ചോര ചിന്തലായതിന്റെ ചരിത്രം കൂടിയാണ് മനുഷ്യവംശ ചരിത്രം. ആദമിന്റെ മക്കളില്‍ തുടങ്ങുന്ന 'ജന്തുത'യുടെ ചരിത്രമാണത്. ആയതിന്റെ ഒരേടുതന്നെയാണ് ഏര്‍ക്കാനയിലും നാം വായിക്കുന്നത്. അതില്‍ ചന്ദ്രനും ഭാസ്‌കരനും രവിയും അരവിന്ദനും എല്ലാം ഭാഗഭാക്കാകുന്നു.
ഹിംസവാസനക്കൊപ്പമോ അതിനും മേലെയോ പ്രബലമായ ജന്മവാസനയാണ് കാമം. അതില്‍ തൊടാത്ത മനുഷ്യ കഥയൊന്നുപോലുമില്ല തന്നെ. ഏര്‍ക്കാനയിലെ ജീവിതവും പലവിതാനങ്ങളിലുള്ള സ്ത്രീ-പുരുഷബന്ധങ്ങളാല്‍ നിര്‍ണിതമാണ്. ഏര്‍ക്കാനയിലേക്ക് മങ്ങലം കഴിച്ചുകൊണ്ടുവന്ന കുഞ്ഞമ്മാര്‍ ജീവിച്ചത് പക്ഷേ ഭര്‍ത്താവായ കൂക്കള്‍വളപ്പിലെ കോമനോടൊപ്പമല്ല. നാട്ടിലെ പേരുകേട്ട കോഴിക്കെട്ടുകാരനും വേട്ടക്കാരനുമായ കൊട്ടനിലാണ് അവള്‍ തൃപ്തയാവുന്നത്. ആ ബന്ധത്തിന് കൂട്ടുനില്‍ക്കുന്നതാവട്ടെ അവളുടെ ഭര്‍തൃമാതാവായ വെള്ളച്ചിയാണ്. പെണ്ണിന്റെ ആണിനെ പ്രതിയുള്ള അസംതൃപ്തികള്‍ അറിയുന്നവളാണ് വെള്ളച്ചി. വെള്ളച്ചിക്കുമുണ്ടൊരു രഹസ്യക്കാരന്‍, അത് രാമന്‍ കണിയാരാണ്. ഭര്‍തൃമതിയായ സുമതിയുടെ തടം തകര്‍ക്കുന്ന പ്രണയമാകട്ടെ 13 വയസിളപ്പമുള്ള അരവിന്ദനോട്. അവനാകട്ടെ തന്റെ ഏട്ടന്റെ ചോരയ്ക്ക് ദാഹിക്കുന്നവനും. ശീട്ടുകളിയില്‍ തലമറന്നുപോയ അമ്പാടിയുടെ-കുഞ്ഞമ്മാറിന്റെ മകന്‍. ഭാസ്‌കരന്റെ അച്ഛനും-ഭാര്യ മാധവി പെണ്ണുറവയുടെ ശമനമറിയുന്നത് നേരും നെറിയും കെട്ട പെണ്‍പിടിയനായ കോമന്‍ നായരിലാണ് -അവരുടെ വേഴ്ച കാണാനിടയായ ചന്ദ്രനിലുണ്ടായ തകിടം മറിച്ചിലിലാണ് പിന്നീട് സംഭവിച്ച ചോരക്കളികളുടെ തുടക്കം. ഇങ്ങനെ പുറം ലോകത്തിന്റെ സദാചാരവിധികളെ മുറിച്ചു പായുന്ന ആണ്‍ പെണ്‍ ബന്ധങ്ങളുടെ മാരക മായികലോകമാണ് ഏര്‍ക്കാന. തന്നില്‍തന്നെ കെട്ടിക്കിടന്ന് വെളിച്ചം കെട്ടു പോയ ഏര്‍ക്കാനയിലെ സ്ത്രീകളും പുരുഷന്മാരും അവരവരുടെ നിലയ്ക്ക് അസംതൃപ്തരാണ്.
ആ അസംതൃപ്തിയുടെ എരിഞ്ഞു കത്തലാവണം അവിടെ നടക്കുന്ന രതി വിസ്‌ഫോടനങ്ങള്‍. ആ നിലയ്ക്ക് നോക്കുമ്പോള്‍ അപാരമായ അസംതൃപ്തികളുടെ രണഭൂമിയാണ് ഏര്‍ക്കാന.
ഹിംസയിലും രതിയിലുമൊടുങ്ങുന്നതാണോ യഥാര്‍ത്ഥത്തില്‍ ഏര്‍ക്കാനയിലെ ജീവിതകഥ ആകെത്തുക.
തീര്‍ച്ചയായും അല്ല തന്നെ. പല പല ഉപകഥകളിലേക്ക് അത് പടര്‍ന്നുപോകുന്നുണ്ട്; പലതരം പ്രഹേളികകളുടെയും സ്വപ്‌ന സഞ്ചാരങ്ങളുടെയും തീരാവ്യഥകളുടെയും സമാഹാരമാണ് ഏര്‍ക്കാന. അവിടെ മരിച്ചവര്‍ മറഞ്ഞുപോകുന്നില്ല.
കണ്ണുചുവന്ന ചെമ്പോത്തുകളായി അവര്‍ തിരിച്ചുവരുന്നുണ്ട്. അണങ്ങുകളും കുളിയന്മാരും അവിടെ ഉച്ചവെളിച്ചത്തിലും പാറിനടക്കുന്നുണ്ട്. ദൈവങ്ങള്‍ അനാഥത്വത്തില്‍ മനുഷ്യര്‍ക്കൊപ്പമിരുന്ന് ചിലമ്പിച്ച ഒച്ചയില്‍ വിലപിക്കുന്നുണ്ട്.
മനുഷ്യര്‍ക്ക് പങ്കാളിത്തം ഉള്ളതെങ്കിലും മനുഷ്യരുടേത് മാത്രമല്ലാത്ത ഒരു ജീവിത ദേശമാണ് ഏര്‍ക്കാന.
റാക്ക് കുടിക്കുമ്പോഴും തെറി പറയുമ്പോഴും പരപുരുഷനൊപ്പം ശയിക്കുമ്പോഴും ഏര്‍ക്കാനയിലെ പെണ്ണുങ്ങള്‍ വിശുദ്ധകളാണ്; ഒരു ജാനകി ഒഴികെ. കാരണം പടര്‍ന്നു കത്തുന്ന പകയുടെ കാട്ടുതീ കണ്ണീരുകൊണ്ട് കെടുത്താനാകാതെ പകച്ചുനില്‍ക്കുന്ന നിശബ്ദ പ്രാര്‍ത്ഥനകളാണവര്‍. പുരുഷന്മാരാവട്ടെ മിക്കവാറും പകയുടെയും ആസക്തികളുടെയും ദുര്‍മൂര്‍ത്തികളാണ്. രാജേന്ദ്രനെപ്പോലുള്ള ചുരുക്കം ചിലരൊഴികെ. പക്ഷേ അപ്പോഴും അട്ടഹാസങ്ങള്‍ക്കും അലര്‍ച്ചകള്‍ക്കുമിടയില്‍ 'വേണ്ടായിരുന്നു, വേണ്ടായിരുന്നു' എന്ന് ഭാസ്‌കരന്റെ ഹൃദയമിടിക്കുന്നത് നാം കേള്‍ക്കുന്നു. നനവുള്ള അതേ വെളിച്ചം ചന്ദ്രനിലും പലപ്പോഴും പതയുന്നുണ്ട്.
ഏര്‍ക്കാനയിലെ രക്തനിലത്ത് വറ്റാത്ത ഒരു ഉറവപ്പൊട്ട് തുളുമ്പിത്തിളങ്ങി നില്‍ക്കുന്നു. അത് സൂക്ഷ്മമായി ബാക്കി വെച്ചതിലാണ് ഷാജി കുമാര്‍ എന്ന കഥാകാരന്റെ മിടുക്ക്.
ഏര്‍ക്കാനയില്‍ എന്റെ നാടുണ്ട്; ദൈവങ്ങളും
(സംഭാഷണം: പി.വി.ഷാജികുമാര്‍/കെ.വി.മണികണ്ഠദാസ്)
? എങ്ങനെയാണ് മരണവംശത്തിലെത്തുന്നത്-ഒരു സംഭവം, മനസ്സിലെത്തിയ ഒരു കഥാപാത്രം-ഏതില്‍ നിന്നാണ് ഒരു തുടക്കം കിട്ടുന്നത്
= 2024 ജൂണിലാണ് മരണവംശം പുറത്തിറങ്ങിയതെങ്കിലും മരണവംശത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് പീഡിഗ്രിക്കാലത്താണ്. നോവല്‍ സംഭവിക്കുന്ന സ്ഥലത്ത് പരിപാടിയുടെ ഭാഗമായി ഏട്ടനൊപ്പം ഞാന്‍ എത്തിയതായിരുന്നു. പരിപാടി കഴിയുമ്പോള്‍ ഇരുട്ടായി. നാട്ടിലേക്ക് തിരിച്ചുപോവാന്‍ വാഹനങ്ങളൊന്നും കിട്ടിയില്ല. അങ്ങനെയാണ് അന്നവിടെ കഴിയാമെന്ന് സുഹൃത്തായ സുരേഷ് (അവനിപ്പോള്‍ മാതൃഭൂമിയിലാണ്) പറയുന്നത്. അങ്ങനെ ഞങ്ങളും അവനും തൊട്ടടുത്തുള്ള സ്‌കൂളില്‍ നേരം വെളുപ്പിച്ചു. പലതും പറഞ്ഞ കൂട്ടത്തില്‍ അടുത്ത കാലത്ത് ആ നാട്ടില്‍ നടന്ന ചില സംഭവങ്ങള്‍ സുരേഷ് പറയുകയുണ്ടായി. അതാണ് മരണവംശത്തിന്റെ വിത്ത്. അത് പല കാലങ്ങളില്‍ പല വഴികളാല്‍ പലതരം ഓര്‍മ്മകളുടെ കാറ്റും മഴയുമേറ്റ് വളരുകയായിരുന്നു. ആ നാട്ടുകാരും സമീപദേശക്കാരും നോവലിലെ കഥാപാത്രങ്ങളും ഓര്‍മ്മകള്‍ തന്നു. ഒപ്പം എന്റെ നാട്ടിലെ മനുഷ്യരും ജീവജാലങ്ങളും ആ വഴിയിലേക്ക് കയറിക്കൂടി. അങ്ങനെയൊക്കെ സംഭവിച്ചതാണ് മരണവംശം.
? പലതരം മനുഷ്യര്‍, അമാനുഷര്‍, ധാരാളം ഉപകഥകള്‍ - സങ്കീര്‍ണ്ണഘടനയാണ് മരണവംശത്തിന്റേത്. നോവലിന്റെ രചനാ സന്ധികളെക്കുറിച്ച് ചുരുക്കിപ്പറയാമോ
= കുറേ കഥകള്‍ പറയാനുണ്ടായിരുന്നു. കേട്ടതും ഭാവനയില്‍ വരുന്നതുമൊക്കെ. അത് മനസില്‍ കിടന്ന് കളിക്കുന്നുണ്ടായിരുന്നു. മരണവംശം എഴുതി തുടങ്ങുമ്പോള്‍ മഹാഭാരതത്തിന്റെ ആഖ്യാനം ഉള്ളിലുണ്ട്. ഒരു വലിയ കഥയെ മുത്തുമാലയിലെ മുത്തുമണികള്‍ പോലെ ചേര്‍ന്നുനില്‍ക്കുന്ന ഉപകഥകള്‍ ഏറെയുള്ള മഹാഭാരതം. അങ്ങനെയൊരു ക്രാഫ്റ്റായിരുന്നു മനസില്‍. എഴുതുമ്പോള്‍ പല കഥകളും മുത്തുമണികളായി സ്വയം വന്നുചേരുകയായിരുന്നു. അവരും അവയും ആ മാലയില്‍ ജീവിതം കൊണ്ട് കോര്‍ത്തുകിടന്നു. ആദ്യ പ്രതി 620 പേജുണ്ടായിരുന്നു. പതിമൂന്നാമത്തെ ഡ്രാഫ്റ്റിലാണ് 318 പേജിലെത്തിയത്. പതിമൂന്നാമത്തെ പകര്‍പ്പിലേക്കുള്ള യാത്രയില്‍ വേദനയോടെ ഉപേക്ഷിക്കേണ്ടി വന്ന ഒട്ടേറെ കഥകളുണ്ട്. അവയൊക്കെ ഒന്നൂടെ വായിക്കണം.
?ഏര്‍ക്കാന ഒരു സങ്കല്‍പ ഭൂമികയാണല്ലോ. അത് രൂപപ്പെടുത്തുന്നതില്‍ എഴുത്തുകാരന്റെ നാട്ടുജീവിതം എത്രത്തോളം പിന്തുണച്ചിട്ടുണ്ട്
=ഏര്‍ക്കാനയില്‍ എന്റെ നാടുണ്ട്. നാട്ടുവഴികളുണ്ട്. മനുഷ്യരും ജീവജാലങ്ങളും പ്രകൃതിയും ദൈവവുമുണ്ട്. അവരെ കൂട്ടാതെ ഏര്‍ക്കാനയിലേക്ക് ഒറ്റയ്ക്ക് പോവാന്‍ എനിക്കൊരിക്കലും ധൈര്യമുണ്ടായിരുന്നില്ല. അവര്‍ തന്ന ബലം കൂടിയാണ് മരണവംശത്തിലെ ഏര്‍ക്കാന. അവരും പലയിടങ്ങളില്‍ കഥാപാത്രങ്ങളായി ചിറക് വിടര്‍ത്തുന്നു.
? മരണവംശത്തിലെ ദൈവങ്ങള്‍ സര്‍വശക്തരല്ല, മനുഷ്യര്‍ക്കൊപ്പം നിസ്സഹായരായി വിലപിക്കുന്നവരാണ്. അതെന്തുകൊണ്ടങ്ങനെയായി
= ഞങ്ങള്‍ക്ക് ദൈവങ്ങള്‍ മനുഷ്യരെപ്പോലെ തന്നെ മനസോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്. നീയെന്ന് ദൈവത്തെ അഭിസംബോധന ചെയ്യാനുള്ള സ്‌നേഹത്തിലുറപ്പിക്കപ്പെട്ട ബന്ധം ഉണ്ടാവുന്നത് അതുകൊണ്ടാണല്ലോ. എന്തുണ്ടായാലും തെയ്യത്തെ വിളിക്കുന്നതും വീടിന് തൊട്ടടുത്തുള്ള അഴകളത്ത് ഭഗവതിയെയും വിളിക്കുന്നതും ശീലമാക്കിയ വല്ല്യമ്മയും രമണിയമ്മയും അമ്മയും പകര്‍ന്നുതന്ന വേറൊരു തരത്തിലുള്ള ആത്മീയത ഉള്ളിലുണ്ട്. പ്രിയ സുഹൃത്തിന്റെ കൂച്ചുംകെട്ടി നടക്കുന്നത് പോലെ മനുഷ്യന്റെ ചുമലില്‍ പിടിച്ചുനില്‍ക്കുന്ന ദൈവം മനസില്‍ വരാറുണ്ട്. ഒരുതരത്തില്‍ നമ്മുടെ തെയ്യങ്ങളെല്ലാം തോറ്റുപോയ മനുഷ്യരാണല്ലോ, അതുകൊണ്ടാണല്ലോ കെട്ടിയാടുന്ന നേരങ്ങളില്‍ തെയ്യം മനുഷ്യന്റെ ചുമലില്‍ കൈ ചേര്‍ക്കുന്നത്.
? മരണവംശത്തിന്റെ രചന എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പുതിയ ബോധ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ
= അത്രമേല്‍ വേദനയോടെ ഞാന്‍ എഴുതിത്തീര്‍ത്ത ആഖ്യാനമാണ് മരണവംശം. എഴുതുന്ന വേദനയില്‍ ഭൗതീകമായും മാനസികമായും പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു. പലപ്പോഴും എഴുത്ത് വേണ്ടെന്ന് വെച്ചിട്ടുണ്ട്. വേദനയായിരുന്നു മരണവംശം. വായിച്ചവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് തോന്നുന്നു. എന്റെ എഴുത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട് സ്വയം പുതുക്കിത്തന്ന കൃതിയായി ഞാന്‍ മരണവംശത്തെ കാണുന്നു. ഒരു പക്ഷെ, ഇനിയെന്നെങ്കിലും എഴുതിയേക്കാവുന്ന മറ്റൊരു നോവലിന്റെ കൈപിടിക്കുന്ന മുതിര്‍ന്ന സഹോദരനോ സഹോദരിയോ ആയി മരണവംശം എനിക്ക് മുന്നില്‍ നില്‍ക്കുമായിരിക്കും.