ഡല്‍ഹി, ഒരത്ഭുതമാണ്...
ആലപ്പുഴയില്‍ നിന്ന് തൊട്ടപ്പള്ളി ബാലകൃഷ്ണന്‍ എന്നൊരാള്‍ നവംബര്‍ അവസാനത്തില്‍ ഫോണില്‍ വിളിച്ച് ഒരു അവാര്‍ഡ് വിവരം അറിയിക്കുന്നു. കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ ഡോക്ടര്‍ അംബേദ്കര്‍ ഫെല്ലോഷിപ്പ് താങ്കള്‍ക്കാണെന്ന്. ഡിസംബര്‍ 8ന് ഡല്‍ഹിയില്‍ വെച്ചാണ് അവാര്‍ഡ് ദാനം.
ഈ അറുപത് വയസിനിടയില്‍ ആദ്യമായാണ് എടുത്താല്‍ പൊങ്ങാത്ത ഒരു അവാര്‍ഡ് എന്നെ തേടിയെത്തുന്നത്. പോരാത്തതിന് ഡല്‍ഹി കാണാന്‍ കിട്ടിയ അപൂര്‍വ്വാവസരവും. ദളിത് സാഹിത്യ അക്കാദമി ആകെ അയച്ച് തന്നിരിക്കുന്നത് വെറും മൂവായിരം രൂപ. ഡല്‍ഹിയില്‍ പോയി തിരിച്ചുവരാനുള്ള വട്ടച്ചെലവിന് പോലും മൂവായിരം രൂപ തികയില്ല. കൊച്ചു വേളിയില്‍ നിന്ന് അമൃതസര്‍ വരെ പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ ടിക്കറ്റെടുത്തു. അതാകുമ്പോള്‍ സ്റ്റോപ്പ് കുറവ്. തത്കാല്‍ ടിക്കറ്റെടുത്ത് ഡിസംബര്‍ നാലാം തിയ്യതി വൈകിട്ട് ഏഴേകാലിന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഡല്‍ഹിക്ക് വണ്ടി കയറി. തീവണ്ടിയിലെ യാത്രക്കാരില്‍ ഏറെപ്പേരെയും മൊബൈല്‍ ഫോണ്‍ ഒഴിയാബാധപോലെ ബാധിച്ചിട്ടുണ്ട്. പഴയത് പോലുള്ള സുഹൃദ്ബന്ധം തീവണ്ടിക്കുള്ളില്‍ ഇന്നില്ല. ഡല്‍ഹി എത്തും വരെ സംസാരിക്കാന്‍ ആളില്ലാതെ ഊമയെപ്പോലെ ഇരുന്നു. യന്ത്രത്തിലോടുന്ന വണ്ടിയില്‍ മനുഷ്യര്‍ യാന്ത്രികമായി ഓടുകയാണ്. ഡിസംബറിലെ തണുപ്പുള്ള പ്രഭാതം. ഞാന്‍ ഡല്‍ഹിയിലിറങ്ങി. തണുപ്പിന്റെ അലകള്‍ക്കിടയിലൂടെ സ്റ്റേഷന് പുറത്തിറങ്ങിയപ്പോള്‍ റിക്ഷാവണ്ടിക്കാരും സൈക്കിള്‍ വണ്ടിക്കാരും ടാക്‌സിക്കാരും ഓട്ടോക്കാരും അതിഥികളെ സ്വീകരിക്കാനെന്ന മട്ടില്‍ നില്‍പ്പുണ്ടായിരുന്നു. ഡല്‍ഹി എന്ന മഹാനഗരം എന്നെ വരവേറ്റതായി തോന്നി. പ്രാചീന കാലം മുതല്‍ക്കെ ഡല്‍ഹി അങ്ങനെയായിരുന്നു. അക്രമികള്‍ക്കും അതിഥികള്‍ക്കും ഒരേ മനസ്സോടെ ആതിഥ്യമരുളുന്ന നഗരം. ഒരു കയ്യില്‍ വാളും മറു കയ്യില്‍ വരവുമായി ദേവതയെപ്പോലെ അതിഥികളെ ആലിംഗനം ചെയ്ത് വരവേല്‍ക്കുന്ന നഗരം. ഞാന്‍ അടുത്തുള്ള ഓട്ടോ ഡ്രൈവറോട് ഷാലിമാര്‍ ലോഡ്ജ് എവിടെയാണെന്ന് തിരക്കി. വലത്തോട്ട് തിരിഞ്ഞ് നോക്കാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ അതാ തൊട്ടടുത്ത് ഷാലിമാര്‍ തലയുയര്‍ത്തി നില്‍ക്കുന്നു. റിസപ്ഷനിലെ രജിസ്റ്ററില്‍ എന്റെ പേര് നേരത്തെ എഴുതിവെച്ചിരുന്നു. ആ പേരിന് നേരെ ടിക്ക് ചെയ്ത് അയാള്‍ എന്നോട് ചിരിച്ചു. കേരളത്തില്‍ നിന്നെത്തിയ അവാര്‍ഡ് ജേതാവിനോട് സംഘാടകര്‍ക്കും ഹോട്ടലിലെ ജിവനക്കാര്‍ക്കും ഒരു ബഹുമാനമൊക്കെയുണ്ട്. അന്നത്തെ ദിവസം പൂര്‍ണ വിശ്രമത്തിന് ശേഷം ഡല്‍ഹിയിലെ തെരുവിലൂടെ നടക്കാനിറങ്ങി. പുകപോലെ അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുന്ന മഞ്ഞിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നത് പോലെ തോന്നി. എന്നാലും നല്ല തണുപ്പുണ്ട്. സ്വറ്ററിട്ടാണ് ഞാന്‍ പുറത്തിറിങ്ങിയത്. ഉന്തുവണ്ടികളും നിലക്കടലമിഠായി വില്‍ക്കുന്നവരും തെരുവാകെ നിറഞ്ഞിട്ടുണ്ട്. പാല്‍ ചേര്‍ത്ത് കൊണ്ടുണ്ടാക്കിയ നിലക്കടല മിഠായിക്ക് നല്ല രുചിയുണ്ട്.
ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷന് മുന്‍ഭാഗത്തെ റോഡരികില്‍ നിറയെ തട്ടുകടകള്‍. ദാലും റൊട്ടിയും ഉരുളക്കിഴങ്ങ് നിറച്ച സമൂസയും ചില്ലിട്ട അലമാരയില്‍ നിരത്തിവെച്ചിട്ടുണ്ട്. വടാ പാവുണ്ടോ? ഓരോ തട്ടുകടയിലും ചെന്ന് ചോദിച്ചു. വടാ പാവ് കഴിക്കണമെങ്കില്‍ മുംബൈയില്‍ പോവണം. മുപ്പത് വര്‍ഷം മുമ്പ് മുംബൈയിലെ വി.ടി സ്റ്റേഷന് മുന്നിലുള്ള കാപ്പിറ്റോള്‍ സിനിമാ തിയേറ്ററിനടുത്തുള്ള വടാ പാവ് മാത്രം വില്‍ക്കുന്ന ചെറിയ തട്ടുകടയില്‍ നിന്ന് വാങ്ങിക്കഴിച്ചതിന്റെ രുചി ഇന്നും എന്റെ നാവിന്‍ തുമ്പത്തുണ്ട്. ഡല്‍ഹിക്കാരുടെ ഇഷ്ടഭക്ഷണം ദാലും റൊട്ടിയുമാണ്. കൂടെ നീരുള്ളി കൊത്തിയരിഞ്ഞിട്ടതും. അത് എത്ര കഴിച്ചാലും അവര്‍ക്ക് മടുപ്പ് വരില്ല.
പുരസ്‌കാര ചടങ്ങിന് ഇനി രണ്ട് ദിവസം കൂടിയുണ്ട്. ഡല്‍ഹി കറങ്ങിക്കാണാനുള്ള സമയം യഥേഷ്ടം. ചെങ്കോട്ട കാണണമെന്ന ആഗ്രഹം മനസ്സിലുദിച്ചു. റിക്ഷാവണ്ടിക്കാരനോട് ചെങ്കോട്ടയ്ക്കുള്ള യാത്രാകൂലി തിരക്കി. 200 രൂപയെന്ന് റിക്ഷാവണ്ടിക്കാരന്‍ പറഞ്ഞു. ഞാനാ റിക്ഷയില്‍ കയറിയിരുന്നു. വഴി നീളെ പൂമരങ്ങള്‍. നേരിയ മഞ്ഞിലൂടെ മങ്ങിയും തെളിഞ്ഞും അവ എന്റെ കണ്ണിന് കുളിര്‍മ പകര്‍ന്നു. നല്ല തണുപ്പിന്റെ ആലിംഗനത്തിലമര്‍ന്നാണ് ചെങ്കോട്ടയുടെ കവാടത്തിലെത്തിയത്. ബസ്സുകളില്‍ ടൂറിസ്റ്റുകള്‍ വന്നിറങ്ങിക്കൊണ്ടിരിന്നു. കൂട്ടത്തില്‍ ഇംഗ്ലീഷുകാരുമുണ്ട്. കലാ സൗന്ദര്യം കവിഞ്ഞൊഴുകുന്ന ചെങ്കോട്ട കണ്ടപ്പോള്‍ അത് പണികഴിപ്പിച്ച പ്രതാപശാലിയായ ചക്രവര്‍ത്തിയുടെ പ്രഭാവ പൂര്‍ണ്ണമായൊരു ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നു. അമ്പത് രൂപയുടെ ടിക്കറ്റെടുത്ത് ലാഹോരി ഗെയ്റ്റ് എന്ന കവാടത്തിലൂടെ അകത്ത് കയറി.
വെണ്ണക്കല്‍ കൊണ്ട് വെണ്‍കൊറ്റ കുടകളുണ്ടാക്കി. മിനുസമാര്‍ന്ന മാര്‍ബിള്‍ സ്തൂപങ്ങള്‍ നാട്ടി, അതിന്മേല്‍ വെള്ളിത്തകിടുകള്‍ കൊണ്ട് പന്തലിട്ടു. വൈരക്കല്‍ കോമ്പകള്‍ കൊണ്ട് അതിനൊരു തോരണം തൂക്കി. തങ്കക്കമ്പികള്‍ വലിച്ച് നീട്ടി അതിന് വരയും കുറിച്ചുവെച്ചു. പൊന്നായ പൊന്ന് മുഴുവന്‍ ഉരുക്കിക്കൂട്ടി ഒരു മഹാസിംഹാസനമുണ്ടാക്കി അതിന്റെ നടുവിലിട്ടു. മുത്തായ മുത്ത് മുഴുവനും വാരിപ്പതിച്ച് ആ സിംഹാസനത്തെ അലങ്കരിക്കുകയും ചെയ്തു. എന്നിട്ട് ആ മനോഹര മന്ദിരത്തിന്റെ വെണ്ണിലാവൊഴുകുന്ന വെണ്ണക്കല്‍ ഭിത്തിയില്‍ എഴുതിവെച്ചു. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടെയാണ്. അതിവിടെയാണ്.
ചെങ്കോട്ടയിലെ ദിവാന്‍ ഖാസില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കോഹിന്നൂര്‍ രത്‌നം വെള്ളക്കാര്‍ കട്ടോണ്ട് പോയി. ഷാജഹാന്‍ ചക്രവര്‍ത്തി ഉപയോഗിച്ചിരുന്ന സിംഹാസനം ഇന്നും ഇവിടെ ഭദ്രമായി സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതിനടുത്ത് തന്നെ വേറെയും കെട്ടിടങ്ങള്‍ കാണാവുന്നതാണ്. ഈ കെട്ടിടങ്ങള്‍ ബ്രിട്ടീഷുകാര്‍ ചെങ്കോട്ട പിടിച്ചെടുത്തതിന് ശേഷം അവര്‍ തന്നെ പണി കഴിപ്പിച്ചവയാണ്. ചെങ്കോട്ടയിലെ മാര്‍ബിള്‍ കല്ലില്‍ കുറിക്കപ്പെട്ട മഹാകാവ്യങ്ങളും റോസാപൂക്കളുടെ മൃദുല ദളങ്ങളില്‍ മയങ്ങിയുറങ്ങുന്ന മധുര സ്വപ്‌നങ്ങളും വര്‍ണ്ണ വൈവിധ്യങ്ങള്‍ക്ക് നടുവില്‍ വിരിഞ്ഞ് നില്‍ക്കുന്ന മായാത്ത മാരി വില്ലുകളും കാലം കവര്‍ന്നെടുത്തത് പോലെ തോന്നി. റെഡ്‌ഫോര്‍ട്ട് കണ്ട് തിരിച്ച് വരുന്ന വഴി മെയിന്‍ കവാടത്തിലെത്തിയ ഞാന്‍ കോട്ടയെ ഒന്ന് തിരിഞ്ഞ് നോക്കി. രജപുത്ര രാജാവായ റാണാസംഗന് മികവുറ്റ സൈനിക ബലം അന്നുണ്ടായിരുന്നെങ്കില്‍ ഈ ചെങ്കോട്ട ഇന്നുണ്ടാകുമായിരുന്നോ?
ചെങ്കോട്ട മാത്രമല്ല, താജ്മഹലും കുത്തബ്മീനാറും ഫത്തെപൂര്‍ സിക്രിയും ആഗ്രാ കോട്ടയും. മുഗള്‍ സംസ്‌കൃതിയൊന്നുമില്ലാത്ത ഒരു രാജ്യമായി മാറുമായിരുന്നു ഭാരതം.
കോട്ടമതിലിന്റെ ഇരുവശങ്ങളില്‍ നിന്ന് പോരാടി മരിച്ചവരും ജയിച്ചവരും തോറ്റവരും ഇന്നെവിടെ? വാളുകളെയും കുന്തങ്ങളെയും തോക്കുകളെയും ഗജങ്ങളെയും അശ്വങ്ങളെയും അതിജീവിച്ച കരുത്താര്‍ന്ന കോട്ട ഇന്ന് നിശബ്ദമാണ്.
ഇന്ന് വെള്ളിയാഴ്ചയാണ്. താമസ സ്ഥലത്തിനടുത്തുള്ള പള്ളിയില്‍ പോയി ജുമുഅ നിസ്‌കരിച്ച് പുറത്തിറങ്ങിയപ്പോള്‍ റോഡരികില്‍ നീണ്ട ക്യൂ. അന്വേഷിച്ചപ്പോള്‍ ഇന്ന് ഡിസംബര്‍ ആറ് അംബേദ്കര്‍ ചരമദിനം. എല്ലാവര്‍ക്കും ബിരിയാണിപ്പൊതി ഫ്രീയായി വിതരണം ചെയ്യുന്നു. ഞാന്‍ ക്യൂവില്‍ പോയിനിന്നു. ഉന്തുംതള്ളും കഴിഞ്ഞ് അവസാനം എനിക്കും ബിരിയാണിപ്പൊതി കിട്ടി. മുന്നോട്ട് നടന്നപ്പോള്‍ സിക്കുകാരുടെ വക പാലും റസ്‌ക്കും.
ഡല്‍ഹിയുടെ വഴിയോരങ്ങള്‍ മരങ്ങളാല്‍ സമൃദ്ധമാണ്. ആല്‍മരങ്ങളും ഇലവുമരങ്ങളും കൊന്നയും വാകയുമൊക്കെ തെരുവുകളെ ആലിംഗനം ചെയ്ത് നില്‍ക്കുന്നു. ഡല്‍ഹിയിലെ കാലാവസ്ഥയും കെട്ടിടങ്ങളും ആളുകളും അവരുടെ വസ്ത്രധാരണയും ഭാഷയുമൊക്കെ കൗതുകമായി തോന്നി. മെറൂണും മഞ്ഞയും കലര്‍ന്ന ഉടുപ്പുകള്‍ ധരിച്ച് സംഘങ്ങളായി നീങ്ങുന്ന ലാമമാരെയും അരയില്‍ വാള്‍ തിരുകി തലപ്പാവണിഞ്ഞ താടിക്കാരായ ഒരുകൂട്ടം സിക്കുകാരെയും ആദ്യം കണ്ണുതുറന്ന് നോക്കുന്ന പിഞ്ചു കുഞ്ഞിനെപ്പോലെ ഞാന്‍ നോക്കിനിന്നു. ഡല്‍ഹിയിലെ കാണാകാഴ്ചകളിലൂടെയുള്ള നടത്തം ചായം ചാലിച്ച ചുവരുകള്‍ നിറഞ്ഞ ലോധി കോളനിയുടെ മനോഹര ലോകത്തേക്കെത്തിച്ചിരിക്കുന്നു. വിവിധങ്ങളായ കാഴ്ചകളെയും ചരിത്ര സ്മാരകങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഡല്‍ഹി തുറന്നുവെക്കുന്നത് അത്ഭുതങ്ങളുടെ വാതായനങ്ങളാണ്. ഡല്‍ഹിയിലെ കാഴ്ചകള്‍ മുഴുവനും കണ്ട് തീര്‍ക്കാന്‍ ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും വേണം.
താജ്മഹല്‍ കാണണം, കുത്തബ് മീനാര്‍ കാണണം ചെങ്കോട്ടയും ഫത്തെപൂര്‍ സിക്രിയും അലാവുദ്ദീന്‍ ഖില്‍ജിയും ആദ്യ തലസ്ഥാന നഗരിയായിരുന്ന സിരിയും ഭാരതത്തിന്റെ ഭരണസിരാ കേന്ദ്രമായ പാര്‍ലമെന്റ് മന്ദിരവും കണ്ട് തീരാന്‍ ദിവസങ്ങള്‍ തന്നെ വേണം.
ഡല്‍ഹി ഇപ്പോഴും അത്ഭുത കാഴ്ച തന്നെയാണ്. ആയിരം കഥകള്‍ പറയുന്ന ഓരോ സ്മാരകങ്ങള്‍ ഡല്‍ഹിയെ മറ്റെല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.