ചന്ദ്രന്റെ പൊറോട്ടയില്‍ കവിതയുടെ ഉപ്പുണ്ട്

കുടുംബം പുലര്‍ത്താന്‍ ഹോട്ടല്‍ അടുക്കളയിലെ തീച്ചൂടില്‍ വിയര്‍ത്ത് പൊറോട്ടയടിക്കുമ്പോഴും ചന്ദ്രന്റെ മനസ്സു നിറയെ കവിത ഇളംകാറ്റായി വീശുകയാണ്. ബോവിക്കാനത്തെ ഭാരത് ഹോട്ടലിലെ പൊറോട്ടയടിക്കാരനാണ് 35 കാരനായ അമ്പലത്തറ ബലിപ്പാറ സ്വദേശി കെ. ചന്ദ്രന്‍. തെയ്യംകലാകാരനായ പിതാവ് ചന്തന്റെ അകാലമരണവും കുടുംബത്തിലെ ദാരിദ്ര്യവും മൂലം അമ്പലത്തറ ഹൈസ്‌കൂളില്‍ വെച്ച് എട്ടാം തരത്തില്‍ പഠനം നിര്‍ത്തി ഹോട്ടല്‍ ജോലിക്കിറങ്ങുകയായിരുന്നു. 14 വര്‍ഷമായി ഹോട്ടലുകളില്‍ പൊറോട്ടയടിക്കുകയാണ്. വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്ത് അഞ്ചുമാസം മുമ്പാണ് ബോവിക്കാനത്തെ ഭാരത് ഹോട്ടലിലെത്തിയത്. ഇതിനിടെ 30ല്‍ പരം കവിതകള്‍ ചന്ദ്രന്‍ എഴുതി. ജീവിതപ്രാരബ്ധങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമാണ് തന്നെ കവിതയോട് അടുപ്പിച്ചതെന്ന് ചന്ദ്രന്‍ പറയുന്നു.

നളിക്കെദായ സമുദായാംഗമായ ചന്ദ്രന്‍ തെയ്യംകലാകാരന്‍ കൂടിയാണ്. ഗുളികന്‍ ഉള്‍പ്പെടെയുള്ള തെയ്യങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. തെയ്യംകെട്ടിലൂടെ മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതായതോടെയാണ് ഹോട്ടല്‍ ജോലിക്കിറങ്ങിയത്. കവിത പോലെ സുന്ദരമാണ് ചന്ദ്രന്‍ ചുട്ടെടുക്കുന്ന പൊറോട്ടയുമെന്ന് ഹോട്ടല്‍ ഉടമകളും ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു. സി.പി.എം.നേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുസ്ലിംലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളെക്കുറിച്ചും ഫുട്‌ബോള്‍ ഇതിഹാസം മെസ്സി, ലോകപ്രശസ്ത ഗായിക ലതാ മങ്കേഷ്‌ക്കര്‍ എന്നിവരെക്കുറിച്ചും സാമൂഹികവിഷയങ്ങളെക്കുറിച്ചും ചന്ദ്രന്‍ കവിതകളും പാട്ടുകളും എഴുതിയിട്ടുണ്ട്. അതെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വായനക്കാരുടെ പ്രശംസപിടിച്ചു പറ്റുകയുണ്ടായി.

ചോപ്പിന്റെ കോട്ടയില്‍ നിന്നും ഒരു ചെങ്കൊടി താനേ കരിഞ്ഞു എന്നാണ് കോടിയേരിയുടെ വിയോഗത്തെ ചന്ദ്രന്‍ ധ്വനിപ്പിക്കുന്നത്. സൂര്യവെളിച്ചം പോലെ തെളിഞ്ഞു നിന്ന നേതാവെന്നും സ്‌നേഹപ്പൊതിയെന്നും ഹൈദരലി തങ്ങളെ വിശേഷിപ്പിക്കുന്നു. മഴപോലെ പെയ്‌തൊരു ഗാനം, പുഴ പോലെ ഒഴുകിയ നാദസ്വരം എന്നിങ്ങനെ ലതാ മങ്കേഷ്‌ക്കറെ വര്‍ണിക്കുന്നു. എഴുപതാം പ്രായത്തില്‍ പാടിയ പാട്ടില്‍ ഇരുപതാം വയസിന്റെ സ്വരമാണ് ലതാ മങ്കേഷ്‌ക്കറിന്റെ പാട്ടിനെന്നും ചന്ദ്രന്‍ വിശേഷിപ്പിക്കുന്നു. കാല്‍പ്പന്തിന്റെ മഹാരാജാവായി മെസ്സിയെ വാഴ്ത്തുകയാണ് മെസ്സിയെക്കുറിച്ചുള്ള കവിതയില്‍.

വേറിട്ടു നില്‍ക്കുന്ന കവിതയാണ് പ്രണയം.

അതിങ്ങനെയാണ്:

'ഒരു ചിരിയില്‍ വിടരുന്നു പ്രണയം

മറുനെഞ്ചില്‍ നിറയുന്നു പ്രണയം

നെഞ്ചിലെന്നും പ്രണയം

ഒരു ലഹരിയായി ഒഴുകുന്നു

ദാഹമകറ്റുന്നു പ്രണയം.

അതിരുകള്‍ ഇല്ലാത്ത പ്രണയം

പ്രായത്തെ മറക്കുന്ന പ്രണയം

മഴത്തുള്ളി പോലെ

പെയ്തിറങ്ങുന്നു പ്രണയം.

ആകാശം മുട്ടേ പറന്നുയരാന്‍

സ്വപ്‌നം കാണുന്ന പ്രണയം...

ഒരു വിളിപ്പാടകലെ

മരണം പതിയിരിപ്പുണ്ട്...

പ്രണയിക്കുവിന്‍ ഏവരും

പ്രണയത്തിന്‍ വിലയറിഞ്ഞ്...'

ആല്‍ബം, നാടകം, സീരിയല്‍, സിനിമ മേഖലകളിലേക്കെല്ലാം കവിതയും പാട്ടുമായി കടന്നുകയറാന്‍ ആഗ്രഹിക്കുന്ന ചന്ദ്രന് പ്രോത്സാഹനവും സഹായവും ആവശ്യമാണ്. ഗിരീഷ് പുത്തഞ്ചേരിയാണ് ചന്ദ്രന്റെ ഇഷ്ടഗാനരചയിതാവ്. വെള്ളച്ചിയാണ് അമ്മ. ഭാര്യ: രാധാമണി. നാലു വയസ്സുകാരി ചന്ദന മകള്‍. ആശാവര്‍ക്കറായ രോഹിണി, ഹോംനേഴ്‌സായ ഗൗരി എന്നിവര്‍ ചേച്ചിമാരും കൂള്‍ബാര്‍ തൊഴിലാളി പ്രഭാകരന്‍ അനിയനുമാണ്. ചന്ദ്രന്റെ നമ്പര്‍: 7510592688.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it