സി. രാഘവന്‍ മാഷിന്റെ വിയോഗത്തിന് പതിനഞ്ചാണ്ട്

ഉത്തരം തേടുമ്പോഴൊക്കെയും

മുന്നിലൊരുത്തരമായ് നിന്ന മര്‍ത്യാ,

താങ്കളാരാണ്? താങ്കളാരല്ല?

ഉത്തരം തേടുന്നു,

ഞാനൊരന്വേഷകന്‍...

സി. രാഘവന്‍ മാഷ് എനിക്കൊരുത്തരമായിരുന്നു, പലപ്പോഴും. വിവേകാനന്ദ സഹകരണ കോളേജില്‍ എന്നെ ബി.എക്ക് ഇംഗ്ലീഷ് പഠിപ്പിച്ചത് മാഷാണ്. കോളേജ് പ്രിന്‍സിപ്പാളും അദ്ദേഹം തന്നെ. പിന്നീട് ഞാന്‍ ഉത്തരദേശം പത്രത്തില്‍ ലേഖകനായി ജോലി ചെയ്ത കാലത്ത് പത്രത്തിന്റെ എഡിറ്ററും അദ്ദേഹമായിരുന്നു. ഒമ്പത് വര്‍ഷത്തെ എഡിറ്റര്‍-ലേഖകന്‍ ബന്ധം. ഞാന്‍ ഉത്തരദേശം വിട്ടെങ്കിലും 2010 ഫെബ്രുവരി 20ന് അദ്ദേഹം മരിക്കുന്നതു വരെ നിത്യേനയെന്നോണം ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്ത ഹൃദയബന്ധം. പ്രായത്തിന്റെയോ, വലിപ്പച്ചെറുപ്പത്തിന്റെയോ, പദവിയുടെയോ യാതൊരു അകല്‍ച്ചയുമില്ലാതെ ഞങ്ങള്‍ എത്രകാലം, എന്തൊക്കെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നോ! എത്ര സായാഹ്നങ്ങളില്‍ ഒന്നിച്ചു നടന്നിട്ടുണ്ടെന്നോ!

ബഹുഭാഷാ പണ്ഡിതന്‍, വിവര്‍ത്തകന്‍, 37 കൃതികളുടെ രചയിതാവ്, അധ്യാപകന്‍, പ്രധാനാധ്യാപകന്‍, എ.ഇ.ഒ., ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ കമ്മീഷണര്‍, കാസര്‍കോട് ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട്... മാഷുടെ കര്‍മപഥങ്ങള്‍ ഏതൊക്കെ മേഖലകളിലേക്കെല്ലാം വ്യാപരിച്ചിട്ടുണ്ടെന്നോ! തുളു-നാടും ഭാഷയും നാട്ടറിവും എന്ന മാഷിന്റെ പുസ്തകം തുളുനാടിന്റെയും തുളുഭാഷയുടെയും പഠനരേഖയാണ്. ഈ പുസ്തകം ഉള്‍പ്പെടെ ഏഴ് സ്വതന്ത്രകൃതികള്‍ മാഷിന്റേതായിട്ടുണ്ട്. ചിരസ്മരണ, ഭാരതീപുരം, കൂലോത്തെ ചിങ്കാരമ്മ, പമ്പഭാരതം, ദിവ്യം, ഗീതാ നാഗഭൂഷണിന്റെ വാഴ്‌വ്, സാറ അബൂബക്കറിന്റെ ചുഴി, നഫീസ, ചന്ദ്രഗിരിക്കരയില്‍ ഉള്‍പ്പെടെ കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് 23 പ്രഗത്ഭകൃതികള്‍ മാഷ് ഭാഷാന്തരം നടത്തി. ഇന്ദുലേഖ, ഗോത്രയാന, ഭീമായണ എന്നിവയടക്കം മലയാളത്തില്‍ നിന്ന് ഏഴ് കൃതികള്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തു. 1998ല്‍ ഇന്ദുലേഖയുടെ വിവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചത്. 2006ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിവര്‍ത്തന അവാര്‍ഡ് മാഷ് കന്നഡയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത യു.ആര്‍. അനന്തമൂര്‍ത്തിയുടെ ദിവ്യം എന്ന നോവലിന് ലഭിച്ചു. തുളു പുസ്തകത്തിനും മറ്റു രചനകള്‍ക്കും സമഗ്ര സംഭാവനകള്‍ക്കുമായി അദ്ദേഹത്തിന് വേറേയും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാടോടി വിജ്ഞാനീയം, പ്രാദേശിക ചരിത്രം എന്നിവയില്‍ മാഷ് നടത്തിയ അന്വേഷണങ്ങളും പഠനങ്ങളും ഒട്ടേറെയുണ്ട്. എം.ടിയുടെ രണ്ടാമൂഴമാണ് മാഷ് ഭീമായണ എന്ന പേരില്‍ കന്നഡയ്ക്ക് നല്‍കിയത്. കയ്യൂര്‍ സമരത്തിന്റെ കഥപറയാന്‍ നിരഞ്ജന എന്ന കുളുഗുന്ത ശിവറാവു കന്നഡയില്‍ എഴുതിയ നോവലാണ് ചിരസ്മരണ. 1974ല്‍ രാഘവന്‍ മാഷുടെ മലയാളം വിവര്‍ത്തനം വന്നതോടെയാണ് ആ കൃതി കന്നഡയില്‍ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഉത്തരദേശത്തിന്റെ എഴുത്തച്ഛന്‍ എന്നാണ് രാഘവന്‍ മാഷെ, അദ്ദേഹത്തിന്റെ മകള്‍ ആര്‍. വീണാറാണി എഴുതിയ സി. രാഘവന്‍ എന്ന ലഘു ജീവചരിത്ര പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. ആ വിശേഷണം ഏറെ അന്വര്‍ത്ഥമാണ്. മാഷിന്റെ എഴുത്തും സംസാരവും പ്രസംഗവും ക്ലാസും സ്‌നേഹവും ശാസനയും ഒരു പോലെ അനുഭവിക്കാന്‍ കഴിഞ്ഞ ആളാണ് ഞാന്‍. മാഷിന്റെ പുലിക്കുന്നിലെ വീട് ത്രിവേണിയില്‍ പതിവു സന്ദര്‍ശകനായിരുന്നു ഞാന്‍. കാസര്‍കോട്ടെ നാടന്‍ പാട്ടുകളെക്കുറിച്ച് പഠിക്കാനും അവ ശേഖരിക്കാനും മാഷ് എന്നോട് പറഞ്ഞിരുന്നു. എന്റെ എഴുത്തിനെയും സാഹിത്യാഭിരുചിയെയും മാഷ് നന്നേ പ്രശംസിക്കുകയും അത് സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം എടുത്തു പറയുകയും ചെയ്തിരുന്നു. അദ്ദേഹം സാഹിത്യവേദിയുടെ പ്രസിഡണ്ടായിരിക്കെ നിര്‍വാഹക സമിതി അംഗമായിരുന്നു ഞാന്‍. രാഘവന്‍ മാഷുടെ ഭാര്യ ഗിരിജമ്മയുമായും മക്കളുമായും മറ്റ് കുടുംബാംഗങ്ങളുമായും നല്ല സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു. കാസര്‍കോട് യുണൈറ്റഡ് ഹോസ്പിറ്റലിലായിരുന്നു മാഷുടെ അവസാന നാളുകളും മരണവും. അവിടെ മാഷെ സന്ദര്‍ശിക്കാനും അദ്ദേഹത്തിന്റെ അരികിലിരിക്കാനും ആ മുഖം വായിച്ചെടുക്കാനും സംസ്‌ക്കാരച്ചടങ്ങുകളില്‍ കൂടെ നില്‍ക്കാനും കഴിഞ്ഞതിന്റെ ധന്യതയും എനിക്കുണ്ട്. മാഷിന്റെ ഓര്‍മകളും വാക്കുകളും കൃതികളും എനിക്കിപ്പോഴും കൂട്ടാണ്.

Related Articles
Next Story
Share it