കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരളീയ ബദലാകുമോ സമ്മേളനം
എ.കെ.എസ്.ടി.യു 28-ാം സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് തുടക്കം

കേരളത്തിലെ പ്രീ-പ്രൈമറി തലം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ സര്‍വ്വതലങ്ങളിലെയും അധ്യാപകരെ ഉള്‍ക്കൊള്ളുന്ന സംഘടനയായ ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ(എ.കെ.എസ്.ടി.യു) 28-ാം സംസ്ഥാന സമ്മേളനത്തിന് ഇന്നലെ കാഞ്ഞങ്ങാട്ട് തുടക്കം കുറിച്ചിരിക്കുകയാണ്. 15 വരെ തുടരും.
കെ.ജി.പി.ടി യൂണിയന്റെ വിഭജനശേഷം രൂപം കൊണ്ട ഡി.പി.ടി യൂണിയന്‍ പിന്നീട് കൂടുതല്‍ അധ്യാപകരെ ഉള്‍ക്കൊള്ളാന്‍ ആകും വിധം ഗവണ്‍മെന്റ് അധ്യാപകരുടെ സമര സംഘടനയായ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ഡി.എസ്.ടി.യു) ആയും എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ സംഘടനയായിരുന്ന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.എസ്.ടി.എ) ആയും വികാസം പ്രാപിച്ചു. 1996ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന പൊതുലക്ഷ്യത്തെ മുന്‍നിര്‍ത്തി മേല്‍ സംഘടനകള്‍ ഒന്നായി ചേര്‍ന്ന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) പിറവിയെടുത്തു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച അധ്യാപക നേതാക്കളായ പി.ആര്‍ നമ്പ്യാരും ടി.സി. നാരായണന്‍ നമ്പ്യാരും പി.ടി ഭാസ്‌ക്കര പണിക്കരും മാര്‍ഗദര്‍ശകരായുള്ള, ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്‍ക്കൊള്ളുന്ന അധ്യാപകരുടെ സംഘടനയാണ് എ.കെ.എസ്.ടി.യു.
പഠിക്കുക... പഠിപ്പിക്കുക... പോരാടുക എന്ന മര്‍മ്മപ്രധാനമായ മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘടന അധ്യാപകരുടേയും പൊതുജനങ്ങളുടേയും പ്രസ്ഥാനമാണിന്ന്. ദേശീയ തലത്തില്‍ എ.ഐ.എസ്.ടി.എഫിലും അന്തര്‍ദേശീയ തലത്തിലെ അധ്യാപക കൂട്ടായ്മയിലും പ്രമുഖാംഗത്വം സംഘടനക്കുണ്ട്. അധ്യാപക വേദി എന്ന മുഖമാസികയിലൂടെ സംഘടനാ സന്ദേശം അധ്യാപക സമൂഹത്തില്‍ എത്തിക്കാനും സാധിക്കുന്നു.
അധ്യാപകര്‍ സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ അയച്ച് പഠിപ്പിക്കണമെന്ന ചങ്കൂറ്റത്തോടെയുള്ള നിലപാട് സ്വീകരിച്ച് അധ്യാപക സമൂഹത്തോട് ആഹ്വാനം ചെയ്യാനും അത് സംഘടനയില്‍ പ്രാവര്‍ത്തികമാക്കാനും സാധിച്ച കേരളത്തിലെ ഏക പുരോഗമന അധ്യാപക പ്രസ്ഥാനം എ.കെ.എസ്.ടി.യു ആണ്. പൊതുവിദ്യാലയങ്ങള്‍ അനാദായകരമെന്ന പേരില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ അത്തരം വിദ്യാലയങ്ങളെ രക്ഷിക്കാന്‍ അധ്യാപക ചങ്ങല സൃഷ്ടിച്ച് ചരിത്രത്തിലിടം നേടിയ നമ്മുടെ പ്രസ്ഥാനം അധ്യാപകരുടെ ജോലി സംരക്ഷണത്തിനായി നടത്തിയ ത്യാഗപൂര്‍ണ്ണ സഹന സമരങ്ങള്‍ അധ്യാപക-പൊതുസമൂഹം ഒരിക്കലും മറക്കില്ല. വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗീയതയ്ക്കുമെതിരെ പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സുകള്‍ നടത്തിയ എ.കെ.എസ്.ടി.യു കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നടത്തിയ അധ്യാപക ജ്വാല ശ്രദ്ധിക്കപ്പെട്ടിരുന്നു. പുത്തന്‍ വിദ്യാഭ്യാസ നയത്തിനെതിരെ ഇനിയും മതേതര-പുരോഗമന ഐക്യനിര വളര്‍ന്നു വരേണ്ടിയിരിക്കുന്നു.
2016ല്‍ അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സാര്‍ക്കാറിന്റെ നാലു മിഷനുകളില്‍ ഒന്നായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിക്ക് സമൂര്‍ത്ത മാതൃക നല്‍കിയ പ്രസ്ഥാനം ആണിത്. കുട്ടികള്‍ കുറഞ്ഞ 100 വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുന്ന മുന്നേറ്റം പദ്ധതി ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പിലാക്കിയ സംഘടനയുമാണ് എ.കെ.എസ്.ടി.യു. 2017 മെയ് 2 മുതല്‍ 16 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ മുന്നേറ്റം പദയാത്ര അധ്യാപക പ്രസ്ഥാന ചരിത്രത്തിലെ ഒരു പുത്തന്‍ ചുവട് വെപ്പായിരുന്നു.
ദുരന്ത കാലത്ത് സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു അധ്യാപക പ്രസ്ഥാനം എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എ.കെ.എസ്.ടി.യു ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍. പലപ്പോഴും മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ചു.
പ്രളയ, കോവിഡ് കാലങ്ങളില്‍ സംഘടന നടത്തിയ സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കുകളില്ല. ഒപ്പം തന്നെ സംസ്ഥാനത്ത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്ത് പകരാന്‍ 'അധ്യാപകരും കൃഷിയിലേക്ക്' എന്ന ക്യാമ്പയിന് കഴിഞ്ഞു. അധ്യാപകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. ഭരിക്കുന്ന മുന്നണികളുടെ കൊടിയുടെ നിറം നോക്കാറില്ല. 2013 ഏപ്രില്‍ 1 മുതല്‍ കേരളത്തിലും നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷനെതിരായ സമരങ്ങള്‍ ശ്രദ്ധേയമായി. 2024 ഡിസംബര്‍ 10, 11 തീയ്യതികളില്‍ നടത്തിയ 36 മണിക്കൂര്‍ സത്യാഗ്രഹ സമരവും ശ്രദ്ധിക്കപ്പെട്ടു. കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരളീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാഞ്ഞങ്ങാട്ട് നടക്കുന്ന സംഘടനയുടെ 28-ാം വാര്‍ഷിക സമ്മേളനം ഒരു ചരിത്ര സമ്മേളനമായി മാറുമെന്ന കാര്യത്തില്‍ സംശയം ആര്‍ക്കുമില്ല.