ഇവിടെ സെവന്‍സ് ടൂര്‍ണമെന്റുകളുടെ വേലിയേറ്റം
നാടാകെ സെവന്‍സ് ഫുട്‌ബോളിന്റെ ആരവങ്ങളാണ്. മൈതാനങ്ങളുടെ പ്രൗഢിയെല്ലാം മാറി പുതുമോടിയിലായ മൈതാനങ്ങളിലാണ് ഇപ്പോള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ അരങ്ങുവാഴുന്നത്. കളിക്കാരുടെ ശൈലിയിലും മാറ്റങ്ങള്‍ കാണാം.
ഇതിനിടയില്‍ കേരള കായിക മന്ത്രിയുടെ പ്രസ്താവനയോടെ അര്‍ജന്റീന ടീമിന്റെ ഇന്ത്യ സന്ദര്‍ശനം ഉറപ്പായിരിക്കുന്നു. അര്‍ജന്റീന ടീം കേരളത്തിലുമെത്തുന്നു എന്നത് ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന മലയാളികളിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. ഇതിഹാസ താരം മെസ്സി ഉള്‍പ്പെടെയുള്ള ഒന്നാംകിട ടീം തന്നെയായിരിക്കും, ഇന്ത്യന്‍ പര്യടനത്തിന് എത്തുക എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എങ്കില്‍ മലയാള നാട്ടില്‍ മത്സരം ഉറപ്പാണ്. അത് കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും. നിലവില്‍ ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരാണ് അര്‍ജന്റീന. ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ മിന്നും ചാമ്പ്യന്മാര്‍. മലയാളികളായ ഫുട്‌ബോള്‍ ആരാധകര്‍ ഇതോടെ വന്‍ ആവേശത്തിലാണ്.
കേരള ഫുട്‌ബോളിന്റെ ശക്തി സ്രോതസ് സെവന്‍സാണ്. വഴിപാട് പോലെ ഇവിടെ വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന ജില്ലാ ലീഗ് ഒഴിച്ച് മറ്റെല്ലാ മത്സരങ്ങളും സെവന്‍സിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ രണ്ടാം മെക്കയായി അറിയപ്പെടുന്ന കണ്ണൂര് പേരെടുത്ത കളിക്കാരുടെയും പ്രാഗത്ഭ്യം തെളിയിച്ച ക്ലബ്ബുകളുടെയും സിരാകേന്ദ്രമായിരുന്നു. ഒപ്പം ശ്രീനാരായണ ഗുരു അഖിലേന്ത്യാ ടൂര്‍ണമെന്റും നടന്നിരുന്നു. സേട്ട് നാഗ്ജി കോഴിക്കോട്, ചക്കോള ട്രോഫി തൃശൂര്‍, മാമന്‍ മാപ്പിള കോട്ടയം, കെ.എഫ്.എ. കൊല്ലം, ജി.വി രാജ തിരുവനന്തപുരം മുതലായ അഖിലേന്ത്യാ ടൂര്‍ണമെന്റുകളെല്ലാം അവയില്‍ ചിലത് മാത്രമാണ്. ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം കാല്‍പന്ത് കളി എന്നത് സെവന്‍സ് ടൂര്‍ണമെന്റാണ്.
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളും പുറമ്പോക്ക് ഭൂമിയുമാണ് സെവന്‍സിന്റെ പ്രധാന കളരി. നവംബര്‍ മുതല്‍ ജൂണ്‍ ആദ്യവാരം വരെയാണ് സെവന്‍സ് ടൂര്‍ണമെന്റുകള്‍ ഇവിടെ പൊടിപൊടിക്കുന്നത്. നാം ബസിലോ ട്രെയിനിലോ യാത്ര ചെയ്യുകയാണെങ്കില്‍ വഴിയുടെ ഇരുവശങ്ങളിലും സെവന്‍സ് ടൂര്‍ണമെന്റുകളുടെ ആരവം ആസ്വദിക്കാന്‍ സാധിക്കും. കൊയ്ത്ത് കഴിഞ്ഞ വയലുകളുടെ വിസ്തൃതി കുറവാണ് ലെവന്‍സിനെ അപേക്ഷിച്ച് സെവന്‍സിന് ഇവിടെ പ്രചുരപ്രചാരം നേടിക്കൊടുത്തത്.
കുഞ്ചത്തൂര്‍, ഉപ്പള, കുമ്പള, മൊഗ്രാല്‍, മേല്‍പറമ്പ, ഉദുമ, ബേക്കല്‍, ബേഡകം, കുറ്റിക്കോല്‍, നീലേശ്വരം, ഉദിനൂര്‍, പടന്ന, കാലിക്കടവ്, തൃക്കരിപ്പൂര്‍ മുതലായവയാണ് ജില്ലയില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്ന മുഖ്യ കേന്ദ്രങ്ങള്‍. കാസര്‍കോട് തളങ്കരയില്‍ ഇപ്പോള്‍ കെങ്കേമമായി നടന്ന സംഘാടകന്‍ എന്‍.എ സുലൈമാന്റെ ഓര്‍മ്മക്കായി നാഷണല്‍ സ്‌പോട്‌സ് ക്ലബ്ബ് നടത്തിയ സെവന്‍സ് ടൂര്‍ണമെന്റ് ആയിരങ്ങളെയാണ് ആവേശം കൊള്ളിച്ചത്. ബേക്കലില്‍ ആര്‍ഭാടപൂര്‍വ്വം ഫ്‌ളഡ് ലൈറ്റ് വെളിച്ചത്തില്‍ കാല്‍പന്ത് പോരാട്ടം വര്‍ഷംതോറും അരങ്ങ് തകര്‍ക്കുന്നു. ഇപ്പോള്‍ ടൂര്‍ണമെന്റ് നടക്കുന്നു. കെ.എഫ്.എയുടെ ആശീര്‍വാദത്തോടെ ഐ.പി.എല്‍. മാതൃകയില്‍ താരപ്പൊലിമയോടെ മലപ്പുറം എടവണ്ണയില്‍ സെവന്‍സ് മേള ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെ പങ്കാളിത്തവും സാന്നിധ്യവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കാസര്‍കോട് നഗരത്തില്‍ പള്ളത്ത് തരക്കേടില്ലാത്ത കളിസ്ഥലമുള്ളത് ദിവസേന കളിക്കാനും ആഴ്ചയിലെ അവസാന ദിവസം സാധാരണ നിലയിലും ഫ്‌ളഡ് ലൈറ്റിലും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വില കൂടിയ ആഫ്രിക്കന്‍ താരം ഒഡാഫ ഒക്കാലി, ആന്റോ ചിമേനി, പ്രിന്‍സ് മണ്ടേ എന്നിവരും ഇന്ത്യന്‍ നായകന്‍ സുനില്‍ ചേത്രി, എന്‍.പി. പ്രദീപ്, മുഹമ്മദ് റാഫി, എം.പി. സക്കീര്‍, ധന്‍രാജ്, സബീബ് മുതലായവരെല്ലാം വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി സോക്കര്‍ അല എന്ന പേരില്‍ നടക്കുന്ന ഫുട്‌ബോള്‍ മേളയില്‍ പുതുവര്‍ഷത്തില്‍ മലപ്പുറത്ത് നിറസാന്നിധ്യമായിരിക്കും. കാല്‍പന്തുകളിക്ക് മലയാള നാട്ടില്‍ വളക്കൂറുള്ള മണ്ണാണ് മലപ്പുറം ജില്ലയിലേത്. നഗരങ്ങളിലും ഗ്രാമങ്ങളിലും കുഗ്രാമങ്ങളില്‍ പോലും ഫുട്‌ബോള്‍ കളി ഇവിടത്തുകാര്‍ക്ക് ജീവ വായുവാണ്.
ലോകകപ്പ് സീസണില്‍ ഓരോ ടീമിന്റെയും ആരാധകരായി പോരടിക്കുന്ന വാര്‍ത്താ മാധ്യമങ്ങളിലും മറ്റും നാം അറിഞതാണല്ലോ? ജില്ലയില്‍ ഇരുനൂറില്‍പരം സെവന്‍സ് ടൂര്‍ണമെന്റുകളാണ് അരങ്ങ് തകര്‍ക്കുന്നത്. മഞ്ചേരി റോവേഴ്‌സ്, തിരൂര്‍ മമ്മി ഹാജി, പെരിന്തല്‍മണ്ണ ഖാദര്‍ ആന്റ് മുഹമ്മദലി മുതലായവ പഴയകാലത്ത് പേരെടുത്ത ടൂര്‍ണമെന്റുകളാണ്. ഈ ടൂര്‍ണമെന്റുകളിലെല്ലാം അക്കാലത്ത് നമ്മുടെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ദശകം മുമ്പ് വരെ ക്ലബ്ബിന് വേണ്ടി സ്വന്തക്കാരായ കളിക്കാരും കോച്ചും മറ്റ് മാര്‍ഗദര്‍ശികളും ആരാധക വൃന്ദങ്ങളും ഉണ്ടായിരുന്നു. ഈയിടെ കഥയാകെ മാറി. നമ്മുടെ നാട്ടില്‍ പ്രൊഫഷണലിസം ഇല്ലെങ്കിലും മറ്റ് എല്ലാ കാര്യങ്ങളിലും ഒരു ഈവന്റ്മാനേജ്‌മെന്റ് ടച്ച്. അതിലൂടെയാണ് കളിക്കാരെ കളത്തിലിറക്കുന്നത്. ആവശ്യമാണെങ്കില്‍ രണ്ട് എക്‌സ്ട്രാ കളിക്കാരടക്കം ഒമ്പത് പേരും അവരുടേത്. ടീം മാനേജ്‌മെന്റിന് റിസ്‌കോ ടെന്‍ഷനോ ഇല്ലാതെ പണം ചെലവിട്ടാല്‍ മതി. 2010ന് ശേഷം ഇവിടെ സെവന്‍സില്‍ അരങ്ങ് തകര്‍ക്കുന്നത് കറുപ്പന്മാരായ ആഫ്രിക്കക്കാരാണ്. സീസണിന്റെ ആംഭമായ നവംബറില്‍ ഇവിടെ എത്തി മഴ ആരംഭിക്കുന്ന ജൂണില്‍ മികച്ചൊരു സമ്പാദ്യവുമായി സന്തോഷത്തോടെ സ്വദേശത്തേക്ക് തിരിക്കുന്നു. നൈജര്‍, നൈജീരിയ, കെനിയ, മൊസാംബിക്ക്, റുവാന്റോ, കൊസ്റ്റാറിക്കാ, ഘാന, സാംബിയ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൂന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്നവരാണ് മലബാറില്‍ എത്തുന്നവരില്‍ ഭൂരിപക്ഷവും. സൂപ്പര്‍ ഡിവിഷനിലെ റാങ്ക് ലിസ്റ്റിലുള്ള മികച്ച കളിക്കാര്‍ വന്‍ മാര്‍ക്കറ്റിംഗോടെ യൂറോപ്യന്‍ ലീഗിലെ മിന്നും താരങ്ങളാണ്. അത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണെങ്കിലും ലാ ലീഗിലാണെങ്കിലും ബുണ്ടസാലിഗി (ജര്‍മ്മനി) ലാണെങ്കിലും സീരിഎ (ഇറ്റലി) യിലാണെങ്കിലും മിക്കവാറും കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ഇന്ന് ആഫ്രിക്കയില്‍ നിന്നുള്ള കറുത്ത വംശക്കാരാണ്.
ഇവിടത്തെ കളിക്കളത്തിലും ആഫ്രിക്കന്‍ വംശജരുടെ സാന്നിധ്യം ഏറി വരുന്നതായി കാണാം. ഇങ്ങ് തളങ്കരയില്‍ വിജയകരമായി നടന്ന സുലൈമാന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പകുതിയിലധികം കളിക്കാരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അവരുടെ ജീവിത വരുമാനവും മലയാള നാട്ടില്‍ നിന്നുള്ള കളിവരുമാനമാണ്.