ആലോചനാമൃതമായ പുതിയചിന്ത...

മഹാകവി ഉബൈദിനെ ആണ്ടുതോറും ആദരപൂര്‍വ്വം അനുസ്മരിക്കുമ്പോള്‍ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചിന്ത; ഉബൈദിനെ കുറിച്ച്എ ഴുതിയിട്ടുള്ളവരും.

'ഉബൈദും ഷെയ്ക്‌സ്പിയറും തമ്മില്‍'-അഡ്വ. ബി.എഫ് അബ്ദുല്‍റഹ്മാന്റെ ലേഖനം ഉത്തരദേശത്തില്‍. പുതിയ ചിന്ത: ആലോചനാമൃതം. 'ഗ്രീക്ക് മിഥോളജി, ഇറ്റാലിയന്‍ കഥകള്‍, ബൈബിളിലെയും മറ്റും ആശയങ്ങള്‍ മുതലായവ തന്റെ മാന്ത്രികമൂശയിലിട്ട്, തന്റേതായ തന്ത്രങ്ങള്‍ പ്രയോഗിച്ച് അവതരിപ്പിക്കുമ്പോള്‍ അത് പുതിയൊരു അത്ഭുതപ്രതിഭാസമായി സഹൃദയര്‍ക്ക് അനുഭവപ്പെടുന്നു. അതൊരു നിസ്തുലമായ രചനയായി രൂപപ്പെടുകയും ചെയ്യുന്നു. 'ഷെയ്ക്‌സ്പിയര്‍ എന്ന ആംഗല മഹാകവിയെ കുറിച്ച് ഇത്രയും.

നമ്മുടെ തളങ്കരയില്‍ ജനിച്ച് വളര്‍ന്ന 'അബ്ദുല്‍റഹ്മാന്‍' എന്ന 'ഉബൈദോ'? അഡ്വ. ബി.എഫ് പറയുന്നു: 'ഉബൈദ് തന്റെ രചനകളില്‍ ഖുര്‍ആനികാശയങ്ങളും നബി വചനങ്ങളും ദൈവസ്മരണയും സൃഷ്ടിപ്പിലെ അത്ഭുതങ്ങളും മനുഷ്യന്റെ ധര്‍മ്മച്യുതിയും ധാര്‍മ്മിക മൂല്യങ്ങളുടെ അനിവാര്യതയും മറ്റും വിഷയമാക്കി. രണ്ടുപേരുടെയും തന്ത്രവും മന്ത്രവും ഒന്നു തന്നെയാണോ എന്ന് തോന്നിപ്പോകും'.

പച്ച വെറ്റിലയും വെളുത്ത ചുണ്ണാമ്പും കറുത്ത പുകയിലയും വയലറ്റ് നിറമുള്ള അടക്കയും കൂട്ടി മുറുക്കിത്തുപ്പുമ്പോള്‍ അതൊന്നുമല്ലാത്ത പുതിയൊരു നിറം ആവിര്‍ഭവിക്കുന്നത് പോലെ ഒരു പുതിയ തന്ത്രം. ഇങ്ങനെ ഒരത്ഭുതാഭ്യാസം കാണിച്ച കവി മലയാളത്തില്‍ ഉബൈദ് അല്ലാതെ വേറെ ഉണ്ടോ എന്ന് സംശയമുണ്ട്. സംശയിക്കേണ്ടാ ബി.എഫ് ഇല്ല. പുതിയ ചിന്ത; ആലോചനാമൃതം എന്ന് പറഞ്ഞത് വെറുതേയല്ല.

മഹാകവി ഉബൈദിനെ ആണ്ടുതോറും കാസര്‍കോട്ടുകാര്‍ ആദരപൂര്‍വ്വം അനുസ്മരിക്കുമ്പോള്‍ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചിന്ത; ഉബൈദിനെ കുറിച്ച് എഴുതിയിട്ടുള്ളവരും.

എന്നാല്‍ അഡ്വ. ബി.എഫ് അബ്ദുല്‍റഹ്മാന്‍ എഴുതുന്നു-'രണ്ടുപേരുടെയും-(ആംഗലകവിയുടെയും തളങ്കരക്കവിയുടെയും)-തന്ത്രവും മന്ത്രവും ഒന്ന് തന്നെ'.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it