പുഴകള്‍ മെലിഞ്ഞു

എല്ലാ പരിസ്ഥിതി ഘടകങ്ങളുടെയും അവിഭാജ്യഘടകമാണ് ജലം. മനുഷ്യ ജീവന്റെ നിലനില്‍പ്പിനാധാരമായ ഏറ്റവും പ്രധാന ഘടകം. മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ മഹത്തായ സംഭാവനകളാണ് ജല സ്‌ത്രോതസുകള്‍ വഹിച്ചുകൊണ്ടിരുന്നത്. ലോകത്തിലെ പ്രാചീന സംസ്‌കാരങ്ങളൊക്കെ രൂപം കൊണ്ടത് നദീ തടങ്ങള്‍ കേന്ദ്രീകരിച്ചാണ്. മനുഷ്യ സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്ന് നദികളെ വിശേഷിപ്പിക്കാറുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ ഗതാഗതം, കൃഷി, വ്യവസായം, ഈര്‍ജ്ജോല്‍പാദനം തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് നദികളെയും പുഴകളെയും ആശ്രയിച്ചു വരുന്നു. ആവാസ വ്യവസ്ഥയിലെ മുഖ്യഘടകമായ നദികളും പുഴകളും മറ്റു ജലശ്രോതസുകളും നമ്മുടെ […]

എല്ലാ പരിസ്ഥിതി ഘടകങ്ങളുടെയും അവിഭാജ്യഘടകമാണ് ജലം. മനുഷ്യ ജീവന്റെ നിലനില്‍പ്പിനാധാരമായ ഏറ്റവും പ്രധാന ഘടകം. മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ മഹത്തായ സംഭാവനകളാണ് ജല സ്‌ത്രോതസുകള്‍ വഹിച്ചുകൊണ്ടിരുന്നത്. ലോകത്തിലെ പ്രാചീന സംസ്‌കാരങ്ങളൊക്കെ രൂപം കൊണ്ടത് നദീ തടങ്ങള്‍ കേന്ദ്രീകരിച്ചാണ്. മനുഷ്യ സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്ന് നദികളെ വിശേഷിപ്പിക്കാറുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ ഗതാഗതം, കൃഷി, വ്യവസായം, ഈര്‍ജ്ജോല്‍പാദനം തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് നദികളെയും പുഴകളെയും ആശ്രയിച്ചു വരുന്നു. ആവാസ വ്യവസ്ഥയിലെ മുഖ്യഘടകമായ നദികളും പുഴകളും മറ്റു ജലശ്രോതസുകളും നമ്മുടെ കര്‍മ്മ ഫലമായി മെലിഞ്ഞു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയവും അനിയന്ത്രിതവുമായ മണല്‍ വാരലും വ്യാപകമായ നീര്‍ത്തടം നികത്തലും മാലിന്യ നിക്ഷേപവുമൊക്കെയാണ് ജലശ്രോതസുകളെ ഇല്ലാതാക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ജല സംരക്ഷണവുമൊക്കെ നാം സാമൂഹിക ബോധത്തിന്റെ ഭാഗമായി എടുത്താല്‍ മാത്രമെ ഭാവി തലമുറ നമ്മോട് കടപ്പെടുകയുള്ളൂ.
എല്ലാകാലത്തും ജല സാന്നിധ്യം കൊണ്ട് സമ്പന്നമായത് കൊണ്ടാണ് കേരളത്തെ വിദേശികള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്നത്.
സമൃദ്ധമായ ഒട്ടനവധി പുഴകളും ജലാശയങ്ങളുമുള്ള കേരളത്തിന്റെ ഭൂപ്രകൃതി മറ്റിതര സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ടതാണ്. കേരളത്തിന്റെ ജീവനാഡിയായി 44 നദികള്‍ ഒഴുകുന്നുണ്ട്. പക്ഷെ അടുത്ത കാലങ്ങളിലായി കേരളത്തില്‍ എല്ലായിടത്തും കടുത്ത ജലക്ഷാമം അനുഭവപ്പെട്ട് വരുന്നു. കേരളത്തിലെ 44 നദികളില്‍ ഒമ്പത് എണ്ണം കാസര്‍കോട് ജില്ലയിലാണ്. നദികളുടെ ഗണത്തില്‍പെടാത്ത മൂന്ന് ചെറുപുഴകളും കാസര്‍കോട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ നദികളുള്ളത് നമ്മുടെ ജില്ലയിലാണ്. ചന്ദ്രഗിരിപ്പുഴ, ചിത്താരി പുഴ, കാര്യങ്കോട്പുഴ, കവ്വായിപ്പുഴ, ബങ്കര മഞ്ചേശ്വരം പുഴ, മൊഗ്രാല്‍ പുഴ, നീലേശ്വരം പുഴ, ഷിറിയ പുഴ, ഉപ്പള പുഴ എന്നിവയാണ് ജില്ലയിലെ പ്രധാന പുഴകള്‍. ഇതിന് പുറമെ കുമ്പള, ബേക്കല്‍, കളനാട് എന്നീ ചെറു പുഴകളും. ജില്ലയിലെ ഗ്രാമങ്ങള്‍ക്ക് അഴകാര്‍ന്ന പശ്ചാതലമൊരുക്കുന്ന ഈ പുഴകള്‍ ഇവിടങ്ങളിലെ കാര്‍ഷിക മുന്നേറ്റത്തിന് നിര്‍ണ്ണായകമായ ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തെക്കെ അറ്റത്ത് കവ്വായിപ്പുഴയും വടക്ക് ബങ്കര മഞ്ചേശ്വരം പുഴയും ജില്ലയുടെ അതിര് നിര്‍ണയിക്കുന്ന ഘടകം കൂടിയാണ്. ഇത്രയും പുഴകള്‍ ഉണ്ടായിരുന്നിട്ട് കൂടി ജില്ലയിലെ മിക്ക ഭാഗങ്ങളിലും വേനല്‍ കാലങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ജല സ്‌ത്രോതസുകളായ കൈവഴികളും തോടുകളും കുളങ്ങളും വേനല്‍ തുടക്കത്തിലെ വറ്റിവരളുന്നു.
സംസ്ഥാനത്തെ പ്രധാന നദികളില്‍ ഒന്നാണ് കാസര്‍കോട് നഗരത്തോട് ചേര്‍ന്നൊഴുകുന്ന ചന്ദ്രഗിരിപ്പുഴ. രണ്ട് പുഴകള്‍ ഒന്നിച്ചു ചേര്‍ന്ന നദിയാണിത്. കര്‍ണാടക കൂര്‍ഗ് ജില്ലയിലെ നിഷിനിമൊട്ടയില്‍ നിന്ന് പയസ്വിനി, ചന്ദ്രഗിരി എന്നീ പുഴകള്‍ ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി ആലൂര്‍ ഭാഗത്ത് ഒന്നിക്കുന്നു. ഇവിടെ നിന്ന് വീണ്ടും ചന്ദ്രഗിരി എന്ന പേരില്‍ ഒഴുകുന്ന നദി കാസര്‍കോട് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള തളങ്കരയില്‍ വെച്ച് അറബിക്കടലിനോട് ചേരുന്നു. മൊത്തം 105 കിലോമീറ്റര്‍ നീളമുള്ള ഈ നദിയുടെ 50 കിലോമീറ്റര്‍ ഭാഗം കാസര്‍കോട്ടാണ് ഒഴുകുന്നത്. കടലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ വരെ ചന്ദ്രഗിരിപ്പുഴയില്‍ വേലിയേറ്റമുണ്ടാവാറുണ്ട്. 17-ാംനൂറ്റാണ്ടില്‍ നിര്‍മ്മിച്ച പ്രമുഖ കോട്ടയായ ചന്ദ്രഗിരിക്കോട്ട ഈ പുഴയോരത്താണ്. തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ക്കും ഇടക്കുള്ള അതിര്‍ത്തിയായി ചന്ദ്രഗിരി പുഴയേയാണ് പരമ്പരാഗതമായി പരിഗണിച്ച് കൊണ്ടിരിക്കുന്നത്. പയസ്വിനി എന്ന പേരിലും അറിയപ്പെടുന്ന ഈ പുഴയുടെ ഔദ്യോഗിക നാമം ചന്ദ്രഗിരി എന്നാണ്.
ജില്ലയുടെ വടക്കെ അറ്റത്തുള്ള മഞ്ചേശ്വരം പുഴ സംസ്ഥാനത്തെ ഏറ്റവും ചെറിയ പുഴയാണ്. കേവലം പതിനാറ് കിലോമീറ്ററാണ്
ഈ പുഴയുടെ നീളം. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിക്ക് സമീപം കാടന്നൂര്‍ എന്ന സ്ഥലത്ത് വെച്ച് ഉത്ഭവിക്കുന്ന മഞ്ചേശ്വരം പുഴ ഉപ്പള കായലിലാണ് അവസാനിക്കുന്നത്. വേനല്‍കാലത്തിന് മുമ്പ് തന്നെ ഈ പുഴ വറ്റിപ്പോകുന്നു. പാവൂര്‍ പുഴ ഈ പുഴയുടെ കൈവഴിയായാണ് ഒഴുകുന്നത്. ചില ഭാഗങ്ങളില്‍ തലപ്പാടി പുഴയെന്ന പേരിലും മഞ്ചേശ്വരം പുഴ അറിയപ്പെടുന്നു. കര്‍ണ്ണാടകയിലെ വീരകുമ്പ മലയില്‍ നിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ എത്തിച്ചേരുന്ന പുഴയാണ് ഉപ്പളപ്പുഴ. സമുദ്ര നിരപ്പില്‍ നിന്ന് 150 മീറ്റര്‍ ഉയരത്തില്‍ ഉത്ഭവിക്കുന്ന ഈ പുഴക്ക് 50 കിലോമീറ്ററാണ് നീളം. ഇതില്‍ 26 കിലോമീറ്റര്‍ കാസര്‍കോട് ജില്ലയിലാണ്. കര്‍ണാടക ഭാഗത്ത് 'ആനക്കാല്‍ ഹൊളെ' എന്ന പേരിലാണ് ഈ പുഴ അറിയപ്പെടുന്നത്.
ഉപ്പള പുഴയില്‍ പത്ത് കിലോമീറ്റര്‍ പരിധിയില്‍ വേലിയേറ്റം പതിവാണ്.
അംഗഡിമുഗറിന് സമീപത്തുള്ള അടുക്കസ്ഥല ഹൊളെ, പള്ളത്തടുക്ക ഹൊളെ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ട് അരുവികള്‍ യോജിച്ചുണ്ടായ പുഴയാണ് ഷിറിയ പുഴ. രണ്ട് അരുവികളും കര്‍ണാടക പശ്ചിമ ഘട്ടത്തിലെ ആനഗണ്ടിയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. 60 കിലോമീറ്റര്‍ നീളത്തിലുള്ള ഈ പുഴയുടെ 38 കിലോമീറ്റര്‍ കാസര്‍കോട്ടാണ് ഒഴുകുന്നത്. കുമ്പളയിലാണ് ഈ പുഴ അവസാനിക്കുന്നത്. പള്ളത്തടുക്ക, ഏറാമട്ടി തുടങ്ങിയ കൈവഴികള്‍ ഈ പുഴക്കുണ്ട്. ഈ പുഴയുടെ ഭൂരിഭാഗം ഭാഗങ്ങളും വേനലില്‍ വറ്റുന്നു.
കാനത്തൂരില്‍ നിന്ന് ഉത്ഭവിച്ച് വടക്ക് - പടിഞ്ഞാര്‍ ദിശയില്‍ ഒഴുകി, എടനീര്‍ മുതല്‍ വളഞ്ഞു തിരിഞ്ഞ് ഒഴുകി, മൊഗ്രാലില്‍ വെച്ച് തെക്കോട്ട് മാറി അഞ്ച് കിലോമീറ്ററോളം തീരത്തിന് സമാനമായി ഒഴുകി, അറബിക്കടലില്‍ ലയിക്കുന്ന പുഴയാണ് മൊഗ്രാല്‍ പുഴ. 34 കിലോമീറ്ററാണ് മൊഗ്രാല്‍ പുഴയുടെ നീളം. മുളിയാര്‍, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലും കുമ്പള പഞ്ചായത്തിലെ മൊഗ്രാലിലും ഒഴുകുന്ന മൊഗ്രാല്‍ പുഴ ഈ പ്രദേശങ്ങളിലെ കാര്‍ഷിക മേഖലക്ക് വലിയ മുതല്‍കൂട്ടാണ്.
ഇടനാടില്‍ നിന്ന് ഉത്ഭവിച്ച്, പത്ത് കിലോമീറ്റര്‍ ഒഴുകി കടലില്‍ എത്തും മുമ്പേ കായലില്‍ പരിണമിക്കുന്ന ചെറിയ പുഴയാണ് കുമ്പളയിലേത്. കാഞ്ഞങ്ങാടിന് സമീപം ചിത്താരിയില്‍ കടലോര പ്രദേശത്ത് കായല്‍ കണക്കെ നീണ്ട് കിടക്കുന്ന പുഴയാണ് ചിത്താരിപ്പുഴ. 25 കിലോമീറ്ററാണ് ചിത്താരിപ്പുഴയുടെ നീളം. ബേക്കല്‍, ചിത്താരിത്തോട് എന്നിവ ഈ പുഴയുടെ കൈവഴിയാണ്. കാഞ്ഞങ്ങാട് നഗരത്തിന് നാല് കിലോമീറ്റര്‍ വടക്കായി ഒഴുകുന്ന ഈ പുഴ അറബിക്കടലിലേക്ക് പതിക്കുന്നു.
കിനാനൂരില്‍ നിന്ന് ഉത്ഭവിച്ച് ആദ്യം തെക്ക് പടിഞ്ഞാറും അവിടെ നിന്ന് തിരിഞ്ഞ് തെക്കോട്ട് ഒഴുകി കടലില്‍ ലയിക്കുന്ന പുഴയാണ് നീലേശ്വരം പുഴ. 46 കിലോമീറ്റര്‍ നീളമുള്ള നീലേശ്വരം പുഴയില്‍ 11 കിലോമീറ്റര്‍ വരെ വേലിയേറ്റം ഉണ്ടാവാറുണ്ട്. പയസ്വിനി, അരയിപ്പുഴ എന്നീ പേരുകളിലും പ്രദേശികമായി ഈ പുഴ അറിയപ്പെടുന്നു. കിനാനൂര്‍- കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലൂടെയും കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിലൂടെയുമാണ് ഈ പുഴ ഒഴുകുന്നത്.
ചന്ദ്രഗിരിപ്പുഴയെപ്പോലെ മറ്റൊരു പ്രധാന പുഴയാണ് നീലേശ്വരത്തിന് തെക്ക് ഭാഗത്തുള്ള കാര്യങ്കോട് പുഴ. കര്‍ണ്ണാടക കൂര്‍ഗ് ജില്ലയിലെ പടിനാല്‍ക്കാട് എന്ന സ്ഥലത്ത് നിന്ന് ഉത്ഭവിക്കുന്ന ഈ പുഴ പടിഞ്ഞാറോട്ട് ഒഴുകി നീലേശ്വരത്തിന് സമീപം കടലില്‍ പതിക്കുന്നു. 64 കിലോമീറ്ററാണ് ഈ പുഴയുടെ നീളം. ഈ പുഴക്ക് നിരവധി കൈവഴികളുണ്ട്. രാമന്തളി മുതല്‍ നീലേശ്വരം വരെ ജലപാത ഒരുക്കുന്ന ഈ പുഴയില്‍ ജലോത്സവം നടക്കാറുണ്ട്. വലിയപറമ്പ് ദ്വീപ് ഈ പുഴയുടെ അഴിമുഖത്താണ് സ്ഥിതി ചെയ്യുന്നത്. കയ്യൂര്‍ സമരത്തിന് വേദിയായ ഈ പുഴയോരത്താണ് പോരാട്ട വീര്യത്തിന്റെ അടയാളമെന്നോളം കയ്യൂര്‍ രക്തസാക്ഷി മണ്ഡപം നില കൊള്ളുന്നത്. ഇടനാടന്‍ ചെങ്കല്‍ കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന പുഴയാണ് ജില്ലയുടെ തെക്കേ അറ്റത്തുള്ള കവ്വായിപ്പുഴ. സമുദ്ര നിരപ്പില്‍ നിന്ന് 145 മീറ്റര്‍ ഉയരമുള്ള ചീമേനി കുന്നില്‍ നിന്ന് തുടങ്ങി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൂടെ ഒഴുകുന്ന ഈ പുഴ കവ്വായി കായലിലാണ് പതിക്കുന്നത്. 31 കിലോമീറ്ററാണ് ഈ പുഴയുടെ നീളം.
റോഡുകളും റെയില്‍വെ സൗകര്യങ്ങളുമൊക്കെ വികസിക്കുന്നതിന് മുമ്പ് ജില്ലയിലെ പ്രധാന സഞ്ചാരമാര്‍ഗമായിരുന്നു ഈ നദികളൊക്കെ. കാര്‍ഷിക ഉല്‍പന്നങ്ങളും സാമഗ്രികളും മരത്തടികളുമൊക്കെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് തീരദേശത്തേക്കും തിരിച്ചും എത്തിക്കുന്നതിന് പാതയൊരുക്കിയിരുന്നത് ഈ നദികളായിരുന്നു. ആദ്യകാല നമ്പൂതിരി കുടിയേറ്റമുണ്ടായതും കാര്‍ഷിക ഗ്രാമങ്ങള്‍ രൂപപ്പെട്ടതും പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ജില്ലയുടെ കാര്‍ഷിക മേഖലയെ സമ്പന്നമാക്കുന്ന ഇത്തരം പുഴകള്‍ക്കും ചെറു പുഴകള്‍ക്കുമൊപ്പം നിരവധി തോടുകളുമുണ്ട്.
തോടുകളില്‍ പലതും ഇന്ന് നികത്തപ്പെട്ട് കഴിഞ്ഞു. കാസര്‍കോടിന്റെ പ്രാചീന സംസ്‌കാരവും ഉയര്‍ന്ന് വന്നത് പുഴയോരം കേന്ദ്രീകരിച്ചാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ചന്ദ്രഗിരി തുടങ്ങിയ പുഴകള്‍ നാടിന്റെ കാര്‍ഷിക മേഖലക്ക് നല്‍കിയ സംഭാവനയെ ചരിത്രകാരന്‍ ബുക്കാനര്‍ വരച്ച് കാട്ടിയിട്ടുണ്ട്. നദികളോട് ചേര്‍ന്നുള്ള തുറമുഖങ്ങളിലൂടെയാണ് ഇവിടത്തെ അരി, കുരുമുളക്, തേങ്ങ എന്നിവയൊക്കെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിരുന്നത്. പോര്‍ച്ച്ഗീസ് രേഖകളിലും കുമ്പള പുഴയോരത്തെ നെല്‍കൃഷിയേയും തെങ്ങുകളെയും കുറിച്ച് വിവരിക്കുന്നു. ചന്ദ്രഗിരിപ്പുഴയിലെ വെള്ളം നെല്‍കൃഷിക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നതായും ബുക്കാനര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കടുത്ത വേനലില്‍ പുഴ പലയിടത്തും മണല്‍പ്പരപ്പായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് ഒലിച്ചെത്തിയ വെള്ളമൊക്കെ കടലിലേക്കൊഴുകിയും വറ്റിയും തീര്‍ന്നിരിക്കുന്നു. പുഴയുടെ മാറ് ഊറ്റിയും മണല്‍ തിട്ടകളത്രയും വാരിയെടുത്തും പണം കൊയ്യുന്നവര്‍ പുഴകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. പുഴയോരങ്ങളില്‍ കരകയറാനായി കാത്തിരിക്കുന്ന മണല്‍ക്കൂനകളാണ് ഇന്നത്തെ കാഴ്ച. മണലിന്റെ അളവ് ക്രമാതീതമായി കുറയുന്നത് പുഴകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്. പുഴയിലെ ഒഴുക്ക് തടഞ്ഞ് വെള്ളം സംഭരിച്ച് നിര്‍ത്തുന്നതിന് മണലാണ് സഹായിക്കുന്നത്. മണല്‍ സംരക്ഷിച്ചാല്‍ പുഴയുടെ നാശവും വരള്‍ച്ചയും തടയാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Related Articles
Next Story
Share it