ഓ... പുലിക്കുന്ന് വിളിക്കുന്നു...

കാസര്‍കോട് നഗരസഭയുടെ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുമ്പോള്‍ ഇന്നത്തെ ഓര്‍മ്മകളില്‍ നിറയുന്നത് പുലിക്കുന്നാണ്. പിലിക്കുന്ന് എന്നും മറ്റും ചിലര്‍ എഴുതാറുണ്ട്. ശരിയല്ല. പുലിക്കുന്ന് തന്നെയാണ് ശരി. പുലി പ്രതിഷ്ഠ തന്നെ ആ കുന്നിലുണ്ട്. ഒരു നാള്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞു. 'പഹയരെ, എനിക്ക് പുലിക്കുന്നില്‍ പോകണം'. അഹ്‌മദ്, പി. അപ്പുക്കുട്ടന്‍മാഷ് ഒപ്പം ഞാനും കവിക്കൊപ്പം യാത്രയായി. പുലിക്കുന്ന് ചന്ദ്രഗിരിയുടെ ഓരത്ത് അന്ന് നല്ല കമനീയ ദൃശ്യമാണ്. തെക്കില്‍ ബ്രിഡ്ജ് മുതല്‍ തളങ്കര അഴിമുഖം വരെ […]

കാസര്‍കോട് നഗരസഭയുടെ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുമ്പോള്‍ ഇന്നത്തെ ഓര്‍മ്മകളില്‍ നിറയുന്നത് പുലിക്കുന്നാണ്. പിലിക്കുന്ന് എന്നും മറ്റും ചിലര്‍ എഴുതാറുണ്ട്. ശരിയല്ല. പുലിക്കുന്ന് തന്നെയാണ് ശരി. പുലി പ്രതിഷ്ഠ തന്നെ ആ കുന്നിലുണ്ട്.
ഒരു നാള്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞു. 'പഹയരെ, എനിക്ക് പുലിക്കുന്നില്‍ പോകണം'. അഹ്‌മദ്, പി. അപ്പുക്കുട്ടന്‍മാഷ് ഒപ്പം ഞാനും കവിക്കൊപ്പം യാത്രയായി. പുലിക്കുന്ന് ചന്ദ്രഗിരിയുടെ ഓരത്ത് അന്ന് നല്ല കമനീയ ദൃശ്യമാണ്. തെക്കില്‍ ബ്രിഡ്ജ് മുതല്‍ തളങ്കര അഴിമുഖം വരെ കാണാം. എളിയ ക്ഷേത്രമുറ്റത്ത് മരത്തില്‍ പണിക്കുറ തീര്‍ത്ത വലിയൊരു പുലി ശില്‍പ്പം. മഹാകവി കുഞ്ഞിരാമന്‍ നായര്‍ അതിന്റെ പിളര്‍ന്ന ദംഷ്ട്രകള്‍ക്കുള്ളില്‍ ഒരു പിടി കറന്‍സി നോട്ടുകള്‍ തിരുകി. ആ ദംഷ്ട്രയില്‍ ആലിംഗനം. ആകെ ഭക്തി മയം. അപ്പുക്കുട്ടന്‍മാഷ് ഉണര്‍ന്നു പ്രതികരിച്ചു. 'ഈ മനുഷ്യന്‍ ഭക്ത കവിയെന്ന് വിശേഷിക്കപ്പെടുന്നത് വെറുതെയല്ല.'
എന്റെ ഓര്‍മ്മകള്‍ അത് മാത്രമല്ല. മനസ് സമ്മര്‍ദ്ദത്തിലായാല്‍ ഞാന്‍ പുലിക്കുന്നില്‍ ചെന്ന് ഇരിക്കും. ഒരു നീല സാരി പോലെ ചന്ദ്രഗിരി നല്‍കുന്ന നയന സുഖം പറഞ്ഞാലും എഴുതിയാലും തീരില്ല. നിലാവുള്ള രാവുകളില്‍ അവിടെ. പില്‍ക്കാലത്ത് ടൗണ്‍ ഹാളും നിശാഗന്ധിപോലെ ഒരു വേദിയും വന്നു. ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, നഗരഭരണ കാലത്ത് കുറേ മാറ്റങ്ങള്‍. മുനിസിപ്പല്‍ ലൈബ്രറി പരിഷ്‌കരിച്ചു. ആകെ ഞാന്‍ കണ്ട ഒരു നല്ല പരിഷ്‌കാരം. പുതിയ നഗരസഭയില്‍ ധാരാളം 'കാഴ്ചപ്പാടുകള്‍' ഉള്ള മെമ്പര്‍മാരുണ്ട്. പുലിക്കുന്നിനെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ പലതും ചെയ്യാന്‍ അവര്‍ക്ക് കഴിയണം.
ഒരു കാലത്ത് സ്വതന്ത്രമായി മദ്യപിക്കുന്നവരും ചില ഗുഹാസഞ്ചാരികളുമായിരുന്നു പുലിക്കുന്നിലെ സന്ദര്‍ശകരെങ്കില്‍ ഇന്ന് ആകെ മാറി. പുലിക്കുന്ന് കാസര്‍കോടിന്റെ ഒരു സാംസ്‌കാരിക കേന്ദ്രം പോലെ വളര്‍ന്നു വരുന്നുണ്ട്. ടൗണ്‍ ഹാളിനും സന്ധ്യാരാഗം ഓഡിറ്റോറിയത്തിനും പുറമെ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളുമൊക്കെ പുലിക്കുന്നിന്റെ മുഖം മാറ്റി. നഗരസഭാ കാര്യാലയം പുലിക്കുന്നിനെ സദാ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു. പുലിക്കുന്ന് ഇനിയും വളരണം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന, കാസര്‍കോടിന്റെ സാംസ്‌കാരിക മുഖങ്ങളെ പരിചയപ്പെടുത്തുന്ന ഒരു വേദിയായി മാറണം. അതിന് നഗരസഭ ആത്മാര്‍ത്ഥമായി ശ്രമിക്കണം. ഉബൈദ്, ഗോവിന്ദ പൈ, കിഞ്ഞണ്ണ റൈ, വേണുഗോപാല്‍ കാസര്‍കോട് തുടങ്ങിയ കവിതകളുടെ ശില്‍പ്പ ഫലകങ്ങള്‍ പുലിക്കുന്നില്‍ വേണം. ജെ.സി.ബി. കടന്നാക്രമിക്കാതെ വിശാലമായ നല്ലൊരു ശുദ്ധജല തടാകം. പ്രകൃതി ദത്ത ഇരിപ്പിടങ്ങള്‍. ഇളനീര്‍ ഔട്ട് ലെറ്റ്... പദ്ധതികള്‍ പലതും ഉണ്ട്. നഗരസഭ തുനിഞ്ഞിറങ്ങണം.
കാസര്‍കോട്ടെ ഫിലിം സൊസൈറ്റി പ്രസ്ഥാനം ഇന്ന് ചില വ്യക്തികളില്‍ കേന്ദ്രീകൃതമാണ്. അവരെ വിടര്‍ത്താതെ നഗരസഭ കൂടി പങ്കാളിത്തം വഹിച്ച് ആഴ്ചയില്‍ ഒരു ദിനം (ശനിയാഴ്ച 7മണി മുതല്‍) നല്ല വിദേശ ചിത്രങ്ങളുടെ പ്രദര്‍ശനം. തളങ്കര കേന്ദ്രീകരിച്ച് രൂപം കൊണ്ട ഠഅഠജ നാടക -സാംസ്‌കാരിക സമിതി നേതൃത്വത്തില്‍ പ്രതിമാസം നവീന നാടകങ്ങളുടെ അവതരണം (അഡ്വ. ടി.വി. ഗംഗാധരന്‍, കാസര്‍കോട് ചിന്ന) മുതലായവര്‍ ഇത് സംബന്ധിച്ച് പ്രൊജക്ട് തയ്യാറാക്കി നഗരസഭയ്ക്ക് നല്‍കണം. 25 ക. ടിക്കറ്റില്‍ ഫാമിലി അടക്കം നാടകം കാണാന്‍ സൗകര്യങ്ങള്‍.
പലതും ചെയ്യാന്‍ കഴിയും ഭാവനയുണ്ടെങ്കില്‍... ' ഉത്തരദേശം' പോലൊരു സാംസ്‌കാരിക സ്ഥാപനത്തിന് നല്ലൊരു ഗ്യാലറി പുലിക്കുന്നില്‍ സ്ഥാപിക്കാം. കാസര്‍കോട് താലൂക്കിന്റെ സകല ചരിത്രങ്ങളും ഉള്‍ക്കൊള്ളുന്നത്; ഒരു നല്ല മ്യൂസിയം...
ഇക്കേരി നായക്കന്മാരുടെ വാഴ്ച മുതല്‍ ഇങ്ങേയറ്റം ടി.ഇ. അബ്ദുല്ലയുടെ നഗരപരിഷ്‌കരണ സംരംഭങ്ങള്‍ വരെ ആ മ്യൂസിയത്തില്‍ ഉണ്ടാവണം. ശെറൂള്‍ സാഹിബും അഷ്ടാംഗ ഹൃദയത്തിന് ശുദ്ധ പരിഭാഷ ഉണ്ടാക്കിയ പട്‌ളയിലെ ആമദ്ച്ച വരെ മ്യൂസിയത്തില്‍ ചിത്രങ്ങളാവണം.
കാലം 1979. കടമ്മനിട്ട രാമകൃഷ്ണന്‍ പറഞ്ഞു: 'നമുക്ക് പുലിക്കുന്നില്‍ പോവാം'. ഞാന്‍ നാല് ഇളനീര്‍ വാങ്ങി തുരന്ന് കുറേശെ വെള്ളം കുടിച്ചു. ബദ്‌രിയ ഹോട്ടലിലെ മട്ടന്‍ ലിവറും പത്ത് പൊറോട്ടയും ബെസ്റ്റ് ബേക്കറിയിലെ ചെറിയ കുപ്പി കണ്ണിമാങ്ങ അച്ചാറുമായി പുലിക്കുന്നില്‍ കയറി. നല്ല നിലാവുള്ള രാത്രി. കടമ്മനിട്ട 'നഗരത്തില്‍ പറഞ്ഞ സുവിശേഷം' ആ ലഹരിയില്‍ എഴുതി... ആര്‍ത്തലച്ചു ചൊല്ലി...
ഹൊ... ഇന്നും ഓര്‍ക്കുമ്പോള്‍ കുളിര് പകരുന്ന നിലാവും ചന്ദ്രഗിരി തിളങ്ങുന്ന രാവും...
എ.കെ. ആന്റണി കെ.പി.സി.സി. പ്രസിഡണ്ടായ നാളുകള്‍. ഒരു രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം. പത്രങ്ങളില്‍ പിറ്റേന്ന് പടം സഹിതം വാര്‍ത്ത വരണമെങ്കില്‍ രണ്ട് മണിക്ക് ഫോട്ടോ കിട്ടണം. പുലിക്കുന്നില്‍ ഒരു 'റെഡിമെയ്ഡ്' ജാഥ. ഖാദര്‍ നുള്ളിപ്പാടി, നുള്ളിപ്പാടിയിലെ അച്ചുതന്‍, തായലങ്ങാടിയിലെ വിഷ്ണു എന്നീ യുവാക്കള്‍ ഭംഗിയായി ഒരു ജാഥ സ്വരൂപിച്ചു. രമേശ് ചെന്നിത്തല അന്ന് പയ്യന്‍. മേലത്ത് നാരായണന്‍ നമ്പ്യാര്‍, പി. ഗംഗാധരന്‍ നായര്‍ ഒക്കെ മുന്‍ നിരയില്‍ കോണ്‍ഗ്രസ് പതാകയുമായി നിരന്ന ആ ജാഥ, ഷെട്ടി സ്റ്റുഡിയോ വിനയന്‍ പലേ ആംഗിളില്‍ പകര്‍ത്തിയ ഫോട്ടോകള്‍...
രമേശ് ചെന്നിത്തല എന്നെ മാറ്റിനിര്‍ത്തി ആവശ്യപ്പെട്ടു. ' ഫോട്ടോ മുഴുവന്‍ കോപ്പിയും എനിക്ക് അയച്ചുതരണം'. നൂറ് രൂപയും തന്നു. ഞാന്‍ കൃത്യമായി അയച്ചുകൊടുത്തു. പുലിക്കുന്ന് കഥാപാത്രമായ 'രഹസ്യ ഇടങ്ങള്‍' ഇനിയും എത്രയോ...

Related Articles
Next Story
Share it